2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബി.ജെ.പിയെ അംഗീകരിക്കാത്തവര്‍ ‘രാജ്യദ്രോഹി’കളല്ല: മോദിക്കെതിരെ ശക്തമായ ഒളിയമ്പുമായി എല്‍.കെ അദ്വാനി

- അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കണം
- ഉള്‍പ്പാര്‍ട്ടി ജനാധിപത്യം വേണം
- വൈവിധ്യങ്ങളെ ആദരിക്കാനുള്ള മനസ്സാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാതല്‍

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ നിലവിലെ നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പരസ്യമായ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. ബി.ജെ.പി വിരുദ്ധരയെല്ലാം രാജ്യദ്രോഹികളും രാജ്യവിരുദ്ധരുമാക്കുന്നത് ശരിയല്ലെന്ന് അദ്വാനി തുറന്നുപറഞ്ഞു.

ബ്ലോഗിലൂടെയാണ് അദ്വാനിയുടെ പരാമര്‍ശം. ആദ്യം രാജ്യം, പിന്നെ പാര്‍ട്ടി, സ്വന്തം കാര്യം അവസാനം എന്ന് തലക്കെട്ടിട്ട ബ്ലോഗ് മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ്. പാര്‍ട്ടിയുടെ സ്ഥാപകദിനമായ ഏപ്രില്‍ ആറിന് രണ്ടുദിനം മുന്‍പെഴുതിയ ബ്ലോഗ് പ്രവര്‍ത്തകരെയാണ് അഭിസംബോധന ചെയ്യുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അസംതൃപ്തനായിരുന്ന അദ്വാനി മൗനം ഭഞ്ജിച്ചത് പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവയ്ക്കും. ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും പാരമ്പര്യവും ഊന്നിപ്പറയുന്ന കുറിപ്പില്‍ പിന്‍നോട്ടം വേണമെന്നും ഒപ്പമുള്ളവരെ അവഗണിക്കരുതെന്നും സൂചിപ്പിക്കുന്നത് ഗാന്ധിനഗറില്‍ തന്നെ വെട്ടി അമിത് ഷാ സ്ഥാനാര്‍ഥിയായതിലെ എതിര്‍പ്പായി കാണാം.

പാര്‍ട്ടിക്കുള്ളിലും മഹത്തായ രാജ്യം കെട്ടിപ്പടുക്കാനുംജനാധിപത്യം ആവശ്യമാണ്. ഇത് ബി.ജെ.പിയുടെ പ്രത്യേകതയായിരുന്നു. ഇന്ത്യന്‍ ദേശീയതയെ കുറിച്ച് നാം വിഭാവനം ചെയ്യുന്നതിനോട് വിയോജിപ്പുള്ളവരെ രാജ്യദ്രോഹികളെന്ന നിലയില്‍ ചിത്രീകരിക്കരുത്. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഈ പാര്‍ട്ടി അംഗീകരിച്ചിരുന്നു.

കുറിപ്പില്‍ ഒന്നിലേറെ സ്ഥലത്ത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ കുറിച്ചു പറയുന്നത് അമിത് ഷായ്ക്ക് ഏകാധിപത്യസ്വഭാവമാണെന്ന വിമര്‍ശനമായി കാണാം.
വാജ്‌പേയി മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനി മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വരവോടെ തീര്‍ത്തും അവഗണിക്കപ്പെട്ടു. 75 വയസ് കഴിഞ്ഞവര്‍ മല്‍സരിക്കേണ്ടെന്ന പാര്‍ട്ടി നിലപാട് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ബാധകമാക്കിയിരുന്നില്ല. ഇത്തവണ 91കാരനായ അദ്വാനിയുടെ താല്‍പര്യം പോലും പാര്‍ട്ടി ആരാഞ്ഞിരുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.