2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

സുസ്ഥിര കേരളം സുരക്ഷിത കേരളം

ആസിഫ് കുന്നത്ത്
9847503960

 

കേന്ദ്രത്തിലും കേരളത്തിലും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ യാതൊരു ദീര്‍ഘവീക്ഷണവുമില്ലാത്ത വികസന സങ്കല്‍പങ്ങളും പദ്ധതികളും മുന്നോട്ടുവച്ച് ആവാസവ്യവസ്ഥ തന്നെ ചോദ്യം ചെയ്യപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. വികസന പദ്ധതികള്‍ മാത്രമല്ല നമ്മുടെ വിദ്യാഭ്യാസം, പരിസ്ഥിതി, ലിംഗസമത്വം, സാമൂഹ്യബോധം അങ്ങനെ സകല കാഴ്ചപ്പാടുകളും മുന്‍ധാരണകളും തിരുത്തപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇവിടെ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. എന്നാല്‍ അതിനനുസരിച്ച മാനസിക നിലവാരം ഉണ്ടാകുന്നുണ്ടോയെന്ന സംശയം നിലനില്‍ക്കുന്നു. അത് എന്തുകൊണ്ടൊണെന്ന് തിരിച്ചറിഞ്ഞ് വേണ്ട ഇടപെടലുകള്‍ നടത്തലാണ് സാമൂഹിക പ്രതിബദ്ധതയുള്ള സര്‍ക്കാരുകളുടെയും പ്രസ്ഥാനങ്ങളുടെയും പ്രഥമ കര്‍ത്തവ്യം.

സകല മേഖലകളിലുമുള്ള അസമത്വം പൂര്‍ണമായും ഇല്ലാതാക്കാന്‍ ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹം എന്ന നിലയില്‍ നാം തയാറാവേണ്ടതുണ്ട്. സകലമാന തീരുമാനങ്ങളിലും പൂര്‍ണമായ ജനപങ്കാളിത്തവും സാമൂഹ്യനീതിയും ഉറപ്പുവരുത്തണം. സാമൂഹ്യനീതിയും തുല്യതയുമെന്നത് എല്ലായിപ്പോഴും കേവലം ചില സംഘടനകളിലും നേതാക്കളിലും ചുരുങ്ങിപ്പോകുന്നത് ഗൗരവതരമായ വീഴ്ചയാണ്. സമത്വത്തിന്റെയും നീതിയുടെയും ദീര്‍ഘവീക്ഷണത്തിന്റെയും ചിന്താ പരിപ്രേക്ഷ്യം രൂപപ്പെടുത്തിയെടുക്കുമ്പോള്‍ കേവലം സംഘടന പ്രതിനിധികളെ ബോധ്യപ്പെടുത്തി മുന്നോട്ടു പോകുന്നതിനെക്കാള്‍ നിരന്തര പഠനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും കൃത്യമായ നയവും സമീപനവുമുണ്ടാക്കുകയും അതിനെ എല്ലാ തലങ്ങളിലും ഇഴകീറി ചര്‍ച്ച ചെയ്യാനും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാനുമുള്ള വേദിയുണ്ടാക്കുകയും ചെയ്ത് കൃത്യമായ നയം സ്ഫുടം ചെയ്‌തെടുക്കുകയാണു വേണ്ടത്. എന്നാലേ സര്‍വോന്മുഖ വികസനം സാധ്യമാവുകയുള്ളൂ.
നമ്മുടെ വികസന കാഴ്ചപ്പാടിലും സമീപനത്തിലും കാതലായ രീതിയിലുള്ള മാറ്റം അനിവാര്യമാണ്. മണലും കരിമണലും കല്ലും ഇരുമ്പയിരും എന്നുവേണ്ട പ്രകൃതിയില്‍ നിന്നുള്ള പുതുക്കപ്പെടാത്ത സകല വിഭവങ്ങളുടെയും ഉപയോഗത്തിനും ഖനനത്തിനും മേല്‍ സാമൂഹ്യ നിയന്ത്രണവും പഴുതില്ലാത്ത നിയമ നിരീക്ഷണവും ഉണ്ടാവണം. തെക്കേ ഇന്ത്യയ്ക്കാകെ തന്നെ അനുഗ്രഹമായി ദൈവം കനിഞ്ഞ് നല്‍കിയതാണ് പശ്ചിമഘട്ടം. ഇടതൂര്‍ന്നു കിടക്കുന്ന ധാരാളം നിത്യഹരിതവനങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ഇവിടം പടിഞ്ഞാറന്‍ ദക്ഷിണേന്ത്യയുടെ ജൈവികവും സാമ്പത്തികവും പ്രകൃതിപരവുമായ സകല കാര്യങ്ങളിലും വലിയ പങ്കു വഹിക്കുന്നു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്റെ ഗതി നിയന്ത്രിച്ച് കേരളത്തിലടക്കം കനത്ത മഴ ലഭ്യമാക്കുന്നത് പശ്ചിമഘട്ടമാണ്. അതുപോലെ കേരളത്തിലൂടെ ഒഴുകുന്ന 44 നദികളും ഗോദാവരിയും കാവേരിയും കൃഷ്ണാ നദിയുമൊക്കെ ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തില്‍ നിന്നാണ്.

18,000 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തിലാണ് ഇന്ത്യയുടെ ആകെ ജൈവ- സസ്യസമ്പത്തിന്റെ മൂന്നിലൊന്നുള്ളത്. ദക്ഷിണേന്ത്യയുടെ ജലസേചന, വൈദ്യുതി, കാര്‍ഷിക, കുടിവെള്ള പ്രശ്‌നങ്ങളെയാകെ കൈകാര്യം ചെയ്യുന്ന ഒരു മഹാശക്തി തന്നെയാണത്. പുഷ്പിക്കുന്ന സസ്യങ്ങളുടെ മൂന്നിലൊന്ന് വളരുന്നതും പശ്ചിമഘട്ടത്തിലാണ്. ഉഭയജീവികള്‍, ഉരഗങ്ങള്‍, മത്സ്യങ്ങള്‍, സസ്തനികള്‍, അപൂര്‍വയിനം പക്ഷികള്‍, സിംഹവാലന്‍ കുരങ്ങുകള്‍, അത്യപൂര്‍വങ്ങളായ മറ്റു ജീവികള്‍ ഇവയെല്ലാം കൊണ്ട് സമ്പുഷ്ടമായ പശ്ചിമഘട്ടം ലോകത്തെ 18 മഹാ ജൈവവൈവിധ്യ പ്രദേശങ്ങളിലൊന്നായി കണക്കാക്കപെടുന്നു. ഇരുമ്പയിരിന്റ ഇന്ത്യയിലെ ആകെ കയറ്റുമതിയുടെ മുന്നില്‍ രണ്ടും പശ്ചിമഘട്ടത്തിലാണ്.

ദക്ഷിണേന്ത്യയുടെ വൈദ്യുതോല്‍പാദനത്തിന്റെ 60 ശതമാനവും പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിക്കുന്ന നദികളില്‍ നിര്‍മിച്ച അണക്കെട്ടുകളില്‍ നിന്നാണ്. 2012 ജൂലൈ ഒന്നിന് റഷ്യയിലെ സെന്റ് പീറ്റേര്‍സ് ബര്‍ഗില്‍ വച്ച് പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിലുമുള്‍പ്പെടുത്തി. ഇതിന്റെ കൃത്യമായ സംരക്ഷണത്തിനും നിലനില്‍പ്പിനും വേണ്ടിയുണ്ടാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ചവറ്റുകൊട്ടയില്‍ തള്ളാനും താല്‍ക്കാലിക ലാഭത്തിന് പശ്ചിമഘട്ടത്തെ ഇല്ലാതാക്കാനുമുള്ള നിക്ഷിപ്ത താല്‍പര്യക്കാരുടെ ആവശ്യത്തിനു മുന്നില്‍ വിനീതവിധേയരായി നില്‍ക്കുന്ന കക്ഷിവ്യത്യാസമില്ലാത്ത രാഷ്ട്രീയ നേതൃത്വം ഇവിടുള്ളിടത്തോളം കാലം ശരിയായ അര്‍ഥത്തിലുള്ള സുസ്ഥിര, സുരക്ഷിത കേരളം വരുമോയെന്ന സംശയമാണ് പശ്ചിമഘട്ടത്തെ കുറിച്ച് ഇത്രയധികം വിവരിക്കാന്‍ പ്രേരിപ്പിച്ചത്. പശ്ചിമഘട്ടത്തെ നശിപ്പിച്ച് സുസ്ഥിര കേരളവും സുരക്ഷിത കേരളവും പറഞ്ഞിട്ടു കാര്യമില്ല.

ഭൂമിയെ ഒരു വില്‍പനച്ചരക്കായി കാണുന്ന ചിന്ത മാറ്റിയെടുക്കണം. പകരം ഭക്ഷ്യ സുരക്ഷയ്ക്കും മറ്റുമുള്ള ഉല്‍പാദനോപാധിയായി മാറ്റണം. അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് അടക്കമുള്ള അപകടകാരിയായ മാലിന്യങ്ങളും കാരണം മണ്ണിന് നഷ്ടപ്പെട്ട ഉര്‍വരത വീണ്ടെടുത്ത് ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വ്യാപകമാക്കണം. ജൈവമാലിന്യങ്ങള്‍ കത്തിച്ച് ചാരമാക്കിക്കളയുന്നതിനു പകരം അതിനെ ജൈവവളമാക്കി മൂല്യവത്താക്കി വീണ്ടും മണ്ണിലേക്ക് തിരിച്ചയച്ചാല്‍ മണ്ണിന്റെ ഉര്‍വരത ഒരു പരിധി വരെ തിരിച്ചുവരും. അതിനാവശ്യമായ സാങ്കേതികവിദ്യകള്‍ വ്യാപകമായി ഉപയോഗിക്കാനുള്ള ശ്രമം നടത്തണം.

ശുദ്ധവായുവിന്റെ ലഭ്യത കുറഞ്ഞു വരുന്നുവെന്ന ഞെട്ടിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാനും പരമാവധി പൊതുഗതാഗതം ആശ്രയിച്ച് വാഹനങ്ങള്‍ കുറച്ച് കാര്‍ബണ്‍ വ്യാപനം തടയാനും നദികളും മറ്റും സംരക്ഷിക്കാനുമുള്ള നടപടി ജനപങ്കാളിത്തത്തോടെ ആരംഭിക്കണം. കേരളം ഒരു പരിസ്ഥിതിലോല പ്രദേശമാണെന്നും പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നും മനസിലാക്കി മുന്‍കരുതല്‍ നടപടികളും ബോധവല്‍കരണ നടപടികളും വേണം. പരിസ്ഥിതി ബോധവും പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തിലെ മിതവ്യയബോധവും ചെറുപ്രായത്തില്‍ തന്നെ പാഠ്യവിഷയമാക്കുകയും വരുന്ന തലമുറയിലെങ്കിലും കൃത്യമായ ബോധമുണ്ടാക്കുകയും വേണം. നവകേരള നിര്‍മിതിയിലും ഇത്തരം കാര്യങ്ങള്‍ കര്‍ശനമായി പഴുതടച്ച നിയമം ഉപയോഗിച്ച് നടപ്പില്‍ വരുത്തണം.

മേല്‍പറഞ്ഞതും പറയാത്തതുമായ കേരളത്തിന്റെ സര്‍വവിധ വിഷയങ്ങളിലും അറിയാവുന്ന കാര്യങ്ങള്‍ പങ്കുവയ്ക്കാനും പഠിക്കാനും ചര്‍ച്ചയും സംവാദവും നടത്തി ഒരു പുതിയ വികസന കാഴ്ചപ്പാട് ഉയര്‍ത്തിക്കൊണ്ടു വരാനുമുള്ള പരിശ്രമത്തിന്റെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം സുസ്ഥിര കേരളം സുരക്ഷിത കേരളം എന്ന മുദ്രാവാക്യവുമായി തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്റ്റയിനബിള്‍ ഡവലപ്‌മെന്റ് ആന്‍ഡ് ഗവര്‍ണന്‍സിന്റെ (കടഉഏ) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പങ്കാളിത്ത സംവാദയാത്ര നടന്നുകൊണ്ടിരിക്കുകയാണ്. വികസനമെന്നത് ദീര്‍ഘവീക്ഷണത്തോടു കൂടിയാവണം. വികസനമെന്നത് കെട്ടിടങ്ങളും നഗരവല്‍കരണവും മാത്രമല്ല ഓരോ മനസിന്റെയും ഉന്നമനവുമാവണം. ഓരോ തരി കോശത്തിന്റെയും സുസ്ഥിരതയാവണം. അല്ലാതെ കണ്ണഞ്ചിപ്പിക്കുന്ന രമ്യഹര്‍മങ്ങളുടെ നിര്‍മാണവും പളപളാ തിളങ്ങുന്ന റോഡുകളുമായാല്‍ വികസനമായി എന്ന ചിന്തയാണ് ആദ്യം മാറേണ്ടത്.

ഐക്യ രാഷ്ട്രസഭ 2030ല്‍ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങളില്‍ 17 കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് (സുസ്ഥിര വികസനലക്ഷ്യങ്ങള്‍). ദാരിദ്ര്യ നിര്‍മാര്‍ജനം, വിശപ്പില്ലാതാക്കല്‍, നല്ല ആരോഗ്യവും സൗഖ്യവുമുള്ള ജീവിതം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ വെള്ളവും പൊതു ശുചിത്വവും ഊര്‍ജവും എല്ലാവര്‍ക്കും ലഭ്യമാക്കുക, സുസ്ഥിര രീതിയില്‍ നിര്‍മിക്കുകയും നല്ല തൊഴിലും സാമ്പത്തിക വളര്‍ച്ചയും നൂതനമായ വ്യവസായവും അടിസ്ഥാന സൗകര്യങ്ങളും അസമത്വം ലഘൂകരിക്കലും, സുസ്ഥിരമായ നഗരങ്ങളും സമൂഹങ്ങളും, ഉത്തരവാദിത്തത്തോടെയുള്ള നിര്‍മിതിയും ഉപഭോഗവും, ജലത്തിനടിയിലെ ജീവന്‍, കരയിലെ ജീവന്‍, ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പങ്കാളിത്തം തുടങ്ങിയവയാണത്. ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നമ്മളും എല്ലാ സംഘടനകളും പ്രസ്ഥാനങ്ങളും രംഗത്തു വരേണ്ടതുണ്ട്.

(സബര്‍മതി ഫൗണ്ടേഷന്‍
ചെയര്‍മാനാണ് ലേഖകന്‍)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.