2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ഒരു ചികിത്സാ പരിക്രമണ കഥ

#കൃഷ്ണന്‍ ചേലേമ്പ്ര

 

തലവേദന തുടങ്ങിയിട്ടു മൂന്നു ദിവസമായി. വിക്‌സ് വെപ്പോറയും അമൃതാഞ്ജനവും വേദനസംഹാരി ഗുളികകളും പ്രയോഗിച്ചു നോക്കി. കുറവൊന്നുമില്ല. ഒടുവില്‍ പട്ടണത്തില്‍ ക്ലിനിക്ക് നടത്തുന്ന എം.ബി.ബി.എസുകാരനെ ചെന്നു കണ്ടു. മൂന്നു തരം ഗുളികക്കെഴുതിത്തന്നു.

വേദനയ്ക്കു കുറവില്ല. ഒരാഴ്ച കഴിഞ്ഞു ചെല്ലാനാണു ഡോക്ടര്‍ പറഞ്ഞത്. പോയി. ഡോക്ടര്‍ അത്തവണ നിര്‍ദേശിച്ചത് ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റിനെ കാണാനാണ്. ഇതൊരു സാധാരണ തലവേദനയല്ലെന്നു ഡോക്ടര്‍ പറയുക കൂടി ചെയ്തപ്പോള്‍ വേവലാതിയായി. അന്നുതന്നെ, സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മെഡിക്കല്‍ കോളജിലെ ഇ.എന്‍.ടി പ്രൊഫസറുടെ വീട്ടില്‍ ചെന്നു.
അവിടെ ചെറിയൊരുത്സവത്തിന്റെ പുരുഷാരം. ടോക്കണ്‍ വാങ്ങി. നമ്പര്‍: 35. ആറുമണിക്കു തുടങ്ങിയ കാത്തിരിപ്പ് ഒന്‍പതു മണിക്കാണ് അവസാനിച്ചത്. മൂക്കില്‍ ടോര്‍ച്ചടിച്ചും തൊണ്ടയില്‍ കമ്പ് (ടങ് ഡിപ്രഷര്‍) കടത്തിയും ഡോക്ടര്‍ പരിശോധിച്ചു. ഒടുവില്‍ പറഞ്ഞു: ‘പേടിക്കാനൊന്നുമില്ല.’

നാലുതരം ഗുളികയും മൂക്കിലൊഴിക്കാന്‍ തുള്ളിമരുന്നും കുറിച്ചു തന്നു. 10 ദിവസം കഴിഞ്ഞു ചെല്ലണമത്രേ. തലവേദന മാറിയാല്‍ പിന്നെന്തിനു വരണമെന്ന കുസൃതിച്ചോദ്യം മനസിലുയര്‍ന്നെങ്കിലും അതു മനസ്സിലൊതുക്കി. പ്രൊഫസറെ കാത്തിരുന്നപ്പോള്‍ കിട്ടിയ വിജ്ഞാനമനുസരിച്ച് 250 രൂപ കാണിക്കയര്‍പ്പിച്ചു.
നേരെ മെഡിക്കല്‍ഷോപ്പിലേയ്ക്ക്. ഭക്ത്യാദരപൂര്‍വ്വം മരുന്നു ശീട്ട് അവിടെയേല്‍പ്പിച്ചു. ബില്ലു കിട്ടിയപ്പോള്‍ ഞെട്ടിപ്പോയി. 780 രൂപ. ഇത്രയധികമോ സംശയം കടക്കാരനു മുന്‍പാകെ ഉണര്‍ത്തിച്ചു.
‘ആന്റിബയോട്ടിക്‌സ് ഉള്ളതിനാലാണ് ഈ വില’ എന്ന കടക്കാരന്റെ വിശദീകരണം കേട്ടപ്പോള്‍ സലിം കുമാറിന്റെ സിനിമാശൈലിയില്‍ ‘തിരുപ്പതി’യായി.

മരുന്നു കഴിച്ചു തുടങ്ങിയിട്ടും തലവേദനയ്ക്കു കുറവില്ല. ഒരു വിധം 10 ദിവസം കഴിച്ചുകൂട്ടി.11ാം ദിവസം നേരത്തേ കാലത്തേ പ്രൊഫസറുടെ വീട്ടില്‍ ഹാജരായി. ഇത്തവണ ടോക്കണ്‍ നമ്പര്‍: 6. ഹാവൂ സമാധാനമായി. ഏഴര മണിയോടെ ഡോക്ടറുടെ മുന്നിലെത്തി. ഒരു കുറവുമില്ലെന്നു സവിനയം ഉണര്‍ത്തിച്ചു.

വീണ്ടും പഴയപടി മൂക്കും തൊണ്ടയും പരിശോധിച്ചു. എന്നിട്ട് ഉവാച: ‘ഒന്നു സ്‌കാന്‍ ചെയ്യുന്നതു നന്നായിരിക്കും. തലയ്ക്കുള്ളില്‍ വല്ല കുഴപ്പവുമുണ്ടോ എന്നു നോക്കണം’ (തലയ്ക്കു കുഴപ്പമുണ്ടെന്നു പറയാതിരുന്നതു ഭാഗ്യം)
ഇത്തവണ നാലുതരം ഗുളികക്കെഴുതി. ഒപ്പം സി.ടി ഹെഡ് സ്‌കാനിങ്ങിനുള്ള കുറിപ്പടിയും. കൂടെ സൗജന്യമായി ഒരുപദേശവും. ‘ഡിലൈറ്റ് സ്‌കാനിങ് സെന്ററില്‍ നിന്നെടുത്തോളൂ. റിസള്‍ട്ട് ക്ലിയറായിരിക്കും.’ 250 രൂപ കൂടി വായ്ക്കരിയിട്ടു. ആദ്യത്തെ ഇരുന്നൂറ്റമ്പതിന്റെ കാലാവധി ഒരാഴ്ചയാണത്രേ. വെറുതേയല്ല ഡോക്ടര്‍ 10 ദിവസം കഴിഞ്ഞു വരാന്‍ പറഞ്ഞത്.
കുറ്റം പറയരുതല്ലോ ഇത്തവണ അഞ്ചുദിവസം കഴിഞ്ഞു വരാനാണു പറഞ്ഞത്. (നഷ്ടം സ്‌കാനിങ്ങിലൂടെ നികത്താമെടോ എന്ന ഭാവം ഡോക്ടറുടെ മുഖത്തെഴുതിയതു കണ്ടില്ലെന്നു നടിച്ചു. രോഗിയായാല്‍ എന്തെല്ലാം കണ്ടില്ലെന്നു നടിക്കണം.) ഇപ്രാവശ്യം മരുന്നിന് 350 രൂപയേ ആയുള്ളൂ, ആശ്വാസം!
ഡിലൈറ്റ് സ്‌കാനിങ് സെന്ററില്‍ നിന്നു തന്നെ സ്‌കാന്‍ ചെയ്തു. ഡോക്ടറുടെ അപ്രീതി വെറുതെയെന്തിനു വാങ്ങി തലയില്‍ വയ്ക്കണം കൃത്യം അഞ്ചാംദിവസം ഡോക്ടറുടെ മുന്‍പില്‍ ഹാജരായി. സ്‌കാനിങ് രേഖ തിരിച്ചും മറിച്ചും നോക്കിയിട്ട് ഇ.എന്‍.ടി സ്‌പെഷലിസ്റ്റ് പറഞ്ഞു: ‘

നിങ്ങള്‍ ഒരു ന്യൂറോളജിസ്റ്റിനെ കാണുന്നതായിരിക്കും നല്ലത്.’ കാണേണ്ട ഡോക്ടറുടെ പേരും നിര്‍ദേശിച്ചു. (ഇതു തനിക്ക് ആദ്യമേ പറഞ്ഞു തുലയ്ക്കാമായിരുന്നില്ലേ എന്നു വീണ്ടും സ്വഗതം)
പിറ്റേന്നു വൈകിട്ടു തന്നെ ന്യൂറോളജിസ്റ്റിന്റെ വീട്ടുവാതില്‍ക്കലെത്തി. അവിടെ പൂരത്തിന്റെ ആള്‍ക്കൂട്ടം. എല്ലാവരുടെ കൈയിലും സ്‌കാനിങ് റിസല്‍ട്ടുണ്ട്. തിരക്കിലൂടെ വാതില്‍ക്കല്‍ പേരു വിളിക്കുന്ന മാന്യദേഹത്തെ സമീപിച്ചു, ആവശ്യമുന്നയിച്ചു.
‘ഇന്നു വന്നു ഡോക്ടറെ കാണണമെന്നു പറഞ്ഞാലെങ്ങനെയാ. തലേന്നു പേരു രജിസ്റ്റര്‍ ചെയ്യണം.’ എന്തോ മഹാപരാധം ചെയ്തതുപോലെയാണു ടിയാന്‍ ഉച്ചത്തില്‍ പറഞ്ഞത്. എല്ലാവരും വിചിത്രജീവിയെ കാണുന്നതുപോലെ നോക്കിയപ്പോള്‍ വിനയപൂര്‍വം ഉണര്‍ത്തിച്ചു: ‘എന്നാല്‍ നാളേക്കൊന്നു ബുക്കു ചെയ്യാമോ.’

‘ഇപ്പോള്‍ പറ്റില്ല. നാളെ ഫോണ്‍ ചെയ്തു പറഞ്ഞാല്‍ മതി. ഫോണ്‍ നമ്പറതാ. എഴുതിയെടുത്തോ.’ വീണ്ടും ഗര്‍ജനം. പതിയെ പോയി നമ്പറെഴുതിയെടുത്തു. പരിശോധനാ സമയം ബോര്‍ഡില്‍ കുറിച്ചിട്ടിട്ടുണ്ടായിരുന്നു.
‘രാവിലെ ആറ് മുതല്‍ എട്ട് വരെ, വൈകിട്ട് മൂന്ന് മുതല്‍ 10 വരെ’
ഈ ഡോക്ടര്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതും ഭക്ഷണം കഴിക്കുന്നതും മെഡിക്കല്‍ കോളജില്‍ പോകുന്നതും എപ്പോഴാണാവോ. അധികം ചിന്തിച്ചാല്‍ തലവേദന കൂടുമെന്നതിനാല്‍ ചിന്തയ്ക്ക് അവിടെ വച്ചു കടിഞ്ഞാണിട്ടു.
പിറ്റേന്നു രാവിലെത്തന്നെ ഡോക്ടറുടെ നമ്പറില്‍ വിളിച്ചു. എന്‍ഗേജ്ഡ്! 10 മിനുട്ടു കഴിഞ്ഞു വീണ്ടും വിളിച്ചു. എന്‍ഗേജ്ഡ്!! 15 മിനുട്ട് ഇടവിട്ടു വിളിച്ചപ്പോഴെല്ലാം തഥൈവ. ഒടുവില്‍ ലൈന്‍ കിട്ടിയത് ഉച്ചകഴിഞ്ഞു മൂന്നു മണിക്ക്.
‘നാളെ ഡോക്ടറെയൊന്നു കാണണമല്ലോ.’
‘എന്താണു പേര്.’
പേരു പറഞ്ഞു.
‘ടോക്കണ്‍ നമ്പര്‍ 92.’
‘ഞാന്‍ രാവിലെ മുതല്‍…”
അപ്പുറത്ത് ഫോണ്‍ താഴെ വച്ച ശബ്ദം.
തന്നെപ്പോലെ രോഗികള്‍ വേറെയുമുണ്ടാകുമല്ലോ എന്നു സമാധാനിച്ചു. അല്ലാതെന്തു ചെയ്യാന്‍
92ാം നമ്പര്‍ ടോക്കണായതിനാല്‍ സാവകാശമാണ് അവിടെയെത്തിയത്. കുണ്ടോട്ടി നേര്‍ച്ചയുടെ ആള്‍ക്കൂട്ടമാണവിടെ. ഡോക്ടറുടെ വീടിനും പരിസരത്തിനും ഉള്‍ക്കൊള്ളാനാവാത്ത ജനം. അയല്‍പക്കത്തെ പറമ്പിലും റോഡിലുമായി പരന്നു കിടക്കുന്നു. ടോക്കണ്‍ നമ്പര്‍ 34 ാണ് അകത്ത്. 92 എത്തണമെങ്കില്‍ ഇനിയും സമയമേറെയെടുക്കും. അതിനു മുന്‍പ് ഒരു ചായ കുടിച്ചു വരാം.
തിരികെയെത്തിയപ്പോള്‍ തിരക്ക് പൂര്‍വാധികമായിരുന്നു.
ക്ഷമയോടെ കാത്തിരുന്നു.
‘നമ്പര്‍ 84’
സമയമായപ്പോള്‍ ഒന്‍പതേ കാല്‍
ഒടുവില്‍ 10:10ന്.
‘നമ്പര്‍ 92’
തിരക്കിലൂടെ ഒരുവിധം സവിധത്തിലെത്തി.
രോഗവിവരം പറഞ്ഞയുടന്‍ ഡോക്ടര്‍ പറഞ്ഞു: ‘തല ഒന്നു സ്‌കാന്‍ ചെയ്യണം. ഏതു ഞരമ്പിനാണു കുഴപ്പമെന്നറിയാന്‍ സ്‌കാന്‍ ചെയ്‌തേ പറ്റൂ.’ഒരു വിജിഗീഷുവിനെപ്പോലെ കൈയില്‍ കരുതിയ സ്‌കാന്‍ രേഖ മേശപ്പുറത്തു വച്ചു. ഡോക്ടറുടെ മുഖമിരുണ്ടു.
‘ശ്ശെ! ഇതു ക്ലിയറാവില്ല. നിങ്ങള്‍ പാരമൗണ്ടില്‍ നിന്നു പുതിയ ഒരെണ്ണമെടുക്കൂ. ഇതു കുട്ടിക്കളിയല്ല മിസ്റ്റര്‍’
എഴുന്നേറ്റു. 200 രൂപ മേശപ്പുറത്തു വച്ചു.
ബഹിരാകാശ ജീവിയെ കാണുന്നതുപോലെ ഡോക്ടര്‍ നോക്കി. അനന്തരം മൊഴിഞ്ഞു: ‘എന്റെ ഫീസ് 350 ആണ്.’
ഞെട്ടിപ്പോയി. എങ്കിലും 350 രൂപ തികച്ചു വച്ചു.
അപ്പോള്‍ മനസില്‍ കണക്കു കൂട്ടി. 350 ഗുണിക്കണം ഏറ്റവും ചുരുങ്ങിയത് 100 = 35,000 രൂപ. തലയില്‍ കൈവച്ചു പോയി.
ഒരു ദിവസത്തെ ഏറ്റവും ചുരുങ്ങിയ വരുമാനം 35,000 രൂപ.

പുറത്തിറങ്ങുമ്പോള്‍ സമയം പത്തര മണി. അപ്പോഴും പുറത്തു തിരക്കു വര്‍ധിച്ചു വരികയായിരുന്നു. പിറ്റേന്നു തന്നെ പാരമൗണ്ടില്‍ നിന്ന് സ്‌കാന്‍ ചെയ്തു. ബുക്കിങ്ങിന് അന്നു രാവിലെ വിളി തുടങ്ങിയെങ്കിലും 12 മണിയോടെ കിട്ടി. നമ്പര്‍: 41. ആവൂ. സമാധാനമായി.
എട്ടര മണിക്ക് ഡോക്ടറെ കണ്ടു. സ്‌കാന്‍ സസൂക്ഷ്മം പരിശോധിച്ച ശേഷം ‘ഞരമ്പോളജിസ്റ്റ്’ പറഞ്ഞു. ‘ഇതില്‍ പറയത്തക്ക കുഴപ്പമൊന്നുമില്ല. ഞാന്‍ മൂന്നു തരം ഗുളികക്കെഴുതുന്നുണ്ട്. രണ്ടാഴ്ച കഴിഞ്ഞ് (ദൈവമേ, വീണ്ടും 350 രൂപ) വരൂ.’
ഡോക്ടറുടെ കുറിപ്പടി നോക്കിയപ്പോള്‍ കണ്ടത് ആദ്യത്തെ ഡോക്ടര്‍ (എം.ബി.ബി.എസ്) കുറിച്ചുതന്ന മൂന്നു ഗുളികകള്‍ തന്നെ! കരയണോ ചിരിക്കണോ എന്നറിയാതെ നില്‍ക്കുമ്പോള്‍ തിരശ്ശീല വീഴുന്നു!

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.