2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

‘ബാബരി മസ്ജിദിന് അടിയില്‍ ക്ഷേത്രം ഉണ്ടായിരുന്നില്ല, പുരാവസ്തുവകുപ്പ് രാജ്യത്തോട് കള്ളം പറഞ്ഞു’

  • സംഘ്പരിവാറിന്റെ അവകാശവാദം തെറ്റെന്ന് പുരാവസ്തു ഗവേഷകരുടെ വെളിപ്പെടുത്തല്‍

#യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: 1992 ഡിസംബര്‍ ആറിന് സംഘ്പരിവാര്‍ തകര്‍ത്ത ബാബരിമസ്ജിദിനു താഴെ ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നും ഹിന്ദുത്വരാഷ്ട്രീയ മുന്നേറ്റത്തിനായി ഇന്ത്യന്‍ പുരാവസ്തു വകുപ്പ് (എ.എസ്.ഐ) രാജ്യത്തോട് കള്ളം പറയുകയായിരുന്നുവെന്നും പ്രമുഖ പുരാവസ്തുഗവേഷകരുടെ വെളിപ്പെടുത്തല്‍. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ് അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റാണെന്നും, അയോധ്യയില്‍ പള്ളിനിലനിന്ന സ്ഥലത്തു നടത്തിയ ഖനനത്തില്‍ നിരീക്ഷകരായി പങ്കെടുത്ത സുപ്രിയാ വര്‍മയും ജയാ മേനോനും വ്യക്തമാക്കി.

ആറുമാസത്തെ ഗവേഷണത്തിനൊടുവില്‍ ബാബരിമസ്ജിദ് നിലനിന്ന ഭൂമിയില്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് 2003 ആഗസ്തില്‍ പുരാവസ്തു വകുപ്പ് അലഹാബാദ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് പുരാവസ്തു വകുപ്പ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. കേസില്‍ നിര്‍ണായകമായിരുന്നു വകുപ്പിന്റെ നിലപാട്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം രാഷ്ട്രീയലക്ഷ്യത്തോടെ തെറ്റായ റിപ്പോര്‍ട്ടാണ് പുരാവസ്തുവകുപ്പ് നല്‍കിയിരുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സുപ്രിയ വര്‍മ

ജയ മേനോന്‍

 

 

 

 

 

 

 

 

 

എന്നാല്‍, ആദ്യമേ നിശ്ചയിച്ച ‘ഫലം’ തെറ്റിദ്ധരിപ്പിക്കുന്നതിനായി പുരാവസ്തു വകുപ്പ് രാജ്യത്തോട് നുണപറയുകയായിരുന്നുവെന്ന് ഇരുവരും വ്യക്തമാക്കി. ഹഫിങ്ട്ടണ്‍ പോസ്റ്റിനുനല്‍കിയ അഭിമുഖത്തിലാണ്, ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 26-ാംവാര്‍ഷികത്തിന്റെ തലേദിവസം ഇരുവരുടെയും നിര്‍ണായക വെളിപ്പെടുത്തല്‍.

ജവഹര്‍ലാല്‍ നെഹ്‌റു പുരാവസ്തുപഠനത്തിലെ പ്രഫസറാണ് സുപ്രിയാ വര്‍മ. നദര്‍ സര്‍വകലാശാലയിലെ ചരിത്രവിഭാഗം മേധാവിയാണ് ജയാമേനോന്‍. അന്ന് പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെടുത്തിരുന്നില്ല. തന്നെയുമല്ല നേരത്തെ അവിടെയുണ്ടായിരുന്ന മുസ്‌ലിം പള്ളിയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. നേരത്തെ തന്നെ പള്ളി നിലനിന്ന ഭൂമി ഉയര്‍ത്തിക്കെട്ടി അവിടെ മുഗള്‍ ചക്രവര്‍ത്തി പള്ളി നിര്‍മിക്കുകയായിരുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തമാണ്.

ഖനനം ചെയ്ത് കണ്ടെത്തിയ പടിഞ്ഞാറേ മതില്‍

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏതു കാലത്താണ് അവിടെ ക്ഷേത്രമുണ്ടായിരുന്നതെന്ന് പുരാവസ്തു വകുപ്പ് പറഞ്ഞിട്ടില്ല. ഉണ്ടായിരുന്നു എന്ന് പറയുക മാത്രമാണ് ചെയ്തത്. പടിഞ്ഞാറന്‍ മതില്‍, 50 തൂണുകളുടെ അടിത്തറ, വാസ്തുവിദ്യ എന്നിങ്ങനെ മുന്ന് കാര്യങ്ങളാണ് പ്രധാനമായും ബാബരി പള്ളിക്കു താഴെ പള്ളിയാണ് ഉണ്ടായിരുന്നതെന്നതിന് തെളിവായി ഡോ. ജയാമേനോനും പ്രൊഫ. സുപ്രിയാ വര്‍മയും ചൂണ്ടിക്കാട്ടുന്നത്. പടിഞ്ഞാറന്‍ മതില്‍ പള്ളിയുടെ നമസ്‌കാരത്തിനായി മുഖം തിരിച്ചുനില്‍ക്കുന്ന ഭാഗത്തിനായി നിര്‍മ്മിച്ചതാണ്്. അത് ക്ഷേത്രരൂപഘടനയായിരുന്നില്ല. ക്ഷേത്രങ്ങള്‍ മറ്റൊരു രീതിയിലാണ് ഉണ്ടാകാറ്. മറ്റൊന്ന് തൂണുകള്‍. അത് ക്ഷേത്രത്തിന്റെ ആണെന്നാണ്് പുരാവസ്തു വകുപ്പിന്റെ വാദം. എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ തൂണുകളായിരുന്നില്ല, മറിച്ച് തകര്‍ന്നു പോയ കല്ലുകളായിരുന്നു. അതിനുള്ളില്‍ മണ്ണുമുണ്ടായിരുന്നു. അത് ഉറപ്പിച്ച് നിര്‍ത്തുക പോലും ചെയ്തിരുന്നില്ല. അതിനെയാണ് റിപോര്‍ട്ടില്‍ തൂണുകളുടെ അടിത്തറയെന്ന് കളവായി പുരാവസ്തുവകുപ്പ് വ്യാഖ്യാനിച്ചത്.

അഞ്ഞൂറോളം കെട്ടിടാവശിഷ്ടങ്ങള്‍ അവിടെയുണ്ടായിരുന്നു. പള്ളിയുടെ കുമ്മായത്തറയില്‍ നിന്നാണ് അവ കണ്ടെത്തിയത്. അതില്‍ പകുതി തകര്‍ന്നുദ്രവിച്ച സ്ത്രീയുടെയും പുരുഷന്റെയും രൂപം കൊത്തിവച്ചിരുന്നു. ‘കല്ല് ക്ഷേത്രം’ എന്നവാദമാണ് അതിനെക്കുറിച്ച് ഉയര്‍ത്തിയത്. എന്നാല്‍ കല്ലു ക്ഷേത്രമായിരുന്നെങ്കില്‍ കൂടുതല്‍ കൊത്തുപണികളുളള കല്ലുകള്‍ കാണണമായിരുന്നു. അത് ഏതു കാലത്തേതാണെന്ന് വ്യക്തമല്ല. ഇത്തരം കല്ലുകളുടെ കാലം കണക്കാക്കാന്‍ പറ്റും. എന്നാല്‍ അത് ക്ഷേത്രത്തിന്റെയല്ലെന്ന് വ്യക്തമായിരുന്നുവെന്നും ഇരുവരും അറിയിച്ചു.

1970 കളില്‍ ബി.ബി ലാല്‍ കണ്ടെത്തിയ തൂണിന്റെ അടിത്തറ

 

തൂണ്‍ അടിത്തറ 12, 15 നൂറ്റാണ്ടുകള്‍ക്കിടയിലുള്ളതായിരുന്നു. 50 തൂണുകളുള്ള ക്ഷേത്രമായിരുന്നു ഉണ്ടായിരുന്നത് എന്നതാണ് വാദം. 10ാം നൂറ്റാണ്ടിലെയാണ് അതെന്നും വാദിക്കുന്നു. എന്നാല്‍ അവിടെ കണ്ട തൂണ്‍ അടിത്തറകള്‍ എഡി 45 ലെ ഗുപ്ത കാലഘട്ടത്തിലുള്ളതായിരുന്നു. ബുദ്ധ കാലത്തെ സ്തൂപത്തിന്റെ മാതൃകയായിരുന്നു അതിനുണ്ടായിരുന്നത്. ബാബരി മസ്ജിദിന്റെ പരിസരത്തായി ബുദ്ധസ്തൂപങ്ങള്‍ വേറെയുമുണ്ട്. ബിസി 2, എഡി ആറ് നൂറ്റാണ്ടുകളില്‍ ഇവിടെ ബുദ്ധര്‍ ജീവിച്ചിരുന്നു എന്ന വ്യക്തമാണ്. പിന്നീട് അവിടെ മുസ്‌ലിംകള്‍ താമസമാക്കിയിരിക്കണം. 1528ല്‍ അവിടെയുള്ള മുസ്‌ലിംകളുടെ എണ്ണം കൂടി പരിഗണിച്ചായിരിക്കും ബാബര്‍ വലിയ പള്ളി പണിതതെന്നും ആര്‍ക്കിയോളജിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

2003 ല്‍ പുരാവസ്തു വകുപ്പ് കണ്ടെത്തിയ തൂണിന്റെ അടിത്തറ

 

പുരാവസ്തുവകുപ്പ് അലഹാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെറ്റാണെന്നു സമര്‍ത്ഥിക്കുന്ന ഇരുവരുടെയും പ്രബന്ധം നേരത്തെ പ്രമുഖ ബൗദ്ധിത മാസികയായ ഇക്കോണമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്രത്തില്‍ അന്ന് അധികാരത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലാണ് പുരാവസ്തു വകുപ്പ് അത്തരത്തില്‍ റിപോര്‍ട്ട് നല്‍കിയതെന്നാണ് ഇവരുടെ ആരോപണം. അന്ന് ഖനനം നടത്തി പരിശോധിക്കാന്‍ നേതൃത്വം നല്‍കിയ ബി.ആര്‍ മണിയെ പിന്നീട് നരേന്ദ്രമോദി സര്‍ക്കാര്‍ നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ ജനറലായി നിയമിച്ച് പ്രത്യുപകാരവും ചെയ്തു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.