2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

ന്യൂനപക്ഷ മോര്‍ച്ചാ നേതാവായ തസ്‌ലീമിന്റെ സംഘടനാ ബന്ധം മറച്ചുവച്ച് ഡല്‍ഹി പൊലിസ്

  • അറസ്റ്റിലായത് ആര്‍.എസ്.എസ് നേതാക്കളെ വധിച്ച് ദക്ഷിണേന്ത്യയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍

#സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പ്രമുഖ ആര്‍.എസ്.എസ് നേതാക്കളെ കൊലപ്പെടുത്തി തെരഞ്ഞെടുപ്പിനു മുന്‍പായി ദക്ഷിണേന്ത്യയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പിടിയിലായ കാസര്‍കോട് ജില്ലാ ന്യൂനപക്ഷമോര്‍ച്ചാ നേതാവ് മുഅ്തസിം സി.എച്ച് എന്ന തസ്‌ലീമിന്റെ രാഷ്ട്രീയബന്ധം മറച്ചുവച്ച് ഡല്‍ഹി പൊലിസ്. കാസര്‍കോട്ടുവച്ച് പൊലിസ് പിടികൂടിയ തസ്‌ലീമിന്റെ അറസ്റ്റ് ഡല്‍ഹി പൊലിസിലെ സ്‌പെഷ്യല്‍ സെല്ല് ശനിയാഴ്ചയാണ് രേഖപ്പെടുത്തിയത്. തസ്‌ലീമിനെ കൂടാതെ അഫ്ഗാന്‍ പൗരന്‍ വാലി മുഹമ്മദ്, ഡല്‍ഹി സ്വദേശി സൈഫി റിയാസുദ്ദീന്‍ എന്ന രാജാ അലാമി എന്നിവരും പിടിയിലായിട്ടുണ്ട്. മൂന്നുപേരെയും സ്‌പെഷ്യല്‍ സെല്ല് മേധാവി പ്രമോദ് കുശ്‌വാഹ ഇവരെ ചോദ്യംചെയ്തുവരികയാണ്.

പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പിനു മുന്‍പായി ആര്‍.എസ്.എസ്സിന്റെ പ്രധാനനേതാക്കളെ കൊലപ്പെടുത്തുകയും അതുവഴി മേഖലയില്‍ കലാപം ഉണ്ടാക്കാനും തസലീം ശ്രമിച്ചുവെന്നാണ് ആരോപണം. ശനിയാഴ്ച മാധ്യമങ്ങളെ കണ്ട ഡല്‍ഹി പൊലിസിന്റെ സ്‌പെഷ്യല്‍ സെല്ല്, പിടിയിലായവര്‍ സ്ഥിരമായി ഐ.എസ്.ഐയുമായി ബന്ധപ്പെട്ടുവരികയാണെന്നും പറഞ്ഞു.

ആര്‍.എസ്.എസ് നേതാക്കളെ കൊലപ്പെടുത്താനായി രണ്ടുകോടി രൂപയുടെ ക്വട്ടേഷനാണ് ഇവര്‍ എടുത്തത്. ഇവരുടെ കൈയില്‍ നിന്ന് മൊബൈല്‍ഫോണുകള്‍, രണ്ടുതോക്ക്, വെടിയുണ്ടകള്‍ എന്നിവയും പിടികൂടിയതായും പൊലിസ് പറഞ്ഞു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ അനുയായി ഗുലാം റസൂല്‍ ആണ് ഈ മൂന്നുപേര്‍ക്കും ഇന്ത്യയിലെ പ്രമുഖരെ വധിക്കാനുള്ള ചുതമലനല്‍കിയത്. ഗുജറാത്തില്‍ 2003ല്‍ കൊല്ലപ്പെട്ട, നരേന്ദ്രമോദിവിരുദ്ധ ചേരിയിലുള്ള ബി.ജെ.പി നേതാവ് ഹരിന്‍ പാണ്ഡ്യെയുടെ വധക്കേസില്‍ പൊലിസ് ആദ്യം പറഞ്ഞിരുന്ന പേരുകളിലൊന്നാണ് ഗുലാം റസൂല്‍.

വാലി മുഹമ്മദും റിയാസുദ്ദീനും ഈ മാസം 11ന് ഡല്‍ഹിയിലെ സാകേതില്‍ നിന്നാണ് പിടിയിലായത്. ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് തസലീമിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നതും അദ്ദേഹത്തെ പിടികൂടുന്നതുമെന്നും ദുബയില്‍ വച്ചാണ് തസലീമും റിയീസുദ്ദീനും പരിചയപ്പെടുന്നതെന്നും പൊലിസ് പറഞ്ഞു.

അതേസമയം സാധാരണ ഭീകരപ്രവര്‍ത്തന കേസുകളില്‍ പിടിയിലാവുന്നവരുടെ രാഷ്ട്രീയ, സംഘടനാ ബന്ധങ്ങള്‍ വെളിപ്പെടുത്താറുള്ള പൊലിസ്, ന്യൂനപക്ഷ മോര്‍ച്ചയുടെ ജില്ലാ കൗണ്‍സില്‍ അംഗവും ഉദുമ മണ്ഡലം കണ്‍വീനറുമായ തസ്‌ലീമിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ മറച്ചുവച്ചു. കേരളത്തിലെയും കര്‍ണാടകയിലെയും പ്രധാന ബി.ജെ.പി നേതാക്കളുമായും തസ്‌ലീമിനു ബന്ധമുണ്ട്.

എന്നാല്‍ ശനിയാഴ്ച മാധ്യമങ്ങളുമായി സംസാരിക്കന്നതിനിടെ ഇത്തരത്തിലുള്ള തസലീമിന്റെ പശ്ചാത്തലങ്ങള്‍ പൊലിസ് ‘വിട്ടുകളയുക’യായിരുന്നു. ഈ മാസം 11ന് കാസര്‍കോട് ചട്ടഞ്ചാലിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ത്യയിലും പിന്നീട് ദുബൈയില്‍ വച്ചും പൊലിസിന്റെ ഇന്‍ഫോര്‍മര്‍ ആയി പ്രവര്‍ത്തിച്ചിരുന്നയാളാണ് തസ്‌ലീം. കാസര്‍കോട് ചെമ്പരിക്ക സ്വദേശിയായ ഇയാള്‍ക്കെതിരെ വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണം, അടിപിടി, ഭീഷണിപ്പെടുത്തല്‍, പിടിച്ചുപറി കേസുകളും നിലവിലുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.