2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

സാമൂഹിക, സാമ്പത്തിക, ജാതി റീ സര്‍വേ നടത്തണം


 

സാമൂഹിക, സാമ്പത്തിക, ജാതി റീ സര്‍വേ നടപടി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് നടപടി എത്രത്തോളമായി എന്നതിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി സര്‍ക്കാരിനോട് കഴിഞ്ഞ ജൂലൈ 22ന് ആവശ്യപ്പെട്ടതാണ്. എന്നാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇതുവരെയായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആരോപിച്ചിരിക്കുന്നു. 23 വര്‍ഷമായി സാമൂഹിക, സാമ്പത്തിക, ജാതി സര്‍വേ മുടങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട്. റീ സര്‍വേ പുറത്ത് വന്നാല്‍ മാത്രമേ ന്യൂനപക്ഷ പിന്നാക്ക ദലിത് വിഭാഗങ്ങളുടെ നിലവിലെ സാമൂഹിക-സാമ്പത്തിക സ്ഥിതി എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയൂ.
റീ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് നിലവില്‍ ഹൈക്കോടതിയില്‍ കേസുണ്ട്. സംവരണത്തിന് അവകാശമുള്ള വിഭാഗങ്ങള്‍ക്ക് അതിനുള്ള അവസരം കിട്ടാതെ പോകുന്നുവെന്നത് വര്‍ഷങ്ങളായുള്ള പരാതിയാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റേതുള്‍പ്പെടെ പല പഠനങ്ങളും ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. സംവരണത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അതത് കാലത്തെ സര്‍ക്കാരുകള്‍ക്ക് നിവേദനങ്ങളും നല്‍കപ്പെട്ടിട്ടുണ്ട്. ഓരോ പത്ത് വര്‍ഷം കഴിയുമ്പോഴും പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുനഃപരിശോധിക്കണമെന്നാണ് 1993 ജൂലൈ മാസത്തില്‍ പിന്നാക്ക കമ്മിഷന്‍ ആക്ടിലെ സെക്ഷന്‍ 11 വ്യക്തമാക്കുന്നത്.
2011ല്‍ ഗ്രാമവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് നടത്തിയതാണ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ 2015 മുതല്‍ ഗ്രാമവികസന മന്ത്രാലയം പുറത്തുവിടുകയും ചെയ്തു. നിലവില്‍ തൊഴില്‍രംഗത്തെ അസമത്വം, ഭക്ഷ്യസുരക്ഷാനിയമം തുടങ്ങി പിന്നാക്ക വിഭാഗങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന നിരവധി വിഷയങ്ങളെ ആസ്പദമാക്കിയാണ് സര്‍വേ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ വിഭാഗങ്ങള്‍ക്ക് ഗുണകരമാകുന്ന പദ്ധതികള്‍ പുനര്‍നിര്‍ണയിക്കുക. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ റീ സര്‍വേ നടത്താത്തതിനാല്‍ ന്യൂനപക്ഷ പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് ലഭ്യമാകേണ്ട പല അവകാശങ്ങളും കാലങ്ങളായി നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ജാതീയതയാണ് ഭൂരിപക്ഷംവരുന്ന ഒരു വിഭാഗത്തെ അധഃസ്ഥിതരാക്കി മാറ്റിയത്. മനുഷ്യര്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ജാതി സങ്കല്‍പം ഇന്ത്യയിലുണ്ട്. ചില ആളുകള്‍ പ്രത്യേകതരം ജോലി ചെയ്യാന്‍ തുടങ്ങിയത് മുതല്‍ക്കാണിതിന്റെ ആരംഭം. തലമുറകളായി അവര്‍ ആ തൊഴിലുകളില്‍തന്നെ തുടര്‍ന്നപ്പോള്‍ തൊഴിലടിസ്ഥാനത്തിലുള്ള ജാതിവ്യവസ്ഥ ഉടലെടുക്കുകയായിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് വര്‍ണത്തിന്റെ മേല്‍ക്കോയ്മയില്‍ അധീശത്വം സ്ഥാപിക്കപ്പെടുകയും ചെയ്തു.
വെളുത്തവരായ ബ്രാഹ്മണരെ നന്മയുടെയും കറുത്തവരായ ശുദ്രരെ തിന്മയുടെയും പ്രതീകങ്ങളായി ചാപ്പകുത്തപ്പെട്ടു. ഇതിന്റെ ഫലമായിട്ടാണ് ഇവര്‍ ജാതീയമായ ഉച്ചനീചത്വത്തിലേക്ക് പുറംതള്ളപ്പെട്ടത്. ഇന്ത്യയില്‍ ഹിന്ദുമതം പ്രധാന മതമായി രൂപപ്പെടുന്നതിന് മുമ്പ്തന്നെ ചാതുര്‍വര്‍ണ്യം പ്രാബല്യത്തില്‍ വന്നതാണ് ജാതീയത ഇത്രമേല്‍ ആഴത്തില്‍ വേരൂന്നാന്‍ കാരണം. ഭൂരിപക്ഷംവരുന്ന ജനവിഭാഗത്തെ ജാതീയതയുടെ പേരില്‍ നൂറ്റാണ്ടുകളിലൂടെ അടിമകളായി ഒരു ചെറിയ ന്യൂനപക്ഷം ഭരിക്കുന്നു. ചാതുര്‍വര്‍ണ്യത്തിന്റെ അകത്തുള്ളവരെ സവര്‍ണരെന്നും പുറത്തുള്ളവരെ അവര്‍ണരെന്നും നിരൂപിച്ചത് ബ്രാഹ്മണ വിഭാഗം തന്നെയായിരുന്നു.
കാലാന്തരീക്ഷത്തില്‍ സവര്‍ണര്‍ക്ക് അധികാരം ലഭിച്ചപ്പോള്‍ അത് നിലനിര്‍ത്താന്‍ പല നിയമങ്ങളും അവര്‍ നിര്‍മിച്ചെടുത്തതാണ് ഇന്നും ഭൂരിപക്ഷംവരുന്ന ജനത ജാതീയതയുടെ പേരില്‍ ക്ലേശഭരിതമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെടുന്നത്. ഇപ്രകാരമാണ് ബ്രാഹ്മണാധിപത്യം ഹിന്ദുമതത്തില്‍ കടന്ന്കൂടുന്നത്. വേദകാലത്തെ സനാതനധര്‍മവുമായി ബ്രാഹ്മണര്‍ നിര്‍മിച്ചെടുത്ത ഹിന്ദുമതത്തിന് യാതൊരു സാമ്യവുമില്ലെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയവര്‍ വെളിപ്പെടുത്തുന്നുണ്ട്. ഈ വസ്തുത ഭരണഘടനാശില്‍പികള്‍ മനസ്സിലാക്കിയിരുന്നു. തുടര്‍ന്നാണ്, ഭൂരിപക്ഷംവരുന്ന സമൂഹത്തെ അധികാര സ്ഥാനങ്ങളില്‍നിന്നും സാമൂഹിക നീതിയില്‍നിന്നും തുടച്ച്‌നീക്കിയതിനെതിരേ ഭരണഘടനയില്‍ വ്യവസ്ഥകള്‍ കൊണ്ടുവന്നത്. അതാണ് സംവരണം. സംവരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് മുതല്‍ അതിനെ തകര്‍ക്കാനുള്ള കുത്സിത ശ്രമങ്ങളും ഭരണതലത്തില്‍തന്നെ ആരംഭിക്കുകയും ചെയ്തു. സര്‍ക്കാരുകളുടെ മര്‍മസ്ഥാനങ്ങളിലെല്ലാം സവര്‍ണരെന്ന് പറയപ്പെടുന്നവര്‍ കൈയടക്കിയതിനാല്‍ ഇത് എളുപ്പത്തില്‍ സാധ്യമാക്കാനും കഴിഞ്ഞു.
സംവരണം നടപ്പാക്കി 72 വര്‍ഷം കഴിഞ്ഞിട്ടും അതിന്റെ ഫലപ്രാപ്തി എത്രത്തോളമെത്തി എന്നതിനെക്കുറിച്ച് ശരിയായ വിവരം അറിയണമെങ്കില്‍ റീ സര്‍വേതന്നെ നടക്കണം. അതാണ് ഡോ. എം.കെ മുനീര്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടതും. ഒരാള്‍ നമ്പൂതിരിയാകുന്നതും നായരാകുന്നതും സമൂഹത്തില്‍ വലിയ ആഘാതങ്ങളൊന്നും സൃഷ്ടിക്കുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ ആ വിഭാഗത്തില്‍പെട്ടവര്‍ എല്ലാവര്‍ക്കും ലഭ്യമാകേണ്ട വിഭവസമ്പത്ത് സ്വയം അനുഭവിക്കുന്നതാണ് പ്രശ്‌നമായിതീരുന്നത്. എല്ലാവര്‍ക്കും അവകാശപ്പെട്ട വിഭവസമ്പത്ത് ഒരു ന്യൂനപക്ഷം അനുഭവിക്കുന്നത് സാമൂഹിക അനീതിയാണ്. എല്ലാവര്‍ക്കും വിഭവങ്ങള്‍ തുല്യമായി വീതിക്കപ്പെടുന്നതിനെയാണ് സാമൂഹികനീതികൊണ്ട് ഉദ്ദേശിക്കുന്നത്.
ജാതിയുടെ പേരില്‍ വ്യവസ്ഥയുണ്ടാക്കുകയും അതിന്റെ പേരില്‍ സാമൂഹികമായ അസമത്വം സൃഷ്ടിക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തില്‍ തുല്യനീതിക്ക് വേണ്ടിയുള്ള കലാപങ്ങള്‍ ഉയരുക സ്വാഭാവികം. പിന്തള്ളപ്പെട്ട വിഭാഗങ്ങളില്‍നിന്നും ഏതെങ്കിലും കുറച്ച്‌പേര്‍ക്ക് ഉന്നതമായ ജീവിതാവസരമോ ഉയര്‍ന്ന ജോലിയോ ലഭിച്ചത്‌കൊണ്ട് മൊത്തത്തില്‍ ആ സമൂഹത്തിന്റെ അവസ്ഥ മാറുന്നില്ല. ഇതിന്റെയൊക്കെ യാഥാര്‍ഥ്യം അറിയാനാണ് സാമൂഹിക, സാമ്പത്തിക, ജാതി റീ സര്‍വേ വേണമെന്ന് ആവശ്യപ്പെടുന്നത്.
അധഃസ്ഥിത വിഭാഗത്തിനൊപ്പമാണെന്ന് അവകാശപ്പെടുന്ന ഇടത് മുന്നണി സര്‍ക്കാര്‍ ഇതുസംബന്ധിച്ച് മൗനം തുടരുന്നത് അപലപനീയമാണ്. 23 വര്‍ഷമായി പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹികാവസ്ഥയെക്കുറിച്ചുള്ള സര്‍വേ പുതുക്കാതെ മുടങ്ങിക്കിടക്കുന്നുവെന്നത് ആ വിഭാഗത്തോട് ചെയ്യുന്ന മറ്റൊരു അനീതിയാണ്. ഇത് സംബന്ധിച്ച കേസ് ഓഗസ്റ്റ് 26ന് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കുമ്പോള്‍, ഇതുവരെ ഇതിന്മേല്‍ ഒരു വക്കാലത്ത് പോലും നല്‍കാന്‍ തയ്യാറാകാത്ത ഇടത് മുന്നണി സര്‍ക്കാര്‍ എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നത് എന്നറിയുവാന്‍ പൊതുസമൂഹത്തിന് താല്‍പര്യമുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.