2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

തീവ്രവാദം: അനാവൃതമാകുന്ന പൊയ്മുഖങ്ങള്‍

എളമരം കരീം

‘കാംപസ് ഫ്രണ്ട്’ എന്ന തീവ്രവാദ സംഘടനയുടെ ഭീകരമുഖം അനാവരണം ചെയ്യുന്നതാണ് എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കോളജ് വളപ്പില്‍ അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് അഖിലേന്ത്യാ സംഘടനയായി മാറിയ ‘പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (ജഎക)യുടെ ആശയ തണലില്‍, കേരളത്തിലെ ഏതാനും വിദ്യാലയങ്ങളില്‍ സാന്നിധ്യമുള്ള ‘കാംപസ് ഫ്രണ്ടി’ന്റെ തനിനിറം എന്താണെന്ന് പലര്‍ക്കും മനസിലായിരുന്നില്ല. മതന്യൂനപക്ഷങ്ങള്‍ക്കും, ദലിത് ജനതക്കും നേരെ സംഘ്പരിവാര്‍ രാജ്യവ്യാപകമായി നടത്തുന്ന അതിക്രമങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയും സാമ്രാജ്യത്വം ഫലസ്തീനിലും മറ്റ് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലും നടത്തുന്ന സൈനിക അതിക്രമങ്ങളും കൂട്ടക്കൊലകളും മനുഷ്യാവകാശ ലംഘന പ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളും ആധാരമാക്കി പ്രചാരണം സംഘടിപ്പിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനും പരിവാരങ്ങള്‍ക്കും ഭീകരതയുടെയും മത തീവ്രവാദത്തിന്റെയും മറ്റൊരു മുഖമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്തവര്‍ക്ക് ഒരു പാഠമാണ് മഹാരാജാസ് കോളജ് സംഭവം.

പോപ്പുലര്‍ ഫ്രണ്ടും അവരുടെ രാഷ്ട്രീയ പ്രസ്ഥാനമായ എസ്.ഡി.പി.ഐയും ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗത്തെ സ്വാധീനിച്ച് തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന കൃത്യമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനും അനുകൂലിക്കാനാവാത്ത ഹീന മാര്‍ഗത്തിലൂടെയാണ് ഇക്കൂട്ടര്‍ സഞ്ചരിക്കുന്നത്.

നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ടിന്റെ (എന്‍.ഡി.എഫ്) പിന്‍ഗാമിയായിട്ടാണ് 2006 ല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) പിറവിയെടുത്തത്. കേരളത്തിലെ ‘എന്‍.ഡി.എഫ്’ തമിഴ്‌നാട്ടിലെ ‘മനിത നീതിപസരൈ’, ‘കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി’ തുടങ്ങിയ തീവ്രവാദ സംഘടനകള്‍ ചേര്‍ന്നാണ് പി.എഫ്.ഐ രൂപീകരണം. സാമൂഹ്യനീതി, മനുഷ്യാവകാശ സംരക്ഷണം തുടങ്ങിയ പ്രശ്‌നങ്ങളുയര്‍ത്തിയാണ് ഈ സംഘടന രംഗത്ത് വന്നത്. ആര്‍.എസ്.എസിനെ പോലെ പോപ്പുലര്‍ ഫ്രണ്ടിനും വിവിധ പോഷക സംഘടനകളുണ്ട്. അതിലൊന്നാണ് ‘കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ. പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനം ഡല്‍ഹിക്കടുത്ത നോയിഡയാണ്.

1977 ല്‍ രൂപംകൊണ്ട ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്ന സിമി (സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) എന്ന തീവ്രവാദ സംഘടനയുടെ പിന്മുറക്കാരാണ് പി.എഫ്.ഐ. 1979 ലെ ഇറാനിലെ ‘ഇസ്‌ലാമിക’ വിപ്ലവത്തില്‍ നിന്നാവേശം കൊണ്ടാണ്, ‘ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ’ എന്ന മുദ്രാവാക്യം സിമി ഉയര്‍ത്തിയത്. ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍ക്ക് വളരാനും, മുസ്‌ലിം വിരുദ്ധ വികാരം ആളിക്കത്തിക്കാനും സിമി അവസരമൊരുക്കി.

1993 ല്‍ സിമി നിരോധിക്കപ്പെട്ടു. പരസ്യ പ്രവര്‍ത്തനത്തിന് അവസരം നഷ്ടപ്പെട്ട സിമി നേതാക്കള്‍ക്ക് കൂടി പങ്കുള്ള സംഘടനയാണ് പിന്നീട് രൂപം കൊണ്ട എന്‍.ഡി.എഫ്. തുടര്‍ന്നാണ് പി.എഫ്.ഐ രൂപം കൊള്ളുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ സിമിയുടെ ദേശീയ സെക്രട്ടറിയായിരുന്നു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ സിമിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. കേരളത്തിലെ മുസ്‌ലിം തീവ്രവാദത്തിന്റെ താത്വികാചാര്യന്മാരില്‍ ഒരാളായ പ്രൊഫ.പി.കോയ (കോഴിക്കോട്) മുന്‍ സിമി നേതാവാണ്. സിമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഏതാണ്ടെല്ലാവരും പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഇ. അബൂബക്കറാണ്.

2012 ല്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സി.പി.ഐ(എം) ആര്‍.എസ്.എസ് സംഘടനകളില്‍പെട്ട 27 പേരെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയതായി പറയുകയുണ്ടായി. ഇതിന് പുറമെ വര്‍ഗീയ കൊലപാതകങ്ങള്‍, 86 വധശ്രമങ്ങള്‍, 106 വര്‍ഗീയ സംഘര്‍ഷങ്ങള്‍ എന്നിവകളിലും പോപ്പുലര്‍ ഫ്രണ്ട്- എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് 2014 ല്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ ‘തേജസി’ ന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നില്ലെന്ന് ആക്ഷേപിച്ച് പത്ര മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിക്ക് മറുപടിയായിട്ടാണ് സര്‍ക്കാര്‍ ഈ കാര്യങ്ങള്‍ ബോധിപ്പിച്ചത്. ആ കാലത്ത് പൊലിസ് അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ആബിദ് പാഷ ആറ് കൊലക്കേസുകളില്‍ പ്രതിയായിരുന്നു. കേരളത്തില്‍ ഇവര്‍ 1995 മുതല്‍ 2018 വരെ ആസൂത്രിതമായി കൊല ചെയ്തത് 31 പേരെയാണ്. 2000- 2018 കാലത്ത് ഇത് 14 ആണ്.

ഇസ്‌ലാം എന്നാല്‍ സമാധാനം എന്നാണര്‍ത്ഥം. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ, ഒരു തീവ്രവാദ സംഘടനയും ആ ഇസ്‌ലാമിനെ അംഗീകരിക്കുന്നില്ല. അല്‍ഖ്വയ്ദ, താലിബാന്‍, ലഷ്‌കറെ- ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ്, അല്‍ഉമ്മ, ഐഎസ്- തുടങ്ങി എല്ലാ തീവ്രവാദികളും മനുഷ്യരെ നിര്‍ദയം കൊന്നു തള്ളുന്നവരാണ്. സാമ്രാജ്യത്വമാണ് ഈ സംഘങ്ങളെയെല്ലാം വളര്‍ത്തിയത്.

പോപ്പുലര്‍ ഫ്രണ്ടും കൂട്ടാളികളും അവരുടെ ബീഭല്‍സ മുഖം മറച്ചുപിടിക്കാനും സംരക്ഷണത്തിനുമായി മനുഷ്യാവകാശ സംരക്ഷണത്തിന്റെ മറ കെട്ടി ഉയര്‍ത്തും. സംഘ്പരിവാറിന്റെ അതിക്രമങ്ങളുടെ ‘ഇര’ എന്ന പരിവേഷം ചാര്‍ത്തി ചില ശുദ്ധാത്മാക്കളെ തങ്ങള്‍ക്ക് ചുറ്റും അണിനിരത്തും, ചില ‘ബുദ്ധിജീവി’കളെ വിലക്കെടുക്കും. അവര്‍ നടത്തുന്ന പത്ര സ്ഥാപനങ്ങളുടെയും മറ്റും തലപ്പത്തിരുത്തി, ഉയര്‍ന്ന പ്രതിഫലം നല്‍കും. ഈ തീവ്രവാദ സംഘം നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ചും, വിധ്വംസക പ്രവര്‍ത്തനങ്ങളെക്കുറിച്ചും, പൊലിസ് നടപടി ഉണ്ടായാല്‍, ‘മനുഷ്യാവകാശ’ പ്രവര്‍ത്തകരായ ചിലരെ കവചമാക്കും. ഇതെല്ലാം ബോധപൂര്‍വമായ ഒരു തിരക്കഥയനുസരിച്ചാണ്.

ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും, സംഘ്പരിവാറിന്റെ വര്‍ഗീയ ഭീഷണിക്കുമെതിരായ മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുക എന്നതാണ് സാമ്രാജ്യത്വ ശക്തികളുടെ ലക്ഷ്യം. ഇതിന് അഞ്ചാം പത്തിയായി പ്രവര്‍ത്തിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടുള്‍പ്പെടെയുള്ള തീവ്രവാദശക്തികള്‍. ഇവര്‍ മുസ്‌ലിംകളുടെ ശത്രുക്കളാണ്. കേരളത്തിലെ മുസ്‌ലിം ജനതയില്‍ 90 ശതമാനത്തിലധികം വരുന്ന സുന്നി മുസ്‌ലിംകള്‍ ഇത്തരം തീവ്രവാദങ്ങളെ തുറന്നെതിര്‍ക്കുന്നത് ഈ സാഹചര്യത്തിലാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.