2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പ്രളയം: ആഗോള പ്രതിഭാസങ്ങളെയും കണക്കിലെടുക്കണം

കെ.ജംഷാദ്

തീവ്രമായി പെയ്ത മഴക്കു പിന്നില്‍ നിരവധി ആഗോള പ്രതിഭാസങ്ങളും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മാത്രമല്ല മഴ ശക്തിപ്പെടുത്തിയതെന്നാണ് നിരീക്ഷണം. ആഗോള മഴപാത്തിയെന്ന് അറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിസിലേഷന്‍ (എം.ജെ.ഒ) ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആയിരുന്നു. ഇത് കേരളത്തില്‍ മഴ വര്‍ധിപ്പിക്കും. ഇതോടൊപ്പം എല്‍നിനോ ഭീഷണി ശാന്തസമുദ്രത്തില്‍ ഒഴിഞ്ഞതും ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപവ്യതിയാനവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (ഐ.ഒ.ഡി) പോസിറ്റിവ് ആയതുമാണ് പ്രളയമഴയെ സ്വാധീനിച്ച സാധാരണ ആഗോള പ്രതിഭാസങ്ങള്‍. ഇതെല്ലാം ഒന്നിച്ചു വന്നാല്‍ പ്രത്യേകിച്ച് മഴക്കാലത്ത് അതിശക്തമായ മഴ പ്രതീക്ഷിക്കണം എന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം അപ്രതീക്ഷിതമായുണ്ടായ മൂന്നു ചുഴലിക്കാറ്റുകളുടെ സ്വാധീനവും മഴയുടെ ശക്തികൂട്ടി.

കഴിഞ്ഞ വര്‍ഷത്തെപ്പോലെ നിരവധി ഘടകങ്ങള്‍ ഒന്നിച്ചു വന്നതാണ് ഇത്തവണയും വടക്കന്‍ കേരളത്തെ പ്രളയത്തില്‍ മുക്കിയത്. ന്യൂനമര്‍ദം ഇന്നലെയോടെ ദുര്‍ബലമായി പാകിസ്താന്‍ ഭാഗത്തേക്ക് പോയിട്ടും മഴ ഇന്നലെ പകല്‍ ശക്തമായി തുടരുകയായിരുന്നു. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ ഒരേസമയം രൂപപ്പെട്ട അതിശക്തമായ മൂന്നു ചുഴലിക്കാറ്റുകളുടെ സാന്നിധ്യം കേരളത്തിനു കുറുകെ അതിവേഗത്തില്‍ സഞ്ചരിച്ച പടിഞ്ഞാറന്‍ കാറ്റിനെ സ്വാധീനിച്ചെന്ന് വ്യക്തമാണ്. ന്യൂനമര്‍ദം ദുര്‍ബലമായിട്ടും മഴ ശക്തമായി തുടര്‍ന്ന സാഹചര്യം ഈ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കഴിഞ്ഞ വര്‍ഷം കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലിനു കാരണമായ മഴക്കു പിന്നില്‍ ജപ്പാന് സമീപം രൂപപ്പെട്ട എസ്റ്റര്‍ ചുഴലിക്കാറ്റിന് പങ്കുള്ളതായും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ് മാസങ്ങളില്‍ ഈ മേഖലയില്‍ ചുഴലിക്കാറ്റുകള്‍ പതിവാണെന്നും നിരീക്ഷകര്‍ പറയുന്നു.
ഓഗസ്റ്റ് 4 മുതലാണ് കേരളത്തില്‍ മഴ ശക്തമായത്. അതിതീവ്രമഴ പെയ്തത് 6 മുതല്‍ 9 വരെയും. ലേകിമാ, ക്രോസാ, ഫ്രാന്‍സിസ്‌കോ എന്നീ പേരുകളിലുള്ള ചുഴലിക്കാറ്റുകളാണ് അതിശക്തമായി പസഫിക് സമുദ്രത്തില്‍ നിലകൊണ്ടത്. വിന്റ് പാറ്റേണുകളും മാപ്പുകളും സൂക്ഷ്മമായി പരിശോധിക്കുമ്പോഴാണ് ഈ സാധ്യത വ്യക്തമാകുന്നത്. മൂന്നു ചുഴലിക്കാറ്റുകളും ഒന്നിച്ച് ഒരു മേഖലയില്‍ നിലകൊണ്ടതോടെ പതിനായിരം കിലോമീറ്ററിലേറെ പ്രദേശത്തെ കാറ്റിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചു. അറബിക്കടലിനു മുകളില്‍ സജീവമായി നിന്ന കാലവര്‍ഷക്കാറ്റിനെ കേരളത്തിനു കുറുകെ വലിച്ചെടുത്തതില്‍ ഈ ചുഴലിക്കാറ്റുകളുടെ സ്വാധീനവുമുണ്ടാകാം. കഴിഞ്ഞ തവണ പ്രളയത്തിനു കാരണം ബംഗാള്‍ ഉള്‍ക്കടലില്‍ ഒരേ ശക്തിയോടെ നിലനിന്ന തീവ്രന്യൂനമര്‍ദമായിരുന്നു. ഇത്തവണ ന്യൂനമര്‍ദം ശക്തിപ്പെട്ടത് ജാര്‍ഖണ്ഡിനു മുകളിലാണ്.

എങ്കിലും മഴ ശക്തമായി തുടര്‍ന്നത് കിഴക്ക് നിന്ന് കാറ്റിനെ വലിയ്ക്കപ്പെട്ടതാണ്. ഇതില്‍ ഒരു ചുഴലിക്കാറ്റ് വെള്ളിയാഴ്ച ചൈനയിലേക്ക് കയറിയതോടെ ഈ മേഖലയില്‍ കാറ്റിന്റെ ശക്തി അല്‍പം കുറഞ്ഞിട്ടുണ്ട്. എങ്കിലും രണ്ടു ചുഴലിക്കാറ്റുകള്‍ ഇപ്പോഴും അവിടെ തുടരുന്നു. ഇതും നാളെയോടെ ദുര്‍ബലപ്പെട്ട് കര തൊടും. ഇതോടെ കേരളത്തിലെ മഴയും കുറയുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ ഇതേ മേഖലയില്‍ ഇന്നു മുതല്‍ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ രണ്ട് ഉഷ്ണമേഖലാ കൊടുങ്കാറ്റ് (ടൈഫൂണ്‍) കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ മഴയെ കുറയ്ക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുക. മധ്യ ഇന്ത്യയിലെ മഴമേഘങ്ങളെ അവിടേക്ക് ആകര്‍ഷിക്കുന്ന വിധത്തിലാണ് വിന്റ് പാറ്റേണ്‍. ഇത് ഇന്ത്യയില്‍ മൊത്തമായും മഴ കുറയ്ക്കും. കേരളത്തില്‍ നിന്ന് കാറ്റിനെ പുതിയ കൊടുങ്കാറ്റ് ആകര്‍ഷിക്കപ്പെടുന്നുമില്ല. അതിനിടെ ഈ മാസം 12 ന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദം കേരളത്തില്‍ പ്രളയമുണ്ടാക്കുമെന്ന് കരുതുന്നില്ല. ഇപ്പോള്‍ താരതമ്യേന മഴ കുറഞ്ഞ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് പുതിയ ന്യൂനമര്‍ദം മൂലം മഴയുണ്ടാകുക. പ്രളയം തുടരുന്ന വടക്കന്‍ കേരളത്തില്‍ ഇത് മഴക്ക് കാരണമാകില്ല. എന്നാല്‍ തെക്കന്‍ ജില്ലകളില്‍ തീവ്രമഴയോ മറ്റോ സാധ്യതയില്ലാത്തതിനാല്‍ അവിടെയും പ്രളയം പേടിക്കേണ്ടി വരില്ല.

( മാധ്യമപ്രവര്‍ത്തകനും കാലാവസ്ഥാ നിരീക്ഷകനുമാണ് ലേഖകന്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.