2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

‘വനിതാ ബില്ല് നിയമമാവുന്നത് പേടിപ്പെടുത്തുന്നു’; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ പഴയ ട്വീറ്റ് മുക്കി ബംഗളൂരുവിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യ

 

ബംഗളൂരു: വനിതാ ബില്ല് നിയമമാവുന്ന ദിവസത്തെ ഭയക്കുന്നുവെന്നും വനിതാ ബില്ലൊഴികെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാ നിര്‍ദേശങ്ങളും നല്ലതാണെന്നുമുള്ള പഴയ ട്വിറ്റര്‍ കുറിപ്പ് മുക്കി ബി.ജെ.പിയുടെ ബംഗളൂരു സൗത്തിലെ സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യ. നരേന്ദ്രമോദി വരുമെന്നു കരുതിയിരുന്ന ബംഗളൂരു സൗത്തില്‍ ഇന്നാണ് 28 കാരനായ അഭിഭാഷകന്‍ തേജസ്വിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍, ഇതിനു പിന്നാലെ തന്നെ 2014 ജൂണില്‍ അദ്ദേഹമിട്ട ട്വീറ്റ് ഡിലീറ്റ്‌ചെയ്യുകയായിരുന്നു.

 

ഡിലീറ്റ് ചെയ്ത പഴയ ട്വീറ്റ്‌

 

പാര്‍ലമെന്റിലെ വനിതാ സംവരണ ബില്ല് ഒഴികെയുള്ള മോദി സര്‍ക്കാരിന്റെ അജണ്ടകളെല്ലാം പ്രചോദനമാണ്. നിതാ ബില്ല് പാസ്സാവുന്ന ദിവസം പേടിപ്പെടുത്തുന്നു- എന്നായിരുന്നു തേജസ്വിയുടെ ട്വീറ്റ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതുമുതല്‍ എതിര്‍ പാര്‍ട്ടിക്കാര്‍ വനിതാ ബില്ലിനെതിരായ തേജസ്വിയുടെ ട്വീറ്റുകള്‍ ‘കുത്തിപ്പൊക്കി’ പണി കൊടുക്കാന്‍ നോക്കുമ്പോഴാണ് അത് ഡിലീറ്റ്‌ചെയ്തതായി അറിഞ്ഞത്. ഡിലീറ്റ്‌ചെയ്‌തെങ്കിലും പഴയ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹത്തിന്റെ വനിതാ ബില്ലിനെതിരായ പരാമര്‍ശം എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ചര്‍ച്ചയാക്കുമെന്ന് ഉറപ്പാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.