2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ആണ്‍കുട്ടിക്ക് 4.25 ലക്ഷം; പെണ്‍കുട്ടിക്ക് 2.70 ലക്ഷം: ശിശുവില്‍പന കേസില്‍ മുന്‍ നഴ്‌സും ഭര്‍ത്താവും അറസ്റ്റില്‍

ചെന്നൈ: നവജാത ശിശുക്കളെ അനധികൃതമായി ദത്തെടുത്ത് വില്‍പന നടത്തിയെന്ന കേസില്‍ മുന്‍ നഴ്‌സും ഭര്‍ത്താവും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ രാശിപുരം സ്വദേശിയായ അമുതവല്ലിയും ഭര്‍ത്താവ് രവിചന്ദ്രനുമാണ് അറസ്റ്റിലായത്. പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത അമുത അടുത്തിടെയാണ് റിട്ടയര്‍ ആയത്.

കുട്ടികളെ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട അമുതവല്ലിയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അടുത്തിടെ പുറത്തുവന്നിരുന്നു. അമുദവല്ലിയുമായി സതീഷ് എന്ന ഇടപാടുകാരന്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ഇതോടെയാണ് ശിശുവില്‍പന സംബന്ധിച്ച വിവരങ്ങള്‍ പുറത്തറിയുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം അമുതവല്ലിയെയും ഭര്‍ത്താവിനെയും പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ മുപ്പത് വര്‍ഷമായി ഇവര്‍ നവജാതശിശുക്കളെ വില്‍പന നടത്തിയതായാണ് കരുതപ്പെടുന്നത്. ആണ്‍കുട്ടിക്ക് 4.25 ലക്ഷം മുതലും പെണ്‍കുട്ടിക്ക് 2.70 ലക്ഷം മുതലുമാണ് വിലയിട്ടിരുന്നതെന്ന് ഫോണ്‍ സംഭാഷണത്തില്‍ നിന്ന് വ്യക്തമാവുന്നു. കുട്ടിയുടെ നിറം, തൂക്കം എന്നിവയ്ക്കനുസരിച്ച് വിലയില്‍ വ്യത്യാസം വരും. സൗന്ദര്യമുള്ള കുട്ടികള്‍ക്ക് കൂടുതല്‍ പണം വേണമെന്ന് അമുതവല്ലി ആവശ്യപ്പെടുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാന്‍ സാധിക്കും. 30,000 രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷമാണ് ഇവര്‍ കുട്ടിയെ വില്‍പന നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കാറ്. ലക്ഷങ്ങള്‍ നല്‍കി കുട്ടികളെ അനധികൃതമായി ദത്തെടുത്തായിരുന്നു ഇത്തരത്തില്‍ വില്‍പന നടത്തിയിരുന്നത്. സംസ്ഥാനത്താകെ ശൃംഖലകളുള്ള വന്‍ റാക്കറ്റിന്റെ ഭാഗമാണ് അമുദവല്ലിയെന്ന് പോലിസ് സംശയിക്കുന്നു.

പാവപ്പെട്ട കുടുംബങ്ങള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീകള്‍, അവിവാഹിതരായ ഗര്‍ഭിണികള്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടായിരുന്നു കുട്ടികളെ അനധികൃതമായി ദത്തെടുത്തിരുന്നത്. കുട്ടികളെ കൈമാറുമ്പോള്‍ കോര്‍പറേഷനില്‍ നിന്നു ജനന സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കുന്നതിനു 75000 രൂപ വേറെയും ഇവര്‍ ഈടാക്കിയിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ സംഘം കുട്ടികളെ തട്ടിക്കൊണ്ടുവന്നിരുന്നതായും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം നാമക്കല്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.