2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

Editorial

അവസാനത്തേതാകരുത് ഈ തെരഞ്ഞെടുപ്പ്


ജനാധിപത്യ ഭരണക്രമത്തിന്റെ ഉത്സവമായിട്ടാണു തെരഞ്ഞെടുപ്പുകളെ വിശേഷിപ്പിക്കുന്നത്. ബി.ജെ.പി ഭരണത്തിന്റെ അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം പാടേ മാറിയ ഒരു ഇന്ത്യയിലാണ് ഇത്തവണ തെരഞ്ഞെടുപ്പു നടക്കുന്നത്. ഇത് ജനാധിപത്യ ഇന്ത്യയിലെ അവസാനത്തെ തെരഞ്ഞെടുപ്പാകുമോയെന്ന ആശങ്ക ഉയരുന്നുമുണ്ട്.
ഈ തെരഞ്ഞെടുപ്പിനു നിരവധി മാനങ്ങളും അതിപ്രാധാന്യവുമുണ്ട്. വെറുപ്പിന്റെ വൈറസുകളെ രാജ്യത്താകമാനം പടര്‍ത്തുന്നതായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബി.ജെ.പി ഭരണം. അതിനാല്‍ ആത്മരക്ഷയ്ക്കായി ഉപയോഗിക്കേണ്ട ആയുധമാണ് ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ്.

ജനങ്ങള്‍ക്കു സുരക്ഷിതത്വമാണ് ഏറ്റവും വലുത്. ബി.ജെ.പി ഭരണം ഇന്ത്യയിലെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ കടുത്ത അരക്ഷിതാവസ്ഥയിലാണെത്തിച്ചത്. രാജ്യസ്‌നേഹത്തിന്റെ പേരില്‍, പശുവിന്റെ പേരില്‍ മുപ്പതിലധികം നിരപരാധികള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടു. സ്വതന്ത്രചിന്താഗതി വച്ചുപുലര്‍ത്തിയ എഴുത്തുകാരെയും പത്രപ്രവര്‍ത്തകരെയും ഒന്നൊന്നായി കൊന്നൊടുക്കി. പാര്‍ലമെന്റിനെ നിശ്ചേതനമാക്കി.
തികച്ചും നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ജുഡിഷ്യറിയില്‍ കടന്നുകയറി. ഇതുവരെ വിശ്വസ്തരീതിയില്‍ പ്രവര്‍ത്തിച്ച അന്വേഷണ ഏജന്‍സികളെ ചൊല്‍പ്പടിയിലാക്കി. രാഷ്ട്രീയ എതിരാളികളെയും വഴങ്ങാത്ത പത്ര മേധാവികളെയും റെയ്ഡുകള്‍ക്കു വിധേയമാക്കി. ആദായനികുതി വകുപ്പിനെ ഉപകരണമാക്കി. ഫാസിസത്തോടു ചേര്‍ത്തുനിര്‍ത്തേണ്ടതാണ് കോര്‍പ്പറേറ്റുകളെയെന്ന മുസോളിനി തത്വം ഇന്ത്യയില്‍ നടപ്പിലാക്കി.

ഫാസിസത്തിലേയ്ക്കുള്ള ചുവടുവയ്പ്പാണ് ഇതൊക്കെയും. ഒരിക്കല്‍ക്കൂടി ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ തെരഞ്ഞെടുപ്പുണ്ടാകുമോയെന്ന ജനാധിപത്യ വിശ്വാസികളുടെ സന്ദേഹത്തിനും കാരണം ഇതൊക്കെത്തന്നെ. സ്വന്തം ഭാവി നിര്‍ണയിക്കുന്ന അതിപ്രധാന ആയുധമായ സമ്മതിദാനാവകാശമാണ് പ്രായപൂര്‍ത്തിയായ ഓരോ പൗരന്റെയും കൈയിലുള്ളത്. അതു ബുദ്ധിപൂര്‍വം ഉപയോഗിക്കുകയെന്നതു തന്നെയാണു ഫാസിസത്തെ പിഴുതെറിയാനുള്ള മാര്‍ഗം.
കേരളത്തില്‍ മുമ്പൊരിക്കലും ദൃശ്യമാകാത്ത വര്‍ഗീയ ധ്രുവീകരണത്തിനാണു ബി.ജെ.പി നേതാക്കള്‍ ഈ പ്രാവശ്യം നേതൃത്വം നല്‍കിയത്. അമിത്ഷായും നരേന്ദ്രമോദിയും മറ്റൊന്നും പറയാനില്ലാതെ മനുഷ്യരിലേയ്ക്കു വെറുപ്പിന്റെ അണുക്കളെ പ്രസരിപ്പിക്കുകയായിരുന്നു. പി.എസ് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയപോലെ ബി.ജെ.പി ശബരിമലയെ ഉപയോഗപ്പെടുത്തി വര്‍ഗീയധ്രുവീകരണമുണ്ടാക്കാനും അതുവഴി തെരഞ്ഞെടുപ്പു വിജയം നേടാനും ശ്രമിച്ചു.
അതു പരാജയപ്പെടുത്താന്‍ മതേതരബോധമുള്ള ജനതയ്ക്കു കഴിയുമെന്നതില്‍ സംശയമില്ല. കേരളത്തിന്റെ മണ്ണ് മതനിരപേക്ഷതയിലും പരസ്പര സഹവര്‍തിത്വത്തിലും ഊട്ടിയുറപ്പിക്കപ്പെട്ടതാണ്. കൊച്ചുകുരുന്നുകളെ വരെ ജിഹാദിയുടെ വിത്തുകളെന്ന് ആക്ഷേപിക്കുന്ന വര്‍ഗീയകോമരങ്ങള്‍ തലപൊക്കുന്നുണ്ടെങ്കിലും അതു നിലനില്‍ക്കില്ല. അതാണ് ഈ മണ്ണിന്റെ ഗുണം.

വര്‍ഗീയത മുഖ്യവിഷയമാക്കിയാല്‍ രാഹുല്‍ഗാന്ധി അത് ഏറ്റുപിടിക്കുമെന്നാണു ബി.ജെ.പി കരുതിയിരുന്നത്. അതുവഴി തെരഞ്ഞെടുപ്പിലെ പ്രധാനവിഷയം തമസ്‌കരിച്ചു വികാരപരമായ കാര്യങ്ങള്‍ക്കു തീകൊളുത്താമെന്നു ബി.ജെ.പി കണക്കുകൂട്ടി. രാഹുല്‍ഗാന്ധി ആ ചൂണ്ടയില്‍ കൊത്തിയില്ല. സ്‌നേഹത്തിന്റെ ദൂതനായാണ് അദ്ദേഹം കേരളത്തിലുടനീളം സഞ്ചരിച്ചത്. ആര്‍ദ്രതയുടെ മായാത്ത ചിത്രം കേരളീയ മനസ്സില്‍ അവശേഷിപ്പിച്ചാണ് അദ്ദേഹം തെരഞ്ഞെടുപ്പു പ്രചാരണം ഇവിടെ അവസാനിപ്പിച്ചത്.
ബി.ജെ.പിക്കെതിരേയുള്ള കാംപയിന്‍ രാഹുല്‍ഗാന്ധി തുടങ്ങിയതു തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങള്‍ക്ക് എത്രയോ മുമ്പാണ്. ബി.ജെ.പിയെ തൂത്തെറിയുകയെന്ന അജന്‍ഡയില്‍ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച ഏക മതേതര ജനാധിപത്യ നേതാവ് അദ്ദേഹമാണ്. കേരളത്തില്‍ വന്നു സി.പി.എമ്മിനെക്കൂടി വിമര്‍ശിച്ചു തന്റെ ആത്യന്തികലക്ഷ്യത്തില്‍നിന്നു വ്യതിചലിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.
ഇതുവഴി ബി.ജെ.പി വിരുദ്ധപോരോട്ടത്തിന് ഇടര്‍ച്ചയുണ്ടാകാതെ നോക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബി.ജെ.പി തന്നെയാണ് ഇന്ത്യയെ കാര്‍ന്നു തിന്നുന്ന വൈറസെന്ന് ഇതുവഴി കേരളീയരെ മാത്രമല്ല ഇന്ത്യന്‍ ജനതയെത്തന്നെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനായി.

ശബരിമലയില്‍ സി.പി.എം എടുത്ത നിലപാട് പാര്‍ട്ടിയുടെ ഗുണഭോക്താക്കളായിരുന്ന പ്രബല സമുദായത്തിലെ അണികളില്‍ ചിലരെയെങ്കിലും വഴിതെറ്റിച്ചുവെങ്കില്‍ അതിനുത്തരവാദി സി.പി.എം നേതൃത്വംതന്നെ. സുപ്രിംകോടതിയുടെ എത്രയെത്ര വിധികള്‍ നടപ്പാകാതെയിരിക്കുന്നു. പിന്നെന്തിനായിരുന്നു കാലിന്നടിയിലെ മണ്ണു നീക്കിക്കളയുന്ന അപകടകരമായ കളിയില്‍ സി.പി.എം ഏര്‍പ്പെട്ടത്. ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ അഭിമുഖീകരിക്കുന്ന അതിതീവ്രമായ പ്രശ്‌നത്തെയും സി.പി.എം അഡ്രസ് ചെയ്യുന്നില്ലെന്നതും ആ പാര്‍ട്ടിയുടെ പോരായ്മയാണ്.

കേരളത്തിന്റെ അടിത്തറ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും ഊട്ടിയുറപ്പിക്കപ്പെട്ടതാണ്. അതിനു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. മറ്റൊരു വിഭാഗീയ ചിന്തയ്ക്കും കേരളത്തിന്റെ മണ്ണില്‍ വേരു പിടിക്കാന്‍ കഴിയില്ല. ജനാധിപത്യത്തിന്റെ പൂര്‍ണത നിലകൊള്ളുന്നതു വോട്ടിന്റെ സൂക്ഷ്മമായ വിനിയോഗത്തിലൂടെയാണ്. വര്‍ഗീയ ഫാസിസത്തിനെതിരേയും സ്വച്ഛസുന്ദരമായ ഇന്ത്യക്കുവേണ്ടിയുമാകട്ടെ ഈ പ്രാവശ്യത്തെ വോട്ട്. നമുക്കിനിയും തെരഞ്ഞെടുപ്പുകള്‍ ആവശ്യമുണ്ട്. ഇതൊരിക്കലും അവസാനത്തെ തെരഞ്ഞെടുപ്പാകരുത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.