2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

എനിക്കുവേണ്ടിയും ഒരു പ്രസ്താവന ഇറക്കൂ, ഞാനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണെന്ന് ഡോ. കഫീല്‍ ഖാന്‍

 

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ചികില്‍സയ്ക്കിടെ രോഗി മരിച്ചതിനെത്തുടര്‍ന്ന് ഡോക്ടറെ ബന്ധുക്കള്‍ ആക്രമിച്ചതിന്റെ പേരില്‍ രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനംചെയ്ത ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയെ വിമര്‍ശിച്ച്, യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രതികാരനടപടിക്കു വിധേയമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാന്‍. എനിക്കു വേണ്ടിയും ഒരു പ്രസ്താവന ഇറക്കൂവെന്നും ഞാനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടയാളാണെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. ഡിയര്‍ ഐ.എം.എ, എനിക്ക് അലവന്‍സ് നല്‍കാനും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും സുപ്രിംകോടതിയുടെ ഉത്തരവിട്ടിട്ടും രണ്ടുവര്‍ഷമായി ഞാന്‍ ഓരോ ഓഫീസുകളിലും കയറിയിറങ്ങുകയാണ്. എനിക്കുവേണ്ടിയും ഒരു പ്രസ്താവന ഇറക്കൂ. ഞാനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണ്. എനിക്കും കുടുംബമുണ്ട്.- ഡോ. ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തന്നെ വേട്ടയാടിയപ്പോള്‍ മൗനംപാലിച്ച ഐ.എം.എയുടെ നടപടിയെ രണ്ടു കുറിപ്പുകളിലായാണ് കഫീല്‍ ഖാന്‍ വിമര്‍ശിച്ചത്. ഒരു ദിവസം പണിമുടക്കി സമരം ചെയ്യണമെന്ന് ഇന്ന് ചില ഡോക്ടര്‍മാര്‍ എന്നോട് ആവശ്യപ്പെട്ടു. രണ്ടുവര്‍ഷത്തോളമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എന്നെ സമരത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് ഞാനവരോട് പറഞ്ഞു.- മറ്റൊരു ട്വീറ്റില്‍ കഫീല്‍ ഖാന്‍ പറഞ്ഞു.

2017ല്‍ യോഗിയുട മണ്ഡലത്തില്‍പ്പെട്ട ഘോരഖ്പൂര്‍ ബി.ആര്‍.ഡി ഗവ.മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ 70 കുട്ടികള്‍ മരിച്ച സംഭവത്തോടെയാണ് കഫീല്‍ ഖാന് മാധ്യമശ്രദ്ധ ലഭിച്ചത്. കഫീല്‍ ഖാന്‍ സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കി പുറത്തുനിന്ന് ഓക്‌സിജന്‍ സിലണ്ടര്‍ എത്തിച്ചാണ് ബാക്കിയുള്ളവരുടെ ജീവന്‍ രക്ഷിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഓക്‌സിജന്‍ വിതരണംചെയ്യുന്ന ഏജന്‍സിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന ഖാന്റെ വെളിപ്പെടുത്തല്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനെ ചൊടുപ്പിച്ചിരുന്നു. ഇതോടെ ഖാനെതിരെ പ്രതികാര നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയും അദ്ദേഹത്തെ അറസ്റ്റ്‌ചെയ്യുകയുമായിരുന്നു. ഖാനെതിരെയുള്ളത് കള്ളക്കേസാണെന്നു വ്യക്തമാക്കി അടുത്തിടെ അദ്ദേഹത്തെ ഹൈക്കോടതി വെറുതെവിടുകയുണ്ടായി.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത കഫീല്‍ ഖാന് അലവന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് സുപ്രിംകോടതി കഴിഞ്ഞമാസം ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ ഉത്തരവ് ഇതുവരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാലിച്ചിട്ടില്ല. 20 മാസത്തെ അലവന്‍സാണ് കഫീല്‍ ഖാന് യു.പി സര്‍ക്കാര്‍ നല്‍കാനുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News