2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Editorial

സമരദിനങ്ങള്‍ അവധിക്കാലം


 

പൊതുപണിമുടക്ക് നടന്ന രണ്ടു ദിവസങ്ങള്‍ അവധി ദിനങ്ങളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരേ അഖിലേന്ത്യാ തലത്തില്‍ പൊതുപണിമുടക്ക് നടന്ന ജനുവരി എട്ടും ഒന്‍പതുമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ദിനങ്ങളായി അനുവദിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ നടന്ന സമരമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ പണിമുടക്ക് സമരത്തിന് ലഭിച്ചു. ഓട്ടോ തൊഴിലാളികളും കൂലിപ്പണിക്കാരും തുടങ്ങി എല്ലാ വിഭാഗം തൊഴിലാളികളും സമരത്തില്‍ പങ്കെടുത്തിരുന്നു. പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ദിവസത്തെ ഡൈസ്‌നോണ്‍ ആയിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമാണ്. എന്നാല്‍ ഇപ്പോഴത് അവധി ദിവസങ്ങളാക്കി മാറ്റിയിരിക്കുന്നു. ഇതു പതിവായിരിക്കുന്നു. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അവര്‍ക്കിഷ്ടമുള്ള സമരമാണെങ്കില്‍ ആദ്യം ഡൈസ്‌നോണ്‍ പ്രഖ്യാപിക്കുകയും പിന്നീടത് ഒഴിവാക്കിക്കൊടുക്കുകയും ചെയ്യും. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡൈസ്‌നോണ്‍ ഏര്‍പ്പെടുത്തിയത്. പിന്നീടത് പലസര്‍ക്കാരുകളും തുടര്‍ന്നില്ല. ഇത്തരമൊരു തീരുമാനത്തിനു പിന്നില്‍ സംഘടിത ട്രേഡ് യൂനിയന്‍ നേതാക്കളുടെ സമ്മര്‍ദമുണ്ടായിരിക്കണം. സര്‍ക്കാരുകളെ നിയന്ത്രിക്കുന്ന അധീശശക്തിയായി ട്രേഡ് യൂനിയനുകള്‍ വളരുകയാണ്. ഹിതകരമല്ലാത്ത നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ യൂനിയനുകളെല്ലാം ഒറ്റക്കെട്ടായി അതിനെതിരേ തിരിയുകയും അത്തരം പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നവരെ പുറന്തള്ളിക്കുകയും ചെയ്യുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടത് അതാണ്. ടോമിന്‍ തച്ചങ്കരിയുടെ നയങ്ങള്‍ പലതും അബദ്ധമായിരിക്കാം. എങ്കിലും കെ.എസ്.ആര്‍.ടി.സി ഒരുമാസം കടമെടുക്കാതെ ശമ്പളം കൊടുത്തത് കെ.എസ്.ആര്‍.ടി.സിയുടെ സമീപകാല ചരിത്രത്തില്‍ പുതുമ തന്നെയാണ്.

തൊഴിലാളി സംഘടനകള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഡൈസ്‌നോണ്‍ അവധി ദിവസങ്ങളാക്കി മാറ്റുമ്പോള്‍ ആ ദിവസങ്ങളില്‍ ബന്ദികളാക്കപ്പെട്ട കൂലിത്തൊഴിലാളികളുടെ രണ്ടു ദിവസത്തെ ജോലിയാണ് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട അവരുടെ വേതനം ആരു നികത്തിക്കൊടുക്കും? ത്യാഗനിര്‍ഭരമായ സമരങ്ങളിലൂടെയാണ് സംഘടിത തൊഴിലാളിവര്‍ഗം പല അവകാശങ്ങളും നേടിയെടുത്തതെന്ന് ഊറ്റംകൊള്ളുന്ന ട്രേഡ് യൂനിയനുകള്‍ രണ്ടു ദിവസത്തെ ശമ്പളം വേണ്ടെന്ന ത്യാഗം സഹിക്കാന്‍ തയാറല്ല. സര്‍ക്കാര്‍ ഡൈസ്‌നോണ്‍ പിന്‍വലിച്ചാലും ആ ദിവസങ്ങളിലെ വേതനം വേണ്ടെന്നു പറഞ്ഞ് അന്നു പണിമുടക്കിയ ആയിരക്കണക്കിന് അസംഘടിത തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയായിരുന്നില്ലേ ട്രേഡ് യൂനിയനുകള്‍ വേണ്ടിയിരുന്നത്? വേതനം വേണ്ടെന്നുവയ്ക്കാന്‍ തയാറല്ലാത്തവരുടെ സമരങ്ങള്‍ക്ക് എന്തു ത്യാഗമാണ് അവകാശപ്പെടാനാവുക?
ജനങ്ങളുടെ നികുതിപ്പണത്തിന്റെ തൊണ്ണൂറ് ശതമാനവും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമാണ് ഉപയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ തന്നെയാണ് പറയുന്നത്. ഒരു ദിവസം ട്രഷറി പൂട്ടേണ്ടിവന്നാല്‍ ധനകാര്യ മന്ത്രിയുടെ അസ്വസ്ഥത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുമോ എന്ന കാര്യത്തിലാണ്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തതിന്റെ പ്രധാന കാരണവും ഇതുതന്നെ. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ചില വകുപ്പുകളില്‍ മെല്ലെപ്പോക്കാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ഇന്നലെ സെക്രട്ടറിതല യോഗത്തില്‍ പറയുകയുണ്ടായി.
ഒരു ദിവസം 600 രൂപ കൂലിവാങ്ങുന്നവരുടെ കൂലി മുടങ്ങുമ്പോള്‍ മാസം ഒരു ലക്ഷത്തിനടുത്ത് ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ വേതനത്തില്‍ കുറവുണ്ടാകുന്നില്ല എന്നത് വിരോധാഭാസമാണ്. പ്രളയത്തിന്റെ ദുരിതങ്ങള്‍ ഇപ്പോഴും അനുഭവിച്ചുതീര്‍ക്കുകയാണ് അതിന് ഇരകളായവര്‍. എല്ലാം നഷ്ടപ്പെട്ടവരുടെ ശരിയായ കണക്ക് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനം പ്രളയ ദുരിതബാധിതര്‍ക്കു നീക്കിവച്ചിരുന്നെങ്കില്‍ ഈ ഇനത്തില്‍ സര്‍ക്കാരിന് 160 കോടി രൂപ ലഭിക്കുമായിരുന്നില്ലേ?

രണ്ടു പണിമുടക്ക് ദിനങ്ങള്‍ അവധിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അടുത്ത ദിവസങ്ങളില്‍ അവര്‍ കൂടുതല്‍ സമയം ജോലി ചെയ്ത് അതു നികത്തുമെന്നു പറയുന്നത് ബാലിശമാണ്. ഉള്ള സമയത്തു തന്നെ നേരാവണ്ണം ജോലി ചെയ്യാത്തതിനാലാണ് സെക്രട്ടേറിയറ്റില്‍ സര്‍ക്കാര്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. അതു സ്ഥാപിച്ച പൊതുഭരണ സെക്രട്ടറിയെ ട്രേഡ് യൂനിയനുകള്‍ സമ്മര്‍ദം ചെലുത്തി മാറ്റിയെങ്കിലും അദ്ദേഹം തിരിച്ചുവന്ന് പഞ്ച് ചെയ്തതിനുശേഷം മുങ്ങുന്നവരെ സി.സി.ടി.വി കാമറ മുഖേന പിടികൂടുമെന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമര ദിവസങ്ങളില്‍ സംഘടിത വിഭാഗം അവധിയെടുത്ത് അസംഘടിത വിഭാഗത്തെ ബന്ദികളാക്കുന്നു എന്നതല്ലേ യാഥാര്‍ഥ്യം?
പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കുക എന്നതാണ് സര്‍ക്കാരിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അതിനു കിട്ടാവുന്ന സാമ്പത്തിക സഹായം സമാഹരിക്കുക എന്നതായിരിക്കണം ലക്ഷ്യം. പാഴ്‌ചെലവുകളും ധൂര്‍ത്തും ഒഴിവാക്കി നവകേരള നിര്‍മിതിക്കായി പണം കരുതിവയ്ക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കിയ ദിവസങ്ങളിലെ വേതനം നല്‍കിയിരുന്നില്ലെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിക്കുമായിരുന്നില്ല. എന്നാല്‍ ആ തുക പ്രളയ ദുരിതാശ്വാസ നിധിയിലേക്കു മാറ്റിയിരുന്നുവെങ്കില്‍ എത്രയോ ആശ്വാസകരമാകുമായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ആയിരക്കണക്കിനു സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുക്കാതെ കൃത്യസമയത്തിനപ്പുറവും ജോലി ചെയ്യുന്നുമുണ്ട്. അവധി ദിനങ്ങളിലും അവര്‍ ഓഫിസുകളില്‍വന്ന് ജോലി ചെയ്യുന്നു. ഓരോ ഫയലുകളും ഓരോ നെടുവീര്‍പ്പുകളാണെന്ന വികാരമായിരിക്കാം അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ഈ സംസ്ഥാനം ഈ നിലയിലെങ്കിലും നിലനില്‍ക്കുന്നത് അത്തരം സര്‍ക്കാര്‍ ജീവനക്കാരുടെ കറകളഞ്ഞ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.