2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

തുറന്നു തന്നെ പറയട്ടെ, പിണറായിക്കു പിന്തുണ

എ.പി അബ്ദുല്ലക്കുട്ടി
9380719611#

 

സ്വകാര്യസ്വത്ത് സംരക്ഷണ നിയമം നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നു. സ്വകാര്യസ്വത്ത് നശിപ്പിക്കുന്നതു പൊതുമുതല്‍ നശിപ്പിക്കുന്നതുപോലെ കുറ്റകരമാക്കി നഷ്ടപരിഹാരവും ശിക്ഷയും നല്‍കുന്നതാണു പുതിയ ഓര്‍ഡിനന്‍സ്. മന്ത്രിസഭാ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചപ്പോള്‍ അതുകേട്ടു വളരെ സന്തോഷിച്ച പൊതുപ്രവര്‍ത്തകനാണ് ഈ കുറിപ്പെഴുതുന്നയാള്‍.
കാരണം അത്തരമൊരു നിയമനിര്‍മാണം വേണമെന്ന് ആഗ്രഹിക്കുകയും പതിമൂന്നാം നിയമസഭയില്‍ ഈ ആവശ്യം സ്വകാര്യ ബില്ലായി അവതരിപ്പിക്കാന്‍ തുനിയുകയും ചെയ്ത എം.എല്‍.എയാണു ഞാന്‍. (കേരള സ്വകാര്യസ്വത്ത് അക്രമം,നാശം തടയല്‍ ബില്ല് 2013). അന്ന് എന്റെ നിര്‍ദേശം പരിഗണിക്കപ്പെട്ടില്ല. അതില്‍ ഏറെ വിഷമം തോന്നിയിരുന്നു. അല്‍പം വൈകിയാണെങ്കിലും എന്റെ ആവശ്യം നിയമമായി മാറുകയാണ്. തീര്‍ച്ചയായും സന്തോഷമുണ്ട്. പിണറായി സര്‍ക്കാരിനെ അഭിനന്ദിക്കുന്നു.
കഴിഞ്ഞ ബന്ദ് ദിവസം (ഹര്‍ത്താലെന്നാണു പേരെങ്കിലും അതൊരു ഭീകരബന്ദായിരുന്നല്ലോ) കേരളം ഇതുവരെ കണ്ട അക്രമങ്ങളെയെല്ലാം തീര്‍ത്തും നിഷ്പ്രഭമാക്കുന്ന തരത്തിലാണല്ലോ ‘ഭീകരാക്രമണം’ നടന്നത്. അത് ഏകപക്ഷീയമായ ആക്രമണമായിരുന്നില്ല. ഒരു ഭാഗത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളാലാവുംവിധം നാശനഷ്ടം വരുത്തി. മറുഭാഗത്ത് സി.പി.എം പ്രവര്‍ത്തകര്‍ അതിനെ വെല്ലുന്ന തരത്തില്‍ അക്രമമഴിച്ചുവിട്ടു. ഇതില്‍ തകര്‍ന്ന പൊതുസ്വത്തും സ്വകാര്യസ്വത്തും ചില്ലറയല്ല. സംസ്ഥാനത്തുടനീളം നാശനഷ്ടങ്ങളുണ്ടായി.
ഇനിയുള്ള ചോദ്യം സ്വകാര്യസ്വത്തു സംരക്ഷണ നിയമം കൊണ്ടുവരാന്‍ ജാഗ്രത കാണിച്ച മുഖ്യമന്ത്രിയോടാണ്. കഴിഞ്ഞദിവസം കേരളത്തിലുടനീളം ഹര്‍ത്താല്‍ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടം അതിന് ഉത്തരവാദികളായ ബി.ജെ.പിയില്‍നിന്നും സി.പി.എമ്മില്‍നിന്നും ഈടാക്കാന്‍ താങ്കള്‍ക്ക് ധൈര്യമുണ്ടോ? പ്രഖ്യാപനവും നിയമം കൊണ്ടുവരലുമൊക്കെ എളുപ്പമാണല്ലോ. അതു നടപ്പാക്കാന്‍ കഴിയുന്നുണ്ടോ എന്നിടത്താണല്ലോ കാര്യം.
ചില ദോഷൈകദൃക്കുകള്‍ പറയുന്നത് സി.പി.എമ്മിനും അതിലെ നേതാക്കള്‍ക്കും സ്വകാര്യസ്വത്തു കുന്നുകൂടിയതിനെ തുടര്‍ന്ന് അതു സംരക്ഷിക്കാനാണ് ഈ നിയമം കൊണ്ടുവന്നതെന്നാണ്. ശരിയാണോ എന്തോ. ‘നഷ്ടപ്പെടുവാനില്ലൊന്നും കൈവിലങ്ങുകളല്ലാതെ’ എന്നായിരുന്നു ഞങ്ങളൊക്കെ കുട്ടിക്കാലത്തു വിളിച്ച മുദ്രാവാക്യം. ഇന്ന് അത്തരം മുദ്രാവാക്യങ്ങള്‍ അറുപഴഞ്ചനാണ്, എടുക്കാച്ചരക്കാണ്.
നഷ്ടപ്പെടാന്‍ ഇന്ന് ആ പാര്‍ട്ടിയിലെ നേതാക്കള്‍ക്കും കുട്ടിനേതാക്കള്‍ക്കുമെല്ലാം ചെറുതല്ലാത്ത പലതുമുണ്ട്. അത്തരമൊരവസ്ഥയില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കിയിരിക്കാന്‍ കഴിയില്ലല്ലോ. കോര്‍പറേറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നാണ് സി.പി.എമ്മിന്റെ പേരിന്റെ വികസിത രൂപമെന്നും 5,000 കോടി രൂപയുടെ ആസ്തിയുള്ള പാര്‍ട്ടിയാണതെന്നും പണ്ട് കോണ്‍ഗ്രസ് നേതാവ് ചിദംബരം പറഞ്ഞത് ഓര്‍മവരുന്നു. അതു ശരിയാണെന്നു തോന്നിയാല്‍ തെറ്റു പറയാനാകുമോ.
അതെന്തെങ്കിലുമാകട്ടെ, പിണറായി സഖാവ് കൊണ്ടുവന്ന സ്വകാര്യസ്വത്തു സംരക്ഷിക്കല്‍ നിയമത്തെ നല്ലതാണെന്നു പറഞ്ഞേ തീരൂ. കാരണം, അതു കേരളത്തെ രക്ഷിക്കുന്ന നിയമമാണ്. ജനുവരി രണ്ടിലെ ബി.ജെ.പി- സി.പി.എം കലാപത്തില്‍ വീടുമാറി അക്രമിക്കപ്പെട്ടതില്‍ വിറങ്ങലിച്ചു നിന്ന തലശേരിയിലെ ഗൃഹനാഥന്റെ വേദന. കോഴിക്കോട്ട് മിഠായിത്തെരുവിലെ കട പൊലിസുകാരുടെ സാന്നിധ്യമുണ്ടായിട്ടും അക്രമികള്‍ അടിച്ചുതകര്‍ക്കുന്നതു നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വന്ന പാവം വ്യാപാരിയുടെ നെഞ്ചിലെ നിലവിളി. ഇങ്ങനെ എത്രയെത്ര അനുഭവങ്ങള്‍. ഇതിനൊക്കെ അല്‍പമെങ്കിലും ശമനമുണ്ടാവുമെങ്കില്‍ ഈ നിയമം എത്രയോ നല്ലതെന്നു പറയുക തന്നെ ചെയ്യണം. പക്ഷെ, അതുണ്ടാകുമോ എന്നിടത്താണ് ആശങ്ക.
ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനൊപ്പം പിണറായിയും പാര്‍ട്ടിയും ഒരു പ്രായശ്ചിത്തം കൂടി ചെയ്യണമെന്ന അഭ്യര്‍ഥനയുണ്ട്. 1978 ജൂലൈ 31ന് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിയാണ് പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരേ ആദ്യമായി നിയമം കൊണ്ടുവന്നത്. അന്നു ടി.കെ രാമകൃഷ്ണന്‍ സഖാവിന്റെ നേതൃത്വത്തില്‍ സി.പി.എം അതിനെ ശക്തിയുക്തം എതിര്‍ത്തു. ആ നിയമം കരിനിയമമാണെന്നു പറഞ്ഞായിരുന്നു എതിര്‍പ്പ്. ആ നിയമത്തിനെതിരേ കേരളമാകെ കരിദിനം കൊണ്ടാടി പിണറായിയുടെ പാര്‍ട്ടി.
ആ നിയമം കൊണ്ടുവരാന്‍ എ.കെ ആന്റണിയെ പ്രേരിപ്പിച്ചത് കെ.എസ്.ഇ.ബിയില്‍ നടന്ന ഭീകരസമരമായിരുന്നു. വലിയ ഹൈടെന്‍ഷന്‍ ലൈന്‍ വരെ സമരക്കാര്‍ മുറിച്ചിട്ടു. ടവറുകള്‍ അറുത്തുവീഴ്ത്തി. നൂറുക്കണക്കിനു ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്തിച്ചു. അങ്ങനെയുള്ള കടുത്ത രാജ്യദ്രോഹമാണ് അന്നു സമരസഖാക്കള്‍ ചെയ്തത്. നിയമസഭ 13 വോട്ടിനെതിരേ 66 വോട്ടിനു പാസാക്കിയ നിയമത്തിനു രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയില്ലെങ്കിലും 1984ല്‍ അന്നത്തെ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്നു കാണുന്ന പി.ഡി.പി.പി ആക്ട് നടപ്പിലാക്കി. ഇന്ന് ആ നിയമപ്രകാരം പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കു ജാമ്യം കിട്ടാന്‍ പ്രതികള്‍ നഷ്ടം കോടതിയില്‍ കെട്ടിവയ്ക്കണം. അതോടെ അക്രമത്തിന് അല്‍പം കുറവുണ്ടായിട്ടുണ്ട്. എങ്കിലും സ്വത്തു നഷ്ടപ്പെട്ട വ്യക്തിക്ക് ഒരു നഷ്ടപരിഹാരവും ലഭിക്കാത്ത അവസ്ഥയാണുള്ളത്. പിണറായിയുടെ പുതിയ ന ിയമം അക്കാര്യത്തിനു പരിഹാരമാകുമെന്നു കരുതാം.
2007ല്‍ കണ്ണൂരിലെ അക്രമരാഷ്ട്രീയത്തില്‍ എന്റെ ഭാര്യാവീട്ടിനു നേരേ ബോംബേറുണ്ടായി. ആ അക്രമത്തിലുണ്ടായ സ്വത്തുനഷ്ടമല്ല ഞങ്ങളെ തളര്‍ത്തിയത്. ആ സംഭവത്തെ തുടര്‍ന്ന് എന്റെ ഭാര്യാമാതാവിന്റെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നുപോയി.
ഇപ്പോഴും അവര്‍ ആ തളര്‍ച്ചയില്‍നിന്നു പൂര്‍ണമായി മോചിതയായിട്ടില്ല. അങ്ങനെ അക്രമദുരിതം പേറുന്ന എത്രയെത്ര ആളുകള്‍. ജീവിക്കുന്ന എത്രയെത്ര രക്തസാക്ഷികള്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.