2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചേരാപുരം പെരുമ

മതങ്ങളും മനുഷ്യരും തോളോടുതോള്‍ ചേരുന്ന ചരിത്രപുസ്തകങ്ങളാണു നാട്ടുപെരുമകള്‍. കോഴിക്കോട് ജില്ലയിലെ ചേരാപുരം അത്തരത്തിലൊരു ദേശമാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് നാടു ഭരിച്ച മൂര്‍ച്ചിലോട്ട് മൂപ്പസ്ഥാനി കുഞ്ഞിക്കണാരക്കുറുപ്പ് ദാനം ചെയ്ത ഭൂമിയില്‍ മതസൗഹാര്‍ദത്തിന്റെ പള്ളിമിനാരങ്ങളുയര്‍ന്നു

അഷറഫ് ചേരാപുരം

”തമ്പ്രാ… മരിക്കും വരേ ഞങ്ങള്‍ നിങ്ങളുടെ പ്രജകള്‍… മയ്യത്തായാല്‍ കൂത്താളി വാഴുന്നോരുടേതും. ഞങ്ങക്കതൊരഭിമാനക്കുറവല്ലേ…” ചേരാപുരത്തെ മാപ്പിളമാര്‍ മൂര്‍ച്ചിലോട്ടെ കുറുപ്പിനുമുന്നില്‍ ആദരവോടെ സങ്കടം പറഞ്ഞു. സര്‍വൈശ്വര്യ പ്രഭാവങ്ങളാലും ആയഞ്ചേരി ദേശം വാഴുന്ന മൂര്‍ച്ചിലോട്ട് മൂപ്പസ്ഥാനിയുടെ മനസില്‍ പ്രജാക്ഷേമത്തിന്റെ സ്ഫുരണങ്ങള്‍ മിന്നി.
”ഉം…” തമ്പ്രാന്‍ ഒന്നു മൂളി.
”പരിഹാരം ഉണ്ടാവുമെടേ…” മൂര്‍ച്ചിലോട്ട് തറവാട്ടില്‍നിന്ന് മാപ്പിളമാര്‍ സന്തോഷത്തോടെ മടങ്ങി.
കടത്തനാട് രാജവംശത്തിന്റെ ഭരണത്തിനു കീഴിലായ കടത്തനാട്ടില്‍ കുറ്റിപ്പുറം, പുറമേരി, ആയഞ്ചേരി എന്നിങ്ങനെ മൂന്ന് കോവിലകങ്ങളുണ്ട്. ആയഞ്ചേരി കോവിലകത്തിനുകീഴില്‍ മൂര്‍ച്ചിലോട്ടെ മൂപ്പസ്ഥാനിയായിരുന്നു ചേരാപുരത്തിന്റെ അധിപന്‍. മാപ്പിളമാര്‍ ഏറെ പാര്‍ക്കുന്ന നാട്ടില്‍ അവര്‍ മരിച്ചാല്‍ ഖബറടക്കാന്‍ ചേരാപുരം ദേശത്തു മണ്ണില്ല. മയ്യത്തുമായി പുഴയും തോടും വയലും കടന്ന് അക്കരെ കൂത്താളി വാഴുന്നോരുടെ ദേശത്ത്, എടവരാട്ടെ കൈപ്പുറം പള്ളി ശ്മശാനത്തിലെത്തിക്കണം. മഴക്കാലത്തും പകര്‍ച്ചവ്യാധികള്‍ വന്നു മരണം കൂടുന്ന സമയത്തുമൊക്കെ ആറടി മണ്ണിനടിയിലാക്കാന്‍ പെടാപ്പാട് തന്നെ. ഒടുക്കം മാപ്പിളമാര്‍ മൂര്‍ച്ചിലോട്ടെ തമ്പ്രാനുമുന്നിലെത്തി പരാതിക്കെട്ടിറക്കുകയായിരുന്നു.

 

പുഴ അരപ്പട്ട കെട്ടിയ ഗ്രാമം

ഗുളികപ്പുഴയാല്‍ അരപ്പട്ടകെട്ടിയ ഗ്രാമമാണ് ചേരാപുരം. കിഴക്കന്‍ മലയോരത്തുനിന്ന് ഉറവകൊണ്ടൊഴുകുന്ന കുറ്റ്യാടിപ്പുഴ. അത് ഒഴുകിയൊഴുകി ഗുളികപ്പുഴയായി മാറി. വളഞ്ഞും പുളഞ്ഞും നിറഞ്ഞും മെലിഞ്ഞും പുഴ ഗ്രാമത്തിനതിരുതീര്‍ത്തു വീണ്ടുമൊഴുകി അറബിക്കടലിലലിഞ്ഞുചേര്‍ന്നു. ഈ നാടിന്റെ സമ്പത്തും സംസ്‌കാരവും ഗതിവിഗതികളുമെല്ലാം നിര്‍ണയിച്ച പുഴയാണത്.
പണ്ട് ചേരാപുരത്തുകാര്‍ക്കു പുറംലോകവുമായി ബന്ധപ്പെടണമെങ്കില്‍ ജലയാനങ്ങള്‍ മാത്രമായിരുന്നു ആശ്രയം. തോണിയും ബോട്ടും ചങ്ങാടവുമെല്ലാം ഇന്നാട്ടുകാരുടെ ജീവിതവ്യവഹാരത്തിന്റെ മര്‍മമായിരുന്നു. കച്ചവടച്ചരക്കുകളുമായി ഗുളികപ്പുഴയിലൂടെ പുരത്തോണികള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു. അങ്ങ് പയ്യോളി അങ്ങാടിയില്‍നിന്നു ചരക്കു കേറ്റി പുഴക്കടവുകള്‍ താണ്ടി അവ തുഴഞ്ഞുനീങ്ങി. പഞ്ചസാരയും ചായയും പുകയിലയും ശര്‍ക്കരയുമൊക്കെ ഇങ്ങേക്ക്. അടക്കയും കുരുമുളകും തേങ്ങയും അരിയുമെല്ലാം അങ്ങേക്ക്.

ചേരാപുരം അംശം ദേശം

പഴയ മദിരാശി സംസ്ഥാനത്തിലെ മലബാര്‍ ജില്ലയില്‍ വള്ളുവനാട്, ഏറനാട്, കുറുമ്പ്രനാട് തുടങ്ങി പത്തോളം താലൂക്കുകളുണ്ടായിരുന്നു. ഇതില്‍ കുറുമ്പ്രനാട്ടിനെ 104 അംശങ്ങളാക്കി വിഭജിച്ചു. ചേരാപുരവും വേളവുമെല്ലാം ഇതില്‍പെടും. അംശങ്ങളെ വീണ്ടും ദേശങ്ങളായി വിഭജിച്ചു. എന്നാല്‍ ചേരാപുരം അംശത്തില്‍ ചേരാപുരം ദേശം മാത്രം.

അംശ ദേശാതിര്‍ത്തികള്‍ കരിങ്കല്ലില്‍ കുറിച്ചു കുഴിച്ചിട്ടിരിക്കും. കുറുമ്പ്രനാട് പിന്നീട് കൊയിലാണ്ടി, വടകര താലൂക്കുകളായി. ചേരാപുരം വേളം അംശങ്ങള്‍ ചേര്‍ന്ന് വേളം പഞ്ചായത്തുമായി. ചേരമാന്മാരുടെ പുരമായിരുന്നു ചേരാപുരമെന്നും അതല്ല ചിറക്കല്‍ തമ്പുരാക്കന്മാരുടേതായിരുന്നുവെന്നും അഭ്യൂഹങ്ങളുണ്ട്. കടത്തനാട്ട് വലിയ രാജാവ്, അമ്പിളാട് കോവിലകം, നാടുവാഴിയായ മൂര്‍ച്ചിലോട്ട് മൂപ്പസ്ഥാനി എന്നിവരുടെ പേരിലാണ് ഈപ്രദേശത്തെ ഭൂമി ഉണ്ടായിരുന്നത്.

നാദാപുരവും ചേരാപുരവും

നാദന്മാരുടെ പുരമാണ് നാദാപുരമായതെന്നു പറയപ്പെടുന്നുണ്ട്. വടക്കുനിന്നെത്തിയ ഇവര്‍ കച്ചവടക്കാരായിരുന്നു. നാദന്മാര്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്കു വന്നു. നാദാപുരത്തിനടുത്തുള്ള പുരമാണ് ചേരാപുരം. നാദാപുരത്തുനിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള പുരം. ഇരു പുരങ്ങളും തമ്മില്‍ പുരാതനകാലം മുതലേ ബന്ധം നിലനിന്നിരുന്നു. അതു കച്ചവടവും ആത്മീയവും വൈവാഹികവുമായ പലമേഖലകളിലൂടെ നീണ്ടു.
നാദാപുരത്തുകാര്‍ കച്ചവടക്കാരായിരുന്നപ്പോള്‍ ചേരാപുരത്തുകാര്‍ കൃഷിക്കാരായി. നാദാപുരത്തുകാരുടെ കച്ചവടക്കണ്ണ് അവരെ ആദ്യം കടലു കടക്കാന്‍ പ്രേരിപ്പിച്ചു. അറേബ്യന്‍ നാടുകളില്‍ എണ്ണപ്പണമൂറും മുന്‍പേ നാദാപുരത്തുകാര്‍ക്കവിടെ ചായപ്പീടികകളുണ്ടായി. നാദാപുരത്തുകാര്‍ നല്‍കിയ വിസായില്‍ പിന്നീട് ചേരാപുരത്തുകാരും ഗള്‍ഫിലെത്തി. കേരളത്തിന്റെ രണ്ടാം പൊന്നാനിയെന്ന ഖ്യാതി നാദാപുരത്തിനുണ്ടായതിനു പ്രധാന ഹേതു നാദാപുരം പള്ളിതന്നെ. കേരളത്തിന്റെ വിശിഷ്യാ മലബാറിന്റെ വിവിധ മേഖലകളിലേക്ക് ആത്മീയ വെള്ളിവെളിച്ചവുമായി പണ്ഡിത ജ്യോതിസുകള്‍ പുറപ്പെട്ടത് ഇവിടെനിന്നായിരുന്നു. നാദാപുരം പള്ളി ദര്‍സില്ലാത്ത ഒരിസ്‌ലാമിക ചരിത്രം മലബാറിനില്ല. ആ പ്രശോഭിതകിരണങ്ങള്‍ ചേരാപുരം പള്ളി ദര്‍സിനെയും ജാജ്വല്യമാനമാക്കി.

വഴിവിളക്കുകള്‍

ആയഞ്ചേരി സ്വദേശിയാണ് തറക്കണ്ടി ഉസ്താദ് എന്ന പേരിലറിയപ്പെടുന്ന തറക്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍. ചേരാപുരം പള്ളി ദര്‍സിന്റെ പെരുമ നാടൊട്ടുക്കും പരത്തിയ ഗുരുവര്യര്‍. മലബാറില്‍ അറിയപ്പെടുന്ന പണ്ഡിതനായിരുന്ന മുസ്‌ലിയാരുടെ സാന്നിധ്യം ചേരാപുരം പള്ളിയെ അറിവിന്റെ പ്രകാശഗേഹമാക്കി.
വെളിയങ്കോട്ട് തട്ടാങ്കര വീട്ടില്‍ കുട്ടിയമ്മു മുസ്‌ലിയാരുടെ ശിഷ്യനാണ് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍. അദ്ദേഹവും വള്യാട്ടെ പരീക്കുട്ടി മുസ്‌ലിയാരും കുട്ടിയമ്മു മുസ്‌ലിയാരുടെ ശിഷ്യന്മാരായിരുന്നു. ഇവര്‍ രണ്ടുപേരും പിന്നീട് വാഴക്കാട് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അടുക്കലും പഠിക്കാനായി എത്തി. പഠനങ്ങള്‍ക്കുശേഷം അധ്യാപനരംഗത്തേക്കു കാലുവച്ച തറക്കണ്ടി അബ്ദുറഹ്്മാന്‍ മുസ്‌ലിയാര്‍ ചേരാപുരം, കാസര്‍കോട്, വാഴക്കാട്, തുരുത്തി, നാദാപുരം, വെളിയങ്കോട് എന്നിവിടങ്ങളിലെല്ലാം ദര്‍സ് നടത്തി. ചേരാപുരത്തും കാസര്‍കോട്ടും ഖാദിയുമായി. ജ്ഞാനത്തിനും ആത്മീയതയ്ക്കുമപ്പുറം സഹിഷ്ണുത, പ്രതിപക്ഷ ബഹുമാനം എന്നിവയൊക്കെ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.
കാസര്‍കോട്ട് ദര്‍സ് നടത്തുന്ന കാലത്ത് ഒരു സംഭവമുണ്ടായി. അദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ഥിയോട് അങ്ങാടിയിലുള്ള ഒരാള്‍ അപമര്യാദയായി പെരുമാറി. നടപടിയെടുക്കാന്‍ കമ്മിറ്റിക്കാര്‍ തയാറായില്ല. തറക്കണ്ടി രാജിവച്ചു പോന്നു. നീളം കുറഞ്ഞു തടിച്ച ശരീരം. അല്‍പം വയര്‍, തിങ്ങിയതല്ലാത്ത താടി, ഗൗരവം തോന്നിക്കുന്ന മുഖഭാവം. വര്‍ഷങ്ങള്‍ നീണ്ട വിജ്ഞാന-ആത്മീയ സേവനങ്ങള്‍ക്കുശേഷം 1942ല്‍ തറക്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഇഹലോകവാസം വെടിഞ്ഞു. നാട്ടുകാരുടെ ‘തറക്കണ്ടി ഉസ്താദ് ‘ ഇപ്പോള്‍ ചേരാപുരം പള്ളി ഖബര്‍സ്ഥാനില്‍ പള്ളിയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
തറക്കണ്ടിക്കുശേഷം ചേരാപുരം പള്ളിയില്‍ ദര്‍സ് നടത്തിയ പ്രമുഖനാണ് ചെറിയാമ്മദ് മുസ്‌ലിയാര്‍. അക്കാലത്തെ തലമുതിര്‍ന്ന പണ്ഡിതവരേണ്യരായിരുന്ന കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെയും കണ്ടിയില്‍ കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെയും കൊയിലാണ്ടിയിലെ സൈദാലി തങ്ങളുടെയുമൊക്കെ ഗുരുനാഥനായ ചെറിയാമ്മദ് മുസ്‌ലിയാര്‍ നാട്ടില്‍ സര്‍വാദരണീയനായിരുന്നു. വടകരയ്ക്കടുത്ത കീഴലിലെ ബപ്പന്‍ മുസ്‌ലിയാരുടെ മകന്‍. ജീവിതത്തില്‍ ഏറെ സൂഷ്മത കാണിച്ച അദ്ദേഹത്തിന് അനേകം ശിഷ്യഗണങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാലശേഷം മകന്‍ കേളോത്തുംകണ്ടി അന്ത്രു മുസ്‌ലിയാരാണ് ചേരാപുരത്ത് ദര്‍സ് നടത്തിയത്.

പള്ളിയും മഖാമും

ചേരാപുരത്തെ മാപ്പിളമാര്‍ മരിച്ചാലും തന്റെ മണ്ണില്‍തന്നെ കിടക്കട്ടെയെന്ന് മൂര്‍ച്ചിലോട്ട് മൂപ്പസ്ഥാനി തീരുമാനിച്ചിരുന്നു. മുസ്‌ലിംകള്‍ക്ക് പള്ളി പണിയാനും ഖബര്‍സ്ഥാനുണ്ടാക്കാനും മൂപ്പസ്ഥാനി ഭൂമിയും പണവും കനിഞ്ഞരുളി. പള്ളിയുടെ പരിപാലനച്ചെലവിലേക്കും അദ്ദേഹം സഹായം ചൊരിഞ്ഞു. ചേരാപുരത്തങ്ങാടിയില്‍ കണ്ണായ സ്ഥലത്ത് ഏക്കറു കണക്കിനു സ്ഥലവും പാടവുമെല്ലാം മൂര്‍ച്ചിലോട്ട് മൂപ്പസ്ഥാനി കുഞ്ഞിക്കണാരക്കുറുപ്പ് മുസ്‌ലിംകള്‍ക്കു പതിച്ചുനല്‍കി. പള്ളി പരിപാലകര്‍ക്കുള്ള ചെലവിലേക്കായി നെല്ല് വിളയുന്ന പാടങ്ങള്‍ കൈമാറി. അങ്ങനെ, മൂപ്പസ്ഥാനി കനിഞ്ഞുനല്‍കിയ ഭൂമിയില്‍ സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി മുസ്‌ലിം പള്ളിയുയര്‍ന്നു. ചേരാപുരത്തിന്റെ ആകാശച്ചെരുവുകളില്‍ അഞ്ചുനേരവും വിജയത്തിലേക്കുള്ള വിളിയുടെ, ബാങ്കൊലിയുടെ ശബ്ദവീചികള്‍ അലയടിച്ചു.
പള്ളിയും തൊട്ടടുത്ത വലിയുല്ലാഹി മഖാമും ചേരാപുരത്തുകാര്‍ക്കു ജാതിമതഭേദമില്ലാതെ വിശിഷ്ടവും വിശേഷപ്പെട്ടതുമായിരുന്നു. അവിടുത്തേക്കുള്ള നേര്‍ച്ച വഴിപാടുകളും ബഹുമാനാദരവുകളും നൂറ്റാണ്ടുകളിലൂടെ തലമുറകള്‍ കൈമാറിപ്പോന്നു. പണ്ടുകാലങ്ങളില്‍ വര്‍ഷാവര്‍ഷം ചേരാപുരം പള്ളിയിലെ ഔലിയയുടെ മഖാം ഓലമേഞ്ഞിട്ടേ ചേരാപുരത്തുകാരുടെ വീടുകള്‍ കെട്ടിമേഞ്ഞിരുന്നുള്ളൂ. അതിനായി മുന്നിട്ടിറങ്ങി അതൊരവകാശമായി വരെ കണ്ട ഹിന്ദു സമുദായക്കാരുമുണ്ടായിരുന്നു അന്നു നാട്ടില്‍. കാലപ്രവാഹം നാടിന്റെ മണ്ണിലും മനസിലും ഏറെ മാറ്റങ്ങള്‍ വരുത്തി. അപ്പോഴും മതസൗഹാര്‍ദത്തിന്റെയും വിശ്വാസത്തിന്റെയും നാട്ടുവെളിച്ചം പരത്തിക്കൊണ്ടിരിക്കുന്നു, ചേരാപുരം പള്ളി.

 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.