2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ കൊവിഡ് ബാധയേറ്റു പ്രവാസി വ്യവസായി മരണപ്പെട്ടു, തൃശൂർ സ്വദേശിയാണ് ജുബൈലിൽ മരണപ്പെട്ടത്

     ദമാം: കിഴക്കൻ സഊദിയിൽ വ്യവസായി കൊവിഡ് ബാധയേറ്റു മരണപ്പെട്ടു. തൃശൂർ വടക്കേക്കാട് സ്വദേശി വെട്ടിയാട്ടിൽ വീട്ടിൽ പ്രേമരാജൻ (65) ആണ് കിഴക്കൻ സഊദിയിലെ വ്യാവസായിക നഗരിയായ ജുബൈലിൽ മരണപ്പെട്ടത്. ഇന്ന് രാവിലെ ജുബൈൽ മുവാസാത് ആശുപത്രിയിലാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 37 വർഷമായി പ്രവാസിയായ ഇദ്ദേഹം ജുബൈൽ ആസ്ഥാനമായി സ്വന്തമായി ഹോട്ടൽ നടത്തി വരികയായിരുന്നു. ജുബൈലിലെ മലയാളി സമൂഹത്തിൽ ഏറെ പരിചിതനായ ഇദ്ദേഹത്തിനു വലിയ സൗഹൃദ ബന്ധങ്ങൾ ഉണ്ട്. കഴിഞ്ഞ ഒരാഴ്ച മുമ്പ് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹത്തിന്റെ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടിരുന്നു.

     റീഗൽ എന്ന പേരിൽ റെസ്റ്റാറാന്റ് നടത്തി വന്നിരുന്ന പ്രേമരാജൻ രണ്ടു വർഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോയതായിരുന്നു. മക്കളോടൊപ്പം താമസിക്കുന്നതിനുവേണ്ടി വീണ്ടും കുടുംബസമേതം മരുമക്കളോടോപ്പം തിരിച്ചു വന്നതായിരുന്നു. ഭാര്യ ലളിത, മക്കളായ പ്രണിൽ , പ്രജിൽ , മിജിൽ എന്നിവരും അവരുടെ കുടുംബങ്ങളുമായി ജുബൈലിൽ കഴിയുന്നതിനിടെയാണ് മരണം.

     1982 സഊദിയിൽ പ്രവാസിയായി കടന്നെത്തിയ ഇദ്ദേഹം 32 വർഷമായി ജുബൈലിലെത്തി സ്വന്തമായി ജോലികൾ ചെയ്‌തു ഹോട്ടൽ ബിസിനസ് മേഖലയിലേക്ക് ചേക്കേറുകയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് പോയ ശേഷം കൊറോണ വിഷയത്തിന് തൊട്ടു മുമ്പാണ് ഇദ്ദേഹം വീണ്ടും മക്കളുമായി വിശ്രമ ജീവിതത്തിനായി ഇവിടെ തിരിച്ചെത്തിയത്. ആശുപത്രിയിൽ നിന്നും അവസ്ഥ മെച്ചപ്പെടുകയാണെങ്കിൽ ഭാര്യയോടൊപ്പം നാട്ടിലേക്ക് പോകുവാനായി ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ ഇതിനിടക്ക് അവസ്ഥ വീണ്ടും വഷളാകുയും മരണം സംഭവിക്കുകയുമായിരുന്നു. ഇതേ തുടർന്ന് കുടുംബം ഈ ടിക്കറ്റ് ജുബൈൽ ക്രൈസിസ് മജെൻമെന്റിന് കൈമാറിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.