2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

തഖിയുദ്ദീന്‍ വാഹിദിന്റെ ചോരയുടെ മണമുള്ള ജെറ്റ് എയര്‍വേയ്‌സ് നേരിടുന്നത് ചരിത്രത്തിന്റെ കാവ്യനീതി

കെ.എ സലിം

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെടുമ്പോള്‍ പുലരുന്നത് ചരിത്രത്തിലെ മറ്റൊരു നീതി. 8,200 കോടിയാണ് നിലവില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ കടം. കടംപെരുകി വാടക നല്‍കാത്തതിനാല്‍ 40 വിമാനങ്ങള്‍ അത് വാടകയ്ക്ക് നല്‍കിയ കമ്പനികള്‍ കൊണ്ടുപോയി. എഞ്ചിനീയര്‍മാര്‍ക്ക് ശമ്പളം നല്‍കാത്തതിനാല്‍ സാങ്കേതിക തകരാര്‍ പരിഹരിക്കാത്തത് മൂലം ബാക്കിയുള്ള വിമാനങ്ങളും കട്ടപ്പുറത്താണ്. വഞ്ചിച്ചും കൊല്ലിച്ചുമാണ് ഡല്‍ഹിയിലെ ചെറിയ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന നരേഷ് ഗോയല്‍ ജെറ്റ് എയര്‍വേയ്‌സ് എന്ന തന്റെ വിമാനസര്‍വ്വീസ് കമ്പനി പടുത്തുയര്‍ത്തിയത്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവിമാനക്കമ്പനിയുടമയും മലയാളിയുമായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ തഖിയുദ്ദീന്‍വാഹിദിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ നരേഷ് ഗോയലായിരുന്നുവെന്ന് ആരോപണം ശക്തമാണ്. അക്കാലത്ത് നരേഷ് ഗോയലായിരുന്നു തഖിയൂദ്ദീന്റെ പ്രധാന ഏതിരാളി. ഇതു സംബന്ധിച്ച് രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകരിലൊരാളായ ജോസി ജോസഫ് എ ഫിയസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ്: ദ ഹിഡണ്‍ ബിസ്സിനസ് ഓഫ് ഡമോക്രസി ഇന്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

നരേഷ് ഗോയല്‍ ദാവൂദിന്റെ ആളുകളെ ഉപയോഗിച്ച് തഖിയൂദ്ദീനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജോസി ജോസഫ് തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നത്. 1995 നവംബര്‍ 13ന് രാത്രി ഒന്‍പതരയോടെയാണ് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഉടമ തക്കിയുദ്ദീന്‍വാഹിദ് ബോംബെ ബാന്ദ്രയിലെ ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ കൊല്ലപ്പെടുന്നത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള തക്കിയുദ്ധീനെ ദാവൂദിന്റെ എതിര്‍വിഭാഗമായ ഛോട്ടാരാജന്‍ സംഘം കൊലപ്പെടുത്തിയെന്നായിരുന്നു പോലിസ് കഥ. രാജ്യത്തെ ഏറ്റവും ഉന്നതനായ വ്യവസായിയുടെ മരണം സാധാരണ കൊലക്കേസിന് നല്‍കുന്ന പ്രാധാന്യം പോലും നല്‍കാതെയാണ് പോലിസ് അന്വേഷിച്ചത്. തക്കിയുദ്ദീന്റെ ഭാര്യയുടേയോ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ മറ്റു ഡയറക്ടര്‍മാരായ തക്കിയുദ്ദീന്റെ സഹോദരങ്ങളുടേയോ ബന്ധുക്കളുടേയോ മൊഴിപോലും രേഖപ്പെടുത്തിയിരുന്നില്ല. തക്കിയുദ്ദീന്‍ ബോംബെയില്‍ ട്രാവല്‍സ് നടത്തിയിരുന്ന കാലത്ത് തന്നെ നരേഷ് ഗോയല്‍ എതിരാളിയായുണ്ടായിരുന്നു. 1986ല്‍ എയര്‍ഇന്ത്യയുടേയും ഗള്‍ഫ് എയറിന്റെയും ഏറ്റവും വലിയ ടിക്കറ്റ് ഏജന്‍സിയായിരുന്നു ഈസ്റ്റ് വെസ്റ്റ്. ഗള്‍ഫ് എയറിന്റെ ജനറല്‍ സെയില്‍ ഏജന്റിനെ തിരഞ്ഞെടുക്കുന്ന ഘട്ടംവന്നപ്പോള്‍ നിലവില്‍ ഗള്‍ഫ് എയറിന്റെ 75 ശതമാനം ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്ന ഈസ്റ്റ് വെസ്റ്റിന് തന്നെ ലഭിക്കുമെന്ന് തക്കിയ്ക്ക് ഉറപ്പായിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ ചെറിയ ട്രാവല്‍ ഏജന്‍സിയായിരുന്ന നരേഷ് ഗോയലിന്റെ ജെറ്റ് എയറിനായിരുന്നു അത് ലഭിച്ചത്. താനത് തട്ടിയെടുക്കുകയായിരുന്നുവെന്ന് നരേഷ് ഗോയല്‍ തന്നെ തക്കിയുദ്ദീനോട് പറഞ്ഞിട്ടുണ്ട്. 1990ല്‍ ഈസ്റ്റ് വെസ്റ്റ് വിമാന സര്‍വ്വീസ് കമ്പനി തുടങ്ങി.

ഈസ്റ്റ് വെസ്റ്റ് എം.ഡിയായിരുന്ന തഖിയുദ്ദീന്‍ അബ്ദുല്‍ വാഹിദ്‌

ആഭ്യന്തര റൂട്ടുകളില്‍ ബിസ്സിനസ് ക്ലാസുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ മലേഷ്യയില്‍ നിന്ന് മൂന്ന് 737400 ബോയിങ് വിമാനങ്ങള്‍ വാങ്ങാന്‍ തക്കിയുദ്ദീന്‍ അഡ്വാന്‍സ് നല്‍കി. വിമാനങ്ങള്‍ ഈസ്റ്റ് വെസ്റ്റിന്റെ ഡിസൈന്‍ പെയിന്റ് ചെയ്തു തയ്യാറായി. എന്നാല്‍ വിചിത്രമായ എതിര്‍പ്പുമായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ രംഗത്തുവന്നു. ഇത്തരം വിമാനങ്ങള്‍ ഇന്ത്യയ്ക്ക് പരിചയമില്ലാത്തതിനാല്‍ എയര്‍ക്രാഫ്റ്റിന്റെ അതീവരഹസ്യ സ്വഭാവമുള്ള ബ്ലൂപ്രിന്റ് അടക്കമുള്ള രേഖകള്‍ സര്‍ക്കാറിന് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായതിനാല്‍ മലേഷ്യന്‍ കമ്പനി അതിന് തയ്യാറായില്ല. തക്കിയുദ്ദീന്‍ എല്ലാ ശ്രമങ്ങളും നടത്തി. നടന്നില്ല. ആഴ്ചകള്‍ക്കുള്ളില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ എതിര്‍പ്പില്ലാതെ അതേ വിമാനങ്ങള്‍ പെയിന്റ് മാറ്റി ജറ്റ് എയര്‍വേയ്‌സ് ഇന്ത്യയിലെത്തിച്ചു. ഗോയലായിരുന്നു പിന്നില്‍. തക്കിയുദ്ദീന്റെ ബിസ്സിനസ് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ജറ്റ് എയര്‍വേയ്‌സില്‍ ഗോയലിന്റെ വിശ്വസ്ഥനായിരുന്ന മലയാളി ദാമോദരനെ നിയോഗിച്ചതായിരുന്നു മറ്റൊന്ന്. ഗോയലുമായി തെറ്റിപ്പിരിഞ്ഞെന്ന് ധരിപ്പിച്ച് ദാമോദരന്‍ ഈസ്റ്റ് വെസ്റ്റില്‍ ചേര്‍ന്നു. മാസങ്ങള്‍ കൂടെ നിന്ന ശേഷം ഗോയലിന്റെ പാളയത്തിലേക്ക തിരിച്ചുപോകുകയും ചെയ്തു. ദാമോദരന്‍ തന്റെ ചാരനായിരുന്നുവെന്ന് ഗോയല്‍ തന്നെയാണ് തക്കിയുദ്ദീനെ വിളിച്ചു വീമ്പിളക്കുന്നത്.

വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം ആവാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ യു.എ.ഇയുടെ എമിറേറ്റ്‌സുമായി തക്കിയുദ്ദീന്‍ ധാരണാപത്രം ഒപ്പിട്ടു. അതോടെ വിദേശകമ്പനികളെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. കരാര്‍ റദ്ദാക്കേണ്ടി വന്നു. എന്നാല്‍ ജെറ്റ് എയര്‍വേയ്‌സിന് കുവൈത്ത് എയര്‍വേയ്‌സില്‍ നിന്നും ഗള്‍ഫ് എയര്‍വേയ്‌സില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ തടസ്സമുണ്ടായില്ല. വൈകാതെ തക്കിയുദ്ദീന്‍ കൊല്ലപ്പെട്ടു. എയര്‍ലൈന്‍സ് തകര്‍ന്നു. അത് നിലനിര്‍ത്താന്‍ തക്കിയുദ്ദീന്റെ സഹോദരന്‍ ഫൈസല്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. തക്കിയുദ്ദീന്റെ മരണത്തിന് ശേഷവും നരേഷ് ഗോയല്‍ ഈസ്റ്റ് വെസ്റ്റിന് പിന്നാലെയുണ്ടായിരുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് ഈസ്റ്റ് വെസ്റ്റിനെ രക്ഷിക്കാന്‍ ഫൈസല്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു.

അന്ന് വ്യോമയാന മന്ത്രിയായിരുന്ന സി.എം ഇബ്രാഹിം സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് തന്നെ വഞ്ചിച്ചുവെന്ന ഫൈസല്‍ പറയുന്നു. ഈസ്റ്റ് വെസ്റ്റിന്റെ പദ്ധതിയറിഞ്ഞ നരേഷ് ഗോയല്‍ ഇബ്രാഹിമിനെ പലതവണ വന്നു കണ്ടതായി മന്ത്രിയുടെ സഹായി തന്നെ ഫൈസലിനോട് പറഞ്ഞിരുന്നു. 2001ല്‍ തന്നെ അക്കാലത്ത് ഇന്റലിജന്‍സ് ബ്യുറോ ചീഫായിരുന്ന കെ പി സിങ്, ജോയിന്‍ ഡയറക്ടര്‍ അന്‍ജാന്‍ ഘോഷ് എന്നിവര്‍ ആഭ്യന്തര മന്ത്രാലയം ജോയിന്‍ സെക്രട്ടറിയായിരുന്ന സംഗീത ഗെയ്‌റോലയ്ക്ക് ഒരു കത്തു നല്‍കി. നരേഷ് ഗോയല്‍ ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലുമായി നടത്തുന്ന ചില സാമ്പത്തിക സെറ്റില്‍മെന്റുകള്‍ സംബന്ധിച്ച ചര്‍ച്ചകളുടെ വിവരങ്ങളായിരുന്നു അത്. തക്കിയുദ്ദീനെ കൊലപ്പെടുത്തിയതിനുള്ള പണമായിരുന്നു അത്. ഗോയലിന്റെ വിമാനക്കമ്പനിയില്‍ ചില സംശയകരമായ നിക്ഷേപങ്ങള്‍ നടന്നതായും കള്ളപ്പണം വെളുപ്പിക്കുന്നതായും കത്തിലുണ്ടായിരുന്നു. ജെറ്റ് എയര്‍വേയ്‌സില്‍ ദാവൂദിന്റെ ബിനാമി നിക്ഷേപമുണ്ടെന്നായിരുന്നു കത്തിലെ കാതല്‍. 2001 ഡിസംബറില്‍ കത്ത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പാര്‍ലമെന്റ് ഇളകി. ഗോയലിന്റെ ദാവൂദ് ബന്ധം സംബന്ധിച്ച തെളിവുകള്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന അഡ്വാനിയ്ക്ക് കൈമാറി. അഡ്വനി ഒന്നും ചെയ്തില്ല. അഡ്വാനി ആഭ്യന്തരമന്ത്രിയും രാജീവ് പ്രതാപ് റൂഡി വ്യോമയാന മന്ത്രിയും ആയിരിക്കുമ്പോള്‍ തന്നെ ജറ്റിന് വീണ്ടും സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.