2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

അഫ്ഗാനില്‍ യു.എസ് സൈന്യത്തിനെതിരേ പോരാട്ടം ശക്തമാക്കുമെന്ന് താലിബാന്‍

 

 

കാബൂള്‍: ഇനി ചര്‍ച്ചയില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിന് പിന്നാലെ അഫ്ഗാനിലുള്ള അമേരിക്കന്‍ സൈന്യത്തിനുനേരെ പോരാട്ടം ശക്തമാക്കുമെന്ന് താലിബാന്‍.
ചര്‍ച്ച തുടങ്ങാനിരിക്കെ കാബുളിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതിഷേധിച്ചാണ് താലിബാനുമായി ചര്‍ച്ചയില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യത്തെ ഒഴിവാക്കാന്‍ തങ്ങള്‍ക്കുമുന്‍പില്‍ രണ്ട് വഴികള്‍ മാത്രമാണുള്ളത്.
അതില്‍ ഒന്ന് അമേരിക്കന്‍ സൈന്യത്തിനെതിരായി ജിഹാദ് പ്രഖ്യാപിച്ച് യുദ്ധം ചെയ്യുകയെന്നതാണ്. മറ്റൊന്ന് ചര്‍ച്ച നടത്തുകയെന്നതാണെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.
ചര്‍ച്ചക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ തങ്ങള്‍ ആദ്യത്തെ വഴിയാണ് സ്വീകരിക്കുക. അത്തരമൊരു സംഭവമുണ്ടായാല്‍ അവര്‍ പശ്ചാത്തപിക്കേണ്ടിവരികതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കന്‍ സൈന്യം കഴിഞ്ഞ 18 വര്‍ഷമായി താലിബാനുമായി യുദ്ധത്തിലാണ്. ചര്‍ച്ച നടത്തി പ്രശ്‌നം രമ്യമായി പരിഹരിക്കാനും അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായിട്ടാണ് ചര്‍ച്ചക്ക് ട്രംപ് തയാറായിരുന്നത്.
എന്നാല്‍ അതിനിടയിലാണ് സ്‌ഫോടനമുണ്ടായതും അതിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുക്കുകയും ചെയ്തത്. ഇതില്‍ പ്രകോപിതനായാണ് താലിബാനുമായി ചര്‍ച്ചക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്.
താലിബാന്‍ നേതാക്കളുമായി കാംപ് ഡേവിഡില്‍ ചര്‍ച്ച നടത്തുമെന്ന പ്രഖ്യാപനം നാടകീയമായിട്ടാണ് ട്രംപ് പിന്‍വലിച്ചതെന്നാണ് താലിബാന്‍ വിശദീകരണം. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലുണ്ടായതിനേക്കാള്‍ ഏറ്റവും ശക്തമായ രീതിയിലാണ് കഴിഞ്ഞ നാല് ദിവസങ്ങളില്‍ തങ്ങള്‍ ശത്രുക്കളുമായി ഏറ്റുമുട്ടുന്നതെന്നും താലിബാന്‍ വക്താവ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.