2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാര്‍ എവിടെ? തുടരെ ചോദ്യമുന്നയിച്ച കോണ്‍ഗ്രസ് എം.പിയെ സുഷമ സ്വരാജ് ബ്ലോക്ക് ചെയ്തു

ന്യൂഡല്‍ഹി: ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരെക്കുറിച്ച് ട്വിറ്ററില്‍ ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ് എം.പിയെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ബ്ലോക്ക് ചെയ്തു. എം.പി പ്രതാപ് സിങ് ബജ്‌വയെയാണ് സുഷമ ബ്ലോക്ക് ചെയ്തത്. അദ്ദേഹം തന്നെയാണ് ബ്ലോക്ക് ചെയ്‌തെന്നു കാട്ടി സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ടത്.

ജൂലൈയിലാണ് ഇരുവരും തമ്മില്‍ ട്വിറ്റര്‍ യുദ്ധം തുടങ്ങിയത്. 2014 മുതല്‍ 39 ഇന്ത്യക്കാരെ ഇറാഖില്‍ കാണാനില്ലെന്ന് സുഷമ ലോക്‌സഭയില്‍ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇവര്‍ക്ക് പിന്നീട് എന്തുപറ്റിയെന്ന ചോദ്യത്തിന് സുഷമ ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. ഇതോടെ സുഷമ ലോക്‌സഭയെ കള്ളം ധരിപ്പിച്ചുവെന്ന് ബജ്‌വ വാദിച്ചു.

ആശുപത്രി നിര്‍മാണത്തിലേര്‍പ്പെട്ട ഇന്ത്യക്കാരെയാണ് ഐ.എസ് തട്ടിക്കൊണ്ടുപോയതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങിനോട് ഇറാഖ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സുഷമ പിന്നീട് വിശദീകരിച്ചിരുന്നു. ഇവരെ ബാദുഷിലെ ജയിലിലാക്കിയെന്നും സുഷമ പറഞ്ഞു. എന്നാല്‍ അതിനു ശേഷമുള്ള വിവരങ്ങള്‍ സുഷമ പറയുന്നില്ല.

”അവരെല്ലാം മരിച്ചുവെന്ന് പ്രഖ്യാപിക്കാന്‍ എളുപ്പമാണ്, പിന്നെ ആരും ചോദ്യംചെയ്യില്ലല്ലോ. അവര്‍ മൗനപൂര്‍വ്വം അത് അംഗീകരിക്കും. പക്ഷെ, തെളിവൊന്നുമില്ലാതെ അവര്‍ മരിച്ചുവെന്നു പ്രഖ്യാപിക്കാന്‍ എനിക്കാവില്ല”- സുഷമ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.