2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

കൊല്ലരുതനിയാ… കൊല്ലരുത്

#നവാസ് പൂനൂര്‍ 8589984455

 

എല്ലാവരും ഒരേ മനസോടെ പ്രാര്‍ഥിക്കുന്നു..,ഇനിയും ഒരാള്‍ കൊല്ലപ്പെടരുതേയെന്ന്.
ഓരോ കൊലപാതകം നടക്കുമ്പോഴും പൊതുസമൂഹം മനമുരുകി അങ്ങനെ പ്രാര്‍ഥിക്കാറുണ്ട്.

കാപട്യത്തോടെ രാഷ്ട്രീയക്കാരും പങ്കെടുക്കാറുണ്ട് ആ പ്രാര്‍ഥനയില്‍. അവര്‍ പക്ഷേ വീണ്ടും കൊലക്കത്തി കൈയിലെടുക്കും. കൊല്ലുന്നവരുടെയും കൊല്ലപ്പെടുന്നവരുടെയും പാര്‍ട്ടികള്‍ കൊലപാതകം പാര്‍ട്ടി പ്രവര്‍ത്തനമാക്കി മാറ്റും, വോട്ടാക്കി മാറ്റും. നഷ്ടപ്പെടുന്നത് കൊല്ലപ്പെടുന്നവന്റെ കുടുംബത്തിനു മാത്രം. മറ്റെല്ലാവരുടെയും ദുഃഖങ്ങളുടെ ആയുസിനു നീളം ദിവസങ്ങളേയുള്ളൂ.
ഓരോ കൊലപാതകം കഴിയുമ്പോഴും സര്‍വ്വകക്ഷി യോഗം മരണാനന്തരച്ചടങ്ങു പോലെ നടക്കാറുണ്ട്. ആ ചടങ്ങില്‍ പരസ്യമായി പ്രതിഷേധിക്കും, മേലിലത് ആവര്‍ത്തിക്കാതിരിക്കാന്‍ ആഹ്വാനം നടത്തും. അതൊന്നും പ്രാവര്‍ത്തികമാകാറില്ല.

എന്തേ ഇതിനു കാരണം. നമ്മുടെ നേതാക്കളും രാഷ്ട്രീയപാര്‍ട്ടികളും അടിമുടി മാറേണ്ടിയിരിക്കുന്നു. ഒരു പാര്‍ട്ടിയും കലാപത്തിന് ആഹ്വാനം ചെയ്യുന്നില്ല, ഒരു പാര്‍ട്ടിയുടെ ഭരണഘടനയും മറ്റു പാര്‍ട്ടിക്കാരെ കൊന്നൊടുക്കണമെന്നു വിധിക്കുന്നില്ല. എന്നിട്ടുമെന്തേ ഇങ്ങനെ.

കുറ്റം പാര്‍ട്ടികള്‍ക്കല്ല, പാര്‍ട്ടിയെ നയിക്കുന്നവര്‍ക്കാണ്. അവരെ തിരുത്താന്‍ ലോകത്ത് ആര്‍ക്കും കഴിയില്ല, അവരുടെ അനുയായികള്‍ക്കല്ലാതെ. അനുയായികളാവട്ടെ അന്ധമായ നേതൃഭക്തിയുള്ളവരാണ്. തമിഴ്‌നാട്ടിലും ആന്ധ്രയിലും തെലുങ്കാനയിലും മാത്രമുള്ളവരല്ല, ഉദ്ബുദ്ധരെന്ന് അഭിമാനിക്കുന്ന മലയാളികളും അണികളിലുണ്ട്.

സാംസ്‌കാരികബോധവും മനുഷ്യത്വവുമുണ്ടെങ്കില്‍ എല്ലാ പാര്‍ട്ടിക്കാരും ഒരു മനസോടെ പ്രതിജ്ഞ എടുക്കട്ടെ ജീവനെപ്പോലെ കരുതുന്ന തങ്ങളുടെ പാര്‍ട്ടിക്കു വേണ്ടി, മാതാപിതാക്കളെപ്പോലെ ഒരുവേള അതിലേക്കാളുപരി ബഹുമാനിക്കുന്ന നേതാക്കള്‍ക്കുവേണ്ടി കൊല്ലാനും മരിക്കാനും തങ്ങള്‍ തയാറല്ലെന്ന്. ഇങ്ങനെയൊരു തീരുമാനം കേരളസമൂഹം എടുക്കാത്തിടത്തോളം ആരെന്തുപറഞ്ഞാലും രാഷ്ട്രീയകൊലപാതകങ്ങള്‍ മെഗാസീരിയല്‍ പോലെ തുടരും. ഒരുപാടു കുട്ടികള്‍ ഇനിയും അനാഥരാകും, ഒരുപാട് സഹോദരിമാര്‍ വിധവകളാകും, ഒരുപാട് മാതാപിതാക്കള്‍ നിരാശ്രയരാകും.
കൃപേഷ്, ശരത് ലാല്‍ എന്നീ രണ്ടു ചെറുപ്പക്കാര്‍ കാസര്‍കോട്ട് ക്രൂരമായി കൊല്ലപ്പെട്ടു. കുടിലില്‍ എന്നു പോലും പറയാന്‍ കഴിയാത്ത ഓലമേഞ്ഞ കൂരയ്ക്കകത്തു കുടുംബത്തിന്റെ സ്വപ്നവും പ്രതീക്ഷയുമായി കഴിഞ്ഞ ചെറുപ്പക്കാര്‍. ആ ചെറുപ്പക്കാര്‍ ഏതു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണെന്നു നമുക്കറിയേണ്ട കാര്യമില്ല ,പക്ഷേ, അവരെ ഈ ലോകത്തുനിന്നു തട്ടിയെടുത്ത ശക്തികളാരെന്നു നമുക്ക് അറിയണം. അതാരായാലും അവരെ ഒറ്റപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മനുഷ്യരക്തം കൊണ്ടു രാഷ്ട്രീയചരിത്രമെഴുതാന്‍ തീരുമാനിച്ചവര്‍ ആരായാലും അവരുടെ സ്ഥാനം ചവറ്റുകൊട്ടയിലാവണം, ഭരണ സിംഹാസനത്തിലാവരുത്.

കാസര്‍കോട്ട് കൊല്ലപ്പെട്ടവര്‍ നമ്മുടെ സഹോദരന്മാരാണ്, അതേ, ഇത്തിരി മുന്‍പ് ഇടുക്കിയില്‍ കൊലചെയ്യപ്പെട്ടതും നമ്മുടെ സഹോദരന്‍ തന്നെ. ഇടുക്കിയില്‍ കൊലപ്പെട്ട അഭിമന്യു എസ്.എഫ്.ഐക്കാരനാണെന്നതോ കാസര്‍കോട്ടു കൊല്ലപ്പെട്ട ശരത്തും കൃപേഷും യൂത്ത് കോണ്‍ഗ്രസുകാരാണെന്നതോ പ്രശ്‌നമല്ല. അഭിമന്യു മരിച്ച ദിവസവും നമ്മള്‍ പ്രാര്‍ഥിച്ചു, ഇനി ഒരാളുടെയും രക്തം ഈ മണ്ണില്‍ വീഴരുതേയെന്ന്. എന്തു ചെയ്യാം നമ്മുടെ പ്രാര്‍ഥന വിഫലം. ഇടുക്കിയില്‍ കൊല്ലപ്പെട്ടതും കാസര്‍കോട്ടു കൊല്ലപ്പെട്ടതും ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്ന പാവം മനുഷ്യരാണ്.
സ്വസ്ഥമായി ജീവിക്കാന്‍ അവസരമൊരുക്കുന്നതിനെയാണു രാഷ്ട്രീയമെന്നു വിളിക്കുക, ജീവനെടുക്കുന്നതിനെ ഗുണ്ടായിസമെന്നേ വിളിക്കാനാകൂ. ഗുണ്ടായിസം നടത്തുന്നതു ഗുണ്ടകളാണ്, രാഷ്ട്രീയക്കാരതു ചെയ്യരുത്. ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും ആത്മാവു നഷ്ടപ്പെടുമ്പോഴാണ് അക്രമം അരങ്ങേറുന്നത്, പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി കൊലപാതകങ്ങള്‍ നടക്കുന്നത്.
കഴിഞ്ഞ ആയിരം ദിവസത്തിനിടയില്‍ 20 രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളമെന്ന കൊച്ചു സംസ്ഥാനത്തു നടന്നത്. അതില്‍ പതിനാറിലും പ്രതിസ്ഥാനത്തു ഭരണത്തിനു നേതൃത്വം കൊടുക്കുന്ന പാര്‍ട്ടി, പൊലിസ് വകുപ്പു കൈകാര്യം ചെയ്യുന്ന പാര്‍ട്ടി, നാട്ടില്‍ ക്രമസമാധാനം നിലനിര്‍ത്തുമെന്നു പ്രതിജ്ഞയെടുത്ത പാര്‍ട്ടി, മനുഷ്യജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുമെന്നു പ്രഖ്യാപിച്ച പാര്‍ട്ടി, എല്ലാം ശരിയാക്കിത്തരാമെന്നു വാഗ്ദാനം നടത്തിയ പാര്‍ട്ടി. ഇപ്പറഞ്ഞത് അക്ഷരത്തെറ്റായിരുന്നോ എന്നറിയില്ല, എല്ലാം ശരിയാക്കിത്തരാം എന്നതിനു പകരം എല്ലാവരെയും ശരിയാക്കിത്തരാം എന്നായിരുന്നോ അവര്‍ ഉദ്ദേശിച്ചിരുന്നത്.
കേരളചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ ഒരുഭാഗത്ത് എന്നും സി.പി.എമ്മായിരുന്നു. മറുഭാഗത്ത് കോണ്‍ഗ്രസുകാരും മുസ്‌ലിംലീഗുകാരും ബി.ജെ.പിക്കാരും മറ്റും മാറിമാറി ഇടംപിടിച്ചു. ഏറ്റവും വലിയ ഉത്തരവാദിത്വം കാണിക്കേണ്ടവര്‍ ഏറ്റവുംവലിയ ക്രിമിനലുകളാണെന്നു ബോധ്യപ്പെടുത്തി.

സി.പി.എം ഒന്നോര്‍ത്താല്‍ പോരെ അവര്‍ക്കല്ലേ ഒരുപക്ഷേ കൂടുതല്‍ നഷ്ടമുണ്ടായത്. കാരണം എല്ലാ പ്രശ്‌നങ്ങളിലും ഒരുഭാഗത്ത് അവരാണല്ലോ. എന്തിന് ഇങ്ങനെ പാവം സഖാക്കളെ കൊലയ്ക്കു കൊടുക്കണം. എന്തിനിങ്ങനെ പാവം സഖാക്കളെ കൊലയാളികളാക്കണം.ആരെയും ന്യായീകരിക്കുകയല്ല. സമാധാനം നിലനിന്ന് കാണാനുള്ള ആത്മാര്‍ഥത ഇല്ലായിമ എല്ലാഭാഗത്തും ഉണ്ട്.
കാസര്‍കോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടിലെത്തിയ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിയന്ത്രണംവിട്ട വിങ്ങിപ്പൊട്ടല്‍ രാഷ്ട്രീയകാപട്യമാണെന്ന് ആരും പറയില്ല. ഒരു ബന്ധവുമില്ലാത്ത, ഈ ചെറുപ്പക്കാരെ അറിയുക പോലും ചെയ്യാത്ത എവിടെനിന്നോ വാര്‍ത്ത വായിക്കുകയോ കാണുകയോ ചെയ്യുന്ന മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത ആരും വിങ്ങിപ്പൊട്ടുന്ന ക്രൂരതയാണ് കാസര്‍കോട്ടു നടന്നത്.
വടക്കന്‍ കേരളത്തില്‍ സി.പി.എമ്മിന്റെ അഹങ്കാരം ഇത്തിരി കൂടുതലാണ്, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍. കണ്ണൂരില്‍ 6,00,000 മെമ്പര്‍മാരുണ്ടത്രേ സി.പി.എമ്മിന്. അങ്ങനെയെങ്കില്‍ വിനയപൂര്‍വം ഒന്നു ചോദിച്ചോട്ടെ, അതിന്റെ മൂന്നിരട്ടിയിലധികം അംഗബലമുണ്ട് മലപ്പുറത്ത് മുസ്‌ലിംലീഗിന്. 20,00,000 മെമ്പര്‍മാരാണ് മലപ്പുറം ജില്ലയില്‍ മുസ്‌ലിംലീഗിനുള്ളത്. അവിടെ മുസ്‌ലിംലീഗ് രാഷ്ട്രീയമേധാവിത്വം കാണിക്കാറില്ല. അവിടെ പാര്‍ട്ടി ഗ്രാമങ്ങളില്ല, പാര്‍ട്ടി പൊലിസും പാര്‍ട്ടി കോടതിയുമില്ല. കണ്ണൂരിലെ സി.പി.എമ്മിന്റെ നയം മലപ്പുറത്തെങ്കിലും മുസ്‌ലിം ലീഗുകാര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു നാടിന്റെ അവസ്ഥ.

കേരളത്തിന്റെ ദൗര്‍ഭാഗ്യകരമായ ഈ അവസ്ഥ മാറണം. രാഷ്ട്രീയനേതാക്കളുടെ മനോഭാവം മാറണം. ഇല്ലെങ്കില്‍ അതു മാറ്റാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാകണം. ആരുടെയെങ്കിലും കൈകൊണ്ടു മരിക്കാനോ സ്വന്തം കൈകൊണ്ട് ആരെയെങ്കിലും കൊല്ലാനോ തയാറല്ലെന്നു പ്രഖ്യാപിക്കണം. നേതാക്കളുടെ കൈയിലെ ചട്ടുകമായി മാറാന്‍ തയാറല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കണം. സാംസ്‌കാരിക കേരളം ഇതിനു നേതൃത്വം കൊടുക്കാന്‍ മുന്നോട്ടുവരണം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, പല സാംസ്‌കാരികനായകന്മാര്‍ക്കും ഈ ഘട്ടത്തിലും ഇത്തരം ഘട്ടങ്ങളിലും മിണ്ടാട്ടമില്ല. ആശ്വാസത്തിനു ചെറിയ നുറുങ്ങു വെട്ടം നമ്മള്‍ കാണുന്നത് ഡോ.എം. എന്‍ കാരശ്ശേരി, ജോയ് മാത്യു ഇങ്ങനെ അപൂര്‍വം പേരില്‍ നിന്ന് മാത്രമാണ്.
കൊലക്കേസില്‍ പ്രതികളെ പാര്‍ട്ടി തീരുമാനിച്ചു കൊടുക്കുന്ന അവസ്ഥ മാറണം .യഥാര്‍ഥ കുറ്റവാളികളെ കണ്ടുപിടിക്കാന്‍ പൊലിസിനെ സ്വതന്ത്രമാക്കണം, അവര്‍ നിയമത്തിനുമുന്‍പില്‍ എത്തണം,ശിക്ഷിക്കപ്പെടണം. കാസര്‍കോട് സംഭവത്തില്‍ പിടിക്കപ്പെട്ട പ്രതികള്‍ മാത്രമാണോ യഥാര്‍ഥ കുറ്റവാളികള്‍. പ്രാഥമികാന്വേഷണത്തില്‍ പിണറായിയുടെ പൊലിസ് പറയുന്നു സി.പി.എമ്മാണു കൊലയ്ക്കു പിന്നിലെന്ന്.

മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടിട്ടു വര്‍ഷങ്ങള്‍ ഏഴു കഴിഞ്ഞു. ഇപ്പോഴാണു സി.ബി.ഐ അന്വേഷണത്തില്‍ യഥാര്‍ഥ പ്രതികള്‍ പുറത്തുവരുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി പി .ജയരാജനും ടി.വി രാജേഷ് എം.എല്‍.എയും പ്രതിപ്പട്ടികയിലെത്തിയതു നല്ല സൂചനയാണ്. കൊല നടത്തിയവരെപ്പോലെ കുറ്റവാളികളാണ് അതിനു പ്രേരണ നല്‍കിയവരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.