2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

Editorial

അവസാനിക്കുന്നില്ല ഈ ചോരക്കൊതി


 

ഓരോ രാഷ്ട്രീയക്കൊലപാതക വാര്‍ത്ത പുറത്തുവരുമ്പോഴും ഇത് അവസാനത്തേതായിരിക്കട്ടെ എന്ന നിലവിളിയും പ്രാര്‍ഥനയും കേരളത്തിന്റെ ഹൃദയത്തില്‍ നിന്ന് ഉയരാറുണ്ട്. എന്നാല്‍ പകയുടെ രാഷ്ട്രീയത്തോടു വിടപറയാനോ കൊലക്കത്തികള്‍ താഴെയിടാനോ സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ തീരുമാനിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമാണ് ഞായറാഴ്ച കാസര്‍കോട് ജില്ലയിലെ പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകം. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നീ ചെറുപ്പക്കാരെയാണ് അക്രമികള്‍ അതിക്രൂരമായി വെട്ടിക്കൊന്നത്. പ്രദേശത്തു നിലനിന്നിരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് കൊലയ്ക്കു പിന്നില്‍ സി.പി.എമ്മാണെന്ന ആരോപണം സംഭവം നടന്നയുടന്‍ തന്നെ ഉയരുകയുണ്ടായി. ഇന്നലെ പൊലിസ് തയാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ട് അതു ശരിവയ്ക്കുന്നുമുണ്ട്.

നിഷ്ഠൂരമെന്നു വിശേഷിപ്പിച്ചാല്‍ മതിയാകാത്ത തരത്തിലുള്ള അരുംകൊലയാണ് പെരിയയില്‍ നടന്നത്. കൃപേഷിനെ തലപിളരുന്ന തരത്തിലുള്ള ശക്തമായ ഒരു വെട്ടിലും ശരത്തിനെ 15 വെട്ടുകളിലുമാണ് ഇല്ലാതാക്കിയത്. രണ്ടു ദരിദ്ര കുടുംബങ്ങളുടെ പ്രതീക്ഷകളായിരുന്ന ഇളംപ്രായക്കാരാണ് ഇതോടെ ഇല്ലാതായത്. ആ കുടുംബങ്ങളില്‍ നിന്ന് ഉയരുന്ന നിലവിളികള്‍ക്കു മുന്നില്‍ ആശ്വാസവചനങ്ങളില്ലാതെ നില്‍ക്കുകയാണ് കേരളം. മനുഷ്യത്വം വറ്റി ഹൃദയം വരണ്ടുപോയ ഒരു രാഷ്ട്രീയ സംസ്‌കാരത്തെ ശപിച്ചുകൊണ്ട്.
സ്വന്തം ആളുകള്‍ ആക്രമിക്കപ്പെടുമ്പോള്‍ സമാധാനത്തിന്റെയും ജനാധിപത്യ മര്യാദകളുടെയുമൊക്കെ അംബാസഡര്‍മാരായി പ്രത്യക്ഷപ്പെടുന്ന പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം തന്നെ അക്രമരാഷ്ട്രീയം കൈവിടാതെ കൊണ്ടുനടക്കുന്ന നാടാണിത്. കൊലപാതകങ്ങള്‍ അനായാസം ആസൂത്രണം ചെയ്യാനുള്ള കേഡര്‍ സംഘടനാ സംവിധാനവും അനുബന്ധ സന്നാഹങ്ങളുമുള്ള സി.പി.എമ്മും സംഘ്പരിവാറുമാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. ഇതില്‍ തന്നെ സംസ്ഥാന ഭരണം നിയന്ത്രിക്കുന്ന സി.പി.എം ഇക്കാര്യത്തില്‍ സംഘ്പരിവാറിനെ ഏറെ പിന്നിലാക്കി ബഹുദൂരം മുന്നേറിക്കഴിഞ്ഞു എന്നതാണ് വസ്തുത.

കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഒരുവശത്ത് ആരായാലും മറുവശത്ത് സി.പി.എമ്മിനെ തന്നെയാണ് കുറേക്കാലമായി കാണുന്നത്. സംസ്ഥാന ഭരണം നിയന്ത്രിക്കുന്ന കക്ഷി എന്ന നിലയില്‍ നാട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ ഏറ്റവുമധികം ബാധ്യതയുള്ളതു തങ്ങള്‍ക്കാണെന്ന യാഥാര്‍ഥ്യം മറന്നുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഷ്ട്രീയക്കൊലകള്‍ തുടരുകയാണ്. പിണറായി വജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ സംസ്ഥാനത്തു നടന്നത് 20 രാഷ്ട്രീയക്കൊലകളാണ്. ഇതില്‍ മുക്കാല്‍ പങ്കിലും പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന വസ്തുത പരിശോധിച്ചാല്‍ കേരളത്തെ കൊലക്കളമാക്കി നിലനിര്‍ത്തുന്നതിനു പ്രധാന ഉത്തരവാദി ആരെന്നു ബോധ്യപ്പെടും.

മറ്റെല്ലാ സംഭവങ്ങളിലും ബന്ധപ്പെട്ട എല്ലാ പാര്‍ട്ടികളും ചെയ്യുന്നതുപോലെ ഈ സംഭവത്തിലും പാര്‍ട്ടിക്കു പങ്കില്ലെന്നു സി.പി.എം നേതാക്കള്‍ പറയുന്നുണ്ട്. എന്നാല്‍ ഈ വാദം നാട്ടിലാരും തന്നെ വിശ്വസിക്കുകയില്ലെന്നു തോന്നിയതുകൊണ്ടാവാം, കൊലയില്‍ ഏതെങ്കിലും പാര്‍ട്ടിക്കാര്‍ക്കു പങ്കുണ്ടെങ്കില്‍ അവരെ സംരക്ഷിക്കുകയില്ലെന്നു കൂടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പറയേണ്ടി വന്നത്. സി.പി.എം കേന്ദ്രനേതൃത്വവും കൊലയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം തള്ളിപ്പറയലുകളിലെ ആത്മാര്‍ഥയില്‍ സംശയം ജനിപ്പിക്കുന്നതാണ് സി.പി.എം അടക്കം കൊലകള്‍ നടത്തുന്ന പാര്‍ട്ടികളുടെ ചരിത്രം.

പഴയ പ്രത്യയശാസ്ത്ര ബാധ്യതകളെല്ലാം കൈയൊഴിഞ്ഞ പാര്‍ട്ടികളില്‍ ധാരാളം കുറ്റവാളികള്‍ കടന്നുകൂടിയിട്ടുണ്ട്. പലയിടങ്ങളിലും ഇവരുടെ ‘സേവനങ്ങള്‍’ പാര്‍ട്ടിക്ക് ആവശ്യമായതിനാല്‍ പ്രാദേശിക ഘടകങ്ങളില്‍ ഇവര്‍ പിടിമുറുക്കിയിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അക്രമരാഷ്ട്രീയത്തെ എത്ര അപലപിച്ചാലും ഇത്തരം കുറ്റവാളികളെ സംരക്ഷിക്കാന്‍ ബാധ്യതയുള്ളവരായി മാറിയിട്ടുണ്ട് രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍. ഇക്കാര്യങ്ങളിലും സംസ്ഥാനത്ത് ഏറ്റവും മുന്നിലുള്ളത് സി.പി.എം തന്നെയാണ്. സമ്പത്തും അധികാരവുമുപയോഗിച്ച് അവരെ പാര്‍ട്ടി പരമാവധി സംരക്ഷിക്കുന്നു. സി.പി.എം ഏറ്റവുമധികം പ്രതിരോധത്തിലായ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ചട്ടങ്ങള്‍ ലംഘിച്ചു പോലും സഹായിക്കുന്നത് എത്ര വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടും പാര്‍ട്ടിയും സംസ്ഥാന ഭരണകൂടവും തുടരുന്നത് ഇതിനു തെളിവാണ്. രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്ന കുറ്റവാളികള്‍ നേതാക്കള്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ തയാറാകുന്നതു സ്വാഭാവികമാണ്.

ജനാധിപത്യ മര്യാദകളെല്ലാം തൃണവല്‍ഗണിച്ച് കുറ്റവാളികളെ സംരക്ഷിച്ചു ചോരക്കൊതിയുടെ രാഷ്ട്രീയം തുടരുന്നതിന്റെ ഉത്തരവാദികള്‍ ഈ രാഷ്ട്രീയകക്ഷികള്‍ മാത്രമല്ലെന്നതാണ് വസ്തുത. ഓരോ രാഷ്ട്രീയക്കൊല നടക്കുമ്പോഴും അതിനെക്കുറിച്ചു സങ്കടപ്പെടുന്ന പൊതുസമൂഹത്തിനും അതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. രാഷ്ട്രീയകക്ഷികള്‍ കുറ്റവാളികളെ സംരക്ഷിക്കുന്നതും രാഷ്ട്രീയപ്രതിയോഗികളെ വെട്ടിനുറുക്കാന്‍ വടിവാളുമായി അവരെ പറഞ്ഞുവിടുന്നതും പൊതുജനങ്ങളുടെ ചെലവിലാണ്. പിടിയിലാകുന്ന പ്രതികളുടെ കേസ് നടത്തല്‍, ശിക്ഷിക്കപ്പെട്ടാല്‍ ജയിലില്‍ കഴിയുന്ന കാലയളവില്‍ അവരുടെ കുടുംബങ്ങളുടെ ചെലവു നടത്തല്‍, ജയിലില്‍ കുറ്റവാളികള്‍ക്ക് മദ്യവും മയക്കുമരുന്നുമടക്കമുള്ള സുഖജീവിത സൗകര്യങ്ങള്‍ ഒരുക്കല്‍ തുടങ്ങിയവയെല്ലാം നേതാക്കള്‍ ചെയ്യുന്നത് ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന പണമുപയോഗിച്ചാണ്.
എന്തു ക്രൂരത ചെയ്താലും ഇഷ്ടംപോലെ പണം നല്‍കാനും വോട്ടു ചെയ്ത് അധികാരത്തിലേറ്റാനും ജനങ്ങളുണ്ടെന്നു വന്നാല്‍ രാഷ്ട്രീയ കക്ഷികള്‍ മനുഷ്യക്കുരുതി തുടരുക തന്നെ ചെയ്യും. അതിന് അറുതി വരുത്തണമെങ്കില്‍ കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ പൊതുജനം പ്രായോഗികവും ക്രിയാത്മകവുമായ ഉറച്ച നിലപാടു സ്വീകരിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. കൊലപാതക രാഷ്ട്രീയം തുടരുന്ന പാര്‍ട്ടികളെ നേര്‍വഴിക്കു നടത്തുകയോ അതിനവര്‍ തയാറല്ലെങ്കില്‍ അവര്‍ക്കു രാഷ്ട്രീയ വധശിക്ഷ വിധിക്കുകയോ ചെയ്യാന്‍ കേരളീയ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം. കൊലപാതകരാഷ്ട്രീയം കൈയാളുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കില്ലെന്നും അവരെ വോട്ടുചെയ്ത് അധികാരത്തിലേറ്റില്ലെന്നും എല്ലാ ജനാധിപത്യ വിശ്വാസികളും ഉറച്ച തീരുമാനമെടുക്കണം. അതിന് ഇനിയും വൈകിയാല്‍ അനാഥമാകുന്ന ദരിദ്ര കുടുംബങ്ങളില്‍ നിന്ന് ഹൃദയം തകര്‍ക്കുന്ന നിലവിളികള്‍ തുടര്‍ന്നും ഉയര്‍ന്നുകൊണ്ടേയിരിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.