2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

സംവരണം: സാമൂഹികനീതി സങ്കല്‍പത്തോടുള്ള വെല്ലുവിളി

#സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്

സാമൂഹികമായി മുന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ പത്തു ശതമാനം സംവരണം ഏര്‍പെടുത്താനുള്ള തീരുമാനത്തിനു മോദി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന സംവരണ തത്ത്വങ്ങള്‍ക്കു വിരുദ്ധമായതിനാലും തൊഴില്‍ സംവരണത്തിന്റെ പരിധി മൊത്തം അമ്പത് ശതമാനമായി നിശ്ചയിച്ച സുപ്രിം കോടതി വിധി നിലവിലുള്ളതിനാലും പുതിയ സംവരണ നയം നടപ്പാക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതു ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത സാമുദായിക സംവരണതത്ത്വത്തിന്റെ ലംഘനമാണ്. ഭരണഘടനാ മൂല്യങ്ങളോടും സാമൂഹികനീതി സങ്കല്‍പത്തോടുമുള്ള വെല്ലുവിളിയാണ്; അത് അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമാണ്.
സംവരണം സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനോ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനോ വേണ്ടിയുള്ള തൊഴില്‍ദാന പദ്ധതിയല്ല. അത് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കു സാമൂഹിക മുഖ്യധാരയിലും അധികാര വ്യവസ്ഥയിലും അര്‍ഹമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു വേണ്ടി വിഭാവനം ചെയ്യപ്പെട്ട സുരക്ഷാപദ്ധതിയാണ്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമൂഹിക അസമത്വവും അനീതിയും പരിഹരിക്കുന്നതിനു വേണ്ടിയുള്ള തിരുത്തല്‍ നടപടിയാണ്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തിക ദുരിതം നേരിടുന്നവരുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ബദല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കുന്നതിന് വരുമാനപരിധി നിശ്ചയിച്ചുകൊണ്ടുള്ള ക്രീമിലെയര്‍ വ്യവസ്ഥ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. എട്ടു ലക്ഷം രൂപയാണ് നിലവിലുള്ള വരുമാനപരിധി. സംവരണത്തിനു സാമ്പത്തിക മാനദണ്ഡം നിശ്ചയിക്കപ്പെട്ടതോടുകൂടി, വളഞ്ഞ വഴിയിലൂടെ അപ്രഖ്യാപിത സാമ്പത്തിക സംവരണം നടപ്പാക്കുന്ന വ്യവസ്ഥയായി ക്രീമിലെയര്‍ ഫലത്തില്‍ മാറിയതായി ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, ഓരോ സംവരണീയ സമുദായത്തിനകത്തും സംവരണത്തിന് അര്‍ഹരായവര്‍, അനര്‍ഹരായവര്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളെ സൃഷ്ടിക്കുന്നതിനും അതു കാരണമായി. എങ്കിലും, കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അതിപ്പോഴും തുടരുകയാണ്.
സംവരണത്തിലൂടെ ലക്ഷ്യംവയ്ക്കുന്ന സാമൂഹികനീതി സങ്കല്‍പത്തിന്റെ അന്തസ്സത്ത ദുര്‍ബലമാക്കുന്ന തരത്തിലുള്ള അട്ടിമറികളും നടക്കുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിയമന വ്യവസ്ഥകളും മാനദണ്ഡങ്ങളുമനുസരിച്ച് യോഗ്യത നേടുന്ന സംവരണീയ സമുദായങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ പൊതുപട്ടികയില്‍ ഉള്‍പെടുത്താതെ സംവരണ ലിസ്റ്റിലേക്കു തള്ളിമാറ്റുന്നതായി വ്യാപകമായ പരാതികള്‍ നിലവിലുണ്ട്. ഇതു സംബന്ധമായ നിരവധി പഠനങ്ങളും പുസ്തകങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സംവരണത്തിലൂടെ മാത്രമേ തൊഴില്‍ ലഭിക്കുകയുള്ളൂ എന്ന നീതിരഹിതമായ സാഹചര്യമാണ് ഇതുവഴി സംജാതമായിരിക്കുന്നത്. ഇങ്ങനെ പലതരത്തിലുള്ള വെല്ലുവിളികളും അട്ടിമറികളും അതിജീവിച്ചുകൊണ്ടാണ് നിലവിലുള്ള സാമുദായിക സംവരണ വ്യവസ്ഥയെ സംവരണീയ വിഭാഗങ്ങള്‍ സംരക്ഷിച്ചു പോരുന്നത്. സംവരണം സര്‍ക്കാര്‍ സര്‍വിസിന്റെ ഗുണമേന്മ ഇല്ലാതാക്കുമെന്ന വിചിത്രവാദം സംവരണ വിരുദ്ധര്‍ എല്ലാക്കാലത്തും ഉയര്‍ത്തിയിട്ടുണ്ട്.

എന്നാല്‍, മുന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആ വാദത്തിന്റെ പൊള്ളത്തരം സ്വയം തുറന്നുകാട്ടുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വരുമാനപരിധിയും എട്ടു ലക്ഷം രൂപ തന്നെയാണ്. ഈ തീരുമാനമനുസരിച്ച് എട്ടു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള മുന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ പുതുതായി സംവരണത്തിന് അര്‍ഹത നേടുന്നു. ഇതോടുകൂടി മുന്നാക്ക- പിന്നാക്ക വ്യത്യാസമില്ലാതെ എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും സംവരണത്തിന് ഒരേ വരുമാനപരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. എട്ടു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ മാത്രമേ ഇനിമുതല്‍ തൊഴില്‍ സംവരണത്തിന് അര്‍ഹരായിരിക്കുകയുള്ളൂ എന്നാണ് ഈ തീരുമാനത്തിന്റെ യഥാര്‍ഥ അര്‍ഥം. ഇതിലൂടെ തത്ത്വത്തിലും പ്രയോഗത്തിലും സാമ്പത്തിക സംവരണം നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്.
സാമ്പത്തിക സംവരണ വാദം സംഘ്പരിവാറിന്റെയും ഇടതുപക്ഷത്തിന്റെയും പൊതു അജണ്ടയാണ്. സാമുദായികാടിസ്ഥാനത്തിലുള്ള സംവരണ വ്യവസ്ഥയോട് ഇടതുപക്ഷം തുടക്കം മുതല്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. 1957ലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍, മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് ചെയര്‍മാനായി രൂപവല്‍കരിച്ച ഒന്നാം ഭരണ പരിഷ്‌കാര കമ്മിഷന്‍ സംസ്ഥാനത്ത് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്ത്യയിലാദ്യമായി സാമ്പത്തിക സംവരണം എന്ന സാമൂഹികനീതി വിരുദ്ധ ആശയം മുന്നോട്ടുവച്ചത് ഇ.എം.എസാണ്. ഇപ്പോള്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസിലെ രണ്ടു നിയമന ധാരകളില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സംവരണാവകാശം നിഷേധിച്ചിരിക്കുന്നു. ദേവസ്വം ബോര്‍ഡില്‍ ഇതിനോടകം തന്നെ സാമ്പത്തിക സംവരണം നടപ്പാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ മോദി സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ നയത്തെ പിന്തുണച്ചിരിക്കുന്നു. ഇ.എം.എസിന്റെ സംവരണ വിരുദ്ധ നിലപാടില്‍ ഇടതുപക്ഷം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു എന്നാണ് പിണറായി സര്‍ക്കാരിന്റെ സമീപനം തെളിയിക്കുന്നത്. ദലിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ ജനസമൂഹങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണിത്. ഒപ്പം കാലങ്ങളായി ഇടതുപക്ഷത്തെ പിന്തുണച്ച് പോരുന്ന ജനവിഭാഗങ്ങളോട് ചെയ്യുന്ന വഞ്ചനയും.

ദലിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ ബഹുജന സമൂഹങ്ങളുടെ അതിജീവന സമരങ്ങള്‍ സാമൂഹിക തലത്തിലും രാഷ്ട്രീയ തലത്തിലും ശക്തിപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ സംവരണ ഗൂഢാലോചനയുമായി രംഗത്തുവരുന്നത്. ഇതു മുന്നാക്ക സാമൂഹിക വിഭാഗങ്ങളെ സംവരണീയ സമുദായങ്ങള്‍ക്കെതിരേ തിരിച്ചുവിടാനും സാമുദായിക സംഘര്‍ഷങ്ങള്‍ക്കു വഴിമരുന്നിടാനുമുള്ള ഫാസിസ്റ്റ് ഗൂഢതന്ത്രമാണ്. അതോടൊപ്പം നരേന്ദ്രമോദി സര്‍ക്കാരിനെതിരേ രാജ്യത്താകമാനം ഉയര്‍ന്നുവരുന്ന ജനരോഷത്തെ മറികടക്കാനുള്ള രാഷ്ട്രീയ കുതന്ത്രം കൂടിയാണ്. മോദി ലക്ഷ്യം വയ്ക്കുന്ന സാമൂഹിക വിഭജന അജണ്ടയെ ചെറുത്തുതോല്‍പ്പിക്കാന്‍ സാമൂഹിക നീതിയിലും ബഹുസ്വര ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഇന്ത്യയിലെ മുഴുവന്‍ ശക്തികളും ഒറ്റക്കെട്ടായി അണിനിരക്കേണ്ടതാണ്.

സാമൂഹിക നീതിയുടെ അടിസ്ഥാന വ്യവസ്ഥയായ സാമുദായിക സംവരണതത്ത്വം അട്ടിമറിക്കാനുള്ള സംഘ്പരിവാര്‍- ഇടതുപക്ഷ കൂട്ടുകെട്ടിന്റെ ഗൂഢാലോചന ഞങ്ങള്‍ തുറന്നുകാട്ടും. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഗൂഢശ്രമങ്ങളെ തുറന്നെതിര്‍ക്കും. സംവരണീയ സമുദായങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ സമരങ്ങള്‍ക്ക് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കും.
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News