2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

‘എങ്കില്‍ ഞാനാണ് ആദ്യ തീവ്രവാദി’; സമരക്കാര്‍ തീവ്രവാദികളെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് സമരവേദിയില്‍ നിന്ന് സ്വാമി അഗ്നിവേശിന്റെ മറുപടി

 

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഷഹീന്‍ബാഗ് സമരം നടത്തുന്നവര്‍ തീവ്രവാദികളെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രകസ്താവനയ്ക്ക് സമരവേദിയില്‍ തന്നെ മറുപടിയുമായി സ്വാമി അഗ്നിവേശ്.

പൗരത്വ വിവേചനത്തിനെതിരേ സമരം ചെയ്യുന്നവര്‍ തീവ്രവാദികളാണെങ്കില്‍ ആദ്യത്തെ തീവ്രവാദി താനാണെന്ന് ഷഹീന്‍ബാഗ് സ്‌ക്വയര്‍ സമരത്തിന്റെ 16-ാം ദിനത്തില്‍ മുഖ്യതിഥിയായി എത്തിയ അഗ്നിവേശ് പറഞ്ഞു. സുരേന്ദ്രന്‍ തന്റെ നേതാക്കളായ മോദിയോടും അമിത് ഷായോടും ഇക്കാര്യം പറയട്ടെ.

രാജ്യത്ത് അനീതിക്കെതിരേ പ്രക്ഷോഭം നടത്തുന്നവരെ തീവ്രവാദികളാക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അവകാശം തന്നതെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്ത് എല്ലാവരും ഏകോദരസഹോദരരായി ജീവിക്കുന്നവരാണ്. ഹൃദയ വിശാലതയില്ലാത്ത ചില രാഷ്ട്രീയക്കാരാണ് വിഭജനവും അസഹിഷ്ണുതയും കൊണ്ടുവരുന്നത്. ഷഹീന്‍ബാഗുകള്‍ രാജ്യം മുഴുവന്‍ വ്യാപിക്കുകയാണ്. ആര്‍.എസ്.എസിന്റെയും ഐ.എസിന്റെയും സംസ്‌കാരം ഇന്ത്യക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം കോഴിക്കോട്ടെത്തിയ സുരേന്ദ്രന് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വീകരണത്തിന് നന്ദി പറയുമ്പോഴാണ് വിവാദ പ്രസ്താവന നടത്തിയത്.

Read more at: യൂത്ത് ലീഗ് സമരം നടക്കുന്നത് പോര്‍ട്ടിന്റെ സ്ഥലത്ത്, ദിവസം 8000 രൂപ വാടകയും നല്‍കുന്നു, പൊലിസ് അനുമതിയുമുണ്ട്: ബി.ജെ.പി പ്രസിഡന്റായ ശേഷമുള്ള കെ. സുരേന്ദ്രന്റെ ആദ്യ കള്ളം പൊളിഞ്ഞു

കടപ്പുറത്ത് പന്തലുകളും മറ്റും കെട്ടി ദിവസങ്ങളായി സമരം നടത്തുന്ന തീവ്രവാദികളെ നിയന്ത്രിക്കാന്‍ ഇവിടുത്തെ പൊലിസ് ശ്രമിക്കുന്നില്ല. നഗരസഭയും ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണ്. അനുമതിയില്ലാതെയാണ് സമരം നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നുമുതല്‍ കോഴിക്കോട് കടപ്പുറത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരേ മുസ്‌ലിം യൂത്ത്‌ലീഗ് ആരംഭിച്ച ഷഹീന്‍ബാഗ് സ്‌ക്വയര്‍ അനിശ്ചിതകാല സമരത്തിനെതിരേയായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം. സി.എ.എ സമരത്തിന്റെ പേരില്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും തീവ്രവാദികള്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണ്. 1921ലെ ഭൂരിപക്ഷ സമുദായമല്ല 2020ലേതെന്ന് ചിലര്‍ മനസിലാക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് സമരം നടത്തുന്നത് ബി.ജെ.പി പ്രവര്‍ത്തകര്‍ ആണെന്ന് സംശയിച്ചായിരിക്കും തീവ്രവാദികള്‍ എന്ന പ്രയോഗം സുരേന്ദ്രന്‍ നടത്തിയതെന്നും സമരത്തിന് കെ. സുരേന്ദ്രന്റെ അനുമതി വാങ്ങേണ്ട ഗതികേട് യൂത്ത് ലീഗിനില്ലെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പ്രതികരിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.