2018 August 14 Tuesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

അവിടെ പിണറായി പാര്‍ട്ടി പ്രവര്‍ത്തകനായില്ല

വി. അബ്ദുല്‍ മജീദ്/ 8589984470

ക്രൈസിസ് മാനേജ്‌മെന്റ് നന്നായി അറിയാവുന്നവരാണു നമ്മുടെ നാട്ടുകാര്‍. ദുരന്തങ്ങള്‍ വന്നുപെടുമ്പോള്‍ നാട്ടുകാര്‍ പകച്ചുനില്‍ക്കാറില്ല. സമചിത്തതയോടെ നേരിടും. സ്വന്തം ജീവന്‍പോലും വകവയ്ക്കാതെ ദുരന്തത്തില്‍ പെടുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ ചാടിയിറങ്ങും.

പണ്ടൊക്കെ നാട്ടിന്‍പുറങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍, തോണി മറിയുമ്പോള്‍, പുര കത്തുമ്പോഴൊക്കെ ആരും നിര്‍ദേശിക്കാതെ, ആരും അഭ്യര്‍ഥിക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തുന്നവരുണ്ടായിരുന്നു. അത്തരം ഘട്ടങ്ങളില്‍ ചെയ്യേണ്ടതെന്താണെന്നു നാട്ടുകാര്‍ക്കറിയാം. അവര്‍ അതു ചെയ്തിരിക്കും. സാമൂഹ്യജീവിതത്തില്‍നിന്നു നേടിയെടുക്കുന്ന അറിവുകളാണ് ആ ക്രൈസിസ് മാനേജ്‌മെന്റ് വൈദഗ്ധ്യത്തിന്റെ അടിത്തറ.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ അവസ്ഥ അതല്ല. അതിന് അതിന്റേതായ ചില ചിട്ടവട്ടങ്ങളുണ്ട്. ശീലങ്ങളുണ്ട്, ശീലക്കേടുകളുമുണ്ട്. ഭരണയന്ത്രം അതിന്റെ നടപടിക്രമങ്ങള്‍ പാലിച്ചു ചലിച്ചു തുടങ്ങുന്നതുവരെ കാത്തിരിക്കാന്‍ ദുരന്തഭൂമികള്‍ക്കാവില്ല. അവിടെ നിമിഷങ്ങള്‍ക്കെന്നല്ല മാത്രകള്‍ക്കുപോലും വലിയ വിലയുണ്ടാകും. ചെയ്യേണ്ടതു ചെയ്യേണ്ട സമയത്തു ചെയ്തില്ലെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടും.

സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഈ പരിമിതി മറികടക്കാന്‍കൂടിയാണു ജനാധിപത്യസംവിധാനത്തില്‍ ഭരണാധികാരികളായി രാഷ്ട്രീയക്കാരെ തെരഞ്ഞെടുത്തയക്കുന്നത്. നാട്ടുകാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വളര്‍ന്നവര്‍ക്കു പ്രതിസന്ധി നേരിടാനുള്ള നാട്ടറിവുണ്ടായിരിക്കും, ഉണ്ടാവണം. അല്ലെങ്കില്‍ ഭരണകൂടത്തെ ഉദ്യോഗസ്ഥര്‍ നിയന്ത്രിച്ചാല്‍ മതിയല്ലോ. രാഷ്ട്രീയക്കാരെ തെരഞ്ഞെടുത്തു ചെല്ലും ചെലവും കൊടുത്തു നാട്ടുകാര്‍ പോറ്റേണ്ട വല്ല കാര്യവുമുണ്ടോ.

കടലുണ്ടി ട്രെയിന്‍ അപകടം ഓര്‍മ വരുന്നു. കോഴിക്കോട്ട് പത്രപ്രവര്‍ത്തക യൂനിയന്റെ സംസ്ഥാനസമ്മേളനം തുടങ്ങുന്ന ദിവസമാണു ദുരന്തമുണ്ടായത്. വിവരമറിഞ്ഞ ഉടന്‍ സമ്മേളന നടപടികള്‍ പലതും മാറ്റിവച്ചു കിട്ടുന്ന വണ്ടികളില്‍ ഞങ്ങളെല്ലാം അവിടേയ്ക്കു കുതിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളൊന്നുമില്ലാതെ നാട്ടുകാര്‍ നടത്തുന്ന വിസ്മയകരവും കുറ്റമറ്റതുമായ രക്ഷാപ്രവര്‍ത്തനങ്ങളാണ് അവിടെ കണ്ടത്.

ദുരന്തമുണ്ടായ ഉടനെ അടുത്ത പള്ളിയിലെ മൈക്കിലൂടെ പരിസരവാസികളെ വിവരമറിയിച്ചു. അതുകേട്ടു മറ്റു പള്ളികളിലുള്ളവര്‍ മൈക്കു വഴി വിവരം നാടാകെ അറിയിച്ചു. നാട്ടുകാര്‍ കുതിച്ചെത്തി. കുറേയാളുകള്‍ പുഴയിലിറങ്ങി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. മറ്റു ചിലര്‍ പരിസരങ്ങളിലുള്ള ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സ്ഥലത്തെത്തിച്ചു. ക്ലിനിക്കുകളില്‍നിന്നും മെഡിക്കല്‍ഷോപ്പുകളില്‍നിന്നും മരുന്നുകളെത്തി. പരിസരത്തെ സ്‌കൂളും പള്ളികളും മദ്‌റസകളുമൊക്കെ താല്‍ക്കാലിക ആശുപത്രികളായി.

ഗുരുതരമായി പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മറ്റും വൈകാതെ എത്തിക്കാന്‍ മാത്രമായി ഒരു റോഡ് ഒഴിച്ചിട്ടു. നാട്ടുകാരില്‍ ചിലര്‍ റോഡിന് ഇരുവശവും നിരന്നുനിന്നു കൈകോര്‍ത്തു പിടിച്ചു മറ്റു വാഹനങ്ങളോ ആളുകളോ വഴിമുടക്കാതെ കാത്തുസൂക്ഷിച്ചു. പ്രദേശത്തെ ടാക്‌സിഡ്രൈവര്‍മാരും വാഹനമുള്ള മറ്റുള്ളവരുമൊക്കെ സ്വന്തം പോക്കറ്റില്‍നിന്നു പണമെടുത്തു വണ്ടികളില്‍ ഇന്ധനം നിറച്ചു പരുക്കേറ്റവരെയുംകൊണ്ടു വിശ്രമമില്ലാതെ ആശുപത്രികളിലേയ്ക്കു കുതിച്ചു. ഇതെല്ലാം നടന്നതു നിര്‍ദേശിക്കാനോ നേതൃത്വം നല്‍കാനോ ആരുമില്ലാതെയായിരുന്നു.

പരിസരത്തെവിടെയോ ഉണ്ടായിരുന്ന അന്നത്തെ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തി. വാഹനവും സന്നാഹങ്ങളുമെല്ലാം വഴിയിലെവിടെയോ ഉപേക്ഷിച്ചു ജനങ്ങള്‍ക്കിടയിലൂടെ നടന്നാണ് അദ്ദേഹം സ്ഥലത്തെത്തിയത്. കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ മന്ത്രിയും അവിടെ കര്‍മനിരതനായി. രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി അദ്ദേഹം അന്വേഷിച്ചുകൊണ്ടേയിരുന്നു.

ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ വഴി അദ്ദേഹം ഔദ്യോഗികസംവിധാനങ്ങളെ നിരന്തരം വിവരമറിയിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു. മന്ത്രിയായ കുഞ്ഞാലിക്കുട്ടിയെയല്ല അന്നവിടെ കണ്ടത്, കുഞ്ഞാപ്പയെന്ന മുസ്‌ലിംലീഗുകാരനെയും പൊതുപ്രവര്‍ത്തകനെയുമായിരുന്നു. അധികാരം കൈയിലുള്ള ആ പൊതുപ്രവര്‍ത്തകന്റെ സാന്നിധ്യം അവിടെ രക്ഷാപ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നു.

കുഞ്ഞാലിക്കുട്ടിയെ കൂടാതെ പല തലങ്ങളിലുമുള്ള ജനപ്രതിനിധികള്‍ അവിടെ എത്തിയിരുന്നു. പിന്നാലെ മറ്റു ചില മന്ത്രിമാരെത്തി. അധികാര പരിവേഷം കുടഞ്ഞെറിഞ്ഞ് അവരെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രം ആശ്രയിച്ചിരുന്നെങ്കില്‍ ഇത്ര മികച്ചൊരു രക്ഷാപ്രവര്‍ത്തനം അവിടെ നടക്കില്ലെന്നുറപ്പ്.

അതിനുശേഷം കേരളം നേരിട്ട, മുമ്പൊരിക്കലും പരിചയപ്പെട്ടിട്ടില്ലാത്ത മഹാദുരന്തമായിരുന്നല്ലോ സുനാമി. രാക്ഷസത്തിരമാലകള്‍ കേരളതീരത്തെ ആക്രമിക്കാനെത്തുമ്പോള്‍ പത്തനംതിട്ട ജില്ലയിലെ അടൂരിലായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവരമറിഞ്ഞയുടന്‍ അദ്ദേഹം ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിലേയ്ക്കു കുതിച്ചു. തുടര്‍ന്ന് ദുരന്തം ബാധിച്ച മറ്റു തീരങ്ങളിലേയ്ക്ക്.

ഇതിനിടയില്‍ ഒരു നിമിഷം പോലും പാഴാക്കാതെ ഫോണ്‍ വഴിയും മറ്റുമുള്ള നിര്‍ദേശങ്ങളിലൂടെയും മറ്റും സര്‍ക്കാര്‍ സംവിധാനങ്ങളെ ചലിപ്പിക്കാനും ശ്രദ്ധിച്ചു. രാത്രി തിരുവനന്തപുരത്ത് ഓടിയെത്തി അടിയന്തര ക്രൈസിസ് മാനേജ്‌മെന്റ് യോഗം വിളിച്ചുകൂട്ടി. പിറ്റേന്ന് പ്രത്യേക മന്ത്രിസഭായോഗം. തുടര്‍ന്നു സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു വിശ്രമം നല്‍കാതെയുള്ള നടപടികള്‍. മുഖ്യമന്ത്രിയെന്നതിലുപരി അവിടെ കുഞ്ഞൂഞ്ഞെന്ന കോണ്‍ഗ്രസുകാരനും പൊതുപ്രവര്‍ത്തകനുമൊക്കെയായി മാറുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ഓഖി ചുഴലിക്കാറ്റു വന്നപ്പോള്‍ ഇക്കാര്യത്തിലാണു സംസ്ഥാനം ഭരിക്കുന്നവര്‍ക്കു പിഴച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ഔദ്യോഗികച്ചുമതലകള്‍ മോശമല്ലാതെ നിര്‍വഹിച്ചെങ്കിലും നിര്‍ണായകഘട്ടത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകരോ പൊതുപ്രവര്‍ത്തകരോ ആയി മാറാന്‍ അവര്‍ക്കായില്ല. മുഖ്യമന്ത്രി പിണറായി വിജയനെ കേരളസര്‍ക്കാരിന്റെ സി.ഇ.ഒയുടെയും മന്ത്രിമാരെ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരുടെയും റോളില്‍ മാത്രമാണു നാട്ടുകാര്‍ കണ്ടത്.
നവംബര്‍ 29 നു കേന്ദ്രത്തില്‍നിന്നു ലഭിച്ച മുന്നറിയിപ്പിലെ വാക്കുകളുടെ അര്‍ഥത്തില്‍ മാത്രം വിശ്വസിച്ചു പരിമിതമായ നടപടികളില്‍ സര്‍ക്കാര്‍ ഒതുങ്ങിപ്പോയത് അതുകൊണ്ടാണ്. അതിലപ്പുറം ഒന്നു കരുതിയിരിക്കുന്നതു നന്നായിരിക്കുമെന്നു ചിന്തിക്കാനുള്ള പൊതുപ്രവര്‍ത്തകരുടെ ബുദ്ധി ഉചിതമായ സമയത്ത് അവരില്‍ പ്രവര്‍ത്തിച്ചില്ല. ഏറെ വൈകി പൂന്തുറയില്‍ പോയ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരേ ജനരോഷമുയരാന്‍ കാരണം അതാണ്.
ഓഫീസിലിരുന്നു വേണ്ടതൊക്കെ ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പറയുന്നതു ശരിയാണ്. കടപ്പുറത്തുകൂടി നടക്കലല്ല മുഖ്യമന്ത്രിയുടെ പണിയെന്നും ഔദ്യോഗിക ചുമതലകള്‍ ഓഫീസിലിരുന്നാണു ചെയ്യേണ്ടതെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നതില്‍ സാങ്കേതികമായി അതിലേറെ ശരിയുണ്ട്. എന്നാല്‍, ഭരണപരമായ സാങ്കേതികതയിലല്ല ജനാധിപത്യവും സാമൂഹ്യജീവിതവും പുലരുന്നത്. കടലുണ്ടി ദുരന്തവും സുനാമിയുമുണ്ടായ കാലത്തേക്കാളധികം സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച കാലമാണിത്.

ഓഫീസിലിരുന്നു ചെയ്യുന്ന കാര്യങ്ങള്‍ കടപ്പുറത്തു ജനമധ്യത്തിലിരുന്നോ വാഹനത്തിലിരുന്നോ ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ഉപകരണങ്ങള്‍ മന്ത്രിമാരുടെ കൈവശമുണ്ട്. വേണമെങ്കില്‍ അങ്ങനെയൊക്കെയാവാം. ജനാധിപത്യവ്യവസ്ഥയില്‍ ദുരന്തഭൂമികളില്‍ ഭരണാധികാരികളുടെ സാന്നിധ്യം ജനങ്ങള്‍ പ്രതീക്ഷിക്കുന്നതു സ്വാഭാവികമാണ്. അതുകൊണ്ടു ദുരന്തത്തിന്റെ ശക്തി കുറയുകയൊന്നുമില്ല.
ആപല്‍ഘട്ടത്തില്‍ തങ്ങളെ ശ്രദ്ധിക്കാനും തങ്ങള്‍ പറയുന്നതു കേള്‍ക്കാനും കൈയില്‍ അധികാരമുള്ള ആരെങ്കിലുമൊക്കെ ഉണ്ടെന്ന തോന്നല്‍ അവരില്‍ ആത്മവിശ്വാസം പകരും. ദുരന്തത്തിന്റെ ശേഷി കുറഞ്ഞില്ലെങ്കിലും അതു സൃഷ്ടിക്കുന്ന ദുഃഖഭാരം കുറയ്ക്കാന്‍ ആ സാന്നിധ്യം ഉപകരിക്കും. പൊതുപ്രവര്‍ത്തകന്‍ അറിയേണ്ട പ്രാഥമികപാഠങ്ങളില്‍ ഒന്നാണിത്.

ദീര്‍ഘകാലത്തെ രാഷ്ട്രീയപ്രവര്‍ത്തന പാരമ്പര്യമുള്ള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പരാജയപ്പെട്ടിടത്തു വലിയ രാഷ്ട്രീയപ്രവര്‍ത്തന പരിചയമൊന്നുമില്ലാത്ത കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അനായാസേന വിജയിച്ചതും ശ്രദ്ധേയമാണ്. ഏതാനും വാക്കുകളിലൂടെ അവര്‍ ജനരോഷം തണുപ്പിച്ചു നാട്ടുകാര്‍ക്കു ശുഭപ്രതീക്ഷ നല്‍കി. എത്ര ശക്തമായ ജനവികാരത്തെയും ക്ഷമയോടെ കൈകാര്യം ചെയ്യാന്‍ പൊതുപ്രവര്‍ത്തകര്‍ക്കാവുമെന്ന് അവര്‍ തെളിയിച്ചു. കണ്ണൂരിലെ ഗ്രാമീണജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു പഠിച്ച ആ പാഠം മുഖ്യമന്ത്രിക്കസേരയിലെത്തിയപ്പോള്‍ പിണറായി ബോധപൂര്‍വമോ അല്ലാതെയോ മറന്നു.

****
മുഖ്യമന്ത്രി ജനരോഷം നേരിടേണ്ടി വന്നതിനു തൊട്ടടുത്ത ദിവസം വി.എസ് അച്യുതാനന്ദന്‍ പൂന്തുറ സന്ദര്‍ശിച്ചു. നാട്ടുകാര്‍ അദ്ദേഹത്തെ ആദരവോടെ സ്വീകരിച്ചു. അദ്ദേഹം പറഞ്ഞതെല്ലാം കേട്ടു. സവിശേഷമായ ശരീരഭാഷയുമായാണ് അവിടെ വി.എസ് ചാനല്‍ കാമറകള്‍ക്കു മുന്നില്‍ നിന്നത്.
”താന്‍ ഈ കടപ്പുറത്തു വന്നാല്‍ നാട്ടുകാര്‍ ആട്ടിയാട്ടി ഓടിക്കും. ഞാന്‍ വന്നാല്‍ ദാ ഇങ്ങനെ, ഇങ്ങനെ സ്വീകരിക്കും. അതാണെടോ നമ്മള്‍ തമ്മിലുള്ള വ്യത്യാസം” എന്ന് ആ ശരീരഭാഷയിലൂടെ വി.എസ് ആരോടോ പറയാതെ പറയുന്നതായി തോന്നി.
ആരോടാണതു പറഞ്ഞതെന്ന് ഇതെഴുതുന്നയാള്‍ക്കു മനസിലായിട്ടില്ല.


 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.