2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

പൊള്ളാച്ചി പീഡനം: ഇരയുടെ പേര് വെളുപ്പെടുത്തിയ സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചെന്നൈ: വിദ്യാര്‍ഥിനികളെ 20 അംഗസംഘം ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് 25 ലക്ഷം രൂപ തമിഴ്‌നാട് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്.
ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കോവൈ പൊലീസ് സൂപ്രണ്ടിനെതിരെ നടപടിയെടുക്കാനും സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.

തമിഴ്‌നാട്ടിലെ നൂറിലധികം പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ് കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് അന്വേഷണം സി.ബി. ഐക്ക് കൈമാറിയിരുന്നു.

എന്നാല്‍ സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം കനത്തതോടെയാണ് കേസ് സി.ബി.ഐക്ക് കൈമാറാനും തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. കേസ് നേരത്തെ തന്നെ സി.ബി സി.ഐഡിക്കു കൈമാറിയിരുന്നു.

എന്നാല്‍ കഴിഞ്ഞദിവസം സംഭവത്തില്‍ എ.ഡി.എം.കെ സര്‍ക്കാരിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊള്ളാച്ചിയില്‍ ഉള്‍പ്പടെ ഡി.എം.കെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.
നേരത്തെ നടന്‍ കമല്‍ഹാസന്‍ പൊലിസ് മേധാവിയെ കണ്ട് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹമായിരുന്നു ആദ്യം ഈ വിഷയത്തില്‍ ഇടപെട്ടത്.

നൂറിലേറെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ ഭൂരിഭാഗവും കോളജ് വിദ്യാര്‍ഥിനികളായിരുന്നു. കേസില്‍ എട്ടുപേരെ മാത്രമാണ് ഇതുവരേ അറസ്റ്റ് ചെയ്തത്.

ഏഴു വര്‍ഷത്തിനിടയിലാണ് പ്രതികള്‍ ഇത്രയും പേരെ പീഡനത്തിനിരയാക്കിയത്. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്്ത് പണം തട്ടുകയും ചെയ്തിരുന്നു.

പെണ്‍കുട്ടികളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ചതിയില്‍ വീഴ്ത്തുന്ന 20 തോളം യുവാക്കളുടെ സംഘം കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഇരുനൂറോളം പെണ്‍കുട്ടികളെയാണ് ലൈംഗികമായി ആക്രമിച്ചത്.

സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു പെണ്‍കുട്ടികളുമായി പ്രതികള്‍ സൗഹൃദം സ്ഥാപിച്ചിരുന്നത്. പിന്നീട് രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു പതിവ്.
പൊള്ളാച്ചി സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനിയാണ് ആദ്യമായി പ്രതികള്‍ക്കെതിരെ പരാതിയുമായി രംഗത്തു വന്നത്.

പ്രതികളെ രക്ഷിക്കാന്‍ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയുടെ പ്രാദേശിക നേതാക്കള്‍ ഇടപെട്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിനെതിരെ പൊള്ളാച്ചിയില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ചെന്നൈ, കോയമ്പത്തൂര്‍, പൊള്ളാച്ചി, തിരുപ്പൂര്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ക്ലാസുകള്‍ ബഹിഷ്‌കരിച്ചുകൊണ്ട് സര്‍ക്കാര്‍ ഇടപെടലിനെതിരെ പ്രതിഷേധിച്ചത്.

പൊള്ളാച്ചി എസ്.പിയേയും ഡെപ്യൂട്ടി എസ്.പിയേയും സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടും കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ടും പൗരാവകാശാ പ്രവര്‍ത്തകര്‍ ചെപ്പൗക്കില്‍ മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു.

ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ എ. രാജരാജനും ദല്‍ഹി സ്വദേശിയായ വൈ വില്യം വിനോദ് കുമാറുമാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.