2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

റാഫേല്‍ അഴിമതി പുറത്തുവരണം


 

മറ്റുള്ളവരുടെ പേരില്‍ അഴിമതിക്കുറ്റം കുത്തിപ്പൊക്കി അന്വേഷിച്ചുകൊണ്ടിരിക്കുകയും രാഷ്ട്രീയ എതിരാളികളെ സി.ബി.ഐയെ ഉപയോഗിച്ച് ആക്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ റാഫേല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി ലോകം മുഴുവന്‍ അറിഞ്ഞിട്ടും, അതേക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയം തുടരുകയാണ്. ഈ പശ്ചാതലത്തില്‍ മോദി സര്‍ക്കാരിനേറ്റ അവസാനത്തെ പ്രഹരമാണ് ഇടപാടില്‍ പ്രധാന മന്ത്രിയുടെ ഓഫിസ് ക്രമവിരുദ്ധമായി ഇടപെട്ടിരുന്നുവെന്ന വാര്‍ത്ത.

ഈ വര്‍ഷം ജനുവരി ആദ്യം ചേര്‍ന്ന ലോക്‌സഭാ സമ്മേളനത്തില്‍ ഈ വിഷയം സംബന്ധിച്ച് രണ്ടു ദിവസം തുടര്‍ച്ചയായി ചര്‍ച്ച നടന്നിട്ടും ആശാവഹമായ ഒരു ഉത്തരം പോലും സര്‍ക്കാരില്‍ നിന്നുണ്ടായില്ല. പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് രാഹുല്‍ ഗാന്ധി നിരന്തരം ആരോപിച്ചിട്ടും അദ്ദേഹത്തിന് ഉചിതമായ മറുപടി നല്‍കാന്‍ കഴിയാത്ത മോദിയാണ് റോബര്‍ട്ട് വധേരയുടെയും പി. ചിദംബരത്തിന്റെയും ബംഗാള്‍ പൊലിസ് കമ്മിഷണറുടെയും പിന്നാലെ സി.ബി.ഐയെ വിട്ടുകൊണ്ടിരിക്കുന്നത്.
റാഫേല്‍ യുദ്ധവിമാന ഇടപാടിലെ നിര്‍ണായകമായ ഒരു വിവരമാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. എന്‍. റാം ഹിന്ദു പത്രത്തിലെഴുതിയ ലേഖനത്തില്‍ റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ക്രമവിരുദ്ധമായി ഇടപെട്ടതു സംബന്ധിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ വിഷയം ഒരു പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കാനാവില്ലെന്ന വാദമുയര്‍ത്തി സ്പീക്കര്‍ സുമിത്ര മഹാജന്‍. എന്നാല്‍ യാഥാര്‍ഥ്യം എത്ര കാലം മറച്ചുവയ്ക്കാന്‍ കഴിയും റാഫേല്‍ ഇടപാടില്‍ പ്രതിരോധ മന്ത്രാലയ സമിതിയെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ക്രമവിരുദ്ധമായ ചര്‍ച്ചകള്‍ നടത്തിയെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനായ റാം പറയുമ്പോള്‍ അതൊരു പത്രവാര്‍ത്ത എന്നുപറഞ്ഞ് തള്ളിക്കളയുന്നത് അഴിമതി പിന്നെയും മൂടിവയ്ക്കാനുള്ള ശ്രമമാണ്. ഇടപാടു സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണന്നെ പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് ഇതോടെ കൂടുതല്‍ ഊര്‍ജം കിട്ടിയിരിക്കുകയാണ്.

2015ല്‍ അന്നത്തെ പ്രതിരോധ സെക്രട്ടറിയും മലയാളിയുമായ ജി. മോഹന്‍ കുമാര്‍ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് ഇതു സംബന്ധിച്ച് എഴുതിയ കത്താണ് പുറത്തായിരിക്കുന്നത്. പ്രധാനമന്തിയുടെ ഓഫിസ് പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് ഫ്രഞ്ച് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വിലപേശലില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട് ദുര്‍ബലപ്പെടുത്തി എന്നായിരുന്നു കത്തിലെ വിവരം. വ്യോമയാന സെക്രട്ടറി എസ്.കെ ശര്‍മ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ ചുവടെയായിരുന്നു മോഹന്‍ കുമാറിന്റെ കുറിപ്പ്. ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമല്ലാത്ത ഉദ്യോഗസ്ഥര്‍ ഫ്രഞ്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്തിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണമെന്ന് കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ ചര്‍ച്ചകളില്‍ വിശ്വാസമില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് നേരിട്ട് ഇടപാട് നടത്താവുന്നതാണെന്ന് വരെ കുറിപ്പില്‍ സൂചിപ്പിച്ചിട്ടും പരീക്കര്‍ അതു ചിരിച്ചുതള്ളുകയായിരുന്നു. അതാണിപ്പോള്‍ ഫണമുയര്‍ത്തി വീണ്ടും മോദി സര്‍ക്കാരിനെ ആഞ്ഞു കൊത്തിക്കൊണ്ടിരിക്കുന്നത്.

126 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള യു.പി.എ സര്‍ക്കാരിന്റെ നീക്കം റദ്ദാക്കി മോദി നേരിട്ട് 30 എണ്ണം വാങ്ങാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ നഗ്നമായ അഴിമതിയുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. പ്രതിരോധ മന്ത്രാലയവും വ്യോമസേനാ മേധാവിയും പത്തു വര്‍ഷമെടുത്ത് നടത്തിയ ചര്‍ച്ചകളാണ് ഇതോടെ വിഫലമായത്. വരാനിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പ്രധാന വിഷയമായി ഉയര്‍ത്തിക്കാണിക്കുക റാഫേല്‍ ഇടപാടിലെ അഴിമതിയായിരിക്കുമെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതു സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ നിന്നെല്ലാം മോദി മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നിന്ന് എങ്ങനെ അദ്ദേഹത്തിന് ഓടിയൊളിക്കാനാകും ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പൊതുസമൂഹം ഉറച്ചു വിശ്വസിക്കുന്നു. അഴിമതിയിലൂടെ 30,000 കോടി കവര്‍ന്ന മോദി അത് അനില്‍ അംബാനിയുടെ പോക്കറ്റില്‍ ഇട്ടുകൊടുത്തുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് വസ്തുനിഷ്ഠമായ മറുപടി കിട്ടാത്തിടത്തോളം യുദ്ധവിമാന ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നു തന്നെ വിശ്വസിക്കേണ്ടി വരും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.