2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

തീവ്രവാദം: നിലപാടുകള്‍ കര്‍ക്കശമാവണം

ഒളിഞ്ഞും തെളിഞ്ഞും തീവ്രവാദത്തിന്റെ സ്ഫുലിംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെ അതിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെടുത്ത നിലപാട് അതിശക്തമായിരുന്നു. ഇന്ത്യയുടെ മോചനം ഇസ്്‌ലാമിലൂടെയെന്ന് ചുമരുകളില്‍ വലിയ അക്ഷരത്തിലെഴുതി വച്ചവര്‍ ഒടി മറിഞ്ഞ് പുതിയരൂപം തേടാനുള്ള പ്യൂപ്പയുടെ അവസ്ഥയിലായിരുന്നു 1990 കള്‍. മെഴുകുതിരിയുടെ മങ്ങിയ വെളിച്ചത്തില്‍ മുസ്്‌ലിം ചെറുപ്പക്കാരെ ഒരുമിച്ചുകൂട്ടി തീവ്രവാദത്തിന്റെ വീഞ്ഞ് പുതിയ കുപ്പിയിലേക്ക് പകരാനുള്ള കോപ്പ് കൂട്ടുകയായിരുന്നു

എം.എം

മര്‍ഹൂം നാട്ടിക വി.മൂസ മുസ്്‌ലിയാര്‍ തന്റെ ഒരു പ്രഭാഷണത്തില്‍ ഉദ്ധരിച്ച ഒരു കഥ ഓര്‍മയിലെത്തുകയാണ്. ‘മലബാറിലെ ഒരു ചെറിയ പട്ടണത്തില്‍ ഒരു മാനസികരോഗി ഉണ്ടായിരുന്നുവത്രേ. അങ്ങാടിയിലെ സ്ഥിരസാന്നിധ്യമായ ഇദ്ദേഹം സദാസമയവും റോഡിലൂടെ തെക്കുവടക്കായി നടക്കും. അപ്പോഴൊക്കെ ഇയാള്‍ ആ പ്രദേശത്തെ ഭൂവുടമയായ അതിസമ്പന്നന്റെ പേര് പറഞ്ഞ് അദ്ദേഹത്തെപ്പോലെ എന്നെയുമാക്കണേയെന്ന് ഉറക്കെ വിളിച്ചു പറയുമായിരുന്നുവത്രെ. ഏറെക്കാലത്തിനു ശേഷം മാനസിക രോഗിയുടെ അനൗണ്‍സ്‌മെന്റിലെ ഉള്ളടക്കം കേട്ട് നാട്ടുകാര്‍ ഞെട്ടിത്തരിച്ചു പോയി. നിരാശനായ ഇദ്ദേഹത്തിന്റെ പുതിയ ആവശ്യം സമ്പന്നനായ വ്യക്തിയെ ഇദ്ദേഹത്തെപ്പോലെയാക്കണമെന്നതായിരുന്നു’.
ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടനുബന്ധിച്ച് ഉണ്ടായ സങ്കീര്‍ണ സന്ദര്‍ഭത്തിലാണ് മൂസ മുസ്്‌ലിയാര്‍ ഈ കഥ ഉദ്ധരിച്ചത്. ഇക്കാലമത്രയും കാര്യമായ അസ്വാരസ്യങ്ങളൊന്നുമില്ലാതെ കടന്നു പോയ മലയാള മണ്ണിനെ ഉത്തരേന്ത്യയിലെ സാഹചര്യത്തിലേക്ക് വഴി തിരിച്ചുവിടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നായിരുന്നു മൂസ മുസ്്‌ലിയാര്‍ കഥയിലൂടെ സമര്‍ത്ഥിച്ചത്. അന്ന് മഅ്ദനിയുടെ ഐ.എസ്.എസും സേട്ടു സാഹിബിന്റെ നേതൃത്വത്തിലുള്ള ചില വൈകാരിക നീക്കങ്ങളും ഉണ്ടാക്കാന്‍ പോകുന്ന ഭവിഷ്യത്തുകളുടെ ബാക്കിപത്രം കൃത്യമായി ഇവിടെ ബോധ്യപ്പെടുത്തുകയായിരുന്നു.
കേരളത്തിന്റെ പൊതു മനസ്സ് എക്കാലവും സൗഹൃദത്താല്‍ സമ്പന്നമായിരുന്നു. ഏറ്റുമുട്ടലിന്റെയോ ചോരച്ചാലിന്റെയോ ചരിത്രാംശങ്ങള്‍ മലയാള മണ്ണില്‍ കാര്യമായി ഉണ്ടായിട്ടില്ല. ഇന്ത്യയിലെ മറ്റു പ്രദേശങ്ങള്‍, പ്രത്യേകിച്ചും മധ്യ വടക്കന്‍ ചരിത്രങ്ങളില്‍ യുദ്ധങ്ങളും പോര്‍വിളികളും ഇതിഹാസങ്ങളായും പുരാണങ്ങളായും സ്ഥാനം പിടിച്ചപ്പോള്‍ അത്തരമൊരു ഘട്ടം കേരളീയ ചരിത്രത്തിന്റെ പരിസരങ്ങളില്‍ കാണാനിടയായിട്ടില്ല. രാജ്യത്തിന്റെ വൈജ്ഞാനിക സാംസ്‌കാരിക മേഖലകളില്‍ ഗുണപരമായ ഏറെ നന്‍മകള്‍ കൈമാറാന്‍ നിമിത്തമൊരുക്കിയ രണ്ട് ദര്‍ശനങ്ങളായ കൃസ്തുമതവും ഇസ്്‌ലാമും ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്ക് വ്യാപിച്ചത് ഈ മണ്ണിലൂടെയാണെന്ന ചരിത്ര വസ്തുത കേരളത്തിന്റെ പൗരാണിക സുകൃതത്തെയാണ് വിളിച്ചോതുന്നത്.
ഇക്കാര്യത്തില്‍ നിതാന്തമായൊരു ജാഗ്രത ഇന്നലെകളിലുടനീളം കാണാം. ഹിന്ദു മുസ്്‌ലിം വിഭാഗീയതക്ക് വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ബ്രിട്ടീഷുകാരുടെ മോഹങ്ങള്‍ നടക്കാതെ പോയത് ഇരു വിഭാഗവും നെഞ്ചോട് ചേര്‍ത്തു പിടിച്ച സൗഹൃദത്തിന്റെ മനസ്സുകൊണ്ടാണ്. പാരമ്പര്യമായി കൈമാറിക്കിട്ടിയ ഈ നന്‍മയെ തച്ചുടക്കാന്‍ ചില സ്വാര്‍ത്ഥംഭരികള്‍ പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെ പ്രതിരോധത്തിന്റെ കവചമൊരുക്കിയ ചരിത്രമാണ് അയവിറക്കാനുള്ളത്.
സ്വതന്ത്രാനന്തര ഇന്ത്യയുടെ ചരിത്രത്തെ ബാബരി മസ്ജിദ് തകര്‍ച്ചയ്ക്ക് മുന്‍പും പിന്‍പും എന്ന വിധത്തില്‍ രേഖപ്പെടുത്തി വയ്ക്കാവുന്ന തലത്തിലേക്ക് മാറ്റപ്പെട്ട വിഷയത്തില്‍ പോലും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ അവധാനതയോടെ കൈകാര്യം ചെയ്ത നാടാണ് കേരളം. വ്രണമുണ്ടാക്കി ചീഞ്ചലത്തിനു വേണ്ടി ഓടി നടക്കുന്ന ഈച്ചകളെ പോലെ ചിലര്‍ അന്നുമുണ്ടായിരുന്നു.
ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ ആഘോഷമാക്കിയവര്‍ സംഘ്പരിവാര്‍ മാത്രമായിരുന്നില്ല. അവസരത്തിനു വേണ്ടി തക്കം പാര്‍ത്തിരുന്ന തീവ്രവാദികള്‍ക്കും അതൊരു ചാകരയായിരുന്നു. തീവ്രവാദത്തിന്റെ മേച്ചില്‍പുറം വൈകാരികതയായതുകൊണ്ട് തീര്‍ത്തും അന്യായമായ ബാബരി മസ്ജിന്റെ തകര്‍ച്ച നല്ലൊരവസരമായി അവര്‍ കണ്ടു.
വികാരം മുയലിനെപ്പോലെ ഓടി വന്നപ്പോള്‍ വിവേകമാകുന്ന ആമ പകച്ചുപോയ സന്ദര്‍ഭമാണത്. ഒഴുക്കും പരിസരവുമെല്ലാം മുയലിന് അനുകൂലമായിരുന്നു. അവിടെയാണ് പര്‍വത സമാനമായ കരുത്തോടെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന വലിയ മനുഷ്യനെയും ശംസുല്‍ ഉലമ ഉള്‍പ്പെടെയുള്ള പണ്ഡിത കുലപതികളെയും കേരളം കാണുന്നത്. ഒഴുക്കിനനുസരിച്ച് നീന്തലായിരുന്നു അന്ന് പ്രത്യക്ഷത്തില്‍ സുഖമുള്ള കാര്യം. എന്നാല്‍ ഒഴുക്കിന്റെ പര്യവസാനം അഗാധഗര്‍ത്തമാണെന്ന് തിരിച്ചറിഞ്ഞ ആത്മജ്ഞാനികളായ മഹത്തുക്കള്‍ സമുദായത്തെ മാത്രമല്ല കേരളത്തെ തന്നെ മൊത്തത്തില്‍ രക്ഷപ്പെടുത്തുകയായിരുന്നു.
ഒളിഞ്ഞും തെളിഞ്ഞും തീവ്രവാദത്തിന്റെ സ്ഫുലിംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെ അതിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെടുത്ത നിലപാട് അതിശക്തമായിരുന്നു. ഇന്ത്യയുടെ മോചനം ഇസ്്‌ലാമിലൂടെയെന്ന് ചുമരുകളില്‍ വലിയ അക്ഷരത്തിലെഴുതി വച്ചവര്‍ ഒടി മറിഞ്ഞ് പുതിയരൂപം തേടാനുള്ള പ്യൂപ്പയുടെ അവസ്ഥയിലായിരുന്നു 1990 കള്‍. മെഴുകുതിരിയുടെ മങ്ങിയ വെളിച്ചത്തില്‍ മുസ്്‌ലിം ചെറുപ്പക്കാരെ ഒരുമിച്ചുകൂട്ടി തീവ്രവാദത്തിന്റെ വീഞ്ഞ് പുതിയ കുപ്പിയിലേക്ക് പകരാനുള്ള കോപ്പ് കൂട്ടുകയായിരുന്നു അപ്പോള്‍. മുഹമ്മദ്ബ്ന്‍ അബ്ദുല്‍ വഹാബില്‍ നിന്നും ആശയമുള്‍കൊമ്ട് ജമാലുദ്ദീന്‍ അഫ്ഘാനിയും റശീദ്‌റിദയും സയ്യിദ് ഖുതുബും മൗദൂദി സാഹിബും കൊണ്ടുവന്ന ആശയത്തിന്റെ മൂശയിലിട്ട രചിച്ചെടുത്ത കഷായം മാര്‍ക്കറ്റിലിറക്കാനുള്ള ശ്രമത്തെ ബ്രാന്‍ഡ് നെയിം ഇടുന്നതിനു മുമ്പെ പിടികൂടിയ പ്രസ്ഥാനമാണ് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ്. തീവ്രവാദത്തോടൊപ്പം മതനവീകരണ വാദങ്ങളിലുമായിരുന്നു ഈ പ്രസ്ഥാനത്തിന്റെ അടിത്തറയെന്നത് കൊണ്ട് അടിസ്ഥാന പരമായി എല്ലാ അര്‍ത്ഥത്തിലും സുന്നത്ത് ജമാഅത്തിനെതിരായിരുന്നു പിന്നീട് എന്‍.ഡി.എഫ് എന്ന പേര് സ്വീകരിച്ച ഈ പ്രസ്ഥാനം. ഇതോടൊപ്പം ഐ.എസ്.എസിന്റെ അരങ്ങേറ്റം കൂടിയായപ്പോള്‍ ‘തീവ്രവാദം തെറ്റും ശരിയും’ എന്ന പേരില്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ തന്നെ 1992 ല്‍ സംഘടന നടത്തുകയുണ്ടായി.
തുടര്‍ന്ന് 1994 ഒക്ടോബര്‍ ഏഴിന് ചേര്‍ന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടരിയേറ്റ് യോഗം അപ്പോഴും പരസ്യമായി പേരു പ്രഖ്യാപിച്ചിട്ടില്ലാത്ത ഈ സംഘത്തിനെതിരെ മഹല്ല് കമ്മറ്റികളുടെ പിന്തുണയോടെ അതിശക്തമായ പ്രചാരണ പരിപാടിക്ക് രൂപം നല്‍കുകയുണ്ടായി.
ഏതാനും വര്‍ഷങ്ങള്‍ അതീവ രഹസ്യ സ്വഭാവത്തോടെ പ്രവര്‍ത്തിച്ച ഒരു സംവിധാനത്തെ പിടികൂടുമ്പോള്‍ അവയില്‍ മതപണ്ഡിത ബിരുദദാരികളുള്‍പെടെ നിരവധി സുന്നി പ്രവര്‍ത്തകര്‍ അകപ്പെട്ടിട്ടുണ്ടായിരുന്നു. ഉപദേശങ്ങളും താക്കീതുകളും നിരന്തരമുണ്ടായതോടെ പരമാവധി പേരെ സുന്നീ പക്ഷത്തേക്ക് തന്നെ തിരിച്ചു കൊണ്ടുവരാന്‍ സാധിച്ചു. ശംസുല്‍ ഉലമാ ഉള്‍പ്പെടെയുള്ള പണ്ഡിതനേതൃനിരയുടെ പൂര്‍ണ്ണമായ ആശീര്‍വാദത്തോടെ അന്ന് പോരാട്ട ഭൂവിലിറങ്ങിയ എസ്.കെ.എസ്.എസ്.എഫിന്റെ കൂടെ മറ്റാരുരുമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല ഇതിന്റെ പേരില്‍ പ്രസ്ഥാനം ഏറെ വിമര്‍ശനവും പഴിയും കേള്‍ക്കേണ്ടി വന്നുവെന്നതാണ് ചരിത്ര സത്യം. പിന്നീട് വളരെ വൈകിയാണ് മറ്റു മുസ്്‌ലിം മത സംഘടനകള്‍ ഈ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞതെന്നതും യാഥാര്‍ഥ്യമായി നില നില്‍ക്കുകയാണ്.
അംഗബലത്തില്‍ വന്‍ നഷ്ടമുണ്ടാവാനിടവരുമെന്ന ആശങ്കയോടെ തന്നെയാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള എസ്.കെ.എസ്.എസ്.എഫ് തീവ്രവാദ വിഷയത്തില്‍ അന്ന് കര്‍ശന നിലപാടെടുത്തത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.