2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

പണവും രേഖയും മോഷ്ടിക്കുന്ന ഏജന്‍സികള്‍

പിണങ്ങോട് അബൂബക്കര്‍ 9847700450

 

 

റാഫേല്‍ യുദ്ധവിമാന ഇടപാടു സംബന്ധിച്ച രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്നു മോഷണം പോയെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രിംകോടതിയില്‍ പറഞ്ഞതു നാണക്കേടു മാത്രമല്ല അതിശയകരവും ആശങ്കയുണര്‍ത്തുന്നതുമാണ്. അനില്‍ അംബാനിക്ക് മുപ്പതിനായിരം കോടി രൂപ അടിച്ചെടുക്കാന്‍ അവസരമൊരുക്കിയതു പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്നു പുറത്തുവന്ന വാര്‍ത്തകളില്‍നിന്നു വ്യക്തമാണ്. അംബാനി മോദിയുടെ കൊച്ചാപ്പ ആയതുകൊണ്ടല്ല, പങ്കുകച്ചവടമെന്ന നിലയ്ക്കു തന്നെയാണ് രാജ്യത്തെ കൊള്ളയടിക്കാന്‍ ഈ കോര്‍പ്പറേറ്റ് മുതലാളിക്കു സൗകര്യം ചെയ്തുകൊടുത്തത്.

കാര്‍ഗില്‍ കുന്നുകളില്‍ വെടിയേറ്റു മരിച്ച ഇന്ത്യന്‍ ജവാന്മാരുടെ മൃതശരീരങ്ങള്‍ അടക്കം ചെയ്യാന്‍ ശവപ്പെട്ടി വാങ്ങിയതില്‍ വലിയ കുംഭകോണം നടന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരേയായിരുന്നു ആരോപണം. അതിനെക്കുറിച്ച് ഒരു അന്വേഷണവുമുണ്ടായില്ല. പണം കിട്ടുമെങ്കില്‍ ശവം വിറ്റാണെങ്കിലും തയ്യാറെന്നിടത്തു വരെ കാര്യങ്ങളെത്തിയിരിക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയനേതാക്കള്‍ പണം വിഴുങ്ങിപ്പക്ഷികളാണെന്നു പൊതുവെ പറയാറുണ്ട്. പണം മാത്രമല്ല, രേഖകളും വിഴുങ്ങും. കേരളത്തിലെ തോമസ് ചാണ്ടിയുടെയും അന്‍വറിന്റെയും ഭൂമിയുടെ രേഖകളും പഞ്ചായത്തിലെ മറ്റു രേഖകളും കാണാതായി. രേഖ അടിച്ചുമാറ്റുന്നവരായ ഉദ്യോഗസ്ഥര്‍ക്കു നിശ്ചിത തുകയുണ്ടത്രേ അഴിമതി മാര്‍ക്കറ്റില്‍. പണം കിട്ടുമെങ്കില്‍ സ്വന്തം മാതാവിന്റെ പോലും തലയെടുത്തു കൊടുക്കാന്‍ തയ്യാറാകുന്നത്ര അധഃപതനത്തിലേയ്ക്കു ഭാരതം പതിക്കുകയാണ്.

റാഫേല്‍ യുദ്ധവിമാന ഇടപാടു സംബന്ധിച്ച പല സുപ്രധാന രേഖകളും പുറത്തുവിട്ടത് ഇംഗ്ലീഷ് പത്രമായ ‘ഹിന്ദു’വാണ്. ആ രേഖകള്‍ തെളിവായി സ്വീകരിക്കരുതെന്നാണു സര്‍ക്കാര്‍ വക്കീല്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാലോകര്‍ക്കെല്ലാം ബോധ്യമായ തെളിവുകള്‍ കോടതിക്കു മാത്രം എന്തുകൊണ്ടു പറ്റില്ലെന്ന വിധത്തില്‍ കോടതി പരാമര്‍ശമുണ്ടായിട്ടുണ്ട്. രാജ്യസുരക്ഷയുടെ ഭാഗമാണെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം. രാജ്യസുരക്ഷ പറഞ്ഞ് അഴിമതി മൂടിവയ്ക്കാനാണോ ശ്രമമെന്നായിരുന്നു കോടതിയുടെ മറു ചോദ്യം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള പാര്‍ട്ടിയാണ് ബി.ജെ.പി. എന്തുകൊണ്ടാവും കോര്‍പ്പറേറ്റുകള്‍ ബി.ജെ.പിയെ കൈയയച്ചു സഹായിക്കുന്നത്. സംശയം വേണ്ട, ഒന്നു വച്ചാല്‍ പത്തു കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. ധനവാന്മാരുടെ വാണിജ്യ, വ്യവസായ താല്‍പ്പര്യം സംരക്ഷിക്കല്‍ തന്നെയാണു ബി.ജെ.പിയുടെ പ്രധാന ലക്ഷ്യം. ഇതിനിടയില്‍ വോട്ടുകിട്ടാന്‍ ഇടയ്ക്കിടെ രാമക്ഷേത്രവും ഹിന്ദുത്വവും പശുവും പറയും. അവയുടെ ചുവടുപിടിച്ചുള്ള കൊലപാതകങ്ങളും അരങ്ങേറും.

മോഷണം മഹാപാപമാണ്. എന്നിട്ടും സാമ്പത്തികക്കുറ്റത്തിനു മതിയായ ശിക്ഷ വ്യവസ്ഥ ചെയ്തിട്ടില്ല. കള്ളനോട്ടടിച്ചാലും കള്ളലോട്ടറി അച്ചടിച്ചു വിറ്റാലും തലോടല്‍ ശിക്ഷ മാത്രമാണു ലഭിക്കുക. ബാബിലോണില്‍ പണ്ടു മോഷ്ടാക്കളെ കുരിശില്‍ തറച്ചാണു കൊന്നിരുന്നത്. അത്ര നീചമായാണു മോഷണത്തെ പരിഗണിച്ചിരുന്നത്. നമ്മുടെ നാട്ടില്‍ രാഷ്ട്രീയക്കാര്‍ക്കിടയിലെ മോഷണത്തിനു നല്ല അംഗീകാരമാണു ലഭിക്കുക. അഞ്ചുവര്‍ഷം കട്ടുമുടിച്ച ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും സ്ഥാനക്കയറ്റം നല്‍കി ആദരിക്കുന്ന നാടാണിത്.

ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിള്ള പൂജപ്പുര ജയിലിലായിരുന്നു. കുറച്ചുനാള്‍ അവിടെ സുഖവാസം. പിന്നെയെത്തിയത് മുന്നോക്കസമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കസേരയില്‍, കാബിനറ്റ് റാങ്കോടെ. അതിനെതിരേ തെരുവിലൊന്നു മനസ്സറിഞ്ഞു കൂവാന്‍ പോലും സഖാക്കളെത്തിയില്ല. ബാലകൃഷ്ണപ്പിള്ളയ്‌ക്കെതിരേ സാമ്പത്തികാരോപണം ഉയര്‍ന്നപ്പോള്‍ എന്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ല.

പാകിസ്താന്റെ അതിര്‍ത്തി കടന്നു ബോംബിട്ടു സുരക്ഷിതമായി തിരിച്ചുവരാന്‍ ഇന്ത്യക്ക് സാധിച്ചു. ബോംബ് പൊട്ടുന്ന വിവരം ഉറുമ്പുപോലും അറിഞ്ഞില്ല. തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടില്ലെന്നും ആരും മരിച്ചില്ലെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ബോംബിട്ടിട്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. അത്രയേറെ കാര്യപ്രാപ്തിയുള്ള മന്ത്രാലയത്തില്‍ സൂക്ഷിച്ച ഫയലുകളാണു മോഷണം പോയത്.

നമ്മുടെ ചങ്കില്‍ക്കയറി രക്തം കുടിക്കാന്‍ നമുക്കിടയില്‍ ഏജന്‍സികളുണ്ടെന്നതു സങ്കടകരമാണ്. ടുജി സ്‌പെക്ട്രം അഴിമതി യു.പി.എ സര്‍ക്കാരിനെ താഴെയിറക്കുന്നതിനും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നിലംപരിശാക്കുന്നതിനും ഇടയാക്കി. റാഫേല്‍ വരുന്നതും അത്തരമൊരു ദൗത്യവുമായാണ്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു പത്രപ്രവര്‍ത്തകന് രേഖ മോഷ്ടിക്കാന്‍ കഴിയില്ല. അതിനു പിന്നിലും മുന്നിലും കോട്ടിട്ട സാറന്മാര്‍ കാണും.

വ്യാജ ഏറ്റുമുട്ടല്‍

ഇഷ്ടമില്ലാത്തവരെ കൊല്ലാന്‍ ഗുജറാത്തിലും യു.പിയിലും പൊലിസുണ്ടാക്കുന്ന തിരക്കഥയാണ് ഏറ്റുമുട്ടല്‍. നിരപരാധികളും അപരാധികളുമായ പലരെയും പൊലിസ് വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊന്നു തള്ളിയിട്ടുണ്ട്. ഇത്തരം നിയമപാലകര്‍ ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയെ പരിഹസിക്കുകയാണ്. തങ്ങള്‍ക്ക് അനിഷ്ടമുണ്ടാക്കുന്ന ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നവരെ ചതിയില്‍ വെടിവച്ചു കൊല്ലുന്നത് അപരിഷ്‌കൃതമാണ്.

1990 കളില്‍ രണ്ടു പ്രധാന സംഭവം ലോകത്തുണ്ടായി. അതിലൊന്നു ഗള്‍ഫ് യുദ്ധമാണ്. മൂന്നാം ലോകയുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു അത്. സദ്ദാം ഹുസൈന്റെ പതനത്തോടെയതു പര്യവസാനിച്ചു. ഇതിനിടയില്‍, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ആയുധപ്പുരയിലെ മുഴുവന്‍ ആയുധങ്ങളും വിറ്റു തീര്‍ന്നു. ശക്തമായ അറബ് ദേശീയതയും സാമ്രാജ്യത്വ വിരോധവുമായിരുന്നു സദ്ദാം ഹുസൈന്റെ കൈമുതല്‍. അതില്ലാതാക്കി.

ഇപ്പോഴും അറേബ്യന്‍ രാജ്യങ്ങളിലെ വലിയേട്ടനായി അമേരിക്ക തുടരുകയാണ്. അമേരിക്കയുടെ അനുവാദത്തോടെയാണ് സഊദി പോലുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ശ്വാസോച്ഛ്വാസം പോലും നടത്തുന്നത്. സിറിയയും യമനും ഫലസ്തീനും ജോര്‍ദാനും കൊച്ചുകൊച്ചു ഗള്‍ഫ് രാജ്യങ്ങളും അമേരിക്ക ഉറങ്ങാന്‍ പറയുമ്പോള്‍ ഉറങ്ങുകയും ഉണരാന്‍ പറയുമ്പോള്‍ ഉണരുകയും ചെയ്യുന്നു.
തൊണ്ണൂറുകളിലെ മറ്റൊരു പ്രധാന സംഭവം കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ കടപുഴകിയതാണ്. ഹംഗറി, ചെക്കോസ്ലാവാക്യ, റൊമാനിയ, ജര്‍മനി, പോളണ്ട്… അങ്ങനെ നീളുന്നു അത്. നേരത്തേ സോവിയറ്റ് യൂണിയന്‍ പലതായി വിഭജിക്കപ്പെട്ടു. ജനങ്ങളുടെ മനഃശാസ്ത്രപരമായ ആവശ്യങ്ങളോടു നീതിപുലര്‍ത്താന്‍ കമ്മ്യൂണിസത്തിനു സാധിച്ചില്ല. ചില സങ്കല്‍പങ്ങളും സ്വപ്നങ്ങളും മാത്രം നല്‍കി അവരെ അടിമകളാക്കി നിര്‍ത്തി. ഫിദല്‍ കാസ്‌ട്രോയുടെ മരണശേഷം ക്യൂബയിലും ജനങ്ങള്‍ക്കു സ്വതന്ത്രമായി ശ്വാസം വിടാനായി.

ഇന്ത്യയില്‍ കമ്മ്യൂണിസം ഇരുപതിലധികം ഗ്രൂപ്പുകളായി പൊട്ടിപ്പിരിഞ്ഞ് പരസ്പരം അങ്കം വെട്ടുകയാണ്. ഇതില്‍ ക്രമസമാധാന നില വഷളാക്കുന്ന ഗ്രൂപ്പാണു മാവോയിസ്റ്റുകള്‍. അവരുടെ തലയ്ക്കകത്ത് ഇന്നും ചൈനയുപേക്ഷിച്ച മാവോയാണ്. അധ്വാനിച്ചു ജീവിക്കാതെ, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കാതെ തോക്കുമായി നടക്കുകയാണവര്‍. വയനാട്ടില്‍ പണ്ട് വര്‍ഗീസിന്റെയും കുന്നിക്കല്‍ നാരായണന്റെയും അജിതയുടെയും നേതൃത്വത്തില്‍ നടന്ന മനുഷ്യക്കുരുതി ആരും മറന്നുകാണില്ലല്ലോ. ജീവിക്കാനായി പൊലിസ് വകുപ്പില്‍ ജോലി ചെയ്തയാളെ അതിക്രൂരമായാണ് അവര്‍ കൊന്നത്.

മാവോയിസ്റ്റുകള്‍ കണ്ണില്‍ ചോരയില്ലാത്തവരാണെങ്കിലും അവര്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്. അതു വകവച്ചു കൊടുക്കേണ്ടതു തന്നെയാണ്. നക്‌സല്‍ വര്‍ഗീസിനെ തിരുനെല്ലിയില്‍ പൊലിസ് വധിച്ചത് മനുഷ്യത്വരഹിതമായിട്ടാണ്. നിലമ്പൂര്‍ വനത്തിലുണ്ടായ ഏറ്റുമുട്ടല്‍ കൊലയും പൊലിസ് തിരക്കഥയാണെന്ന ആരോപണമുണ്ട്. വൈത്തിരിയില്‍ മാവോയിസ്റ്റ് ജലീലിനെ വധിച്ചതും അങ്ങനെത്തന്നെ. ദേശീയപാതയുടെ ചാരത്തുള്ള വൈത്തിരിയിലെ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ വെടിവയ്പ്പു നടത്തിയെന്നു പറഞ്ഞാല്‍ സി.പി.എമ്മുകാര്‍ പോലും വിശ്വസിക്കില്ല. ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് ജലീല്‍ മരിച്ചതെന്ന പൊലിസ് ഭാഷ്യം കല്ലുവച്ച നുണയാണ്. കാരണം, ജലീലിനു വെടിയേറ്റത് തലയ്ക്കു പിറകിലാണ്.

ജനാധിപത്യരാജ്യത്ത് ഇത്തരം മനുഷ്യാവകാശലംഘനങ്ങള്‍ ഉയര്‍ന്നുവന്നിട്ടും സാംസ്‌കാരികനേതൃത്വം നിശബ്ദരാകുന്നത് അത്ഭുതാവഹമാണ്. മാധ്യമങ്ങളുടെ നിസ്സംഗതയും ഭയപ്പെടുത്തുന്നതാണ്. മാവോയിസ്റ്റുകളുള്‍പ്പെടെയുള്ള തീവ്രവാദികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണി തന്നെയാണ്. നിയമപരമായി അവരെ നേരിടുന്നതിനുപകരം വെടിവച്ചു വീഴ്ത്തുന്നത് ശരിയായ നടപടിയല്ല.

പരിഷ്‌കൃതസമൂഹത്തിനൊപ്പം ഉയരാന്‍ നിര്‍ഭാഗ്യവശാല്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു കഴിയാറില്ല. അവര്‍ പിറകോട്ടു മാത്രം ചിന്തിച്ചു ശീലിച്ചവരാണ്. അതുകൊണ്ടാണ്, കുറച്ചുപേരെ കൊന്നു തള്ളിയാല്‍ രാജ്യത്തു വിപ്ലവമുണ്ടാകുമെന്ന് അവര്‍ വിശ്വസിക്കുന്നത്.
കേരളത്തില്‍ പരക്കെ മാവോയിസ്റ്റ് ഭീഷണിയുണ്ട്. അതിനു വനപ്രദേശങ്ങളില്‍ മതിയായ സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തണം. ആദിവാസി കോളനികളില്‍ ബോധവല്‍ക്കരണം നടത്തണം. പട്ടിണിക്കാരനെ സ്വാധീനിക്കുന്നതു തടയാന്‍ ശ്രമം വേണം. ഇന്ത്യയെക്കുറിച്ചുള്ള രാഷ്ട്രീയാവബോധവും ജനാധിപത്യബോധവും വളര്‍ത്തണം. പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കശ്മിരിലും പലപ്പോഴും ജനാധിപത്യത്തിന്റെ ഏറ്റവും പ്രകടമായ അവസരമായ വോട്ടെടുപ്പ് പരാജയപ്പെടുകയാണ്. കൃത്യമായ ഗൃഹപാഠം ചെയ്തു ഭരണകൂടങ്ങള്‍ ഈ കാര്യത്തില്‍ ഇടപെടാന്‍ വൈകിക്കൂടാ.,

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.