2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

എല്‍.ടി.ടി.ഇയുടെ പേരില്‍ ഹിന്ദുമതം പ്രതിസ്ഥാനത്തുവരുന്നില്ല; പിന്നെയെന്തിന് ഭീകരതയുമായി ഇസ്‌ലാമിനെ ബന്ധിപ്പിക്കണം? ഉച്ചകോടിയില്‍ ഒ.ഐ.സിയുടെ ഉത്തരവാദിത്വം എണ്ണിപ്പറഞ്ഞ് ഇമ്രാന്‍ ഖാന്‍

 

മക്ക: ഭീകരപ്രവര്‍ത്തനവുമായി ഇസ്‌ലാമിന് യാതൊരു ബന്ധവുമില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തമിഴ്പുലികള്‍ നടത്തിവരുന്ന ബോംബിങ്ങിന്റെ പേരില്‍ ആരും ഹിന്ദുമതത്തെ പ്രതിസ്ഥാനത്തുനിര്‍ത്തുന്നില്ല. അതു പോലെ ലോകമഹായുദ്ധത്തിനിടയാക്കിയ അമേരിക്കയിലെ പോള്‍ഹാര്‍ബറില്‍ ബോംബിട്ട ജപ്പാന്റെ നടപടിയെയും ആരും മതവുമായി ബന്ധിപ്പിക്കുന്നില്ല. പക്ഷേ, എന്തുകൊണ്ടാണ് ഏരെങ്കിലും ചെയ്യുന്ന ആക്രമണങ്ങളെ ഇസ്‌ലാമുമായി ബന്ധിപ്പിക്കുന്നത്- ഇമ്രാന്‍ ഖാന്‍ ചോദിച്ചു. മക്കയില്‍ മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഖാന്‍.

ഉച്ചകോടിയില്‍ ഒ.ഐ.സിയുടെ ഉത്തരവാദിത്വങ്ങള്‍ എണ്ണിപ്പറഞ്ഞ് സംസാരിച്ച ഇമ്രാന്‍ഖാന് ഏറെ കൈയടിയും ലഭിച്ചു. മുസ്‌ലിം രാജ്യങ്ങളുടെ നേതൃത്വം എന്ന നിലക്ക് ഒ.ഐ.സിക്ക് ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിന് ഭീകരതയുമായി യാതൊരു ബന്ധവുമില്ലെന്നു സ്ഥാപിക്കുന്നതില്‍ മുസ്‌ലിം ലോകം പരാജയപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് പ്രവാചകനെ അവഹേളിക്കുന്ന പല സംഭവങ്ങളുണ്ടായത് ഒ.ഐ.സിയുടെ പരാജയമാണ്. നമ്മുടെ പരിശുദ്ധ പ്രവാചകന്‍ പഠിപ്പിച്ച സ്‌നേഹവും ഇഷ്ടവും ആദരവും പടിഞ്ഞാറിന് പകര്‍ന്നുകൊടുക്കാന്‍ നമുക്കായില്ല. ചില പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇസ്‌ലാംഭീതിക്ക് വിധേയരായി കഴിഞ്ഞു. മിതവാദ മുസ്ലിമിനും തീവ്രമുസ്ലിമിനും ഇടയിലുള്ള വ്യത്യാസം എന്തെന്ന് പടിഞ്ഞാറിനെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. 100 കോടിയിലേറെ വരുന്ന മുസ്ലിം സമൂഹത്തെ ആദരിക്കാനും അവരുടെ വികാരങ്ങളെ മനസിലാക്കാനും രാജ്യാന്തരസമൂഹം തയാറാവേണ്ടിയിരിക്കുന്നു.

മുസ്ലിം ലോകം ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും കൂടുതല്‍ ശ്രദ്ധനല്‍കേണ്ട സമയാണിത്. മികവുറ്റ വിദ്യാഭ്യാസം നല്‍കുന്നതിനും ഗുണനിലവാരുമുള്ള സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനും നാം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ മുസ്ലിം ലോകം ഇക്കാര്യത്തില്‍ വളരെ പിന്നിലാണ്. ഈ വിഷയങ്ങളെല്ലാം ഏറ്റവുമധികം ഉയരേണ്ടത് ഇതുപോലുള്ള കൂട്ടായ്മകളിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു- അദ്ദേഹം പറഞ്ഞു.

പ്രസംഗത്തില്‍ ഫലസ്തീന്‍, കശ്മീര്‍ വിഷയങ്ങളും ഖാന്‍ പരാമര്‍ശിച്ചു. ഇരുരാജ്യങ്ങള്‍ എന്ന പരിഹാരമാണ് പശ്ചിമേഷ്യയില്‍ വേണ്ടതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, കശ്മീരികള്‍ക്ക് അവരുടെ ഭാവിനിര്‍ണയിക്കാന്‍ അവകാശമുണ്ടെന്നും വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News