2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ഇനിയിപ്പോള്‍ പ്രതിമാരാഷ്ട്രീയവും

എന്‍. അബു#

 

നമ്മുടെ ആദ്യ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ (1875-1950) ഇന്ത്യയിലെ ഉരുക്കുമനുഷ്യനെന്നാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് ചിതറിക്കിടന്ന അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളെ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമം ചരിത്രത്തിന്റെ ഏടുകളില്‍ തിളക്കമാര്‍ന്നു നില്‍ക്കുന്നു. കേരളീയനായ ആഭ്യന്തര സെക്രട്ടറി വി.പി മേനോന്റെ അളവറ്റ പിന്തുണയാണ് പട്ടേലിനു ആ ലക്ഷ്യം നേടാന്‍ സഹായകമായത്.
എന്നാല്‍, ഇന്ത്യയെന്ന 135 കോടി ജനതയുടെ രാജ്യത്ത് പട്ടേലിന്റെ യഥാര്‍ഥ സ്ഥാനമെന്താണ്. ഉപപ്രധാനമന്ത്രിയെന്ന പദവി അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും സത്യത്തില്‍ മന്ത്രിസഭയിലെ രണ്ടാമനായി പലരും ഗണിച്ചിരുന്നത് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ അന്നത്തെ വിദ്യാഭ്യാസമന്ത്രി മൗലാനാ അബുല്‍കലാം ആസാദിനെയായിരുന്നു.
അതു സങ്കല്‍പ്പെമെന്നു തള്ളിക്കളഞ്ഞാലും രാഷ്ട്രപിതാവായ മഹാത്മജിക്കും പ്രഥമപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനും താഴെ മാത്രമേ ഇന്ത്യാചരിത്രത്തില്‍ പട്ടേലിനു സ്ഥാനമുള്ളൂവെന്നതില്‍ തര്‍ക്കമില്ല. എന്നിട്ടും, ഗാന്ധിജിയെയും പണ്ഡിറ്റ്ജിയെയും ബോധപൂര്‍വം ഒതുക്കി നിര്‍ത്തി, പട്ടേലിന് ആവശ്യത്തില്‍ കൂടുതല്‍ ‘ഉയരം’ നല്‍കുകയാണു മോദി സര്‍ക്കാര്‍. അതിനു പിന്നില്‍ വലിയ അജന്‍ഡയുണ്ട്.
മൂന്നു വര്‍ഷം കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന പട്ടേല്‍ ആര്‍.എസ്.എസിനെ നിരോധിച്ചതടക്കം പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. അക്കാര്യത്തില്‍ അദ്ദേഹത്തെ പ്രകീര്‍ത്തിക്കാവുന്നതാണ്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടേലില്‍ വലിപ്പം കാണുന്നത് ആ കാര്യത്തിന്റെ പേരിലല്ല, പകരം സ്വന്തം നാട്ടുകാരനെന്ന നിലയിലാണ്. അതിലുപരി ഗാന്ധിജിയെയും നെഹ്‌റുവിനെയും കൊച്ചാക്കി ചിത്രീകരിക്കാന്‍ ഒരു ആയുധമെന്ന നിലയിലാണ്.
നാലുവര്‍ഷം മുന്‍പ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര ദാമോദര്‍ദാസ് മോദി, താന്‍ ജനിച്ചു 100 ദിവസം തികയും മുന്‍പു മരിച്ച സര്‍ദാര്‍ പട്ടേലിനെ ഇപ്പോള്‍ ഓര്‍മിക്കാന്‍ ഒരു കാരണമുണ്ട്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിരിക്കുകയാണ്. ആ ഘട്ടത്തില്‍ പട്ടേലിനെ പുകഴ്ത്തുക വഴി ഗാന്ധിയെയും നെഹ്‌റുവിനെയും ഇകഴ്ത്തി കോണ്‍ഗ്രസിലെ പരമാവധി വോട്ടുകള്‍ ഭിന്നിപ്പിക്കണം. തീവ്രഹിന്ദുത്വത്തിന്റെ പേരില്‍ ആര്‍.എസ്.എസിനെ നിരോധിച്ചയാളാണു പട്ടേല്‍ എന്ന പരമാര്‍ത്ഥം മറച്ചുവച്ച് അദ്ദേഹത്തെ ഹിന്ദുത്വത്തിന്റെ പ്രതീകമായി വാഴിക്കണം.
‘സബ്‌കെ സാഥ് സബ്‌കേ വികാ സ്, ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ക്ലച്ച് പിടിക്കാതിരിക്കെ ഇന്ത്യക്കകത്തും അതിനേക്കാളേറെ വിദേശരാജ്യങ്ങളിലും ചുറ്റിക്കറങ്ങി നടന്ന മോദി അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം വിളി ഉയര്‍ന്നതു അങ്കലാപ്പോടെ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനു പെട്ടെന്നൊരു ഓട്ടയടയ്ക്കല്‍ വേണം. അതിന് തല്‍ക്കാലം ഉപകരണമാക്കാന്‍ കണ്ടത് പട്ടേലിനെയാണ്.
പട്ടേലിനെ ആദരിക്കണമെങ്കില്‍ ഏഴു വര്‍ഷം കഴിഞ്ഞ് സര്‍ദാര്‍ പട്ടേലിന്റെ 150-ാം ജന്മദിനം വരെ കാത്തിരിക്കാമായിരുന്നു. എന്നാല്‍, അക്കാലത്തു താന്‍ ഇന്ത്യയിലെ രാഷ്ട്രീയഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നു മോദിക്ക് അറിയാം. അടുത്ത തവണയെങ്കിലും പിടിച്ചുനില്‍ക്കാന്‍ ഒരു അടിയന്തരനാടകം അത്യാവശ്യമാണ്. നാലുവര്‍ഷം മുന്‍പ് ഇന്ത്യയുടെ പതിനഞ്ചാമതു പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര ദാമോദര്‍ദാസ് മോദിക്ക് കാലാവധി തികയ്ക്കാന്‍ ഇനി മാസങ്ങള്‍ മാത്രമേയുള്ളൂ. ഇടക്കാലത്തു പലയിടങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നാലായിരം കോടി രൂപയുടെ പ്രചാരണപരിപാടികളുമായി ഇറങ്ങിയ ബി.ജെ.പിക്കു വേണ്ടി നൂറോളം യോഗങ്ങളില്‍ മോദി തന്നെ പ്രചാരണം നടത്തിയിട്ടും പലയിടങ്ങളിലും പരാജയമാണല്ലോ അനുഭവം. ഇന്നിപ്പോള്‍ കോണ്‍ഗ്രസ് തീര്‍ത്തും അവഗണിച്ച രാഷ്ട്ര നേതാവായി സര്‍ദാര്‍ പട്ടേലിനെ ഉയര്‍ത്തിക്കാട്ടി ജനപിന്തുണ നേടാനുള്ള യത്‌നത്തിലാണ് ഭാരതീയ ജനതാ പാര്‍ട്ടി.
ഗുജറാത്തിലെ ദരിദ്ര മേഖലയില്‍ ഒന്നായ കെവാദിയയില്‍ നര്‍മദാ നദിയുടെ തീരത്ത് 182 മീറ്റര്‍ ഉയരത്തിലാണ് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. 597 അടി പൊക്കത്തിലുള്ള ഈ ഏകതാ പ്രതിമ ലോകത്തിലെ ഏറ്റവും പൊക്കമുള്ളതാണ്. 72 മീറ്റര്‍ ഉയരം കാട്ടുന്ന ഡല്‍ഹിയിലെ കുത്തബ് മിനാറിനെയും 97 മീറ്റര്‍ നിവര്‍ന്നു നില്‍ക്കുന്ന അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ സ്വാതന്ത്ര്യ പ്രതിമയേയും 153 മീറ്റര്‍ പൊക്കത്തില്‍ തീര്‍ത്ത ചൈനയില്‍ ഫെനാനിലെ പ്രതിമയേയും കീഴടക്കുന്ന തരത്തിലുള്ള നിര്‍മാണം.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ എന്ന നിലയില്‍ ദുബൈയില്‍ യു.എ.ഇ 828 മീറ്ററിന്റെ ബുര്‍ജ് ഖലീഫ കെട്ടിപ്പടുത്തിരുന്നു. അതിനെ വെല്ലാന്‍ 3,280 അടി പൊക്കത്തില്‍ ആകാശത്തേക്ക് ഒരു കിലോമീറ്റര്‍ ഉയര്‍ത്തുന്ന ജിദ്ദയിലെ കിങ്ഡം ടവറുമായി സഊദി അറേബ്യയും രംഗത്തുണ്ട്. അവ ഗോപുരങ്ങളാണെങ്കില്‍ നമ്മുടേത് പ്രതിമയത്രെ.
250 എന്‍ജിനിയര്‍മാരടക്കം 3500 പേര്‍ ചേര്‍ന്നു രൂപപ്പെടുത്തി എടുത്ത മൂവായിരം കോടി രൂപയുടെ പട്ടേല്‍ പ്രതിമ കാല്‍ ലക്ഷം മെട്രിക് ടണ്‍ ഉരുക്കും, 70,000 മെട്രിക് ടണ്‍ സിമന്റും 3500 ടണ്‍ വെങ്കലവും ഉപയോഗിച്ചാണ് 33 മാസം കൊണ്ട് പണി തീര്‍ത്തത്. രണ്ടു ലക്ഷത്തിലേറെ ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത ശില്‍പം 22,000 ചതുരശ്ര മീറ്ററില്‍ കാലുറപ്പിച്ചു കിടക്കുന്നു.
സര്‍ദാര്‍ പട്ടേല്‍ നമുക്ക് ഏക ഭാരതം നല്‍കിയെന്നും അതിനെ നമുക്ക് ശ്രേഷ്ഠ ഭാരതമാക്കാമെന്നും പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി മോദി ഈ പ്രതിമ കഴിഞ്ഞ ദിവസം അനാഛാദനം ചെയ്തത്. പ്രതിമ സ്ഥാപിക്കുന്നതുകൊണ്ടുമാത്രം നാട്ടിന്റെ സ്മരണാഞ്ജലി ആകുമെന്നു എല്ലാവരും കരുതുമെന്നു തോന്നുന്നില്ല. കൊല്‍ക്കത്തയിലും കന്യാകുമാരിയിലുമുള്ള വിവേകാനന്ദ പ്രതിമകള്‍ പോലെ തീര്‍ത്തും സംരക്ഷിക്കപ്പെടുന്ന സ്മാരകങ്ങള്‍ തുലോം കുറവായ ഇന്ത്യയില്‍ പലയിടങ്ങളിലും രാഷ്ട്രപിതാവായ മഹാത്മജിയുടെ പ്രതിമ പോലും തേച്ചുമിനുക്കിവെക്കാറ് വര്‍ഷത്തിലൊരിക്കല്‍ ഗാന്ധിജയന്തി ദിനത്തില്‍ മാത്രമാണ്.
ചെമ്പഴന്തിയിലെ ശ്രീനാരായണഗുരു പ്രതിമയും പെരുന്നയില്‍ മന്നത്ത് പത്മനാഭന്റെ പ്രതിമയും ഭക്തജനങ്ങള്‍ കാത്തുസൂക്ഷിക്കുന്നതുകൊണ്ടു മാത്രം രക്ഷപ്പെടുന്നു.
ചൈനീസ് സാങ്കേതികവിദ്യയിലാണ് ഗുജറാത്ത് ഈ ഏകതാ പ്രതിമ നിര്‍മിക്കുന്നതെന്നു പറഞ്ഞു ചില പ്രതിപക്ഷ കക്ഷികള്‍ ബഹളംവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിമ പൂര്‍ത്തിയായതോടെ ഗുജറാത്തിലെ കര്‍ഷക സഹസ്രങ്ങളാണ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. നര്‍മദ ജില്ലയില്‍ പാവപ്പെട്ട കര്‍ഷകര്‍ ഏറെ താമസിക്കുന്ന 22 വില്ലേജുകളിലെ സര്‍പഞ്ചുമാര്‍ എന്നറിയപ്പെടുന്ന ഗ്രാമമുഖ്യന്മാര്‍ ഇറക്കിയ പ്രസ്താവനയില്‍ നര്‍മദ പ്രദേശത്ത് സ്‌കൂളുകളും ആശുപത്രികളും ഇനിയും ഇല്ലെന്നും കുടിവെള്ളത്തിനു പോലും ക്ഷാമമാണെന്നും പറയുന്നു. തങ്ങള്‍ ആശ്രയിച്ചിരുന്ന വനവും ജലവും മാത്രമല്ല, മണ്ണ് പോലും ഈ പ്രതിമാ നിര്‍മാണത്തിനായി എടുത്തു കൊണ്ടുപോയി ഇരിക്കയാണെന്നവര്‍ പരാതിപ്പെടുന്നത്.
പ്രകൃതി വിഭവങ്ങളാകെ നശിപ്പിച്ചു എന്നു പറഞ്ഞുകൊണ്ട് സമീപ ജില്ലയായ ഛോട്ടാ ഉദയപൂരിലെ കരിമ്പ് കര്‍ഷകര്‍ ജലസമാധി അനുഷ്ഠിക്കാനുള്ള പുറപ്പാടിലാണ്. ആദിവാസി സംഘടനകള്‍ ഉപവാസം അനുഷ്ഠിക്കാനും പരിപാടി ഇട്ടിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗമായ സി.ബി.ഐയിലും സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലും ഒത്തൊരുമ ഉണ്ടാക്കാന്‍ കഴിയാത്തവര്‍ ഒരു പ്രതിമ കാട്ടി ഐക്യം പ്രഖ്യാപിക്കുന്നതിനെ ബി.ജെ.പി വിട്ട മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല വിമര്‍ശിക്കുകയുണ്ടായി. ഇപ്പോള്‍ തന്നെ രണ്ടരലക്ഷം കോടി കടത്തില്‍ ആണ്ടു കഴിയുന്ന ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ പാവപ്പെട്ടവരുടെ നികുതിപ്പണം എടുത്ത് പ്രതിമ നിര്‍മിക്കുന്നതിനെയും അദ്ദേഹം അധിക്ഷേപിച്ചു. പ്രതിമാ രാഷ്ട്രീയം എടുത്തു പ്രയോഗിക്കാന്‍ ബി.ജെ.പി നേതൃത്വം ഇറങ്ങിയതോടെ, മുംബൈയില്‍ ശിവസേന ശിവാജി പ്രതിമയെ തിരിഞ്ഞു നോക്കുന്നില്ലെന്നു പറഞ്ഞു രംഗത്തെത്തിയിട്ടുണ്ട്. 350 വര്‍ഷങ്ങള്‍ക്കു മുന്‍പ് മുഗള്‍ ഭരണത്തിന്റെ വ്യാപനം തടഞ്ഞ് മറാത്ത രാജ്യം സ്ഥാപിച്ച ഭരണാധികാരിയായ ഈ ഹിന്ദു രാജാവിന്റെ പ്രതിമ അവഗണിക്കപ്പെട്ടു കിടക്കുകയാണത്രെ. വേറെ ഒരു കൂട്ടര്‍ ആന്‍ഡമാന്‍ ദ്വീപില്‍ പോര്‍ട്ട്‌ബ്ലെയറിലുള്ള സവര്‍ക്കര്‍ പ്രതിമ തകര്‍ന്നു കിടക്കുകയാണെന്നു പറഞ്ഞാണ് ബഹളം കൂട്ടുന്നത്. ഹിന്ദുത്വവാദികള്‍ വീരസവര്‍ക്കര്‍ എന്നു വിളിക്കുന്ന ഹിന്ദു മഹാസഭാ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക്(1883-1966) ഭരതരത്‌ന നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് തിയതി അടുത്തു വരുന്നതോടെ മരണപ്പെട്ടവര്‍ക്കു പിന്നാലെ ജീവിക്കുന്നവരുടെയും പ്രതിമകളും പ്രത്യക്ഷപ്പെടുമോ എന്നാണ് നാട്ടുകാര്‍ ഭയപ്പെടുന്നത്.പറക്കുന്ന ഫിന്‍ലന്‍ഡുകാരന്‍ എന്നറിയപ്പെട്ടിരുന്ന പാവോ നൂര്‍മി എന്ന ഓട്ടക്കാരന്റെ കഥ കേട്ടിട്ടുണ്ട്. ഒമ്പത് സ്വര്‍ണമടക്കം പന്ത്രണ്ടു ഒളിംപിക് മെഡല്‍ കരസ്ഥമാക്കിയിരുന്ന ഈ ഫിന്‍ലന്‍ഡുകാരന്‍ വളരെ ദരിദ്രനായാണ് 1973-ല്‍ മരണപ്പെട്ടത്. 1952-ലെ പതിനഞ്ചാം ഒളിംപിക് ഗെയിംസ് അദ്ദേഹത്തിന്റെ സ്വന്തം നാടായ ഹെല്‍സിങ്കിയില്‍ നടക്കവേ, പ്രധാന സ്റ്റേഡിയത്തിനു പുറത്ത് നൂര്‍മി ഓടുന്ന ഒരു പ്രതിമ സ്ഥാപിക്കുകയുണ്ടായി. അത് കണ്ടപ്പോള്‍ ഒരു ആശാരി കുടുംബത്തിലെ അംഗമായ അദ്ദേഹം പറഞ്ഞത്രെ, ഈ പ്രതിമ നിര്‍മിക്കുന്നതിന്റെ പത്തിലൊരംശം പണം തന്നിരുന്നുവെങ്കില്‍ ഞാന്‍ തന്നെ ഇവിടെ വന്നു നില്‍ക്കുമായിരുന്നേയെന്ന്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.