2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

നാസില്‍ ചെക്ക് മോഷ്ടിച്ചതോ സംഘടിപ്പിച്ചതോ: ചെക്കു കേസില്‍ ഒത്തുതീര്‍പ്പ് സാധ്യത മങ്ങുന്നു

 

  • തുഷാറിനെതിരേ സിവില്‍ കേസ് കൂടി ഫയല്‍ ചെയ്ത് നാസില്‍ അബ്ദുല്ല

ദുബൈ: മധ്യസ്ഥ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേ സിവില്‍ കേസ് കൂടി ഫയല്‍ ചെയ്ത് നാസില്‍ അബ്ദുല്ല. ദുബൈ കോടതിയിലാണ് സിവില്‍ കേസ് ഫയല്‍ ചെയ്തത്. തുഷാറില്‍ നിന്ന് കരാര്‍ പ്രകാരമുള്ള തുക വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് കേസ്. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഇതോടെ മധ്യസ്ഥന്‍മാര്‍ വഴി കോടതിക്ക് പുറത്തുനിന്ന് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള സാധ്യതകളാണ് മങ്ങിയത്.
വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചുവെന്ന ക്രിമിനല്‍ കേസ് നിലനില്‍ക്കെയാണ് സിവില്‍ കേസ് നാസില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
അതേസമയം നാസില്‍ ചെക്ക് മോഷ്ടിക്കുകയോ മറ്റാരില്‍ നിന്നോ സംഘടിപ്പിക്കുകയോ ചെയ്തതാണെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദത്തിനു ബലം പകരുന്ന രീതിയിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ സാമൂഹിക മാധ്യങ്ങളിലൂടെ പ്രചരിച്ചത് നാസില്‍ അബ്ദുല്ലക്ക് തിരിച്ചടിയായേക്കുമെന്നാണ് കരുതുന്നത്. രാവിലെയാണ് ശബ്ദരേഖ പുറത്തു വന്നത്.

അഞ്ചു ലക്ഷം രൂപ വേണമെന്നും ചെക്കുമായി ബന്ധപ്പെട്ട കൈവിട്ട കളികളിലേക്ക് താന്‍ നീങ്ങുകയാണെന്നും അടുത്ത ദിവസം തുഷാര്‍ യു.എ.ഇയില്‍ എത്തുമ്പോള്‍ ഷാര്‍ജയിലെ കോടതിയില്‍ കേസ് നല്‍കുമെന്നും നാസില്‍ പറയുന്ന ഭാഗങ്ങളാണ് വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നത്.
സംഭാഷണങ്ങള്‍ താന്‍ നടത്തിയതു തന്നെ എന്ന് സമ്മതിച്ച നാസില്‍ തുഷാര്‍ തനിക്കു നല്‍കിയ ചെക്കും രേഖകളും മറ്റൊരാള്‍ക്ക് ഈടുവെച്ചിരുന്നുവെന്നും അതു തിരിച്ചെടുക്കുവാനായാണ് സുഹൃത്തിനോട് പണം ആവശ്യപ്പെട്ടതെന്നും വിശദീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News