2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

സ്വവര്‍ഗരതിയും ചാവുകടലും

സദൂം, അമൂറാ നഗരങ്ങളടങ്ങിയ പ്രദേശങ്ങള്‍ പൊട്ടിപ്പിളര്‍ന്ന് ഒറ്റദിവസം കൊണ്ടു ചാവുകടലിന്റെ ആഴങ്ങളിലേയ്ക്കു താഴ്ന്നുപോയി. ഭൂമിയെ കീഴ്‌മേല്‍ മറിച്ചതിനു പുറമെ അതിക്രമകാരികളുടെ മേല്‍ അടുക്കിവച്ച ഉറച്ചകല്ലുകളുടെ വര്‍ഷവും ഉണ്ടായതായി ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. ഇത് അഗ്നിപര്‍വതത്തിന്റെ പൊട്ടിത്തെറിയുടെ ഫലമായി ലാവയും പതഞ്ഞു പൊങ്ങിയ പ്രകൃതിവാതകങ്ങളുമായി പാറക്കഷണങ്ങള്‍ ഉയരങ്ങളിലേയ്ക്കു പൊങ്ങി ശിക്ഷ ഏറ്റു വാങ്ങാന്‍ വിധിക്കപ്പെട്ടവരുടെ മേല്‍ പതിച്ചതായിരിക്കാം.

സിദ്ദീഖ് നദ്‌വി ചേരൂര്‍ 9497289151

 

 

പ്രവാചകശ്രേഷ്ഠനായ ഇബ്‌റാഹീം നബി (അബ്രഹാം)യുടെ സമകാലികനും സഹോദരപുത്രനുമായ ലൂത്വ് നബി(അ) ‘സദൂം’പ്രദേശത്തേക്കാണു പ്രവാചകനായി നിയോഗിക്കപ്പെട്ടത്. ഇന്നത്തെ ജോര്‍ദാന്റെയും ചാവുകടലിന്റെയും സമീപത്ത് സദീം താഴ്‌വരയില്‍ വിവിധ നഗരങ്ങളിലായി സമൃദ്ധിയില്‍ ജീവിച്ചിരുന്ന ആ പ്രദേശത്തുകാര്‍ സാമൂഹികതിന്മകളിലും ദുര്‍വൃത്തികളിലും അഭിരമിച്ചു കഴിയുകയായിരുന്നു. അതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത വിധം പ്രകൃതിവിരുദ്ധ ലൈംഗികവൃത്തികളില്‍ അവര്‍ എല്ലാ പരിധിയും ലംഘിച്ചിരുന്നു.
മറ്റു പ്രവാചകന്മാരെപ്പോലെ ലൂത്വ് നബി(അ )യും ഏകദൈവ വിശ്വാസത്തിലേക്കു ജനങ്ങളെ ക്ഷണിക്കുന്നതോടൊപ്പം ആ ജനതയില്‍ അടിഞ്ഞുകൂടിയ സാമൂഹിക ജീര്‍ണതകള്‍ക്കെതിരേ പോരാട്ടവും തുടര്‍ന്നു. സ്വാഭാവികമായും സദൂം ജനതയുടെ ലൈംഗിക അരാജകത്വം പ്രവാചകന്റെ കടുത്ത വിമര്‍ശനത്തിനും ആക്ഷേപത്തിനും ഹേതുവായി. അവര്‍ പക്ഷേ, ആ ചെളിക്കുണ്ടില്‍ നിന്നു പുറത്തുവരാന്‍ ഒരുക്കമല്ലായിരുന്നു. ലൂത്വ് നബിയുടെ മുന്നറിയിപ്പുകളും താക്കീതുകളും ബധിരകര്‍ണങ്ങളിലാണു പതിച്ചത്.
പ്രധാനമായും മൂന്നു തിന്മകളാണു സദൂം ജനതയുടേതായി ഖുര്‍ആന്‍ എടുത്തു പറയുന്നത്. ഒന്ന്: സ്വവര്‍ഗരതി, രണ്ട്: പിടിച്ചുപറി, മൂന്ന്: പൊതുസ്ഥലങ്ങളില്‍ ആഭാസകരമായ അഴിഞ്ഞാട്ടം(അല്‍ അന്‍കബൂത്ത്: സൂക്തം 29 കാണുക).
അറപ്പും ഉളുപ്പുമില്ലാതെ ഏതു വഷളന്‍ ഏര്‍പ്പാടുകളും പരസ്യമായി ചെയ്തുകൂട്ടുന്നതു ഭൂഷണമായി കണ്ടിരുന്ന അക്കൂട്ടരെ അതില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്തോറും നീചവൃത്തികളില്‍ കൂടുതല്‍ മുങ്ങിത്താഴുകയായിരുന്നു. ലൂത്വ് നബിയെ അവര്‍ പരിഹാസപൂര്‍വം എതിരേറ്റു. ‘നിങ്ങള്‍ ലൂത്വ കുടുംബത്തെ നാടുകടത്തുക. അവര്‍ വലിയ പരിശുദ്ധി നടിക്കുന്നു.’ (അല്‍ അഅറാഫ്: 82) സ്രഷ്ടാവില്‍ നിന്നുള്ള കടുത്ത ശിക്ഷകളെക്കുറിച്ചു മുന്നറിയിപ്പു നല്‍കുമ്പോള്‍, അങ്ങനെ വല്ല ശിക്ഷയുമുണ്ടെന്ന വാദം സത്യമാണെങ്കില്‍ അത് പുലര്‍ന്നുകാണാന്‍ അവര്‍ വെല്ലുവിളിച്ചു.
തന്റെ നിസ്സഹായാവസ്ഥയും ജനങ്ങളുടെ ധിക്കാരവും വിവരിച്ചുകൊണ്ടു പ്രവാചകന്‍ അല്ലാഹുവിലേക്കു തിരിഞ്ഞു. അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ സമയമായപ്പോള്‍ അല്ലാഹു ഏതാനും മാലാഖമാരെ ഈ ദൗത്യവുമായി അയച്ചു. അവര്‍ ആദ്യം ഇബ്‌റാഹീം നബിയെ സമീപിച്ചു. മനുഷ്യരൂപത്തില്‍ വന്ന മാലാഖമാരെ കണ്ട ഇബ്‌റാഹീം(അ) അവര്‍ക്കു സദ്യ ഒരുക്കി.
തങ്ങള്‍ സദ്യ കഴിക്കാന്‍ വന്നവരല്ലെന്നും അല്ലാഹുവിന്റെ നിര്‍ദേശവുമായി വന്ന മാലാഖമാരാണെന്നും വ്യക്തമാക്കിയ ശേഷം ഇബ്‌റാഹീം നബിക്ക് ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്ന സന്തോഷവാര്‍ത്ത കൈമാറി. നൂറു വയസ്സു പിന്നിട്ട ഭര്‍ത്താവും 90ലെത്തി നില്‍ക്കുന്ന വന്ധ്യയായ സാറയും അതു കേട്ട് അമ്പരന്നു. ദൈവഹിതമാണെന്നറിഞ്ഞപ്പോള്‍ സന്തോഷമായി.
തുടര്‍ന്ന്, തങ്ങള്‍ ലൂത്വ് നബിയുടെ ജനതയ്ക്കു ശിക്ഷ നല്‍കാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന് അറിയിച്ച ശേഷം അവര്‍ യാത്ര തുടര്‍ന്നു. കാണാന്‍ കൊള്ളാവുന്ന പയ്യന്മാരുടെ രൂപത്തിലാണു മാലാഖമാര്‍ ലൂത്വ് നബിയുടെ വീട്ടിലെത്തിയത്. വളരെ രഹസ്യമായാണു ചെന്നതെങ്കിലും നാട്ടുകാര്‍ വിവരം മണത്തറിഞ്ഞു. ലൂത്വിന്റ വീട്ടില്‍ തങ്ങളുടെ കാമകേളിക്കു പറ്റിയ ചെറുപ്പക്കാര്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞ നാട്ടുകാരുടെ പൈശാചികമോഹങ്ങള്‍ ഉണര്‍ന്നു. നബിയുടെ വീട്ടിനു മുന്നിലെത്തിയ അവര്‍ ചെറുപ്പക്കാരായ അതിഥികളെ തങ്ങളുടെ ഇംഗിതത്തിനു വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു.
എന്തിനുമൊരുമ്പെട്ട് അവിടെ തടിച്ചുകൂടിയവരെ കണ്ട് ലൂത്വ് നബി പരിഭ്രാന്തനായി. ഇവര്‍ തന്റെ അതിഥികളാണെന്നും അവരോടു മാന്യമല്ലാത്ത രീതിയില്‍ പെരുമാറി അപമാനിക്കരുതെന്നും പ്രവാചകന്‍ കേണപേക്ഷിച്ചു. ”നിങ്ങള്‍ക്കു വേണമെങ്കില്‍ എന്റെ പെണ്‍മക്കളെ നിയമവിധേയമായി വിട്ടുതരാ”മെന്നും അദ്ദേഹം അപേക്ഷിച്ചു നോക്കി.
”ഞങ്ങള്‍ക്കു നിങ്ങളുടെ പെണ്‍കുട്ടികളെ ആവശ്യമില്ല. ഞങ്ങള്‍ക്കെന്താണു വേണ്ടതെന്നു നിനക്കറിയാവുന്നതാണല്ലോ” എന്നായിരുന്നു അവരുടെ മറുപടി. (ഹൂദ്: 79) ഇവരുടെ കൂട്ടത്തില്‍ വിവേകമുള്ളവര്‍ ആരുമില്ലേയെന്നു ലൂത്വ് നബി അത്ഭുതം കൂറി. (ഹൂദ്: 78)
ഇവരെ കൈകാര്യം ചെയ്യാനുള്ള കരുത്തും പിന്‍ബലവും ഉണ്ടായിരുന്നെങ്കിലെന്ന് അദ്ദേഹം ആഗ്രഹിച്ചു. അന്നേരം മാലാഖമാര്‍ തങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തി. ‘ഈ ജനതയെ നശിപ്പിക്കാനാണു തങ്ങള്‍ വന്നിരിക്കുന്ന’തെന്നും ‘താങ്കളും കുടുംബവും ഉടനെ സ്ഥലംവിടണ’മെന്നും ‘പോകുന്ന വഴിയില്‍ തിരിഞ്ഞുനോക്കരുതെ’ന്നും അവര്‍ പറഞ്ഞു.
‘താങ്കളുടെ ഭാര്യ രക്ഷപ്പെടുന്നവരില്‍ ഉള്‍പ്പെടില്ലെ’ന്നും അവര്‍ ഉണര്‍ത്തി. ലൂത്വ് നബിയുടെ ഭാര്യ തന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കാതെ അവിശ്വാസികളുമായി ബന്ധം പുലര്‍ത്തുകയായിരുന്നു. മാലാഖമാര്‍ ലൂത്വ് നബിയുടെ വീട്ടില്‍ അതിഥികളായെത്തിയ വിവരം ഭാര്യയാണത്രേ ചോര്‍ത്തിക്കൊടുത്തത്.
ഒടുവില്‍ ശിക്ഷയിറങ്ങി. ഭീകരമായ ഹുങ്കാരത്തോടെ ഭൂമി കുലുങ്ങി. ആ പ്രദേശം കീഴ്‌മേല്‍ മറിഞ്ഞു. ‘നാം ആ പ്രദേശത്തിന്റെ മുകള്‍ഭാഗം താഴ്ഭാഗമാക്കി മാറ്റി.’ ( ഹൂദ്: 82) നാലഞ്ചു നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സദൂം, അമൂറാ പ്രദേശങ്ങള്‍ അതോടെ ഭൂമഖത്തുനിന്നു നിഷ്‌ക്രമിച്ചു. ഒരുകാലത്ത് വലിയ പ്രതാപത്തോടെ തലയുയര്‍ത്തി നിന്ന പ്രദേശം അപ്പാടെ ചാവുകടലിന്റെ അഗാധഗര്‍ത്തത്തിലമര്‍ന്നു.
ചാവുകടലിന്റെ ഉള്‍ഭാഗത്ത് ഇങ്ങനെയൊരു പ്രദേശം അടിഞ്ഞുകിടക്കുന്നതായും നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവിടെ അനുഭവപ്പെട്ട തീക്ഷ്ണമായ ഭൂമികുലുക്കവും അഗ്നിപര്‍വതങ്ങളുടെ പൊട്ടിത്തെറിയുമാണ് ഇത്തരമൊരു ദുരന്തത്തിലേയ്ക്കു നയിച്ചതെന്നും പ്രമുഖ ജര്‍മന്‍ പുരാവസ്തു ഗവേഷകനായ വോര്‍ണര്‍ ക്ലയര്‍ വ്യക്തമാക്കുന്നു.
സദൂം, അമൂറാ നഗരങ്ങളടങ്ങിയ പ്രദേശങ്ങള്‍ പൊട്ടിപ്പിളര്‍ന്ന് ഒറ്റദിവസം കൊണ്ടു ചാവുകടലിന്റെ ആഴങ്ങളിലേയ്ക്കു താഴ്ന്നുപോയി. ഭൂമിയെ കീഴ്‌മേല്‍ മറിച്ചതിനു പുറമെ അതിക്രമകാരികളുടെ മേല്‍ അടുക്കിവച്ച ഉറച്ചകല്ലുകളുടെ വര്‍ഷവും ഉണ്ടായതായി ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. ഇത് അഗ്നിപര്‍വതത്തിന്റെ പൊട്ടിത്തെറിയുടെ ഫലമായി ലാവയും പതഞ്ഞു പൊങ്ങിയ പ്രകൃതിവാതകങ്ങളുമായി പാറക്കഷണങ്ങള്‍ ഉയരങ്ങളിലേയ്ക്കു പൊങ്ങി ശിക്ഷ ഏറ്റു വാങ്ങാന്‍ വിധിക്കപ്പെട്ടവരുടെ മേല്‍ പതിച്ചതായിരിക്കാം.(വിക്കിപീഡിയ അറബിക് എഡിഷനില്‍ സദൂം, അമോറാ നഗരങ്ങളെക്കുറിച്ചുള്ള ഭാഗങ്ങള്‍ കാണുക.)
ആധുനിക ഭൗമശാസ്ത്രപണ്ഡിതന്മാരുടെ സജീവശ്രദ്ധ പതിഞ്ഞ പ്രദേശമാണിത്. ശരാശരി സമുദ്രനിരപ്പിനേക്കാള്‍ ഏറെ താഴ്ചയിലാണു ചാവുകടലിലെ ഈ ഭാഗം, മധ്യധരണ്യാഴിയേക്കാള്‍ 400 മീറ്റര്‍ താഴ്ചയില്‍. സാധാരണ കടല്‍നിരപ്പിനേക്കാള്‍ 800 ലേറെ താഴ്ചയിലാണ് ഈ പ്രദേശമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ പ്രദേശത്തെ ജലത്തിന്റെ ലവണാംശം വളരെ കൂടിയ അളവിലാണെന്നും വ്യക്തമായിട്ടുണ്ട്.
മറ്റു കടല്‍പ്രദേശത്തെ ഒരു ലിറ്റര്‍ വെള്ളത്തില്‍ 35 ഗ്രാം വരെ ഉപ്പിന്റെ അംശം ഉണ്ടാകുമ്പോള്‍, ഇവിടെ അതു 300 ഗ്രാം വരെ ഉയര്‍ന്നതാണത്രേ. ഇതോടൊപ്പം ഈ പ്രദേശം അഗ്നിപര്‍വത സ്‌ഫോടനം മൂലം വിസര്‍ജിച്ച ലാവയും വിഷലിപ്തമായ പ്രകൃതിവാതകങ്ങളും സമുദ്രാന്തര്‍ഭാഗത്തെ വിഷമയമാക്കിയതു കാരണം മത്സ്യങ്ങള്‍ക്കോ മറ്റു കടല്‍ജീവികള്‍ക്കോ വാസയോഗ്യമല്ല. ചാവുകടല്‍ എന്ന പേര്‍ നല്‍കുന്ന സൂചനയും മറ്റൊന്നല്ലല്ലോ.
അന്തര്‍ദേശീയ പ്രശസ്തി നേടിയ നാഷനല്‍ ജിയോഗ്രാഫിക് മാഗസിന്‍ 1957 ല്‍ ചാവുകടല്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ പുറത്തുവിടുകയുണ്ടായി. വേദഗ്രന്ഥങ്ങളുടെ ദൃഷ്ടിയില്‍ ലോകത്തെ ഏറ്റവും പാപപങ്കിലമായ സദൂം നഗരം വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഒരു സഞ്ചാരിയെ വരവേല്‍ക്കാന്‍ പോകുന്നുവെന്നു വിശേഷിപ്പിച്ച് ലണ്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന സണ്‍ഡെ ടൈംസ് 1999 നവംബറില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഒരു ബ്രിട്ടീഷ് ഗവേഷകന്‍ തന്റെ കൊച്ച് മുങ്ങല്‍ബോട്ട് ഉപയോഗിച്ചു ചാവുകടലിന്റെ ആഴങ്ങളിലേയ്ക്ക് ഊര്‍ന്നിറങ്ങുന്നതിനെ സംബന്ധിച്ചായിരുന്നു വാര്‍ത്ത. പഴയ തകര്‍ച്ചയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു യാത്രോദ്ദേശ്യം.
അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ചാവുകടലിന്റെ അടിത്തട്ടിലെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയപ്പോള്‍ ദീര്‍ഘചതുരാകൃതിയില്‍ ആറു സ്തൂപ രൂപങ്ങള്‍ കണ്ടതു സദൂം, അമോറാ നഗരങ്ങള്‍ മണ്ണടിഞ്ഞതിന്റെ അവശിഷ്ടങ്ങളാണെന്ന് അനുമാനിക്കപ്പെടുന്നു. ബ്രിട്ടീഷ് മുങ്ങല്‍വിദഗ്ധര്‍ കണ്ടെത്തിയ ഉപ്പു പിടിച്ചുകിടക്കുന്ന കൂറ്റന്‍ ചട്ടക്കൂടുകളും പഴയ നഗരശേഷിപ്പുകളിലേയ്ക്കു വിരല്‍ചൂണ്ടുന്നതായി കരുതപ്പെടുന്നു.
ഖുര്‍ആന്‍ മാത്രമല്ല; ചില്ലറ വ്യത്യാസത്തോടെ ജൂത,ക്രൈസ്തവ വേദഗ്രന്ഥങ്ങളും ലൂത്വ് നബിയുടെ സമൂഹം ഏറ്റുവാങ്ങിയ ദുരന്തകഥകള്‍ വിവരിക്കുന്നുണ്ട്. പുരുഷന്മാര്‍ തമ്മിലുള്ള സ്വവര്‍ഗരതി തുടങ്ങിവയ്ക്കുകയും ശീലമാക്കുകയും ചെയ്ത ജനതയിലേക്കു ചേര്‍ത്തു സൊഡോമിസമെന്ന പേരിലാണ് ഈ നീചവൃത്തി ഇന്നും പാശ്ചാത്യര്‍ക്കിടയില്‍ അറിയപ്പെടുന്നത്.
*** *** ***
ഇത്ര വലിയ ദുരന്തം ഏറ്റുവാങ്ങിയ സദൂം ജനതയ്ക്ക് ഇക്കാലത്തും പിന്മുറക്കാരും ആരാധകരും വര്‍ധിച്ചു വരുന്നതു വിരോധാഭാസമായി തോന്നാം. സ്വവര്‍ഗരതിക്കു മാന്യത കല്‍പ്പിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമാവുകയാണ്. പല യൂറോ-അമേരിക്കന്‍ രാജ്യങ്ങളും സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹം നിയമവിധേയമാക്കിക്കഴിഞ്ഞു.
ഇന്ത്യയിലും സുപ്രിംകോടതി ഭരണഘടനയുടെ 377 വകുപ്പ് ഭാഗികമായി റദ്ദ് ചെയ്തു സ്വവര്‍ഗരതി കുറ്റമല്ലെന്ന വിധി പ്രസ്താവിച്ചത് കഴിഞ്ഞയാഴ്ചയാണ്. വര്‍ഷങ്ങളോളം ഇതിനുവേണ്ടി നിയമപ്പോരാട്ടം നടത്തിയവരും വിധി പുറത്തുവന്നപ്പോള്‍ ആഹ്ലാദനൃത്തം ചവിട്ടിയവരുമായ ആയിരങ്ങള്‍ ലോകത്തിനു നല്‍കുന്ന സന്ദേശം എത്ര ദൂരവ്യാപക ഫലമുളവാക്കുന്നതാണെന്നു പലരും വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ലെന്നു തോന്നുന്നു.
കഴിഞ്ഞ യു.പി.എ ഭരണകാലത്ത് ആരോഗ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദ് സ്വവര്‍ഗാനുരാഗം ഒരു രോഗമാണെന്നു പ്രഖ്യാപിച്ചപ്പോള്‍ വലിയ വിവാദമാണ് അത് ഉയര്‍ത്തിവിട്ടത്. പല ഭാഗത്തുനിന്നും ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് അദ്ദേഹത്തിനു പറഞ്ഞ വാക്കുകള്‍ക്കു പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടി വന്നു. മനുഷ്യാവകാശത്തിന്റെയും പൗര സ്വാതന്ത്ര്യത്തിന്റെയും മറവില്‍ എന്ത് ആഭാസവും ശീലമായി കൊണ്ടുനടക്കാന്‍ ആരെയും അനുവദിക്കണമെന്നു വാദിക്കുന്നതു വിചിത്രമല്ലേ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.