2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊലക്കേസ്: കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റിനും കാമുകിക്കും ജീവപര്യന്തം തടവ്

 

തൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കലിലെ ഫഌറ്റില്‍ ഷൊര്‍ണൂര്‍ സ്വദേശി സതീശനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷ. ഒന്നാം പ്രതി കൃഷ്ണപ്രസാദ്, രണ്ടാം പ്രതി കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റായിരുന്ന റഷീദ്, കാമുകിയും മൂന്നാം പ്രതിയുമായ ശാശ്വതി എന്നിവര്‍ക്കാണു ജീവപര്യന്തം തടവ്. കൃഷ്ണപ്രസാദ് 25,000 രൂപയും റഷീദ് ആറു ലക്ഷം രൂപയും ശാശ്വതി മൂന്നു ലക്ഷം രൂപയും മൂന്നു മാസത്തിനകം പിഴ അടയ്ക്കണം. ഈ തുക മരിച്ച സതീശന്റെ കുടുംബത്തിനു നഷ്ടപരിഹാരമായി നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഇവരുടെ സ്വത്തുക്കള്‍ ജപ്തിചെയ്ത് തുക ഈടാക്കണം.

പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന കുറ്റത്തിനു നാലാം പ്രതി രതീഷിന് ഒന്നര വര്‍ഷവും എട്ടാം പ്രതി സുധീഷിന് ഒരു വര്‍ഷവും കഠിനതടവു ശിക്ഷിച്ചു. ഇരുവരും രണ്ടായിരം രൂപവീതം പിഴയടക്കണം. അടച്ചില്ലെങ്കില്‍ ഒരു മാസം തടവുശിക്ഷ അനുഭവിക്കണം. കേസില്‍ പ്രതിയായിരുന്ന കെ.പി.സി.സി. സെക്രട്ടറിയായിരുന്ന എം.ആര്‍. രാമദാസ് അടക്കം മൂന്നു പ്രതികളെ കോടതി വെറുതെ വിട്ടു. തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ആര്‍. മധുകുമാര്‍ ഉത്തരവിട്ടത്.

റഷീദിന്റെ ഫഌറ്റില്‍ 2016 മാര്‍ച്ച് മൂന്നിനാണ് കൊലപാതകം നടന്നത്. ജോലി ലഭിക്കാന്‍ പണം നല്‍കിയതു സംബന്ധിച്ച തര്‍ക്കവും റഷീദിന്റെ കാമുകിയെക്കുറിച്ചുള്ള ചോദ്യവുമാണ് പഞ്ചിക്കല്‍ ഫഌറ്റ് കൊലക്കേസിനു സതീശനെ കൊലപ്പെടുത്താനുള്ള പ്രകോപനമായതെന്ന് പോലീസ് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.

വെസ്റ്റ് സി.ഐ. ആയിരുന്ന എ.സി.പി. വി.കെ. രാജുവാണ് കേസന്വേഷിച്ചത്. 2017 ഡിസംബറിലാണു വിസ്താരം ആരംഭിച്ചത്. പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ വിചാരണ തടസപ്പെട്ടു. പിന്നീട് 2018 ഡിസംബറില്‍ വിചാരണ പുനരാരംഭിച്ചു. 72 സാക്ഷികളെ വിസ്തരിച്ചു. വിധി പ്രസ്താവം കേള്‍ക്കാന്‍ കൊല്ലപ്പെട്ട സതീശന്റെ അച്ഛനും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. വിനു വര്‍ഗീസ് കാച്ചപ്പള്ളി, അഡ്വക്കറ്റുമാരായ സജി ഫ്രാന്‍സിസ് ചുങ്കത്ത്, ജോഷി പുതുശേരി എന്നിവര്‍ ഹാജരായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.