2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മാന്ദ്യവും അത് നിഷേധിക്കുന്ന ധനമന്ത്രിയും

അഡ്വ.ജി.സുഗുണന്‍

 

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച താഴ്ന്നുവെന്നും എന്നാലതിനെ മാന്ദ്യം ആയി കണക്കാക്കാനാവില്ലയെന്നും കേന്ദ്രധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പ്രസ്താവിച്ചിരിക്കുന്നു. വളര്‍ച്ച കുറഞ്ഞിട്ടുണ്ടാവാം. എന്നാലിതുവരെ മാന്ദ്യമില്ല. ഇനി മാന്ദ്യം ഉണ്ടാവുകയുമില്ല. രാജ്യസഭയില്‍ മന്ത്രി പ്രസ്താവിച്ചതാണിത്. തുടര്‍ച്ചയായ ആറ് മാസം (രണ്ട് കോര്‍ട്ടറുകള്‍) സാമ്പത്തിക വളര്‍ച്ച താഴോട്ട് വരുമ്പോഴാണ് മാന്ദ്യം എന്ന് പറയുക. വലിയ തൊഴില്‍ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിട്ടും പരിഹാരനടപടികള്‍ എടുക്കാതെ ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. യഥാര്‍ഥത്തില്‍ കടുത്ത മാന്ദ്യം ആണ് രാജ്യത്തെ പുണര്‍ന്നിട്ടുള്ളത്. ഇത് മറച്ച് വയ്ക്കാനുള്ള വൃഥാശ്രമമാണ് ഈ മന്ത്രി നടത്തുന്നത്. ‘അച്ഛന്‍ പത്തായത്തിലുമില്ല, കിണറ്റുമില്ല’ എന്ന് കള്ളന്റെ മകന്‍ പൊലിസിനോട് പറഞ്ഞ പഴമൊഴിയാണ് ഓര്‍മ വരുന്നത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യം കഴിഞ്ഞ 40 കൊല്ലത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലുള്ളതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇത് മറച്ച് വയ്ക്കാന്‍ ഇനി ഒരു ഭരണാധികാരിക്കും കഴിയുമെന്നും തോന്നുന്നില്ല.
ബാങ്കുകളില്‍ നിന്ന് വന്‍കിട കോര്‍പ്പറേറ്റുകള്‍ എടുത്ത വലിയ തുകകള്‍ തിരിച്ചടയ്ക്കാത്ത കോര്‍പ്പറേറ്റുകളെ ന്യായീകരിക്കുന്ന വിശദീകരണം നല്‍കാനും ധനവകുപ്പ് മന്ത്രി മറന്നില്ല. കോര്‍പ്പറേറ്റുകള്‍ ബാങ്കുകളില്‍ നിന്ന് പണമെടുത്തിട്ടുണ്ട്. പക്ഷെ അവര്‍ക്ക് ലാഭമുണ്ടാക്കാന്‍ കഴിയാതെ വന്നതോടെ ബാലന്‍സ് ഷീറ്റുകള്‍ പുറകോട്ട് പോയി. ഇത് മൂലം ബാങ്കുകളിലെ പണം തിരിച്ചടയ്ക്കാനായില്ല. കോര്‍പ്പറേറ്റുകള്‍ തിരിച്ചടവ് മുടക്കിയതോടെ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകളും പിറകിലായി. അതിനാല്‍ ഇരട്ട ബാലന്‍സ് ഷീറ്റ് പ്രശ്‌നവുമുണ്ടായി. ബാങ്കുകളില്‍ നിന്ന് വന്‍തുകയെടുത്ത് മുങ്ങിയ കോര്‍പ്പറേറ്റുകളെ മാന്ദ്യത്തില്‍ മുങ്ങിയ നമ്മുടെ രാജ്യത്തെ ധനമന്ത്രി ന്യായീകരിക്കുകയാണ്.
നമ്മുടെ രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന് പ്രതിപക്ഷം ഒന്നടങ്കം പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ രൂക്ഷം. ടെക്‌സ്റ്റൈയില്‍ – വാഹനവ്യവസായങ്ങളില്‍ മാത്രം 25 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. കാര്‍ഷിക മേഖലയാകെ വന്‍പ്രതിസന്ധിയിലുമാണ്. എല്ലാ സാധനങ്ങളുടെയും വില കുതിച്ചുയരുന്നു. രാജ്യത്തെ 90 ശതമാനം സമ്പത്തും ഇപ്പോള്‍ വെറും 10 ശതമാനം പേരുടെ കൈകളിലാണ്. ജി.ഡി.പി അഞ്ച് ശതമാനത്തിലും താഴേക്ക് കൂപ്പുകുത്തി. ഓരോ വര്‍ഷവും രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ പ്രതിവര്‍ഷം ഒരു കോടിയോളം ആളുകളുടെ ഉള്ള തൊഴില്‍പോലും ഇല്ലാതാകുന്ന സ്ഥിതിയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ദാരിദ്ര്യം മൂലമുള്ള കര്‍ഷക ആത്മഹത്യകള്‍ ഇരട്ടിയായി ഉയര്‍ന്നു. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതടക്കമുള്ള പൊതുമേഖലയിലെ 28 സ്ഥാപനങ്ങളാണ് വിറ്റഴിക്കാന്‍ പോകുന്നത്. വാങ്ങല്‍ ശേഷി അപ്പാടെ നഷ്ടപ്പെട്ട ഒരു ജനതയുടെ വിലാപമാണ് രാജ്യത്താകെ മുഴങ്ങിക്കേള്‍ക്കുന്നത്.
തൊഴിലില്ലായ്മ മൂന്ന് ശതമാനമായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അത് എട്ട് ശതമാനമായി ഉയര്‍ന്നിരിക്കുന്നു. രാജ്യത്ത് അസമത്വം ഭയപ്പെടുത്തും വിധം രൂക്ഷമായിരിക്കുന്നു. സ്വകാര്യ നിക്ഷേപം കുത്തനെ ഇടിഞ്ഞു. കറന്‍സി പിന്‍വലിക്കല്‍ നടപടിയില്‍ കൂടി ജി.ഡി.പിയുടെ 40 ശതമാനവും ആകെ തൊഴിലിന്റെ 90 ശതമാനവും സംഭാവന ചെയ്യുന്ന രാജ്യത്തെ അസംഘടിത മേഖല പൂര്‍ണമായും തകര്‍ന്നു.
സാമ്പത്തിക പ്രതിസന്ധി വെറും താല്‍കാലികമാണെന്ന് പറഞ്ഞ് ധനമന്ത്രി ആശ്വാസം കണ്ടെത്തുകയാണ്. എന്നാല്‍ രാജ്യം നേരിടുന്നത് ഏറ്റവും വലിയ പ്രതിസന്ധി തന്നെയാണ്. സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു നടപടിയും കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറല്ല. മുതലാളിത്ത സംവിധാനം സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി മുഖ്യമായ ഒന്നാണ്. രാജ്യത്ത് തൊഴിലില്ലായ്മ കഴിഞ്ഞ അഞ്ച് ദശകങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നത് ഭയാനകമായ സ്ഥിതിയാണുണ്ടാക്കിയിരിക്കുന്നത്. മൗലിക പ്രശ്‌നങ്ങളില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുകയാണ്.
നമ്മുടെ രാജ്യത്ത് വന്‍കിട കുത്തകകളുടെ സ്ഥാപനങ്ങള്‍ തടിച്ചുകൊഴുക്കുമ്പോള്‍ ചെറുകിട ഇടത്തരം സ്ഥാപനങ്ങളും കമ്പനികളും മരിച്ചുകൊണ്ടിരിക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞിരിക്കുന്നു. 2013ന് ശേഷമുള്ള ഏറ്റവും താഴ്ന്നനിലവാരമാണിത്. ഉപഭോക്ത ആവശ്യകത കുറഞ്ഞതും സ്വകാര്യ നിക്ഷേപത്തിലുണ്ടായ കുറവുമായിരുന്നു ഈ തിരിച്ചടിക്ക് കാരണം. രണ്ടാം പാദഫലവും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. അത് വിപണിയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. രണ്ടാം പാദത്തില്‍ നിരക്ക് വീണ്ടും കുറഞ്ഞിട്ടുണ്ട്. രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ ഫിച്ചിന്റെ ഇന്ത്യന്‍ ഘടകമായ ‘ഇന്ത്യ റേറ്റിങ്‌സ് ആന്‍ഡ് റിസര്‍ച്ച്’ രണ്ടാം പാദത്തില്‍ വളര്‍ച്ചാനിരക്ക് 4.9 ശതമാനമായിരിക്കുമെന്നും വിധിയെഴുതിയിരുന്നു.
നമ്മുടെ രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക മാന്ദ്യം ശ്രദ്ധയില്‍പ്പെടുത്തി പല റിപ്പോര്‍ട്ടുകളും ഇതിനകം പുറത്തുവന്നിരുന്നു. രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക മാന്ദ്യം വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുകയില്ലെന്ന് വ്യക്തമാക്കിയും വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചും രാജ്യാന്തര ക്രഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. മാന്ദ്യം പരിഹരിക്കപ്പെടുകയില്ലെന്ന് മാത്രമല്ല പൊതുകടം ഗണ്യമായി വര്‍ധിക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2020 മാര്‍ച്ച് വരെയും മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.7 ശതമാനമായി ധനകമ്മി തുടരുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ധനകമ്മി 3.3 ശതമാനമായി നിജപ്പെടുത്തുമെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കിയത്. കോര്‍പ്പറേറ്റ് നികുതി ഗണ്യമായി വെട്ടിക്കുറച്ചതിലൂടെ റവന്യൂ വരുമാനത്തില്‍ വലിയ കുറവുണ്ടാകും. നമ്മുടെ വിദേശ നാണയ വിനിമയ നിരക്കും ആശാവഹമല്ലാത്ത വിധത്തിലാണ് തുടരുന്നതെന്നും മൂഡീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
സാമ്പത്തിക രംഗത്തെ വന്‍ തളര്‍ച്ച വ്യക്തമാക്കിക്കൊണ്ട് സെപ്റ്റംബറില്‍ വ്യാവസായിക ഉത്പാദനം 4.3 ശതമാനം കുറഞ്ഞതായി ഐ.ഐ.പി (വ്യവസായ ഉത്പാദന സൂചിക) വ്യക്തമാക്കുന്നു. ഓഗസ്റ്റില്‍ 1.1 കുറഞ്ഞിരുന്നു. ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയാണിത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 4.6 ശതമാനം വ്യവസായ ഉത്പാദന വളര്‍ച്ച ഉണ്ടായ സ്ഥാനത്താണ് ഇത്തവണ ഉണ്ടായിരിക്കുന്ന ഈ വീഴ്ച. ഇതോടെ ഏപ്രില്‍-സെപ്റ്റംബറിലെ വളര്‍ച്ച 1.3 ശതമാനമായി താഴ്ന്നു. ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ അഞ്ച് ശതമാനം വളര്‍ച്ചയേ ജി.ഡി.പിയില്‍ ഉണ്ടായിരുന്നുള്ളൂ. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു അത്. സെപ്റ്റംബറില്‍ അവസാനിച്ച മൂന്ന് മാസത്തെ കണക്കും ആശാവഹമായിരുന്നില്ലെന്നാണ് സൂചനകള്‍.
ജി.ഡി.പി വളര്‍ച്ച അഞ്ച് ശതമാനത്തിലും താഴെയാകുമെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടു കഴിഞ്ഞു. വ്യവസായ മേഖല ഗണ്യമായി ചുരുങ്ങി എന്നത് ജി.ഡി.പി വളര്‍ച്ചയെ സാരമായി ബാധിക്കും. ഫാക്ടറി ഉത്പാദനം സെപ്റ്റംബറില്‍ 3.9 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 4.8 ശതമാനം വളര്‍ന്നതാണിത്. വ്യവസായ ഉത്പാദനം സെപ്റ്റംബറില്‍ രണ്ട് ശതമാനം കുറയുമെന്നായിരുന്നു റോയിട്ടേഴ്‌സ് ഏജന്‍സി നടത്തിയ സര്‍വേയിലെ നിഗമനം. എന്നാല്‍ അതിനേക്കാള്‍ ചുരുങ്ങിയെന്നുള്ളത് സാമ്പത്തിക ദുരവസ്ഥയെയാണ് കാണിക്കുന്നത്. വളര്‍ച്ചക്ക് പകരം തളര്‍ച്ചയായത് പലിശ നിരക്ക് ഇനിയും കുറയ്ക്കാന്‍ റിസര്‍വ്വ് ബാങ്കിനെ പ്രേരിപ്പിക്കും എന്നുള്ളതിലും തര്‍ക്കമില്ല.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിക്കൊണ്ട് നോട്ട് നിരോധനം പ്രഖ്യാപിച്ചു. കള്ളപ്പണം പൂര്‍ണമായും ഇല്ലാതാക്കുക, ഭീകരവാദികള്‍ക്കുള്ള സാമ്പത്തിക സ്രോതസ് അടക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു നോട്ടുനിരോധനത്തിന് പിന്നില്‍. ഇത് സാമ്പത്തിക മാന്ദ്യത്തിലേക്കും പണ ഞെരുക്കത്തിലേക്കും രാജ്യത്തെയും ജനങ്ങളെയും കൊണ്ടെത്തിച്ചു എന്നല്ലാതെ മറ്റൊരു നേട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയത് നോട്ട് നിരോധനത്തിന് ശേഷമാണെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കിയിരുന്നു. 2016 ലെ നോട്ടു നിരോധനത്തിന് ശേഷം ഉപഭോക്ത വായ്പകളുടെ മൊത്തം ബാങ്ക് റിക്കാര്‍ഡ് കുത്തനെ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ വ്യവസായിക മേഖല നേരിടുന്ന പ്രതിസന്ധിക്കും കാരണം നോട്ടു നിരോധനമാണെന്നും വ്യക്തമാക്കി നിരവധി കമ്പനികളും രംഗത്ത് എത്തിയിരുന്നു. ഇത് കൂടാതെ 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യം അഭിമുഖീകരിക്കുന്നത്.
നമ്മുടെ സമ്പദ് ഘടനയുടെ ഭയാനകമായ ഈ തകര്‍ച്ചയെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകാന്‍ കേന്ദ്ര ഭരണാധികാരികള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. കൂപ്പുകുത്തിയ സമ്പദ് ഘടനയെ രക്ഷിക്കാനുള്ള യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികളാണ് ഇവിടെ അടിയന്തിരമായും കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. നോട്ടു നിരോധനത്തില്‍ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജനവിരുദ്ധ നടപടികള്‍ ആകെ പുനഃപരിശോധനക്ക് വിധേയമാക്കുകയും, രാജ്യത്തെയും സമ്പദ് ഘടനയെയും രക്ഷിക്കുന്നതിനാവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കുകയുമാണ് ആവശ്യം.
രാജ്യത്തെ വന്‍കിട കുത്തകകളുടെയും, ആഗോള ഭീമന്‍മാരുടെയും താല്‍പര്യമല്ല, മറിച്ച് സാധാരണക്കാരായ ജനകോടികളുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന ബോധമാണ് ആദ്യം മോദി സര്‍ക്കാരിനുണ്ടാകേണ്ടത്. അംബാനിമാരുടെയും അദാനിമാരുടെയും താല്‍പര്യം മാത്രം സംരക്ഷിക്കുന്ന ഈ സര്‍ക്കാരിന് വളരെയെളുപ്പം അതിന് കഴിയുമോ എന്നുള്ളത് മറ്റൊരു കാര്യമാണ്. ഏതായാലും രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം സമ്പദ് ഘടനയുടെ ഈ വന്‍ തകര്‍ച്ച കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാന്‍ സാധ്യമല്ല. അതിനാല്‍ സമ്പദ് ഘടനയുടെ ഈ തകര്‍ച്ചയ്‌ക്കെതിരായി ഏറ്റവും ശക്തമായ പ്രതിഷേധാഗ്നി രാജ്യത്ത് അലയടിച്ചുയരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ജനങ്ങളുടെയും ഈ രാജ്യത്തിന്റെയും നിലനില്‍പിന് വേണ്ടിയുള്ള വലിയ ജനകീയ പോരാട്ടം തന്നെ നമ്മുടെ രാജ്യത്ത് വേണ്ടിയിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News