
കേരളത്തിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. പ്രളയദുരന്തം നേരിട്ട സ്ഥലങ്ങളില്‍ വേണ്ടതു പുനര്‍നിര്‍മാണമാണ്. അതിനായി വിദേശരാജ്യങ്ങളില്‍ നിന്നു സാമ്പത്തിക, സാങ്കേതികസഹായം സ്വീകരിക്കുന്നതില്‍ കുഴപ്പമില്ല. അത്തരം കാര്യങ്ങളില്‍ നിയമപരവും നയപരവുമായ തടസങ്ങളുണ്ടെങ്കില്‍ തിരുത്തുകയാണു കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്.
2005 ല്‍ യു.പി.എ സര്‍ക്കാര്‍ പുതിയ നയം സ്വീകരിച്ചു എന്നുവച്ചു ന്യായമായ സഹായം നിഷേധിക്കാനാവില്ല. കാലാനുസൃതമായി തിരുത്തുകയാണു വേണ്ടത്. രാജ്യത്തു മുന്‍പ് ദുരന്തമുണ്ടായ പല ഘട്ടങ്ങളിലും വിദേശസഹായം ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്രംപോലും വലിയ ദുരന്തമെന്നാണു കേരളത്തിലെ പ്രളയദുരന്തത്തെ വിലയിരുത്തിയിട്ടുള്ളത്. 2005 ല്‍ ഗുജറാത്തിലെ കച്ച് പോലുള്ള പ്രദേശങ്ങളിലുണ്ടായ ദുരന്തത്തില്‍ വിദേശസഹായം ലഭിച്ചിരുന്നു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞതിനാല്‍ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമാണ് ഊന്നല്‍ നല്‍കേണ്ടത്. യു.എ.ഇ എന്ന രാജ്യം കെട്ടിപ്പടുക്കുന്നതില്‍ മലയാളിസമൂഹത്തിന്റെ സംഭാവന വിലപ്പെട്ടതാണ്. ഇത്രയും ക്രിയാത്മകമായി ആ രാജ്യം ഇടപെട്ടതും മലയാളി സമൂഹത്തിന്റെ സംഭാവനകളെ വിലയിരുത്തിയാണ്. കാലങ്ങളായി ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദം ദൃഢമായി മുന്നോട്ടു കൊണ്ടുപോകണം. വിഷയം രാഷ്ട്രീയമാണെങ്കിലും സങ്കുചിത കക്ഷിരാഷ്ട്രീയമായി കാണാതെയുള്ള നിലപാടുകള്‍ കൈക്കൊള്ളുകയും ആ രാജ്യവുമായി എല്ലാത്തലത്തിലുമുള്ള സൗഹൃദവും നിലനിര്‍ത്തുകയും വേണം.