2018 October 17 Wednesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

Editorial

സുപ്രിം കോടതിയില്‍ നിയമയുദ്ധ പോര്‍മുഖം തുറക്കുന്നു


പരമോന്നത നീതിപീഠമായ സുപ്രിംകോടതിയില്‍ അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുന്ന അനഭിലഷണീയ പ്രവണതകള്‍ ജനാധിപത്യത്തിന്റെ നെടും തൂണായ പ്രസ്തുത ഭരണഘടനാ സ്ഥാപനത്തിന്റെ അടിത്തറ തന്നെ ഇളക്കിക്കൊണ്ടിരിക്കുന്നിടം വരെ എത്തിയിരിക്കുകയാണ്. ഫാസിസ്റ്റുകള്‍ എന്ത് ആഗ്രഹിക്കുന്നുവോ അത് സുപ്രിം കോടതി നിര്‍വഹിച്ചുകൊടുക്കുന്നു എന്ന് തോന്നിപ്പോകുന്ന സംഭവവികാസങ്ങള്‍. അഴിമതിയാരോപണത്തിലും സ്വജനപക്ഷ പാതത്തിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. തീര്‍ത്തും ഉല്‍ക്കണ്ഠാജനകവും അപ്രതീക്ഷിതവുമായ കാര്യങ്ങളാണ് ഇന്നലെ സുപ്രിം കോടതിയില്‍ അരങ്ങേറിയത്.

ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യണമെന്ന രാജ്യസഭാ എം.പിമാരുടെ നോട്ടിസ് തള്ളിയ സഭാധ്യക്ഷന്‍ എം. വെങ്കയ്യനായിഡുവിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസിന്റെ രണ്ട് രാജ്യസഭാ അംഗങ്ങള്‍ നല്‍കിയ ഹരജി ഇന്നലെ കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍ക്കാണ് ഇടവരുത്തിയത്.
ഹരജി ഇന്നലെ രാവിലെ 10.30ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരുടെ ബെഞ്ച് മുമ്പാകെ വിചാരണക്ക് വരേണ്ടതായിരുന്നു. എന്നാല്‍, ചീഫ് ജസ്റ്റിസ് ഇടപെട്ട് തിങ്കളാഴ്ച വൈകീട്ട് അസാധാരണമായ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കോളിജിയം അംഗങ്ങള്‍ക്ക് താഴെയുള്ള അഞ്ചാമത്തെ ജഡ്ജി ജസ്റ്റിസ് എ.കെ സിക്രിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് കേസ് വിചാരണ അങ്ങോട്ട് മാറ്റുകയായിരുന്നു. ഇത് തീര്‍ത്തും നിയമവിരുദ്ധമാണ്. ചീഫ് ജസ്റ്റിസിനെതിരെയുള്ള ഒരു പരാതി അദ്ദേഹം തന്നെ ഇടപെട്ട് മറ്റു ബെഞ്ചിലേക്ക് മാറ്റുന്നതിന് കീഴ് വഴക്കമില്ല. ജസ്റ്റിസ് സിക്രിയുടെ നേതൃത്വത്തില്‍ ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, എന്‍.വി രമണ, അരുണ്‍ മിശ്ര, എ.കെ ഗോയല്‍ എന്നിവരെയാണ് ചീഫ് ജസ്റ്റിസ് നിയമിച്ചത്. ഇവരൊക്കെയും നിലവിലെ മുതിര്‍ന്ന ജഡ്ജിമാരെക്കാളും ജൂനിയര്‍മാരാണ്താനും. ഇത്തരം പ്രവണതകള്‍ക്കെതിരെയായിരുന്നു ജനുവരി പത്തിന് ജസ്റ്റിസ് ജെ. ചെലമേശറിന്റെ നേതൃത്വത്തില്‍ കൊളിജിയം അംഗങ്ങള്‍ കോടതി ബഹിഷ്‌കരിച്ച് കോടതിയില്‍ നടക്കുന്ന നിയമവിരുദ്ധ കാര്യങ്ങള്‍ പുറംലോകത്തോട് പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. അതാണിപ്പോഴും ചീഫ് ജസ്റ്റിസ് തുടരുന്നതും.
ചീഫ് ജസ്റ്റിസിനെതിരേ അധികാര ദുര്‍വിനിയോഗം ആരോപിച്ച് നല്‍കിയ ഹരജി അദ്ദേഹം തന്നെ ഇടപെട്ട് തന്നിഷ്ടപ്രകാരം ഭരണഘടനാ ബെഞ്ചിന് നല്‍കിയ നടപടി അദ്ദേഹത്തിന്റെ മേലുള്ള സംശയങ്ങള്‍ ബലപ്പെടുത്തുകയല്ലേ ചെയ്യുക. ചീഫ് ജസ്റ്റിസിനെതിരെയുള്ള ഹരജി ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ച് പരിഗണിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ചീഫ് ജസ്റ്റിസിന്റെ ഇതുസംബന്ധിച്ച ഉത്തരവ് കാണണമെന്ന ഹരജിക്കാരുടെ അഭിഭാഷകനായ കപില്‍ സിബലിന്റെ ആവശ്യം സുപ്രിം കോടതി നിരസിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസിന് ഭരണഘടനാ ബെഞ്ച് സ്ഥാപിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞാണ് കപില്‍ സിബലിന്റെ ആവശ്യം തള്ളിയത്. എന്നാല്‍, നിയമപരമായി ചീഫ് ജസ്റ്റിസിന് അതിന് അവകാശമില്ലെന്നാണ് കപില്‍ സിബലിന്റെ വാദം. ഏതെങ്കിലും കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ചീഫ് ജസ്റ്റിസിന് ഭരണഘടനാ ബെഞ്ച് സ്ഥാപിക്കാന്‍ നിയമപരമായ അവകാശമുള്ളൂ. ഇതുസംബന്ധിച്ച ഉത്തരവ് നല്‍കാന്‍ പറ്റുകയില്ലെന്ന കോടതി നിലപാട് പുറത്തുവന്നതോടെ കപില്‍ സിബല്‍ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെടുന്ന ഹരജി പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ഇത് വരും നാളുകളില്‍ വലിയൊരു നിയമ പോരാട്ടത്തിനാണ് വഴി വക്കുന്നത്. അതിന്റെ പോര്‍മുഖമാണ് ഇന്നലെ സുപ്രിം കോടതിയില്‍ തുറന്നത്.
ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചില്‍ കേസ് വിചാരണക്ക് വരികയും അദ്ദേഹം തുടര്‍നടപടികള്‍ക്ക് ഉത്തരവിടുകയും ചെയ്തിരുന്നുവെങ്കില്‍ ഒരേ സമയം ചീഫ് ജസ്റ്റിസ് ദീപക്മിശ്രയും രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവും പ്രതിസന്ധിയിലാകുമായിരുന്നു. അതിന് തടയിടാനായിരിക്കണം ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിട്ടുണ്ടാവുക. വെങ്കയ്യ നായിഡുവിന് ചീഫ് ജസ്റ്റിസിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടിസ് തള്ളാനുള്ള അധികാരമില്ല. അന്വേഷണ സമിതി രൂപീകരിച്ച് അദ്ദേഹമത് അവര്‍ക്ക് വിടുകയായിരുന്നു വേണ്ടിയിരുന്നത്. നിയമ വിരുദ്ധമായ നടപടിയാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത് സംബന്ധിച്ച ഉത്തരവ് നല്‍കാന്‍ പറ്റുകയില്ലെന്ന സുപ്രിം കോടതിയുടെ നിലപാട് വമ്പിച്ചൊരു നിയമ യുദ്ധത്തിനാണ് ഇടം നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന കപില്‍ സിബലിന്റെ ചോദ്യം ചീഫ് ജസ്റ്റിസ് ദീപക്മിശ്രക്കും രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനും പ്രതിസന്ധിയുടെ നാളുകളാണ് നല്‍കുക. ചീഫ് ജസ്റ്റിസ് രൂപീകരിച്ച ഭരണഘടനാ ബെഞ്ചിന്റെ നിയമപരമായ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് നാളെ മറ്റൊരു ഹരജി സുപ്രിം കോടതിയില്‍ വരുമ്പോള്‍ അതിന് എന്ത് ഉത്തരമാണ് സുപ്രിം കോടതിക്ക് നല്‍കാനുണ്ടാവുക? അതറിയുവാനാണ് ജനാധിപത്യ വിശ്വാസികള്‍ കാത്തിരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെയും അത് വഴി ജനാധിപത്യ ഭരണസംവിധാനത്തെയും തകര്‍ക്കാന്‍ ആരൊക്കെ കൂട്ടുനിന്നോ അതിന്റെയെല്ലാം നിജസ്ഥിതി നാളെ ലോകം അറിയുക തന്നെ ചെയ്യും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.