2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അധ്യാപികമാരെ അവഹേളിച്ചവര്‍ വിദ്യാര്‍ഥികള്‍: നാലു വിദ്യാര്‍ഥികളെ ചോദ്യം ചെയ്തു വിട്ടയച്ചു

കൊച്ചി: വിക്ടേഴ്സ് ചാനലിലൂടെ കുട്ടികള്‍ക്ക് ക്ലാസെടുത്ത അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ വിദ്യാര്‍ഥികളെന്നു തെളിഞ്ഞു. സംഭവത്തില്‍ നാലു വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വിട്ടയച്ചു. സംഭവത്തില്‍ സൈബര്‍ പൊലിസ് കേസെടുത്തിരുന്നു. നേരത്തെ വനിതാ കമ്മിഷനും യുവജന കമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു.

വനിതാ കമ്മിഷന്‍ അംഗം ഡോ ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് വനിതാകമ്മിഷന്റെ നടപടി. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുന്നതിനിടെയാണ് നാലു വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ ഫോണും പൊലിസ് പിടിച്ചെടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്ത ശേഷം താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും സഭ്യമല്ലാത്ത ട്രോളുകള്‍ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വനിതാകമ്മിഷന്‍ അംഗം ഷാഹിദ കമാലിന്റെ പരാതിയിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പൊലിസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
ഓണ്‍ലൈന്‍ വഴി ക്ലാസുകളെടുത്ത അധ്യാപികമാരെ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ ശിശുവികസന മന്ത്രി കെ കെ ശൈലജ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.