2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ഭീകരതെക്കെതിരെ രാജ്യത്തോടൊപ്പം നില്‍ക്കണം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

  • ഭീകരാക്രമണത്തിന്റെ പാശ്ചാത്തലത്തില്‍ മുസ്‌ലിംകള്‍ക്കു നേരേ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി വേണം

ന്യൂഡല്‍ഹി: ഭീകരാക്രമണത്തിന്റെ പാശ്ചാത്തലത്തില്‍ എല്ലാവിഭാഗം ജനങ്ങളും രാജ്യത്തോടൊപ്പം നില്‍ക്കണമെന്നും ദേശീയോദ്ഗ്രഥനം ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി നേതാക്കന്‍മാരുടെ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയം മറന്ന് ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. കാശ്മീരിലെ സമാധാനം പുനസ്ഥാപിക്കേണ്ടത് രാജ്യ സുരക്ഷക്ക് അത്യന്താപേക്ഷിതമാണന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണം സൃഷ്ടിച്ച ആഘാതം വിട്ടുമാറുന്നതിന് മുന്‍പേ പ്രത്യേക സാഹചര്യം മറയാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ജമ്മുവില്‍ പ്രത്യേകിച്ചും മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയും സാമുദായിക സൗഹാര്‍ദ്ദവും സംരക്ഷിക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റ് കൈകൊളളണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ചുള്ള സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാനായി മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മറ്റ് പരിപാടികള്‍ മാറ്റിവച്ച് ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിരുന്നു. രാജ്യം ഭീകരവാദ ഭീഷണിയെ നേരിടുന്ന ഈ ഘട്ടത്തില്‍ രാഷ്ട്രീയമായ ആരോപണ പ്രത്യാരോപണങ്ങള്‍ മാറ്റിവച്ച് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം എന്നാണ് യോഗത്തിലുയര്‍ന്ന പൊതുവികാരമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.