2018 May 09 Wednesday

ന്യായമായ വിചാരണയാണ് ലക്ഷ്യം, ആവശ്യമെങ്കില്‍ കത്‌വ കേസ് പുറത്തുനടത്തും: സുപ്രിം കോടതി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്‌വയില്‍ എട്ടുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ ന്യായമായ വിചാരണ നടക്കണമെന്ന് സുപ്രിം കോടതി. മറ്റു സാധ്യതകളില്ലെങ്കില്‍ കേസിന്റെ വിചാരണ കശ്മീരിനു പുറത്തേക്കു മാറ്റുമെന്നും സുപ്രിം കോടതി പറഞ്ഞു.

”ന്യായമായ വിചാരണ ഉറപ്പുവരുത്തുകയാണ് നമ്മുടെ ഒന്നാമത്തെയും ഭരണഘടനാപരവുമായ ലക്ഷ്യം”- ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ഇരയുടെ അഭിഭാഷകയെ സംരക്ഷിക്കുമെന്നും ആവശ്യമെങ്കില്‍ കേസ് പുറത്തേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റുന്നതു സംബന്ധിച്ചുള്ള ഹരജി വെള്ളിയാഴ്ച പരിഗണിക്കുക.

കേസുമായി മുന്‍പോട്ടു പോകുന്നതിന് തനിക്കും അഭിഭാഷക ദീപിക രജാവത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ജമ്മു കശ്മീര്‍ പൊലിസിന്റെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും കേസ് ചണ്ഡീഗഢില്‍ വിചാരണ ചെയ്യണമെന്നുമായിരുന്നു പിതാവിന്റെ ആവശ്യം.

ക്ഷേത്രത്തില്‍ ഒരാഴ്ചക്കാലം ഒളിപ്പിച്ചുവച്ച് എട്ടു വയസ്സുകാരി അതിഭീകരമായി പീഡിപ്പിച്ച സംഭവത്തില്‍ രാജ്യാന്തര പ്രതിഷേധം ഉണ്ടായിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ നേതൃത്വത്തിലും പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി ബി.ജെ.പി മന്ത്രിമാരുടെ നേതൃത്വത്തിലും റാലി നടത്തിയത് രാജ്യത്തെ ഞെട്ടിച്ചു. ഇതോടെയാണ് പിതാവും അഭിഭാഷകയും സുപ്രിംകോടതിയെ സമീപിച്ചത്.

കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടാണ് ജമ്മു കശ്മീരിലെ അഭിഭാഷകര്‍ക്കുള്ളത്. ഇതേ നിലപാടിലാണ് ബി.ജെ.പി നേതൃത്വവും. കേസ് അട്ടിമറിക്കാനാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നാണ് ആരോപണം.

സി.ബി.ഐ അന്വേഷണമെന്ന ആവശ്യം നീതിയുക്തമാണെന്ന് ഇന്ന് സുപ്രിംകോടതിയില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും നിലപാടെടുത്തു. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ വച്ച് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണിതെന്നും ബാര്‍ കൗണ്‍സില്‍ വാദിച്ചു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെ അഭിഭാഷകര്‍ തടഞ്ഞിട്ടില്ലെന്നും ബാര്‍ കൗണ്‍സില്‍ പറഞ്ഞു.

ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോകുന്ന സമയത്ത് അഭിഭാഷകര്‍ ഉദ്യോഗസ്ഥരെ തടയുകയും കോടതിക്കു പുറത്ത് പ്രകടനം നടത്തുകയും ചെയ്തിരുന്നു. പിന്നീട് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയാണ് രമേശ് കുമാര്‍ ജല്ലയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.