2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

സുപ്രിംകോടതി പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാല്‍ സ്വാഗതാര്‍ഹം

ജസ്റ്റിസ് കെ.ടി തോമസ് (റിട്ട.സുപ്രിംകോടതി ജഡ്ജി)

സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരേ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി വിമര്‍ശനമുന്നയിച്ച നടപടി അസാധാരണമാണ്. ചീഫ് ജസറ്റിസ് ഉള്‍പ്പെടെ അഞ്ചംഗ കോളീജിയത്തിലെ നാലു പേരാണ് രംഗത്ത് വന്നത് എന്നത് ഗൗരവതരം തന്നെയാണ്.
ഇത് പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ ഇടവരുത്തും. സാധാരണയായി സുപ്രിംകോടതി ചീഫ് ജസറ്റിസ് അടക്കമുള്ള ജഡ്ജിമാര്‍ മാധ്യമങ്ങളെ കാണാറില്ല. പൊതുജനങ്ങളിലേക്കെത്തിക്കേണ്ടതായ കോടതിയുടെ ഭരണപരമായ കാര്യങ്ങള്‍ രജിസ്ട്രാര്‍ ജനറല്‍ മുഖേന വാര്‍ത്താക്കുറിപ്പായി പുറത്തു വിടുന്നതാണ് സാധാരണയായി ചെയ്യാറുള്ളത്. ഇന്നലെ സുപ്രിംകോടതി ജസ്റ്റിസുമാര്‍ മാധ്യമങ്ങളെ കണ്ടത്, കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായകമാകുമെങ്കില്‍ ഞാന്‍ അതിനെ സ്വാഗതം ചെയ്യും. എന്നാല്‍, ഇത് ദോഷകരമായാണ് ഭവിക്കുന്നതെങ്കില്‍ അതിനെ എതിര്‍ക്കും.
ജസ്റ്റിസ് കര്‍ണന്റെ കേസില്‍ വിധി പറഞ്ഞ ഏഴംഗ ഭരണഘടനാ ബെഞ്ച് ജഡ്ജിമാരുടെ നിയമനവും കോളീജിയത്തിന്റെ പ്രവര്‍ത്തനവും സുതാര്യമായിരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരും അംഗീകരിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് തയാറായില്ലെന്ന വിമര്‍ശനമാണ് പ്രധാനമായും ജഡ്ജിമാരുടെ കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇത്തരം കാര്യങ്ങള്‍ സുപ്രിംകോടതിയുടെ പ്രവൃത്തി ദിനങ്ങളില്‍ സീനിയര്‍ ജഡ്ജിമാരുള്‍പ്പെടുന്ന ഫുള്‍കോര്‍ട്ടിന്റെ പരിഗണനക്ക് വരാറുണ്ട്. ദിവസവും കോടതി നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് രാവിലെ സുപ്രിംകോടതിയിലെ 30 സീനിയര്‍ ജഡ്ജിമാര്‍ ഒത്തു കൂടുന്നതാണ് ഫുള്‍കോര്‍ട്ട്. ഈ വിഷയം ഫുള്‍കോര്‍ട്ടിന്റെ പരിഗണനയിലേക്ക് ജഡ്ജിമാര്‍ എത്തിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. വിഷയത്തില്‍ സുപ്രിംകോടതിയുടെ മറ്റ് സീനിയര്‍ ജഡ്ജിമാരുടെ അഭിപ്രായം ഇനിയും വ്യക്തമായിട്ടില്ല.എന്നാല്‍, സുപ്രിംകോടതിയിലെ ബെഞ്ചുകളുടെ വിന്യാസം സംബന്ധിച്ച തീരുമാനങ്ങളില്‍ ചീഫ് ജസ്റ്റിസിന് പൂര്‍ണ അധികാരമുണ്ട്.
ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനെ പോലെയാണ് ഇക്കാര്യത്തില്‍ സുപ്രിംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ അധികാരം . തന്റെ ടീമംഗങ്ങള്‍ ഏതൊക്കെ പൊസിഷനുകളില്‍ കളിക്കണമെന്ന് ക്യാപ്റ്റനാണ് തീരുമാനിക്കുന്നത്. അത് അന്തിമവുമായിരിക്കും. ചീഫ് ജസ്റ്റിസ് കീഴ് വഴക്കങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ആരോപണമുന്നയിക്കുന്നവര്‍ ഏതൊക്കെ കാര്യത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ല.
എന്റെ ഓര്‍മയില്‍ ഇതിനോട് സമാനമല്ലെങ്കിലും സാമ്യമുള്ള രണ്ടു സംഭവങ്ങളുണ്ട്. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരേ രംഗത്ത് വന്നിരുന്നു.പ്രതിഷേധ സൂചകമായി ജഡ്ജിമാര്‍ കോടതിയില്‍ ദിവസങ്ങളോളം വരാതെയിരുന്നു. വിട്ടു നില്‍ക്കുന്ന ജഡ്ജിമാരെ സ്ഥലം മാറ്റുമെന്നാണ് വിഷയത്തിലിടപെട് കൊണ്ട് സുപ്രിം കോടതി താക്കീത് ചെയ്തത്. ഇതോടെ ജഡ്ജിമാര്‍ ബഹിഷ്‌കരണം മതിയാക്കി കോടതിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
മറ്റൊന്ന് ജെ.എസ് വര്‍മ്മ സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരിക്കെ അദ്ദേഹത്തിനെതിരേ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിക്കപ്പെട്ടു. സുപ്രിംകോടതി ജഡ്ജിയുടെ അധികാരമുപയോഗിച്ച് അദ്ദേഹം ആ കേസ് സുപ്രിംകോടതിയിലെ മറ്റൊരു ബെഞ്ചിലെത്തിച്ചു. തുടര്‍ന്ന് ഈ ഹരജി തള്ളപ്പെടുകയായിരുന്നു.
ഏതായാലും സുപ്രിംകോടതിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ സംഭവവികാസങ്ങള്‍ ഭരണഘടനാ പ്രതിസന്ധിയായോ ജനാധിപത്യത്തിന് ഭീഷണിയായോ ഭവിക്കാനിടയില്ല. ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ അധികം വൈകാതെ തന്നെ പരിഹരിക്കപ്പെടുമെന്ന് തന്നെ പ്രതീക്ഷിക്കാം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.