2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

തകര്‍ന്ന വീടുകളുടെ കണക്കെടുക്കുന്നു

അശ്‌റഫ് കൊണ്ടോട്ടി

കൊണ്ടോട്ടി: പ്രളയക്കെടുതിയില്‍ തകര്‍ന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട വീടുകളുടെ പുനരുദ്ധാരണത്തിനു സര്‍ക്കാര്‍ പുതിയ ഭേദഗതികള്‍ വരുത്തി. ലൈഫ് മിഷന്‍ സഹായം ഉപയോഗിച്ചു നിര്‍മിച്ച വീടുകള്‍ പ്രളയക്കെടുതിയില്‍ തകര്‍ന്നതു കണ്ടെത്തിയതോടെയാണ് ഇവയുടെ പ്രത്യേക കണക്കെടുപ്പ് നടത്താന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരോടു നിര്‍ദേശിച്ചിരിക്കുന്നത്.

ഇതോടൊപ്പം സര്‍ക്കാരിനു നല്‍കേണ്ട ഡാറ്റാ എന്‍ട്രിയില്‍ പ്രത്യേക കോളത്തില്‍ ഇവയുടെ വിവരങ്ങള്‍ രേഖപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കണക്കെടുപ്പ് ഈ മാസം 30നു പൂര്‍ത്തീകരിച്ചു നാശനഷ്ടങ്ങള്‍ പ്രത്യേക കോളത്തില്‍ പൂരിപ്പിച്ചുനല്‍കണം. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളില്‍ പ്രളയദുരന്തത്തില്‍പെട്ടവരെ വേര്‍തിരിച്ചുള്ള പട്ടികയാണ് തയാറാക്കുന്നത്. ഇതിനു പ്രത്യേക അപേക്ഷാഫോം വാങ്ങാതെ സെക്രട്ടറി നിയോഗിക്കുന്ന ജീവനക്കാര്‍ സ്ഥലം സന്ദര്‍ശിച്ചു നേരിട്ടാണ് വിവരങ്ങള്‍ ശേഖരിക്കേണ്ടത്.
മഴക്കെടുതിയില്‍ മലയിടിച്ചില്‍, പുഴ ഗതിമാറി ഒഴുകല്‍ എന്നിവ കാരണം വീട് നിര്‍മാണം സാധ്യമല്ലാത്തവിധം വീടും സ്വന്തമായ ഭൂമിയും നഷ്ടപ്പെട്ടവര്‍, ഭൂമി നഷ്ടപ്പെടാതെ വീട് തകര്‍ന്നവര്‍, വീടിനു ഭാഗികമായി കേടുപാട് സംഭവിച്ചവര്‍ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചാണ് നഷ്ടത്തിന്റെ തോത് കണക്കാക്കുക.
കഴിഞ്ഞ നവംബര്‍ ഒന്നിനാണ് ലൈഫ് മിഷന്‍ ഒന്നാംഘട്ടം ആരംഭിച്ചിരുന്നത്. വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ വീടിനു ഫണ്ട് അനുവദിച്ചെങ്കിലും പാതിവഴിയില്‍ നിര്‍മാണം നിലച്ച വീടുകളുടെ പൂര്‍ത്തീകരണമായിരുന്നു അദ്യഘട്ടം. 84 ശതമാനം വീടുകളുടെയും പൂര്‍ത്തീകരണം ആദ്യ ഘത്തില്‍ നടപ്പാക്കാനായിട്ടുണ്ട്. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്കു വീട് നിര്‍മാണത്തിനു ധനസഹായം നല്‍കുന്ന പ്രവര്‍ത്തനമായിരുന്നു രണ്ടാംഘട്ടം. നാലു ലക്ഷം രൂപ നാലു ഗഡുക്കളായാണ് രണ്ടാംഘട്ട ഗുണഭോക്താക്കള്‍ക്കു നല്‍കുന്നത്. പട്ടികജാതി വിഭാഗങ്ങള്‍ ആറു ലക്ഷം രൂപവരെ നല്‍കുന്നുണ്ട്. ഇതില്‍ ആദ്യഘട്ട ഗഡു വിതരണം പൂര്‍ത്തിയായി. ജൂലൈയിലാണ് ലൈഫ് മിഷന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങള്‍ ആരംഭിച്ചത്. ഇതിനിടെയെത്തിയ പ്രളയമാണ് വീടുകളുടെ തകര്‍ച്ചയ്ക്കു കാരണമായത്.

 

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.