2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ഉന്നാവ് ബലാത്സംഗക്കേസില്‍ അപൂര്‍വ്വ നടപടി; പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ എയിംസില്‍ താല്‍ക്കാലിക കോടതി

 

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ പ്രത്യേക കോടതി ജഡ്ജി ഡല്‍ഹിയ എയിംസിലെത്തി. ആശുപത്രിയില്‍ താല്‍ക്കാലിക കോടതി രൂപീകരിച്ച് മൊഴിയെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പ്രത്യേക കോടതി ജഡ്!ജിയായ ധര്‍മേശ് ശര്‍മയാണ് ഇതിന്റെ ഭാഗമായി എയിംസില്‍ എത്തിയത്.

അവശനിലയിലായവരുടെ മൊഴിയെടുക്കാന്‍ ജഡ്ജിമാര്‍ ആശുപത്രിയില്‍ എത്താറുണ്ടെങ്കിലും ആശുപത്രിയില്‍ തന്നെ താല്‍ക്കാലിക കോടതി സ്ഥാപിക്കുന്നത് അപൂര്‍വമായ നടപടിയാണ്.

ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗര്‍ ഉള്‍പ്പെട്ട കേസിലെ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിനു നേരെ ട്രക്ക് ഇടിക്കുകയും രണ്ടുപേര്‍ മരിക്കുകയും പെണ്‍കുട്ടി ഗുരുതര നിലയില്‍ ആശുപത്രിയിലാവുകയും ചെയ്തിരുന്നു. ആദ്യം ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടിയുടെ കോടതിയുടെ നിര്‍ദേശപ്രകാരമാണ് എയിംസിലേക്കു മാറ്റിയത്.

കഴിഞ്ഞ ആഴ്ചയാണ് പെണ്‍കുട്ടിയെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്. മൊഴിയെടുക്കാനെത്തിയ സി.ബി.ഐയോട് അപകടത്തിന് പിന്നിലും തന്നെ ബലാത്സംഗം ചെയ്ത ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങും കൂട്ടാളികളുമാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

2017 ജൂണ്‍ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് പീഡിപ്പിച്ചുവെന്നതാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രില്‍ മാസത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയില്‍ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം, ആയുധങ്ങള്‍ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍, പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.