2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ഉയിഗൂര്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം

 

അങ്കാറ: ഉയിഗൂര്‍ മുസ്‌ലിംകളെ പാര്‍പ്പിച്ച തടങ്കല്‍പ്പാളയങ്ങള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് തുര്‍ക്കി. പ്രമുഖ ഉയിഗൂര്‍ സംഗീതജ്ഞന്‍ അബ്ദുറഹീം ഹെയിത്തിന്റെ മരണം പുറത്തുവന്നതിന് പിന്നാലെയാണ് ശക്തമായ താക്കീതുമായി തുര്‍ക്കി രംഗത്തെത്തിയത്. ചൈനയുടെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ ഉയിഗൂറുകള്‍ കൊടിയ പീഡനമാണ് അനുഭവിക്കുന്നതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയ വക്താവ് ഹാമി അക്‌സോയ് വാര്‍ത്താകുറിപ്പില്‍ ആരോപിച്ചിരുന്നു.

എന്നാല്‍, തുര്‍ക്കിയുടെ പ്രതികരണം പൂര്‍ണമായും തള്ളിക്കളയുന്നതായി ചൈന പ്രതികരിച്ചു. ചൈന അന്യായമായി തടവിലാക്കിയ ദശലക്ഷക്കണക്കിന് ഉയിഗൂറുകള്‍ കടുത്ത പീഡനത്തിനും രാഷ്ട്രീയ മസ്തിഷ്‌ക പ്രക്ഷാളനത്തിനും വിധേയമാകുന്ന കാര്യം പരസ്യമായിക്കഴിഞ്ഞിരിക്കുകയാണ്. 21ാം നൂറ്റാണ്ടിലും കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ പുനരവതരിപ്പിച്ച്, ഉയിഗൂര്‍ തുര്‍ക്കികളെ ചൈനീസ് സംസ്‌കാരത്തില്‍ ലയിപ്പിക്കാന്‍ ഭരണകൂടം നടത്തുന്ന നയപരിപാടികള്‍ മനുഷ്യത്വത്തിന് തന്നെ നാണക്കേടാണ്.
ജയിലിന് പുറത്തുകഴിയുന്നവര്‍ ഇതിലേറെ സമ്മര്‍ദത്തിലൂടെയാണു ജീവിച്ചുകൊണ്ടിരിക്കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി.അബ്ദുറഹീം ഹെയിത്തിന്റെ മരണത്തോടെ ഷിന്‍ജിയാങ്ങിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ തുര്‍ക്കി പൊതുസമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന പ്രതിഷേധം രൂക്ഷമായിരിക്കുകയാണെന്നും ഹാമി അക്‌സോയ് പറഞ്ഞു. ഷിന്‍ജിയാങ്ങില്‍ നടക്കുന്ന ഈ മാനുഷിക ദുരന്തം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ കാര്യക്ഷമമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനോട് ആവശ്യപ്പെട്ടു. എന്നാല്‍, തെറ്റായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് അങ്കാറയിലെ ചൈനീസ് നയതന്ത്ര കാര്യാലയം തുര്‍ക്കിയോട് ആവശ്യപ്പെട്ടു.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന നടപടികളെ തുര്‍ക്കി കൃത്യമായി മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും കാര്യാലയം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.മധ്യേഷ്യന്‍ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള സംഗീതോപകരണമായ ദുതാറില്‍ വിദഗ്ധനാണ് മരിച്ച അബ്ദുറഹീം ഹെയിത്. ഭീകരവാദക്കുറ്റം ചുമത്തി ചൈനീസ് ഭരണകൂടം തടങ്കലിലടച്ച ഇദ്ദേഹത്തിന്റെ മരണം ആംനെസ്റ്റി ഇന്റര്‍നാഷനലാണ് പുറത്തുവിട്ടത്. ഹെയിത് എഴുതി അവതരിപ്പിച്ച ഒരു പാട്ടിലെ ‘യുദ്ധത്തിന്റെ രക്തസാക്ഷികള്‍’ എന്ന വാക്കാണ് ചൈനയെ ചൊടിപ്പിച്ചതെന്നാണ് വിവരം.

ചൈനയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഷിന്‍ജിയാങ്ങില്‍ താമസിക്കുന്ന ടര്‍ക്കിഷ് ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷ വിഭാഗമാണ് ഉയിഗൂറുകള്‍. ചൈനീസ് ഭരണകൂടത്തിന്റെ ശക്തമായ നിരീക്ഷണത്തിലാണ് ഇവരുടെ ജീവിതം.

ഇവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. പതിനായിരക്കണക്കിന് ഉയിഗൂര്‍ സമുദായക്കാരെ വന്‍ തടങ്കല്‍പാളയങ്ങളില്‍ പാര്‍പ്പിച്ചു പീഡിപ്പിക്കുന്നതായി ബി.ബി.സി, റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു.
സംഭവം ചൈനക്കെതിരേ രാജ്യാന്തര പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ചൈനീസ് പീഡനത്തെ തുടര്‍ന്ന് നിരവധി ഉയിഗൂറുകളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുര്‍ക്കിയിലേക്ക് കടന്നത്.

ഉയിഗൂറുകള്‍ക്കുപുറമെ കസഖുകള്‍, മറ്റു മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെല്ലാം അന്യായമായി തടങ്കലില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. ഡി.എന്‍.എ സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചു, ന്യൂനപക്ഷ ഭാഷ സംസാരിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇവരെ അനന്തമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.