2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

Editorial

മൂന്നാമത്തെ സീറ്റ് മുസ്‌ലിം ലീഗിനു ബാധ്യതയോ?


 

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് മൂന്നു സീറ്റില്‍ മത്സരിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
കൊടപ്പനക്കല്‍ കുടുംബത്തിലെ ഇളംതലമുറയില്‍നിന്ന് ഇത്തരമൊരാവശ്യം ഉയര്‍ന്നുവന്നത് ശ്രദ്ധേയമാണ്. അണികളുടെ വര്‍ഷങ്ങളായുള്ള അഭിലാഷമാണ് സാമൂഹ്യ മാധ്യമത്തില്‍ അദ്ദേഹം എഴുതിയ കുറിപ്പില്‍ പ്രകടിപ്പിച്ചത്. ലീഗ് മൂന്നു ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് അണികള്‍ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും എന്നാല്‍ നേതൃത്വം ഇക്കാര്യം അറിഞ്ഞ മട്ടുപോലുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഈ അവസ്ഥ മാറണമെന്നും ഈ തെരഞ്ഞെടുപ്പിലെങ്കിലും മൂന്നു സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ഉണ്ടാകണമെന്നും അതു തോല്‍ക്കുന്ന സീറ്റുകളാണെങ്കില്‍പോലും പ്രശ്‌നമില്ലെന്നും നമുക്കതു നേടിയെടുക്കണമെന്നും തികച്ചും ന്യായമായ ഈ ആവശ്യത്തിലേക്ക് നേതൃത്വം ശ്രദ്ധചെലുത്തണമെന്നുമാണ് മുഈനലി തങ്ങള്‍ ആവശ്യപ്പെടുന്നത്.
കാലങ്ങളായി മുന്നണി ബന്ധത്തിന്റെ അസ്ഥിവാരം ഇളകുന്നതിലുള്ള സങ്കടംകൊണ്ട് എല്ലാം സഹിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും മുഴുവന്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി സമവായത്തില്‍ അലിയുന്ന പതിവു ശൈലിയില്‍നിന്ന് നേതൃത്വം മാറിച്ചിന്തിക്കണമെന്നും പരിഹാസരൂപേണയും തങ്ങള്‍ പറയുന്നുണ്ട്. ആനക്ക് അതിന്റെ വലിപ്പം അറിയില്ല എന്നതു പോലുള്ള അവസ്ഥ ഇനിയെങ്കിലും നാം മാറണം. ‘വിട്ട് വീഴ്ചകള്‍ക്കും വേണ്ടേ ഒരു പരിസമാപ്തി’ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിലാണ് പാര്‍ട്ടി നേതൃത്വത്തോട് പാര്‍ട്ടിയുടെ തന്നെ ഇളംമുറ നേതാവ് ഇതു പറയുന്നത്.
തോല്‍ക്കുന്ന സീറ്റുകളായതു കൊണ്ടാണ് ലീഗ് നേതൃത്വം അതെല്ലാം കൈയൊഴിയുന്നത് എന്ന വാദം അംഗീകരിക്കാനാവില്ല. തോറ്റവര്‍ കൂടി എഴുതിച്ചേര്‍ത്തതാണ് ലീഗിന്റെയും മുസ്‌ലിം സമുദായത്തിന്റെയും ചരിത്രമെന്നോര്‍ക്കണം. തോല്‍ക്കാനും വേണം അചഞ്ചലമായ ആത്മധൈര്യം. വിജയികള്‍ക്കു മാത്രമുള്ളതല്ല ഈ ലോകം. പരാജിതരുടേതും കൂടിയാണ്. ലീഗിന്റെ ഗര്‍ഭഗൃഹത്തില്‍നിന്നു തന്നെ ഈ ആവശ്യം ഉയര്‍ന്നുവന്നരിക്കുന്നത് കേവലം യാദൃച്ഛികമാണെന്ന് കരുതാന്‍വയ്യ. റിസ്‌ക്ക് എടുക്കാന്‍ നേതൃത്വം തയാറല്ല എന്ന കുടുംപിടുത്തത്തിന് സമവായത്തിന്റെ മേമ്പൊടി ചാര്‍ത്തുകയാണ്. പ്രയാസങ്ങളിലൂടെയും റിസ്‌ക്കിലൂടെയുമാണ് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും ഖാഇദുല്‍ഖൗം സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും സി.എച്ച് മുഹമ്മദ് കോയ സാഹിബും സീതി സാഹിബും ലീഗിനെ കെട്ടിപ്പടുത്തത്. തളികയില്‍ ആരും വച്ചുനീട്ടിയതല്ല മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം. വെല്ലുവിളികള്‍ ഏറ്റെടുക്കാത്ത ഏതു രാഷ്ട്രീയ പ്രസ്ഥാനമാണ് വിജയക്കൊടി നാട്ടിയത്? പാണക്കാട് പൂക്കോയ തങ്ങളെപ്പോലുള്ള നേതാക്കളുടെ നിശ്ചയദാര്‍ഢ്യമാണ് ലീഗിന് സംസ്ഥാനത്തു മേല്‍വിലാസമുണ്ടാക്കിക്കൊടുത്തത്.
പ്രയാസപ്പെടാതെ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന രണ്ടു പാര്‍ലമെന്റ് സീറ്റുകളില്‍ ഒതുങ്ങിനില്‍ക്കാനുള്ള തീരുമാനം ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ ആത്മഹത്യാപരമാണ്.
ഓരോ അഞ്ചുവര്‍ഷം കഴിയുന്തോറും ലോക്‌സഭയിലും രാജ്യസഭയിലും മുസ്‌ലിം പ്രതിനിധികളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സഖ്യകക്ഷിയായ കോണ്‍ഗ്രസ് പോലും ഇക്കഴിഞ്ഞ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുസ്‌ലിം നേതാക്കളായ ഗുലാംനബി ആസാദിനെയും അഹമ്മദ് പട്ടേലിനെയും അയച്ചില്ല. അതുവരെ എത്തിനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് തരാന്‍ തയാറായിട്ടും മൂന്നാമത്തെ സീറ്റിനു വിമുഖത കാണിക്കുന്നത് അംഗീകരിക്കാനാവില്ല.
ജാജ്വല്യമായ ഒരു പാരമ്പര്യമായിരുന്നു മുസ്‌ലിം ലീഗിന് ലോക്‌സഭയിലും രാജ്യസഭയിലും ഉണ്ടായിരുന്നത്. 1970ല്‍ നാല് എം.പിമാര്‍ വരെ ലോക്‌സഭയില്‍ ലീഗിന്റെ മേല്‍വിലാസത്തില്‍ ഉണ്ടായിരുന്നു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് മഞ്ചേരിയില്‍നിന്നും എസ്.എ അബുത്വാലിബ് ചൗധരി പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍നിന്നും ഇബ്രാഹിം സുലൈമാന്‍ സേട്ട് പൊന്നാനിയില്‍നിന്നും എസ്.എം ഷെരീഫ് തമിഴ്‌നാട്ടിലെ രാമനാഥപുരത്ത്‌നിന്നും ലോക്‌സഭയിലെത്തിയ ലീഗ് എം.പിമാരായിരുന്നു. രാജ്യസഭയില്‍ തമിഴ്‌നാട്ടില്‍ നിന്ന് നാല് എം.പിമാര്‍ വരെ ഉണ്ടായിരുന്നു. കേരളത്തില്‍നിന്ന് പലപ്പോഴും രണ്ട് പേരുണ്ടായിരുന്നു അടുത്തകാലംവരെ.
വിവിധ സംസ്ഥാന നിയമസഭകളിലും ലീഗ് എം.എല്‍.എമാരുണ്ടായിരുന്നു. പശ്ചിമബംഗാളില്‍ ഹസ്സനുസമാന്‍ വ്യവസായ മന്ത്രിയായിരുന്നു. മഹാരാഷ്ട്രയില്‍ ജി.എം ബനാത്ത് വാലയും ബഷീര്‍ പട്ടേലും എം.എല്‍.എമാരായിരുന്നു. കര്‍ണാടകയിലും അസമിലും തമിഴ്‌നാട്ടിലും ലീഗിന്റെ പ്രതിനിധികളുണ്ടായിരുന്നു. മുംബൈയിലെ മേയര്‍ ലീഗ് നേതാവ് ഹബീബുല്ല ബേഗ് ആയിരുന്നു. ഒരുകാലത്ത് മഞ്ചേരിയിലെ ഒരു സീറ്റിന്റെ ബലത്തില്‍ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് റിസ്‌ക്ക് എടുത്ത് നേടിയെടുത്തതായിരുന്നു ഈ സീറ്റുകളെല്ലാം. ഒരുകാലത്ത് രാജ്യത്തെ നിയമസഭകളിലെല്ലാം മൂന്നാം സ്ഥാനത്ത് മുസ്‌ലിം ലീഗായിരുന്നുവെന്ന് അവിടങ്ങളിലെ രേഖകള്‍ പരിശോധിച്ചാലറിയാം. കോഴിക്കോട്ടു നിന്ന് സി.എച്ച് ലോക്‌സഭയിലെത്തിയത് ലീഗ് തനിച്ച് മത്സരിച്ചിട്ടായിരുന്നു.
സമസ്തയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തേണ്ട മഹാസമ്മേളനമായിരുന്നു 2018 ഒക്ടോബര്‍ 13ന് മുതലക്കുളത്ത് ചേര്‍ന്ന സമസ്ത ശരീഅത്ത് സമ്മേളനം. സമ്മേളനത്തില്‍ സമസ്തയുടെ സമാദരണീയനായ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ത്വലാഖ് വിഷയത്തിന്റെ കാര്യത്തില്‍ ജി.എം ബനാത്ത് വാല ശരീഅത്ത് സംരക്ഷണ ബില്ലില്‍മേല്‍ നടത്തിയ പ്രസംഗം മാതൃകയാക്കണമെന്നും അതില്‍ പാഠമുണ്ടെന്നും വേദിയിലുണ്ടായിരുന്ന ലീഗ് നേതാവിനെ സാക്ഷിനിര്‍ത്തി പറഞ്ഞത് മറക്കാറായിട്ടില്ല. മുത്വലാഖ് വിഷയത്തില്‍ പിന്നീടുണ്ടായ വിവാദങ്ങളും മറക്കാറായിട്ടില്ല. മുത്വലാഖ് ചര്‍ച്ച ബഹിഷ്‌കരിക്കുക എന്നത് ലീഗിന്റെ തീരുമാനമായിരുന്നില്ല. കോണ്‍ഗ്രസിന്റേതായിരുന്നു.
വടകര ലോക്‌സഭാ സീറ്റ് ഒരിക്കല്‍ ലീഗിനു കിട്ടിയതായിരുന്നു. അതു വിട്ടുകൊടുത്ത് റിസ്‌ക്ക് എടുക്കേണ്ടെന്ന് കരുതി. കാസര്‍കോട് ലോക്‌സഭാ സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുത്തു. ബേപ്പൂര്‍ നിയമസഭാ സീറ്റ് വിട്ടുകൊടുത്തു. പി.കെ. കെ ബാവ വിജയിച്ച ഇരവിപുരം വിട്ടുകൊടുത്തു. മുഹമ്മദ് കണ്ണ് ജയിച്ചിരുന്ന തിരുവനന്തപുരം സൗത്ത് വിട്ടുകൊടുത്തു. ഹക്കിം ജി ജയിച്ചുപോന്നിരുന്ന കഴക്കൂട്ടം വിട്ടുകൊടുത്തു. മുസ്‌ലിം ലീഗ് പോരാടി നേടിയ സീറ്റുകള്‍ സമവായത്തിന്റെ പേരില്‍ വിട്ടുകൊടുത്ത ചരിത്രവും പേറിയാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും അഭിമുഖീകരിക്കുന്നത്.
റാലികളും മഹാസമ്മേളനങ്ങളുമല്ല ഒരു പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കുന്നത്. നിയമനിര്‍മാണ സഭയിലെ അംഗബലമാണ്. സി.എച്ച് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ പറയുമായിരുന്നു, എന്തു പ്രതിബന്ധമുണ്ടായാലും പോളിങ് ബൂത്തില്‍പോയി നിങ്ങളുടെ വോട്ട് കോണി അടയാളത്തില്‍ രേഖപ്പെടുത്തണം. ഗര്‍ഭിണികളാണെങ്കില്‍ അവര്‍ വോട്ട് ചെയ്തതിനുശേഷം ധീരരായ മക്കളെ പ്രസവിക്കട്ടെ. അത്തരം ധീരരായ മക്കളില്‍ ഒരാളാണ് മുഈനലി ശിഹാബ് തങ്ങളെങ്കില്‍ അത് ആഹ്ലാദകരം തന്നെ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.