2018 October 20 Saturday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

തോമസ് ചാണ്ടിയെന്തേ മുഖ്യന്റെ രാജിയാവശ്യപ്പെടാത്തത്!!

പി.ഖാലിദ് 8589984479

മന്ത്രി തോമസ് ചാണ്ടീ…., ഇത്രയൊക്കെ പ്രകോപനങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് താങ്കള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പിരിച്ചുവിടാന്‍ ആവശ്യപ്പെടാത്തതെന്ന് അത്ഭുതപരതന്ത്രരായിരിക്കുകയാണു ഞങ്ങള്‍ സര്‍വരാജ്യ മുതലാളിമാര്‍.
സംസ്ഥാനമന്ത്രിസഭയില്‍ ഞങ്ങളുടെ പ്രതിനിധിയായ തോമസ്ചാണ്ടി ചുരുങ്ങിയപക്ഷം മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയെങ്കിലും ചോദിച്ചുവാങ്ങേണ്ടതാണെന്നാണ് നഷ്ടപ്പെടാന്‍ ഏറെയുള്ള ഞങ്ങള്‍ പാവം മുതലാളിമാരുടെ മനസ്സിലിരുപ്പ്. അങ്ങനെ സംഭവിച്ചശേഷം സംഘടിച്ചു ശക്തരാകാന്‍ കാത്തിരിക്കുകയാണ് ഈയുള്ളവര്‍.
ഇടതുമുന്നണിയോഗത്തിലും മന്ത്രിസഭായോഗത്തിലും താങ്കള്‍ പതിവായി വികാരാധീനനാകുന്നുവെന്നൊക്കെ കേള്‍ക്കുന്നുണ്ട്. അതുപോരല്ലോ, ഉറച്ചൊരു തീരുമാനമെടുക്കാന്‍ ഇനിയും വൈകരുത്. വിമര്‍ശിക്കുന്നവരോട് കടക്കുപുറത്ത് എന്നു പറയാനുള്ള ആര്‍ജവം കാട്ടിയില്ലെങ്കില്‍ എങ്ങനെയാ മന്ത്രീ കാര്യങ്ങള്‍ മുന്നോട്ടു പോവുക.
ഇത്രയും ലോലഹൃദയനായ കോടീശ്വരനായിപ്പോയല്ലോ താങ്കള്‍. വേദനിക്കുന്ന കോടീശ്വരന്മാര്‍ക്കിടയിലെ വികാരാധീനനാകുന്ന ഏക കോടീശ്വരനാണു താങ്കളെന്നു നാളെ ചരിത്രം രേഖപ്പെടുത്തും.
എന്തായാലും ഇന്നു ചേരുന്ന എന്‍.സി.പി നേതൃയോഗം ഇടത് ഏകോപന സമിതിയുടെ രാജി ആവശ്യപ്പെടണം. വൈക്കം വിശ്വനോടു രാജിചോദിച്ചുവാങ്ങാന്‍ വൈക്കത്തഷ്ടമി വരെ കാത്തിരിക്കേണ്ട. പാവം കോടീശ്വരനായ ഒരു മന്ത്രിയെ പീഡിപ്പിക്കുന്നതിനുമില്ലേ ഒരു പരിധി.
ഇന്നത്തെ എന്‍.സി.പി നേതൃയോഗം അങ്ങനെയൊരു തീരുമാനമെടുത്തില്ലെങ്കില്‍ നേതൃത്വത്തിലുള്ള പടുകിഴവന്മാരെയെല്ലാം മാറ്റി വേറൊരു നേതൃത്വത്തെ വില കൊടുത്തു വാങ്ങിയേക്കണം. അവര്‍ പറയുന്ന കാര്യം കേട്ടു വികാരാധീനനായി തീരുമാനത്തില്‍ നിന്നു പിന്തിരിയരുത്. ചുരുങ്ങിയ വില കൊടുത്താല്‍ നേതൃസ്ഥാനത്തിരുത്താന്‍ പറ്റിയ എത്രയെത്ര ചുറുചുറുക്കുള്ള ആജ്ഞാനുവര്‍ത്തികളെ കിട്ടും.
ഡല്‍ഹിയില്‍നിന്നു സുപ്രിം കോടതി അഭിഭാഷകരെ കൊണ്ടുവരുന്ന കൂട്ടത്തില്‍ ഏതെങ്കിലും ജാക്കറ്റ് ധാരികളെയും കൊണ്ടുവരുവാന്‍ ശ്രമിക്കണം. ദേശീയനേതൃത്വ ക്ഷാമം അങ്ങനെ പരിഹരിക്കാമല്ലോ. എന്‍.സി.പിയുടെ ഇപ്പോഴത്തെ ദേശീയനേതൃത്വത്തിന് ഒരു പ്രത്യേകതയുണ്ട്. ഓരോ തോണിയില്‍ ഓരോരുത്തരുടെ കാലുണ്ട്. ഒരാള്‍ ബി.ജെ.പി യോഗത്തിലാണെങ്കില്‍ മറ്റേയാള്‍ യു.പി.എയിലായിരിക്കും.
എന്തുകൊണ്ടും നമുക്കു നമ്മുടേതായ ഒരു ദേശീയനേതൃത്വത്തെ വിലകൊടുത്തു വാങ്ങുന്നതായിരിക്കും അഭികാമ്യം. കാനനച്ഛായയില്‍ ആടു മേയ്ക്കാന്‍ പോയതുപോലെയായി കാനത്തിന്റെ കൂടെ ഇടതുമുന്നണി യോഗത്തില്‍ പോയത്. യോഗം കഴിഞ്ഞിറങ്ങിയവരെല്ലാം ഒറ്റക്കെട്ടായി കോറസ്സായി പാടിയത് ‘പാടില്ലപാടില്ല നമ്മെ നമ്മള്‍ പാടേ മറന്നൊന്നും ചെയ്തു കൂടാ..’ എന്നായിരുന്നല്ലോ. പീതാംബരന്‍ ഇതു പാടിയതു നിറഞ്ഞൊഴുകുന്ന കണ്ണീരോടെയായിരുന്നു.
പന്ന്യന്‍ മാത്രം മനഃസാക്ഷിക്കുത്തില്ലാതെ ‘പണത്തിന്റെ വലുപ്പം ഇങ്ങോട്ടു വേണ്ടെ’ന്നു പറഞ്ഞുകളഞ്ഞു. തോമസ്ചാണ്ടിയുടെയും തന്റെയും ശരീരപ്രകൃതി തന്നെ പണത്തിന്റെ വലുപ്പം വിളിച്ചോതുന്നുണ്ടെന്നു പന്ന്യന്‍ ഓര്‍ത്തില്ല. 30 രൂപയ്ക്ക് ചെറുകിട ഹോട്ടലില്‍നിന്നു കിട്ടുന്ന ഇലച്ചോര്‍ കഴിക്കുന്ന പന്ന്യനെപ്പോലുള്ള ആളല്ലല്ലോ മന്ത്രി തോമസ് ചാണ്ടി.
തോമസ്ചാണ്ടിയുടെ പണത്തിന്റെ വലുപ്പം രവീന്ദ്രന് അറിയാഞ്ഞിട്ടാണ്. യു.ഡി.എഫ് നേതാക്കള്‍ക്കറിയുമോയെന്നു കൊടിക്കുന്നിലിനോടു ചോദിച്ചാല്‍ മതി. ലേക് പാലസ് റിസോര്‍ട്ടിലെ രജിസ്റ്റര്‍ പല നേതാക്കളുടെയും ജീവചരിത്രംപോലുള്ള തുറന്ന പുസ്തകമാണെന്നു രവീന്ദ്രന്‍ അറിയാതെ പോയതിന് ഇരുമുന്നണികളിലെയും മാന്യന്മാരായ നേതാക്കള്‍ എന്തു പിഴച്ചു.
കാനം രാജേന്ദ്രന്‍ നയിച്ച യാത്രയുടെ സ്വീകരണയോഗത്തില്‍ തോമസ് ചാണ്ടി ഹൃദയം തുറന്നുകാട്ടിയതാണ്. എവിടെ കായലു കണ്ടാലും നികത്തുകയെന്നതു തന്റെ ദൗര്‍ബല്യമാണെന്നു തുറന്നു പറഞ്ഞില്ലേ. ആ ആര്‍ജവത്തെ അഭിനന്ദിക്കുകയല്ലേ വേണ്ടത്. കാനത്തിന് അതിനുള്ള വകതിരിവുണ്ടായില്ല. അതു തോമസ് ചാണ്ടിയുടെ കുറ്റമല്ലല്ലോ. ഇതിനാലാണു പലപ്പോഴും അദ്ദേഹം വികാരാധീനനാകുന്നത്.
മാര്‍ത്താണ്ഡം കായല്‍ ഇപ്പോഴും പരന്നുകിടക്കുന്നതു കാണുമ്പോള്‍ ഏതെങ്കിലും നികത്തല്‍ പ്രേമിക്കു സഹിക്കുമോ. തോമസ് ചാണ്ടിയുടെ ആ വികാരം ഇന്നത്തെ എന്‍.സി.പി യോഗം ഉള്‍ക്കൊണ്ടു കുട്ടനാട്ടിലെ മുഴുവന്‍ കായലുകളും മണ്ണിട്ടു നികത്താനുള്ള പ്രമേയം പാസാക്കി പിരിയണം. മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന അവിവേകികള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും തീരുമാനിക്കണം.
സര്‍വോപരി ഇടത് മുന്നണി പിരിച്ചുവിടാനും ആവശ്യപ്പെടണം. കഷ്ടപ്പെടുന്ന കോടീശ്വരന്മാരെ സഹായിക്കാന്‍ വകതിരിവ് കാണിക്കാത്ത ഇടതുപക്ഷം എന്തിനാണെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.