2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

സഖ്യമില്ലെങ്കിലും കോണ്‍ഗ്രസിനു വേണ്ടി മായാവതി അമേഠിയും റായ്ബറേലിയും ഒഴിച്ചിട്ടതിനു പിന്നിലെ രഹസ്യം

 

ലഖ്‌നൗ: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ചരിത്രപരമായ സഖ്യതീരുമാനമെടുത്തിരിക്കുകയാണ് ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും. കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാതെയാണ് മായാവതി- അഖിലേഷ് ബാന്ധവം. എന്നാല്‍ സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയും ഈ സഖ്യം ഒഴിച്ചിട്ടിരിക്കുകയാണ്. ഇവിടെ സഖ്യസ്ഥാനാര്‍ഥികള്‍ മത്സരിക്കില്ല.

കോണ്‍ഗ്രസുമായി എന്തുകൊണ്ട് സഖ്യപ്പെട്ടില്ലെന്ന ചോദ്യത്തിന് മായാവതി പറഞ്ഞു: ‘സ്വാതന്ത്ര്യത്തിന് ശേഷം, കോണ്‍ഗ്രസ് കേന്ദ്രത്തിനും സംസ്ഥാനങ്ങളിലുമുണ്ടായി. എന്നാല്‍ അപ്പോഴെല്ലാം അഴിമതിയും ദാരിദ്ര്യവും ഒഴിവായില്ല. കോണ്‍ഗ്രസ് ബോഫോഴ്‌സ് കാരണം തോറ്റു, ബി.ജെ.പി റാഫേല്‍ കാരണം തോല്‍ക്കാന്‍ പോവുകയാണ്’.

80 സീറ്റുകളുള്ള യു.പിയില്‍ 38 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് ബി.എസ്.പി- എസ്.പി ധാരണം. രണ്ടു സീറ്റുകളില്‍ ആര്‍.എല്‍.ഡി മത്സരിക്കും. രണ്ടു സീറ്റുകള്‍ ഗാന്ധിമാരുടേതും.

കോണ്‍ഗ്രസിനെ ഒഴിവാക്കി സഖ്യം രൂപീകരിച്ചതില്‍ വലിയ രാഷ്ട്രീയ കളിയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. യാദവ, ഒ.ബി.സി, പട്ടിക വിഭാഗങ്ങളുടെ വോട്ടുകള്‍ ബി.എസ്.പി- എസ്.പി സഖ്യത്തിന് ഊട്ടിയുറപ്പിക്കാന്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയതിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. മാത്രമല്ല, ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ ബ്രാഹ്മണ ഭൂരിപക്ഷ വോട്ടുകള്‍ ബി.ജെ.പിയില്‍ നിന്ന് ഭിന്നിച്ച് കോണ്‍ഗ്രസ് പെട്ടിയിലേക്ക് വീഴുമെന്നും പ്രതീക്ഷിക്കുന്നു. പിന്നോക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന എസ്.പി, ബി.എസ്.പിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാല്‍ ബി.ജെ.പി വോട്ടുകളെ ഭിന്നിപ്പിക്കാനോ, കോണ്‍ഗ്രസിന്റെ ഉറച്ച വോട്ടുകള്‍ നേടാനോ സാധിക്കില്ലെന്നുമാണ് പിന്നിലെ രഹസ്യം.

കോണ്‍ഗ്രസ് പുറത്തായതിനാല്‍ പിന്നോക്ക വിഭാഗത്തിന്റെ മുഴുവന്‍ വോട്ടുകളും സഖ്യത്തിന് സ്വന്തമാക്കാമെന്നാണ് എസ്.പിയും ബി.എസ്.പിയും കണക്കുകൂട്ടുന്നത്.

ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് ബി.ജെ.പിയെ തളയ്ക്കാന്‍ മുലായം സിങ് യാദവും കാന്‍ഷിറാമും പയറ്റിയ അതേ തന്ത്രമാണ് ഇപ്പോള്‍ മായാവതിയും അഖിലേഷും പരീക്ഷിച്ചു നോക്കുന്നത്. അന്ന് മുലായം കണ്ട ഏക മാര്‍ഗമായിരുന്നു പിന്നോക്ക വിഭാഗങ്ങളുടെ കൂട്ടായ്മ. അത് വിജയിക്കുകയും ചെയ്തിരുന്നു.


 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.