2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

Editorial

താജ്മഹലും കോടതി വിധിയും


‘സംരക്ഷിക്കുന്നില്ലെങ്കില്‍ താജ്മഹല്‍ പൊളിച്ചേക്കൂ’ എന്ന് അതിരൂക്ഷമായ ഭാഷയിലാണ് സുപ്രിം കോടതി കഴിഞ്ഞ ദിവസം യു.പി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോടതിയുടെ അതിനിശിതമായ വിമര്‍ശനം ഒരു അംഗീകാരമായി പരിഗണിച്ച് യു.പിയിലെ യോഗി ആദിത്യനാഥിന്റെ ബി.ജെ.പി ഭരണകൂടം താജ്മഹല്‍ പൊളിച്ച് കൂടായ്കയില്ല. അത്രമേല്‍ വര്‍ഗീയ ഫാസിസമാണ് താജ്മഹലിന് മേല്‍ ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍വഹിച്ച് കൊണ്ടിരിക്കുന്നത്. യുവാക്കള്‍ക്ക് തൊഴില്‍ ഇല്ലാത്തതോ ജനക്ഷേമ കരങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്താനാകാത്തതോ ആശുപത്രികളില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുന്നതോ യു.പി മുഖ്യമന്ത്രിയെ അലട്ടുന്നില്ല. ശൗചാലയങ്ങള്‍ക്കും ബസ്സ്റ്റാന്‍ഡുകള്‍ക്കും കാവി നിറമില്ലാത്തതാണ് അദ്ദേഹത്തെ ഏറെ ആശങ്കപ്പെടുത്തുന്നത്!
യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്നത് മുതല്‍ക്കാണ് താജ്മഹലിന് നേരെ യു.പി ഭരണകൂടം തിരിയുവാന്‍ തുടങ്ങിയത്. താജിന്റെ നിസ്തുല ശോഭയോ, വിദേശ സഞ്ചാരികളെ ഹഠാദാകര്‍ഷിക്കുന്നതോ, ലോകത്തെ സപ്താല്‍ഭുതങ്ങളില്‍ ഒന്നായതോ, വര്‍ഷം തോറും ലക്ഷങ്ങളുടെ വിദേശ നാണ്യം രാജ്യത്തിന് ലഭിക്കുന്നതോ ഒന്നും വര്‍ഗീയ തിമിരം ബാധിച്ച യു.പി മുഖ്യമന്ത്രിക്ക് പ്രശ്‌നമല്ല. മുസ്‌ലിം ഭരണാധികാരിയായിരുന്ന ഷാജഹാന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച രമ്യഹര്‍മ്യം ഹിന്ദുത്വ രാഷ്ട്രത്തിന് വേണ്ടി അധ്വാനിക്കുന്ന സംഘ്പരിവാറിന് സഹിക്കാന്‍ കഴിയുന്നില്ല. അത്രതന്നെ. അധികാരമേറ്റ നാള്‍ മുതല്‍ ആദിത്യനാഥ് താജ്മഹലിനെ തകര്‍ക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് അതിനാലാണ് .

താജ്മഹലിന്റെ അറ്റകുറ്റപ്പണികള്‍ നടത്താതെ അതിനെ ജീര്‍ണാവസ്ഥയിലേക്ക് തള്ളിവിടുന്ന നയമാണ് യു.പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാരിന്റെ ഈ നയത്തിനെതിരേ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്ന വേളയിലാണ് സംരക്ഷിക്കുവാന്‍ താല്‍പര്യമില്ലെങ്കില്‍ അത് പൊളിച്ചേക്ക് എന്ന് കോടതിക്ക് പറയേണ്ടിവന്നത്.
താജ്മഹല്‍ ശിവക്ഷേത്രമായ തേജോമഹലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നേരത്തെ ശ്രമം നടന്നതാണ്. രജപുത്രനായ രാജാമാന്‍ സിങാണ് അത് പണികഴിപ്പിച്ചതെന്ന് വരെ തട്ടിവിടുകയുണ്ടായി. താജ്മഹല്‍ ദ ട്രൂത്ത് സ്റ്റോറി എന്ന വ്യാജ ചരിത്രപുസ്തകത്തെ അവലംബമാക്കിയാണ് തല്‍പര കക്ഷികള്‍ ഈ വാദം ഉയര്‍ത്തിയത്. എന്നാല്‍ നിരവധി ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും വീണ്ടെടുത്ത പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞന്‍ കെ.കെ മുഹമ്മദ് എന്ന മലയാളി ഇത്തരമൊരു ക്ഷേത്രത്തെക്കുറിച്ച് താന്‍ കേട്ടിട്ടുപോലുമില്ലെന്ന് വ്യക്തമാക്കിയതാണ്. മാത്രവുമല്ല, പുരാവസ്തു വകുപ്പും കേന്ദ്രസര്‍ക്കാരും ഇത്തരമൊരു വാദം കേവലം സങ്കല്‍പമാണെന്നും സുപ്രിം കോടതിയെ ബോധിപ്പിച്ചിരുന്നു. ഭരണമേറ്റയുടനെ യോഗി ആദിത്യനാഥ് ചെയ്തത് താജ്മഹലിനെ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കുക എന്നതായിരുന്നു. താജ്മഹലിന്റെ സംരക്ഷണത്തിന് കര്‍മപദ്ധതി തയാറാക്കണമെന്ന് സുപ്രിം കോടതി നേരത്തെ വിധി പ്രസ്താവിച്ചതാണ്. അത് ഇത് വരെ ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല.
താജ്മഹലിന്റെ ശോഭ കെടുത്തുന്ന മലിനീകരണ സ്രോതസ് കണ്ടെത്തുവാനും കമ്മിറ്റി രൂപീകരിക്കുവാനും മലിനീകരണത്തിന്റെ തോത് നിര്‍ണയിച്ച് അത് തടയുവാനുള്ള മാര്‍ഗം സ്വീകരിക്കാനും കഴിഞ്ഞ ദിവസം സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. ഇത് വരെയുള്ള സുപ്രിം കോടതി വിധികളൊന്നും നടപ്പിലാക്കാത്ത യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസത്തെ സുപ്രിം കോടതി വിധി അനുസരിക്കുമെന്ന് പറയാനാവില്ല. മുന്‍ വിധി പ്രസ്താവങ്ങള്‍ നടപ്പിലാക്കാത്തതിനാലായിരുന്നു അത് പൊളിച്ചേക്ക് എന്ന് സുപ്രിം കോടതിക്ക് പറയേണ്ടിവന്നത്. സുപ്രിം കോടതി ഇടപെടല്‍ ഉണ്ടായിട്ടുപോലും താജ്മഹലിന് ചുറ്റുമുള്ള സംരക്ഷിത മേഖലയില്‍ പുതിയ വ്യവസായശാലകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ടിരിക്കുന്ന ആദിത്യനാഥില്‍ നിന്ന് താജ്മഹലിനെ സംരക്ഷിക്കുന്ന നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് താജ്മഹലിന്റെ മാതൃകയിലുള്ള ഉപഹാരങ്ങള്‍ നല്‍കരുതെന്ന് വരെ ഈ ഭരണാധികാരി ഉത്തരവിറക്കിയിട്ടുണ്ട്.

ആഗ്രയില്‍ വ്യവസായ യൂനിറ്റ് തുടങ്ങുന്നതിന് സുപ്രിം കോടതി വിലക്കുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടരെത്തുടരെ അനുമതി നല്‍കിക്കൊണ്ടിരിക്കുകയാണ് ആദിത്യനാഥ്. ഇവിടെയും സുപ്രിം കോടതിക്ക് ഇടപെടേണ്ടിവന്നു. ‘താജ് ട്രംപീസിയോ സോണിക്ക്’ കമ്പനിയുടെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുവാന്‍ സുപ്രിം കോടതിക്ക് ഇടപെടേണ്ടിവന്നു. ഫ്രാന്‍സിലെ ഈഫല്‍ ടവറിനെക്കാള്‍ ചേതോഹരമാണ് താജ്മഹലെന്നും പ്രതിവര്‍ഷം എണ്‍പത് ലക്ഷം പേര്‍ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും താജ്മഹലിനെ സംരക്ഷിച്ച് നിലനിര്‍ത്തുകയാണെങ്കില്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടി സന്ദര്‍ശകരെ താജ്മഹലിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയുമെന്നും അത് വഴി രാജ്യത്തിന് വമ്പിച്ചതോതില്‍ വിദേശ നാണ്യം വര്‍ധിപ്പിക്കുവാന്‍ കഴിയുമെന്നും കോടതി നിരീക്ഷിച്ചിരിക്കുകയാണ്. കാണുന്നവന്റെ മനോവ്യാപാരത്തിനനുസൃതമായി പശ്ചാത്തല ഭംഗിയൊരുക്കുക എന്നത് ഈ സ്വപ്‌ന സൗധത്തിന്റെ സവിശേഷതയാണ്.
ഐതിഹ്യങ്ങളും പുരാണങ്ങളും ചരിത്രമായി ചമച്ച് രാജ്യത്തിന്റെ പൈതൃകത്തെ നശിപ്പിക്കുകയാണ് യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍. താജ്മഹലിനെ തകര്‍ത്ത് കൊണ്ടിരിക്കുന്നതും അതിന്റെ ഭാഗമാണ്. ‘കാലത്തിന്റെ കവിളില്‍ വീണ കണ്ണീര്‍തുള്ളി’യെന്ന് മഹാകവി രവീന്ദ്രനാഥ് ടാഗോര്‍ പോലും വിശേഷിപ്പിച്ച ഈ ലോകാത്ഭുതം തകര്‍ക്കാന്‍ ശ്രമിക്കുന്ന അസഹിഷ്ണുത നിറഞ്ഞ നീക്കത്തിനെതിരേ ചരിത്രബോധമുള്ള ഓരോ പൗരനും ഉണരേണ്ടിയിരിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.