2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് പ്രതിരോധത്തിന്റെ മൂന്നാംഘട്ടം വെല്ലുവിളി തന്നെ

ഡോ. ബി. ഇക്ബാല്‍

 

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനരംഗത്ത് കേരളം രാജ്യാന്തര തലത്തില്‍ തന്നെ ഇതിനകം ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധസമിതിയുടെ നേതൃത്വത്തില്‍ ദൈനംദിന അവലോകനം നടത്തിയാണ് മഹാമാരിയെ നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്.
പൊതുജനാരോഗ്യ, വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമാറ്റങ്ങള്‍ നല്‍കിയിട്ടുള്ള കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പ്ലാനിങ് ബോര്‍ഡ് അംഗം കൂടിയായ ഡോ. ബി. ഇക്ബാലാണ് വിദഗ്ധസമിതിയുടെ ചെയര്‍മാന്‍. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം സുപ്രഭാതം പ്രതിനിധി ജലീല്‍ അരൂക്കുറ്റിയുമായി പങ്കുവയ്ക്കുന്നു.

മൂന്നാംഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമ്പോള്‍ രോഗികളുടെ എണ്ണം കൂടുകയാണല്ലോ, എങ്ങനെ പുതിയ ഘട്ടത്തെ നേരിടാന്‍ കഴിയും ?

കൊവിഡ് വൈറസുമായി വിദേശത്തുനിന്ന് ആളുകള്‍ വന്നുകൊണ്ടിരുന്നതായിരുന്നു ഒന്നാംഘട്ടം. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതാണ് രണ്ടാം ഘട്ടം. ആദ്യഘട്ടങ്ങളില്‍ രോഗബാധിതരെയും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും ക്വാറന്റൈന്‍ ചെയ്തു നിരീക്ഷിക്കുന്നതിലും നാം ഫലപ്രദമായി വിജയിച്ചു. ഇപ്പോള്‍ ലോക്ക് ഡൗണിന് ഇളവ് നല്‍കുകയും വിദേശത്തു നിന്നും രാജ്യത്തിന്റെ മറ്റുപ്രദേശങ്ങളില്‍ നിന്നും വലിയതോതില്‍ ആളുകള്‍ പ്രത്യേകിച്ച് കൊവിഡ് വ്യാപകമായി ബാധിച്ച മേഖലകളില്‍നിന്ന് നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതാണ് മൂന്നാം ഘട്ടം. ഈ ഘട്ടത്തില്‍ രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവ് അപ്രതീക്ഷിതമല്ല. നാട്ടിലേക്ക് വരുന്നവരില്‍ രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നത് സ്വാഭാവികമാണ്. കൂടാതെ ഇളവുകള്‍ വന്നതോടെ സമ്പര്‍ക്കസാധ്യതകള്‍ വര്‍ധിക്കുകയാണ്. അതുകൊണ്ട് ആദ്യഘട്ടങ്ങളില്‍ നാം സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണം.

ആദ്യഘട്ടങ്ങളെ അപേക്ഷിച്ച് മൂന്നാംഘട്ടത്തില്‍ വരുന്ന വെല്ലുവിളികള്‍ എന്താണ് ?

കേരളത്തില്‍ രോഗം കണ്ടെത്തുമ്പോള്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ രോഗവ്യാപനം നടന്നിരുന്നില്ല. വിദേശ രാജ്യങ്ങളിലും രോഗത്തിന്റെ വ്യാപനം വളരെ കുറവായിരുന്നു. എന്നാല്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സാഹചര്യം മാറി. മലയാളികള്‍ കൂടുതലായി വരുന്ന സ്ഥലങ്ങളെല്ലാം രോഗവ്യാപനം ശക്തമായിരിക്കുന്ന റെഡ് സോണുകളാണ്.
അതുകൊണ്ടു തന്നെ ഇവിടേക്ക് വരുന്നവരില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടും. ഇവിടെ നമുക്ക് എന്‍ട്രി പോയിന്റുകളില്‍ തന്നെ അവരെ കണ്ടെത്തി ചികിത്സിക്കാന്‍ കഴിഞ്ഞാല്‍ മതി. മറ്റുള്ളവരെ 14 ദിവസത്തെ ക്വാറന്റൈനിലേക്ക് വിടാനും സമ്പര്‍ക്കവിലക്ക് പാലിക്കാനും കഴിഞ്ഞാല്‍ ആ വെല്ലുവിളി അതിജീവിക്കാം. അതിനുള്ള സംവിധാനങ്ങള്‍ നാം ഏര്‍പ്പെടുത്തുകയും വിജയകരമായി നടപ്പിലാക്കാനും കഴിഞ്ഞിട്ടുണ്ട്.

സമൂഹവ്യാപനമെന്ന ഭീഷണിയില്‍നിന്ന് നമുക്ക് മുക്തരാകാന്‍ കഴിയുമോ ?

കേരളത്തില്‍ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നതാണ് ആശ്വാസം. ഇതുവരെ നാം നടത്തിയ പരിശോധനകളില്‍നിന്ന് സമൂഹവ്യാപനത്തിന്റെ സാധ്യത കണ്ടെത്തിയിട്ടില്ല. എന്നാല്‍ സമൂഹവ്യാപനം ഇപ്പോഴത്തെ സാഹചര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയതോടെ പൊതുജീവിതം സാധാരണഗതിയിലേക്ക് പതുക്കെ മാറുകയാണ്. അത് ആവശ്യവുമാണ്. കാരണം ലോക്ക് ഡൗണ്‍ തുടരുന്നത് പ്രായോഗികമല്ല. സാമ്പത്തികമായും സാമൂഹികമായും വലിയ പ്രത്യാഘാതം ലോക്ക് ഡൗണ്‍ തുടര്‍ന്നാല്‍ ഉണ്ടാകും.
ഈ ഘട്ടത്തില്‍ നാം വളരെ ശ്രദ്ധിക്കണം. പുറത്തുപോയി വരുന്നവര്‍ പ്രത്യേകിച്ച് യുവാക്കള്‍ വീടുകളിലുള്ള പ്രായമായവരുമായും രോഗബാധിതരുമായി ഇടപഴകുമ്പോള്‍ ജാഗ്രത ആവശ്യമാണ്. മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. യുവാക്കളെ സംബന്ധിച്ചടത്തോളം കൊവിഡ് ഒരു നിസാരരോഗമാണ്.
എന്നാല്‍, പ്രായം ചെന്നവര്‍ക്കും പത്ത് വയസിന് താഴെയുള്ള കുട്ടികളിലും മാരകരോഗങ്ങള്‍ ഉള്ളവരിലും കൊവിഡ് വലിയൊരു രോഗം തന്നെയാണ്. നേരത്തെ എല്ലാവരും വീട്ടില്‍ തന്നെയായിരുന്നതിനാല്‍ ഈ വെല്ലുവിളിയുണ്ടായിരുന്നില്ല. മൂന്നാംഘട്ടത്തില്‍ നാം കൂടുതല്‍ ജാഗ്രത കാണിക്കേണ്ടത് സമ്പര്‍ക്കതോത് വര്‍ധിക്കാതിരിക്കാനും മരണനിരക്ക് തടഞ്ഞുനിര്‍ത്താനുമാണ്. അതു തകര്‍ന്നാല്‍ നമ്മുടെ നിയന്ത്രണത്തിന് പുറത്തേക്ക് കാര്യങ്ങള്‍ പോകും.

നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എങ്ങനെ വിലയിരുത്താം ?

കൊവിഡ് മരണങ്ങള്‍ കുടിവരുന്നുണ്ടെങ്കിലും രോഗം ബാധിച്ചവരുടെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്ക് വളരെ കുറവാണ്. ലോകത്ത് ഇതുവരെയുള്ള മരണനിരക്ക് ഏഴ് ശതമാനത്തില്‍ താഴെയാണ്. രാജ്യത്തെ മരണനിരക്ക് 3.3 മാത്രമാണ്. രോഗവ്യാപനിരക്കും വളരെ കുറവാണ്. മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ വളരെ മെച്ചപ്പെട്ട നിലയിലാണ്.
വിദേശ രാജ്യങ്ങളിലെ മരണനിരക്കും വ്യാപനിരക്കുമായി താരതമ്യം ചെയ്യാനും കഴിയില്ലെന്ന് പറയാം. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൂടുതലായി മരിച്ചത് പ്രായമായവരാണ്. അവിടെ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. ന്യൂയോര്‍ക്ക്, ദുബൈ, ഇറ്റലി എന്നിവിടങ്ങളിലെല്ലാം ജനസാന്ദ്രത, അവിടങ്ങളിലെ വലിയ എയര്‍പോര്‍ട്ടുകള്‍ ഇവയെല്ലാം രോഗവ്യാപന കാരണമാണ്. ഇറ്റലിയില്‍ 60 വയസിന് മുകളിലുള്ളവര്‍ 30 ശതമാനമുണ്ട്. കേരളത്തില്‍ പോലും അത് 15 ശതമാനമാണ്. ഇന്ത്യയില്‍ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ ചില സംസ്ഥാനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റു സംസ്ഥാനങ്ങളിലെല്ലാം തന്നെ രോഗവ്യാപന തോത് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ഉത്തേജക പാക്കേജിനെ ആരോഗ്യരംഗത്ത് താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു ?

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള കേന്ദ്ര ഉത്തേജക പാക്കേജില്‍ ആരോഗ്യമേഖലയ്ക്കുള്ള പദ്ധതികള്‍ നിരാശാജനകമാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ദേശീയ വരുമാനത്തിന്റെ കേവലം 1.1% മാത്രമാണ് ആരോഗ്യമേഖലയ്ക്കായി ചെലവിടുന്നത്. കേന്ദ്ര ആരോഗ്യ നയപ്രകാരം മൂന്ന് ശതമാനം ആരോഗ്യമേഖലയ്ക്ക് നീക്കിവയ്‌ക്കേണ്ടതാണ്. ദേശീയ വരുമാനത്തിന്റെ 110 ശതമാനമായ 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജില്‍ ഒരു ശതാനം ആരോഗ്യമേഖയ്ക്ക് വകയിരുത്തിരുന്നെങ്കില്‍ രണ്ടു ലക്ഷം കോടി വരുമായിരുന്നു. എന്നാല്‍ അനുവദിച്ചതോ കേവലം 15,000 കോടി മാത്രം. കൊവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും ദേശീയ തലത്തില്‍ മരുന്നുകളും വാക്‌സിനും ഉല്‍പാദിപ്പേണ്ടതായിട്ടുണ്ട്. എന്നാല്‍, തികച്ചും അവഗണിക്കപ്പെട്ട് നിര്‍ജീവാവസ്ഥയിലുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് വാക്‌സിന്‍ ഫാക്ടറികളുടെയോ ഐ.ഡി.പി.എല്‍, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക് എന്നീ പൊതുമേഖലാ മരുന്നുകമ്പനികളുടെയോ പുനരുജ്ജീവനത്തിനായി ഫണ്ടൊന്നും അനുവദിച്ചിട്ടില്ല, ആകെ കൂടി 11 കോടി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വാങ്ങാനായി മാറ്റിവച്ചിരിക്കുന്നു. ഈ മരുന്ന് ഉല്‍പാദിപ്പിക്കുന്നതാവട്ടെ സ്വകാര്യ കമ്പനികളുമാണ്.

പരിശോധനാ കിറ്റുകള്‍ ആവശ്യത്തിന് സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ?

നമുക്ക് 70 ദിവസത്തേക്ക് ആവശ്യമായ പരിശോധനാ കിറ്റുകള്‍ ഇപ്പോള്‍ സംഭരിച്ചിട്ടുണ്ട്. ക്വാറന്റൈന്‍ ഫലപ്രദമാക്കിയുള്ള പരിശോധനകള്‍ നമ്മുടെ വലിയ വിജയമാണ്. അത് തുടരാന്‍ കഴിയും. ആര്‍.എന്‍.എ എക്‌സ്ട്രാക്ഷന്‍ കിറ്റുകളാണ് നമുക്ക് കുറവുണ്ടായിരുന്നത്. അത് ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയതിന് ഐ.സി.എം.ആര്‍ അനുമതി ലഭിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിരോധരംഗത്ത് എന്നതുപോലെ ഗവേഷണരംഗത്തുള്ള നേട്ടങ്ങള്‍ ?

കൊവിഡ് 19നെതിരേയുള്ള മരുന്നുകള്‍ കണ്ടെത്തുന്നതിനും വൈറസിനെ നേരിടാനുള്ള വാക്‌സിന് കണ്ടെത്തുന്നതിനും ലോകത്ത് നടക്കുന്ന ഗവേഷണങ്ങള്‍ക്കൊപ്പം രാജ്യവും പങ്കാളിയാണ്. അതിന്റെ ഭാഗമായി കേരളത്തിലും ഗവേഷണങ്ങള്‍ നടക്കുകയാണ്. മരുന്ന് ഗവേഷണവും കിറ്റുകളുടെ കണ്ടുപിടിത്തവുമെല്ലാം നമ്മുടെ നേട്ടങ്ങളാണ്. ക്യൂബയുടെ മരുന്ന് പരീക്ഷണവും ലോകാരോഗ്യ സംഘടനയുടെ ഭാഗമായിട്ടുള്ള മരുന്ന് പരീക്ഷത്തിലും നാം പങ്കാളിയാകുന്നുണ്ട്. ഇതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (ഐ.സി.എം.ആര്‍) അനുമതി തേടിയിട്ടുണ്ട്. ഐ.സി.എം.ആറില്‍നിന്ന് അനുമതി ലഭിക്കുന്നതിനുള്ള കാലതാമസം വളരെ വലിയ വിഷയമാണ്.
വൈറസിന്റെ ജനതികമാറ്റം സംബന്ധിച്ച് രണ്ട് പഠനങ്ങള്‍ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.