2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

പറഞ്ഞു തീരാത്ത കഥകളുമായി ദുര്‍സുന്‍

മോസ്‌കോയിലുള്ള മത്സരം കണ്ടതിനുശേഷം സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് ട്രെയിന്‍ കയറി. സോവിയറ്റ് യൂനിയനിലെ ലെനിന്‍ഗ്രാഡ്. പന്ത്രണ്ടു മണിക്കൂര്‍ നീണ്ട യാത്രയാണ്. പാസ്‌പോര്‍ട്ടൊക്കെ കര്‍ശനമായി ചെക്ക് ചെയ്താണ് ട്രെയിനില്‍ കയറ്റുക. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്തതുകൊണ്ടു ഞങ്ങള്‍ പലരും പല കംപാര്‍ട്‌മെന്റിലായി.

ഗൗരവക്കാരായ റഷ്യന്‍ പൗരന്മാരോടൊപ്പമായിരുന്നു യാത്ര. ഒരു ചെറിയ ശബ്ദം പോലും അവരെ അലോസരപ്പെടുത്തും. കളി മൊബൈലില്‍ കാണാന്‍ ശ്രമിച്ച നാസറിനെ അവര്‍ വിലക്കി. ട്രെയിന്‍ ഒരു നിശബ്ദരാജ്യമായിരുന്നു. പക്ഷേ നേരം പുലരുമ്പോള്‍ കൂപ്പെകളില്‍നിന്നു പുറത്തുവന്ന റഷ്യന്‍ കുട്ടികള്‍ ഇടനാഴികള്‍ ഉത്സവമാക്കി. മുതിര്‍ന്നവരുടെ മര്യാദ അവര്‍ക്കറിയില്ലല്ലോ. ഞങ്ങളുടെ ഫിഫ ഐ.ഡി തൊട്ടുനോക്കി അവര്‍ റഷ്യനില്‍ എന്തൊക്കെയോ ചോദിച്ചു. നിങ്ങളുടെ ടീം ഏതാണെന്നാണ് എന്ന് റഷ്യന്‍ അമ്മമാര്‍ വിവര്‍ത്തനം ചെയ്തു. ഞങ്ങള്‍ ഇന്ത്യക്കാരാണു, പക്ഷേ വിവിധ രാജ്യങ്ങളുടെ ആരാധകരാണെന്നു പറഞ്ഞു ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടി.

നേരം പുലര്‍ന്നപ്പോള്‍ കൂടെയുള്ള റഷ്യയിലെ ആയുര്‍വേദ ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ എസ്പ്രസോ കാപ്പി ഞങ്ങള്‍ക്കായി ഓര്‍ഡര്‍ ചെയ്തു. കാപ്പിയുമായി വന്ന സുമുഖനായ ട്രെയിന്‍ കണ്ടക്ടര്‍ ഞങ്ങളുടെ കൂടെ അല്‍പനേരം ഇരുന്നു. ഡോക്ടര്‍ക്ക് റഷ്യന്‍ ഭാഷ നന്നായറിയാം. അദ്ദേഹത്തിന്റെ സഹായത്തോടെ കംപാര്‍ട്‌മെന്റ് കണ്ടക്ടറായ ദുര്‍സുനോട് സംസാരിച്ചു. ഹെംഷിന്‍ എന്ന മുസ്‌ലിം വിഭാഗത്തില്‍പെടുന്നയാളാണ് ദുര്‍സുന്‍. ജോര്‍ജിയയില്‍ ഉത്ഭവിച്ച് അര്‍മീനിയയിലും തുര്‍ക്കിയിലും ചേക്കേറിയ മുസ്‌ലിം വിഭാഗമാണത്രേ അത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം സോച്ചിയിലാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ തുര്‍ക്കിയില്‍നിന്ന് ഇസ്‌ലാമിലേക്കു വന്ന വിഭാഗമാണത്. അന്‍പതിനായിരത്തില്‍ താഴെയാണു നിലവില്‍ ആകെ ഗോത്ര ജനസംഖ്യ.

സംസാരിച്ചുനോക്കിയപ്പോള്‍ രസകരമാണു ജീവിതം. റഷ്യയിലെ തെക്കുപടിഞ്ഞാറന്‍ മേഖലയിലും തുര്‍ക്കിയിലും ആടുമേച്ച ജീവിതങ്ങളാണ്. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിലക്കുവീണു. പ്രകടമായി ഒന്നും കാണിക്കാന്‍ പറ്റില്ല. പിതാവ് നോമ്പ് നോല്‍ക്കുന്നതുപോലും രഹസ്യമായിട്ടായിരുന്നു എന്ന് ദുര്‍സുന്‍ പറഞ്ഞു. പക്ഷേ കമ്മ്യൂണിസ്റ്റ് ഭരണകാലത്തോട് ദുര്‍സുനു വിരോധമില്ല. അതൊരു നയം എന്നേ അയാള്‍ കരുതുന്നുള്ളൂ. അദ്ദേഹം റഷ്യയില്‍ രാത്രിയില്ലാത്ത ഈ നോമ്പിനും ഇരുപത് മണിക്കൂര്‍ നോമ്പുനോറ്റു ജോലിയെടുത്തയാളാണ്.
ദുര്‍സുന്റെ കുടുംബചരിത്രം രസകരമാണ്. സുഹൃത്തിന്റെ ഫോണില്‍ യാദൃച്ഛികമായി കണ്ട റസ്‌തോവ് എന്ന നഗരത്തിലെ റഷ്യന്‍ പെണ്‍കുട്ടിയെ അയാള്‍ക്കിഷ്ടായി. നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു ഭാര്യയാകാന്‍ ആവശ്യപ്പെട്ടു. അവള്‍ തയാറായില്ല. സുഹൃത്തുക്കള്‍ക്കൊപ്പം റസ്‌തോവിലെത്തി അയാള്‍ ആ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് സോച്ചി എന്ന കരിങ്കടല്‍തീരത്തെ തന്റെ വീട്ടിലെത്തി, അച്ഛനമ്മമാരെ ഏല്‍പ്പിച്ച ശേഷം ഒരു മാസത്തേക്കു മുങ്ങി. കാര്യങ്ങളറിഞ്ഞ ഇരു വീട്ടുകാരും ആലോചിച്ചു പിന്നീട് ആഘോഷമായി വിവാഹം നടത്തി. ഇത് അവരുടെ ഗോത്ര ആചാരങ്ങളില്‍പെടുമത്രേ. സംഘകാല കൃതികളില്‍പെടുന്ന പുറ നാനൂറില്‍ കളവ് എന്ന വിവാഹസമ്പ്രദായത്തെ പറ്റി പറയുന്നുണ്ട്. അതിന്റെ റഷ്യന്‍ പതിപ്പാകും ഇത് എന്നു ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു.

തന്റെ ഫോണിലുള്ള ഭാര്യയുടെയും മകന്റെയും ചിത്രങ്ങള്‍ ദുര്‍സുന്‍ കാണിച്ചു. ഇപ്പോള്‍ അവള്‍ക്ക് അയാളെ പിരിഞ്ഞിരിക്കാനേ പറ്റുന്നില്ലത്രേ. റഷ്യയുടെ ഒരറ്റത്തുള്ള കരിങ്കടല്‍ തീരത്തുനിന്ന് ബാള്‍ടിക് കടലിടുക്കിലുള്ള സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്കു യാത്ര ചെയ്ത് തിരിച്ചെത്തുമ്പോള്‍ ഏഴു ദിവസമെങ്കിലും ആവും. പിന്നെ അല്‍പദിവസം വിശ്രമം. വീണ്ടും ജോലിയിലേക്ക്. പക്ഷേ അതിന്റെ ഒരു മടുപ്പും ആ മനുഷ്യന്റെ മുഖത്തില്ല. തന്നെ സമീപിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും വേണ്ട സര്‍വസൗകര്യവും ഒരുക്കി അയാള്‍ ട്രെയിനിലുണ്ട്. ഇന്ത്യയുടെ ഏഴിരട്ടി വലിപ്പമുള്ള റഷ്യ എന്ന രാജ്യത്തെ കീറിമുറിച്ച് ട്രെയിന്‍ പായുകയാണ്. വംശവൈവിധ്യത്തിന്റെയും വിശ്വാസവൈവിധ്യത്തിന്റെയും കഥകള്‍ അറിഞ്ഞാല്‍ റഷ്യ ഒന്നല്ല, പലതാണ്. പുറമേയുള്ള എല്ലാ അടരുകള്‍ക്കുള്ളിലും പലതിന്റെ റഷ്യ. വൈവിധ്യങ്ങളുടെയും വിസ്മയങ്ങളുടെയും റഷ്യ.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.