2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കണ്ണീരണിയിപ്പിക്കും, വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച സൈനികര്‍, അവരുടെ കുടുംബത്തിന്റെ അവസ്ഥകള്‍ പിന്നീടാരും അന്വേഷിച്ചു പോവാറില്ല. കണ്ണീര്‍ ജീവിതത്തിനിടയിലും പുഞ്ചിരിക്കാന്‍ ശ്രമിക്കുന്ന സംഗീത അക്ഷയ് ഗിരീഷ് എന്ന യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരെയും കണ്ണീരണിയിപ്പിക്കും. സംഗീതയുടെ ഭര്‍ത്താവ് മേജര്‍ അക്ഷയ് ഗിരീഷുമൊത്തുള്ള ജീവിതം എത്ര സുന്ദരമായിരുന്നുവെന്നും അദ്ദേഹത്തെ ഓര്‍മ്മവരുമ്പോള്‍ താനിപ്പോള്‍ ചെയ്യുന്നതെന്താണെന്നും വിശദീകരിച്ചുള്ള കുറിപ്പാണ് വൈറലാവുന്നത്. നൈനയെന്ന കൊച്ചുമകളുമൊത്ത് കഴിഞ്ഞവര്‍ഷം സൈനിക ക്യാംപില്‍ വസിക്കുന്നതിനിടെയാണ് സംഗീതയുടെ ജീവിതം മറ്റൊരു തലത്തിലേക്കു നീങ്ങിയത്.

”നവംബര്‍ 29, വെടിയൊച്ച കേട്ട് പുലര്‍ച്ചെ 5.30ന് ഞങ്ങള്‍ പെട്ടെന്ന് എണീറ്റു. പരിശീലനമാണെന്നാണ് ഞങ്ങള്‍ ധരിച്ചതെങ്കിലും അതേപ്പറ്റി ഒരു സൂചനയുമുണ്ടായിരുന്നില്ല. പിന്നാലെ ഗ്രനേഡുകളും പതിക്കാന്‍ തുടങ്ങി. 5.45 ഓടെ, പീരങ്കിപ്പടയെ തീവ്രവാദികള്‍ ബന്ദികളാക്കിയെന്നു പറഞ്ഞ് ഒരു ജൂനിയര്‍ വന്നറിയിച്ചു. ഉടനെ ഭര്‍ത്താവ് പടച്ചട്ട അണിഞ്ഞ് പുറത്തേക്കോടി. അവസാനമായി അദ്ദേഹം പറഞ്ഞത്, ‘നീ ഇതേപ്പറ്റി എഴുതണം’ എന്നാണ്.”

”അടുത്ത മണിക്കൂറുകള്‍ പരിഭ്രാന്തിയോടെ ക്യാംപിലെ മറ്റു സ്ത്രീകളും കുട്ടികളുമോടൊപ്പം കഴിഞ്ഞു, ഒരു വിവരവും ലഭിക്കാത്തതിനാല്‍ അവരോടൊപ്പം വളരെ പരിഭവത്തിലായി. ഒടുവില്‍ സഹിക്കാനാവാതെ പതിനൊന്നര മണിക്ക് ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. ”മേജര്‍ അക്ഷയ് മറ്റൊരു ഭാഗത്തേക്ക് പോയിരിക്കുകയാണ്”- ഫോണെടുത്ത ടീമിലെ മറ്റൊരു അംഗം പറഞ്ഞു.”

വൈകിട്ടോടെ ആ വിവരം കാതിലെത്തി, തന്റെ ഭര്‍ത്താവ് അടര്‍ക്കളത്തില്‍ മരിച്ചിരിക്കുന്നു. ”എന്റെ വാക്കുകള്‍ തകര്‍ന്നു, എനിക്കെന്നെ തന്നെ ആശ്വസിപ്പിക്കാനായില്ല. അദ്ദേഹത്തിനൊരു വിടപറയലിന്റെ ആലിംഗനം ചെയ്യാന്‍ ഞാനാഗ്രഹിച്ചു, ഞാനദ്ദേഹത്തെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് അറിയിക്കാന്‍ ആഗ്രഹിച്ചു. പക്ഷെ, കാര്യങ്ങള്‍ തെറ്റായാണ് പോകുന്നതെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതേയില്ല. ഞാനൊരു കുട്ടിയെപ്പോലെ തേങ്ങി, എന്റെ ജീവന്‍ ഒരു ഭാഗത്തേക്കു പോകുന്നതു പോലെ”.

”ഞാന്‍ അദ്ദേഹത്തിന്റെ സൈനിക ജാക്കറ്റ് അലക്കിയിട്ടില്ല, അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുമ്പോള്‍ അതെടുത്ത് ധരിക്കും. അതിനിപ്പോഴും അദ്ദേഹത്തിന്റെ മണമാണ്”- സംഗീത പറയുന്നു. തന്റെ പപ്പ എവിടെപ്പോയെന്ന് മോള്‍ ചോദിക്കുമ്പോഴാണ് ഏറെ ബുദ്ധിമുട്ടുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.